UPDATES

പങ്കജ് മിശ്ര

കാഴ്ചപ്പാട്

പങ്കജ് മിശ്ര

ന്യൂസ് അപ്ഡേറ്റ്സ്

കിഴക്കിന്റെ പുതിയ ഏകാധിപതികള്‍ പടിഞ്ഞാറിന്റെ ഹാസ്യാനുകരണമാകുമ്പോള്‍

ശീതയുദ്ധത്തിന് ശേഷം മൊത്തം ആഭ്യന്തര ഉല്‍പാദനത്തിലുണ്ടായ വര്‍ദ്ധനയും സ്ഥിരമായി നടക്കുന്ന തെരഞ്ഞെടുപ്പുകളും ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും വളര്‍ച്ചയ്ക്ക് വഴി വച്ചു. പാശ്ചാത്യ മാതൃകയിലുള്ള മുതലാളിത്തത്തോടും ജനാധിപത്യത്തോടും സാമ്യം പുലര്‍ത്തുന്ന ഈ പ്രവണത ഇപ്പോഴും പല എഴുത്തുകാരെയും ഉത്തേജിപ്പിക്കുന്നുണ്ട്. എന്നാല്‍ വളര്‍ന്നു വരുന്ന സമ്പദ്ഘടനകളുടെ തകര്‍ന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ, ധാര്‍മിക ആരോഗ്യത്തെ മൂടിവയ്ക്കാന്‍ അവര്‍ അവസാന നിമിഷം വരെ ശ്രമിക്കുമോ? 

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന ദേശീയ മൊത്ത ആഭ്യന്തര ഉല്‍പാദന വര്‍ദ്ധനയ്ക്കും കൃത്യമായ ഇടവേളകളിലുള്ള തെരഞ്ഞെടുപ്പുകള്‍ക്കും സാക്ഷ്യം വഹിച്ച റഷ്യയാണ് 1989ന് ശേഷം പാശ്ചാത്യവല്‍ക്കരത്തിന്റെ പരീക്ഷണത്തിന് ഇരയായ പ്രധാനപ്പെട്ട ഉദാഹരണം. ‘ഒന്നും സത്യമല്ല, എന്നാല്‍ എല്ലാം സാധ്യവുമാണ്: ആധുനിക റഷ്യയില്‍ നടക്കുന്ന സാഹസങ്ങള്‍’ എന്ന ഉജ്ജ്വലവും അമ്പരപ്പിക്കുന്നതുമായ പുസ്തകത്തില്‍, പാശ്ചാത്യനാടുകളെ കുറിച്ചുള്ള തങ്ങളും പ്രതിബിംബങ്ങളുടെ അടിസ്ഥാനത്തില്‍ റഷ്യയെ പുനര്‍നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന ‘ബാങ്കര്‍മാര്‍, അഭിഭാഷകര്‍, അന്താരാഷ്ട്ര വികസന ഉപദേശകര്‍, അക്കൗണ്ടന്റുമാര്‍, വാസ്തുശില്‍പികള്‍,’ തുടങ്ങിയവരെ കുറിച്ച് പീറ്റര്‍ പോമെറാന്റ്‌സേവ് വിശദീകരിക്കുന്നുണ്ട്. 

പോമെറാന്റ്‌സേവിന്റെ അഭിപ്രായത്തില്‍ ഇത്തരക്കാരെ സംബന്ധിച്ചിടത്തോളമുള്ള ‘പാശ്ചാത്യ സംസ്‌കാരത്തിന്റെ’ ദീര്‍ഘപരിണാമം എന്നത് ‘കൃത്യമായി രേഖപ്പെടുത്തപ്പെട്ട ആശയങ്ങളായി സംഗ്രഹിക്കെപ്പെട്ടിരിക്കുന്നു: തിരഞ്ഞെടുപ്പുകള്‍? പരിശോധിക്കൂ. അഭിപ്രായ സ്വാതന്ത്ര്യം? പരിശോധിക്കൂ. സ്വകാര്യ സ്വത്ത്? പരിശോധിക്കൂ.’ 

ആക്രമണോത്സുകമായ രീതിയില്‍ റിവഞ്ചിസവും പ്രഭുജനാധിപത്യവും നിലനില്‍ക്കുന്ന റഷ്യയെ പോലെയുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ഒരു വിലയിരുത്തല്‍ ദയനീയമാം വിധം അപര്യാപ്തമാണ്. പ്രവര്‍ത്തനപരമായ ഒരു കമ്പോള ചട്ടക്കൂടിന് സ്ഥിരത അനിവാര്യമാണെന്ന സത്യം അത് വിസ്മരിക്കുന്നു. പിടിച്ചുപറിക്കാന്‍ വരുന്നവരില്‍ നിന്നും സ്വത്തവകാശം സംരക്ഷിക്കപ്പെടുകയും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്വപരമായ സ്വാതന്ത്ര്യം അനുവദിക്കപ്പെടുകയും തട്ടിപ്പുകളെ തടയാന്‍ സാധിക്കും വിധം ശക്തരായ ഭരണാധികാരികള്‍ ഉണ്ടായിരിക്കുകയും തങ്ങളുടെ അതിര്‍ത്തിയില്ലാത്ത അധികാരങ്ങള്‍ ദുരുപയോഗം ചെയ്ത് സാമ്പത്തികരംഗത്തിന്റെ സിംഹഭാഗം തനിക്കും തന്റെ സഹകാരികള്‍ക്കുമായി സംഭരിക്കുന്നതില്‍ നിന്നും ഭരണാധികാരികളെ തടയാന്‍ സാധിക്കുകയും ചെയ്യുന്ന ഒരവസ്ഥയെയാണ് സ്ഥിരത എന്ന് വിളിക്കുന്നത്.

ഒരിക്കല്‍ ലിബറല്‍ മുതലാളിത്തവും ജനാധിപത്യവും തമ്മിലുള്ള മിശ്രിതം രൂപപ്പെടുത്തിയതിന് പ്രകീര്‍ത്തിക്കപ്പെടുകയും പിന്നീട് നമ്മള്‍ ഇതുവരെ വേണ്ടരീതിയില്‍ രോഗനിര്‍ണയം നടത്തിയിട്ടില്ലാത്ത രാഷ്ട്രീയ, സാമ്പത്തിക, മനശാസ്ത്ര-സാമൂഹിക രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന റഷ്യയെ പോലെയുള്ള രാജ്യങ്ങളില്‍ ഇത്തരം അടിസ്ഥാന ഉപാധികളൊന്നും നിലനില്‍ക്കുന്നില്ല. 

റഷ്യയില്‍ കൃത്യമായ ഇടവേളകളില്‍ തിരഞ്ഞെടുപ്പുകളും ബഹുകക്ഷി രാഷ്ട്രീയവും മാധ്യമ സ്വാതന്ത്ര്യവും നിലനില്‍ക്കുന്നു. പക്ഷെ അവയ്‌ക്കൊക്കെയും പ്രാമാണികമായ അസ്ഥിത്വത്തിന് പകരം നാമമാത്രമായ നിലനില്‍പ്പാണ് അവകാശപ്പെടാനാവുന്നത്. രാഷ്ട്രീയക്കാരുടെ സഹായത്തോടെ കുറഞ്ഞ വിലയില്‍ ഭൂമി തട്ടിയെടുക്കുകയും ബാങ്കുകളില്‍ നിന്നും നിഷ്പ്രയാസം വായ്പകള്‍ തട്ടിയെടുക്കുകയും ചെയ്യുന്ന മൈത്രീ മുതലാളിമാര്‍ ആരുംതന്നെ സംരംഭകരല്ലെന്ന് ഇന്ത്യയും തുര്‍ക്കിയും പോലെയുള്ള രാജ്യങ്ങളിലെ ഉദാഹരണങ്ങള്‍ നമ്മോട് പറയുന്നു. അധികാരമുള്ളവരുടെ മുന്നില്‍ കുനിഞ്ഞ് നില്‍ക്കുന്ന കോര്‍പ്പറേറ്റ് ഉടമസ്ഥതയിലുള്ള മാധ്യമങ്ങള്‍ സ്വതന്ത്രരാണെന്ന് പറയാനും കഴിയില്ല. 

വളര്‍ന്നു കൊണ്ടിരിക്കുന്ന അസമത്വത്തെ കൃത്യമായി പ്രതിഫലിപ്പിക്കാന്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദന കണക്കുകള്‍ക്ക് കഴിയില്ല എന്ന യാഥാര്‍ത്ഥ്യവും നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. മാത്രമല്ല, ഓഹരി കമ്പോള സൂചികകളെ ഒരു സാമ്പത്തികരംഗത്തിന്റെ മൊത്തം അവസ്ഥയെ പ്രതിഫലിപ്പിക്കുന്ന കൃത്യമായ സൂചികയായി കണക്കാക്കാനും സാധിക്കില്ല. 

എന്നിട്ടും, വൈവിദ്ധ്യങ്ങളെയും വൈശിഷ്ട്യങ്ങളെയും തുടച്ചുനീക്കുന്ന തരത്തിലുള്ള വ്യാജ ചീട്ടുകള്‍ പെരുകുന്നു. ‘ഉത്തേജനത്തിന്റെ സമൂഹം’ എന്ന് പോമെറാന്റസേവ് വിശേഷിപ്പിക്കുന്ന തരത്തിലുള്ള ഒരു സാങ്കല്‍പിക ലോകത്തില്‍ അധിവസിക്കുന്നതിനായ പ്രജകളെ പ്രേരിപ്പിക്കാന്‍ ഭരണാധികാരികള്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യത്തിന്റെ ഈ പരിക്ഷീണിത ബോധത്തിന്റെയും അതുയര്‍ത്തുന്ന ഭാവനാത്മകമായ വികസനത്തിന്റെയും പരിണിതഫലം. 

‘എല്ലാം പ്രചാരണാത്മകമാണ് എന്നതാണ് പുതിയ റഷ്യയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഭാഷാപ്രയോഗം,’ അദ്ദേഹം എഴുതുന്നു. പുതിയ ഇന്ത്യക്കാര്‍ക്കും പുതിയ തുര്‍ക്കികള്‍ക്കും എന്നത് പോലെ തന്നെ പുതിയ റഷ്യക്കാര്‍ക്കും ‘ഏത് വേഷവും ഏത് സ്ഥാനവും ഏത് വിശ്വാസവും എപ്പോള്‍ വേണമെങ്കിലും മാറിമറിയാവുന്ന തിളങ്ങുന്ന ഒരു പ്രച്ഛന്ന വേഷം മാത്രമാണ് ജീവിതം.’ 

പ്രത്യയശാസ്ത്ര സ്ഥിരതയ്ക്ക് പകരം സങ്കീര്‍ണതയാണ് പുതിയ ഭരണാധികാരികളെ നിര്‍വചിക്കുന്നത്. അതിന്റെ വൈരുദ്ധ്യപൂര്‍ണമായ വാക്കുകളുടെയും പ്രവര്‍ത്തികളുടെയും അടിസ്ഥാനത്തില്‍, പുടിന്‍ ഭരണകൂടം ‘രാവിലെ പ്രഭുജനാധിപത്യപരവും ഉച്ചയ്ക്ക് ജനാധിപത്യപരവും അത്താഴസമയത്ത് ഏകാധിപത്യസ്വഭാവത്തോട് കൂടിയതും കിടക്കാറാകുമ്പോള്‍ സമഗ്രാധിപത്യസ്വഭാവുമുള്ളതുമായ ഒന്നാണെന്ന് തോന്നാം.’ 

ഒരേ സമയം സാമ്പത്തിക ലിബറലിസത്തെയും ദേശീയവാദത്തെയും യാഥാസ്ഥിതികത്വത്തെയും ഓര്‍ത്തഡോക്‌സ് ക്രിസ്തീയതെയും യൂറേഷ്യനിസത്തെയും ആശ്രയിക്കുന്ന പുടിനിസം തന്നെ ഒരു പ്രത്യയശാസ്ത്ര മിശ്രണമാണ്. വംശ-മത സങ്കുചിതത്വവും സാമ്പത്തിക ആധുനികവല്‍ക്കരണവും തമ്മിലുള്ള ഇതേ പ്രത്യക്ഷ വൈരുദ്ധ്യം തുര്‍ക്കി മുതല്‍ ഇന്ത്യ വരെയും ജപ്പാനിലുമുള്ള ജനപ്രിയ രാഷ്ട്രീയ കക്ഷികളിലും അധികാരികളിലും കണ്ടെത്താന്‍ കഴിയും. 

വാചാടോപങ്ങള്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും. പുതിയ അധികാരിവര്‍ഗ്ഗം, ’20-ാം നൂറ്റാണ്ടിലെ അധികാരവര്‍ഗ്ഗങ്ങള്‍ ചെയ്തത് പോലെ എതിര്‍പ്പുകള്‍ അടിച്ചമര്‍ത്തുന്നതിന് പകരം, എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും പ്രസ്ഥാനങ്ങളുടേയും ഉള്ളിലേക്ക് നുഴഞ്ഞ് കയറുകയും അവയെ ചൂഷണം ചെയ്യുകയും അസംബന്ധമായി വ്യാഖ്യാനിക്കുകയും ചെയ്യും,’ എന്ന് പോമെറാന്റ്‌സേവ് ചൂണ്ടിക്കാട്ടുന്നു. 

അതുകൊണ്ടുതന്നെ ഈ സിദ്ധാന്തത്തിന്റെ പ്രയോക്താക്കള്‍ക്ക് അധികാരത്തിലേറുന്നതിന് അമിതമായി പരുക്കരാകേണ്ട കാര്യം വരുന്നില്ല. തങ്ങളെ അനന്യരും സര്‍വശക്തരും അനുപേക്ഷണീയരുമായി ഉയര്‍ത്തിക്കാട്ടുന്നതിനായി റെസെപ് തായിപ്പ് എര്‍ഡോഗനേയും നരേന്ദ്ര മോദിയെയും ഷിന്‍സോ ആബെയേയും പോലെയുള്ള സമത്വവാദ സാമൂഹിക മാധ്യമങ്ങളെ കൗശലപൂര്‍വം ഉപയോഗിച്ചിട്ടുണ്ട് എന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. രാഷ്ട്രീയം എന്നതിനെ തുടര്‍ച്ചയായ അത്ഭുത പ്രകടനമായി തിരുത്തി എഴുതുന്നതിനായി പുതിയ സാങ്കേതികവിദ്യയെ വിദഗ്ധമായി ഉപയോഗിക്കുന്ന നവപ്രചാരണ അപ്പോസ്തലന്മാരുടെ മുന്നില്‍ പരമ്പരാഗത ഇടത്-വലത് രാഷ്ട്രീയ വിന്യാസങ്ങള്‍ ഇരുട്ടില്‍ തപ്പുന്നു. 

വളര്‍ന്ന് വരുന്ന സാമ്പത്തികരംഗങ്ങളെ വിലയിരുത്തുന്നതിന് ഉപയോഗിക്കുന്ന സാമ്പ്രദായിക സൂചകങ്ങളും ഉപകരണങ്ങളും വളരെ തെറ്റിധാരണാജനകമായ കഥകളാണ് നമുക്ക് നല്‍കുന്നു എന്നതാണ് മുതലാളിത്തത്തെയും ജനാധിപത്യത്തെയും റഷ്യ ആശ്ലേഷിച്ച് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷവും തുടരുന്ന പുടിന്റെ ഗണ്യമായ ജനപിന്തുണയ്ക്കുള്ള നിരവധി കാരണങ്ങളില്‍ ഒന്ന്. ഔപചാരിക ജനാധിപത്യ സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന പരോക്ഷമായ അടിച്ചമര്‍ത്തലുകളെ വിശദീകരിക്കുന്നതിന് ‘ഏകാധിപത്യം, സ്വേച്ഛധിപത്യം തുടങ്ങിയ പഴയ വാക്കുകള്‍ ഉചിതമായിരിക്കില്ല,’ എന്ന് 19-ാം നൂറ്റാണ്ടിലെ വളര്‍ന്നു വരുന്ന ഒരു സമ്പദ്വ്യവസ്ഥയെ (യുഎസ്) കുറിച്ച് എഴുതുമ്പോള്‍ ഡോക്വിവെല്ലി മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘അതിനെ കുറിച്ച് ഞാന്‍ രൂപപ്പെടുത്തിയെടുത്ത ഒരു ആശയം കൃത്യമായി പുനരുല്‍പാദിപ്പിക്കുന്ന ഒരു പ്രയോഗത്തിനായി ഞാന്‍ നിഷ്ഫലമായ അന്വേഷണത്തിലാണ്,’ എന്ന് അദ്ദേഹം എഴുതി. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മൊത്തം ആഭ്യന്തര ഉല്‍പാദനം എന്ന സംജ്ഞയില്‍ മാത്രം അഭിരമിക്കുകയോ അല്ലെങ്കില്‍ ലിബറല്‍ ജനാധിപത്യത്തിന്റെയും മുതലാളിത്തത്തിന്റെ ചീഞ്ഞ വിവരണങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ മാത്രം ആനന്ദം കണ്ടെത്തുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ശേഷിക്കപ്പുറമായിരിക്കും പുതിയ ബൗദ്ധിക പദസമ്പത്തിന് വേണ്ടിയുള്ള ഈ ദാഹം. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഭൗമരാഷ്ട്രീയ അവാന്ത് ഗാര്‍ഡെ’ എന്ന് പോമെറാന്റ്‌സേവ് വിശേഷിപ്പിക്കുന്ന പുടിന്റെ മുര്‍ച്ചയേറിയ ഏകാധിപത്യത്തില്‍ നിന്നും ഈ കേട്ടെഴുത്തുകാര്‍ക്ക് ചില പാഠങ്ങള്‍ പഠിക്കാവുന്നതേയുള്ളു. 

സങ്കരപ്രത്യയശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിക്കുകയും തുടര്‍ച്ചയായ നൈമിഷിക ചാതുര്യങ്ങളോട് തുറന്ന സമീപനം സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഇന്നിന്റെ ഏറ്റവും ആകര്‍ഷണീയമായ കഥാകഥനമെന്ന് പ്രചാരണാത്മകതയില്‍ അഭിരമിക്കുന്ന ഈ ഏകാധിപതികള്‍ക്ക് തീര്‍ച്ചയായും ധാരണയുണ്ട്. കിഴക്കിന്റെ ഈ പുതിയ ഏകാധിപതികള്‍ സൗമ്യമായ ആധുനികാനന്തര രാഷ്ട്രീയത്തിന്റെ പ്രവാചകരായി വിലസുമ്പോള്‍ അവരുടെ പാശ്ചാത്യ വിമര്‍ശകര്‍ ഇരുട്ടില്‍ തപ്പുകയോ അല്ലെങ്കില്‍ അവിശ്വസനീയമായ ഏകമാനങ്ങളില്‍ ഉഴറുകയോ ചെയ്യുകയാണെന്നത് ചരിത്രത്തിന്റെ വൈരുദ്ധ്യാത്മകായ മാറ്റൊരു കരണംമറിച്ചിലായിരിക്കാം.

 

പങ്കജ് മിശ്ര

പങ്കജ് മിശ്ര

എഴുത്തുകാരനും ബ്ലൂംബര്‍ഗ് കോളമിസ്റ്റുമാണ് പങ്കജ് മിശ്ര. ഫ്രം ദി റൂയിന്‍സ് ഓഫ് എംപൈര്‍: ദി ഇന്‍റലെക്ട്വല്‍ ഹൂ റിമെയ്ഡ് ഏഷ്യാ, ടെംറ്റേഷന്‍സ് ഓഫ് ദി വെസ്റ്റ്: ഹൌ ടോ ബി മോഡേണ്‍ ഇന്‍ ഇന്‍ഡ്യ, പാകിസ്ഥാന്‍, ടിബെറ്റ് ആന്‍ഡ് ബിയോണ്ട്, ദി റൊമാന്‍റിക്സ്: എ നോവല്‍, ആന്‍ എന്‍ഡ് ടു സഫറിംഗ്: ദി ബുദ്ധ ഇന്‍ ദി വേള്‍ഡ് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. അലഹബാദിലും ഡെല്‍ഹിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പങ്കജ് മിശ്ര ബ്രിട്ടനിലെ റോയല്‍ സോസെറ്റി ഓഫ് ലിറ്ററേച്ചറില്‍ ഫെലോയാണ്. ബി ബി സിയിലെ സ്ഥിരം കമാന്‍റേറ്ററായ മിശ്ര ന്യൂയോര്‍ക് റിവ്യൂ ഓഫ് ബുക്സ്, ദി ന്യൂയോര്‍ക്കര്‍, ദി ഗാര്‍ഡിയന്‍, ലണ്ടന്‍ റിവ്യൂ ഓഫ് ബുക്സ് എന്നിവയിലും എഴുതുന്നുണ്ട്. ലണ്ടനിലും ഹിമാലയന്‍ ഗ്രാമമായ മഷോബ്രയിലുമായാണ് പങ്കജ് മിശ്ര ജീവിക്കുന്നത്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍