UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍, നിര്‍ത്താതെ പറന്ന് അമേലിയ

Avatar

1608 ആഗസ്ത് 24
ഈസ്റ്റ് ഇന്ത്യ കമ്പനി പ്രതിനിധികള്‍ സൂറത്തില്‍

ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ വിത്തുപാകുന്നത് 1608 ആഗസ്ത് 24 ന് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ നിന്നുള്ള ആദ്യത്തെ ഉദ്യോഗസ്ഥന്‍ വ്യാപാരം ആരംഭിക്കുന്നതിന് സൂറത്തില്‍ എത്തുന്നതോടെയാണ്. ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായിട്ട് അപ്പോഴേക്കും എട്ടു വര്‍ഷമേ ആയിരുന്നുള്ളു. പുതിയ ഭൂപ്രദേശങ്ങളിലേക്ക് തങ്ങളുടെ വ്യാപാരം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു അവര്‍. തെക്കും തെക്ക്-കിഴക്കന്‍ ഏഷ്യയിലും കമ്പനി പ്രബലപ്പെടുത്തുകയായിരുന്നു അവരുടെ പ്രധാനലക്ഷ്യം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെത്തിയ കമ്പനി പ്രതിനിധി പട്ട്, നീലം, പരുത്തി, തേയില, കറുപ്പ് എന്നിവയുടെ വ്യാപാരം ആരംഭിച്ചു.

ഏറെ താമസിയാതെ തന്നെ കമ്പനി അതിന്റെ ചിറക് വിടര്‍ത്താന്‍ തുടങ്ങി. 1757-ലെ പ്ലാസി, ബുക്‌സാര്‍ യുദ്ധങ്ങള്‍ക്ക് ശേഷം കമ്പനി ഔദ്യോഗികമായി തന്നെ ഭരണം തുടങ്ങി. 1858 ല്‍ ബ്രിട്ടീഷ് ചക്രവര്‍ത്തി നിയന്ത്രണം ഏറ്റെടുക്കുംവരെ കമ്പനി വക ഭരണം തുടര്‍ന്നു. മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ കീഴില്‍ നിന്ന് പിടിച്ചെടുത്ത സൂറത്ത് കമ്പനിയുടെ ആദ്യത്തെ ചവിട്ടുകല്ലായിരുന്നു. സൂറത്തിനുശേഷം കമ്പനിയുടെ കാല്‍പതിഞ്ഞത് ദക്ഷിണേന്ത്യയിലെ വിജയനഗര സാമ്രാജ്യത്തിലായിരുന്നു. കമ്പനിയുടെ രണ്ടാമത്തെ ഫാക്ടറി അങ്ങിനെ മദ്രാസില്‍ സ്ഥാപിതമായി.പിന്നീട് അവര്‍ പോയത് കല്‍ക്കട്ടയിലേക്കാണ്.

ഏതാണ്ട് 20 വര്‍ഷം കഴിഞ്ഞ് 17ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യ അവരുടെ തന്ത്രപ്രധാനമായ വ്യാപരകേന്ദ്രമായി മാറി. 1765 കളില്‍ ബോംബെ, ബംഗാള്‍,ഒറീസ, ബിഹാര്‍, ദക്ഷിണേന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ നിയന്ത്രണം കമ്പനി സ്വന്തമാക്കി.1773 ല്‍ കല്‍ക്കട്ട തങ്ങളുടെ തലസ്ഥാനമാക്കിയ കമ്പനി വാറന്‍ ഹെയ്സ്റ്റിംഗ്‌സിനെ ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറലായി നിയമിക്കുകയും ചെയ്തു.

1932 ആഗസ്ത് 24
നിര്‍ത്താതെ പറന്ന് അമേലിയ മേരി എയര്‍ഹാര്‍ട്ട്

തനിയെ, നിര്‍ത്താതെ അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ പറന്ന ആദ്യവനിത എന്ന നേട്ടം 1932 ആഗസ്റ്റ് 24-25 തീയതികളില്‍ അമേരിക്കന്‍ വൈമാനിക അമേലിയ മേരി എയര്‍ഹാര്‍ട്ട് സ്വന്തമാക്കി. സാഹസികയാത്രകള്‍ നിറഞ്ഞതായിരുന്നു അമേലിയയുടെ ജീവിതം മുഴുവന്‍. അതേപോലൊരു യാത്രയില്‍ തന്നെയാണ് അവര്‍ ഈ ലോകത്ത് നിന്ന് അപ്രത്യക്ഷയായതും.

തന്റെ ആകാശയാത്രകളെക്കുറിച്ച് അമേലിയ എഴുതിയ പുസ്തകങ്ങളെല്ലാം ബെസ്റ്റ് സെല്ലിംഗ് ആണ്. നയന്റി നയന്‍ എന്നപേരില്‍ വനിത പൈലറ്റുമാരുടെ ഒരു സംഘടനയും അമേലിയ രൂപീകരിച്ചിട്ടുണ്ട്. 1932 ല്‍ ഭൂഖണ്ഡത്തിന് കുറുകെ 2,447 മൈല്‍ 19 മണിക്കൂറും 5 മിനിട്ടും കൊണ്ട് പറന്നെത്തിയ റെക്കോര്‍ഡും അമേലിയ സ്വന്തമാക്കിയിരുന്നു. ഇലക്ട്ര-10 മോഡല്‍ വിമാനത്തില്‍ ഭൂമിയെ ചുറ്റി പറക്കാന്‍ തുടങ്ങിയ അമേലിയ 1937 ജൂലൈ 23 ന് പസഫിക് സമുദ്രത്തിലെ ഹൗലാന്‍ഡ് ദ്വീപിന് സമീപം വച്ച് അപ്രത്യക്ഷയായി. എവിടെവച്ചാണ് അവരെ കാണാതെ പോയതെന്ന് കണ്ടെത്താനും ആയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍