UPDATES

യാത്ര

മാഡ്രിഡിലെ ഈസ്റ്റര്‍

Avatar

ഡിന മിഷേവ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കാഴ്ചയില്‍ വരുന്നതിനു മുന്നെ ആ പെരുമ്പറകളുടെ ശബ്ദം ഞാന്‍ കേട്ടുതുടങ്ങിയിരുന്നു. ഒരു ചിലന്തിയെ പോലെ അവ എന്റെ പിന്‍കഴുത്തിലൂടെ അരിച്ചു നീങ്ങുന്നതായി എനിക്ക് തോന്നി. ഒരേ താളത്തില്‍ കൊട്ടി മുന്നേറുന്ന അനേകം ഡസന്‍ പെരുമ്പറകളുടെ ശബ്ദം എനിക്കിഷ്ടമുള്ള ഒരു സ്‌കോച്ചിന്റെ ഷോട്ടുകള്‍ അകത്തേക്ക് പോകുന്നതിന്റെ ചൂടുള്ള സുഖം അനുഭവിക്കുന്നപോലെയാണ് തോന്നിയത്. പ്ലാസ മേയറില്‍ ഈ താളമേളങ്ങള്‍ക്കൊപ്പം അലിയാന്‍ കാത്തിരിക്കുന്ന ആയിരക്കണക്കിന് ആളുകളില്‍ ഒരുവളായി നില്‍ക്കുമ്പോള്‍ ഈ താളചടുലതയില്‍ എന്റെ ഹൃദയമിടിപ്പും കലരുന്നതുപോലെ.

മാഡ്രിഡിലെ ഈസ്റ്റര്‍ ഞായറാഴ്ചയിലേക്ക് സ്വാഗതം.

പക്ഷെ എന്റെ ഹൃദയമിടിപ്പുകള്‍ക്ക് പെരുമ്പറ ശബ്ദവുമായി ഒത്തുപോകാന്‍ കഴിഞ്ഞില്ല. ആദ്യ സംഘത്തെ വിദൂരതയില്‍ കണ്ടപ്പോള്‍ എന്റെ മിടിപ്പുകള്‍ ദ്രുതഗതിയിലായതാണ്. ടംബോറാഡ എന്നു വിളിക്കുന്ന ഈ പെരുമ്പറ പരേഡ് കടന്നുപോകുന്ന സമയം മുഴുവനും ഹൃദയം ഇതേപോലെ വേഗത്തില്‍ മിടിച്ചു കൊണ്ടേയിരുന്നു. അവസാനം പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഒമ്പത് കമാനങ്ങള്‍ ഉള്ള കവാടത്തിനരികിലേക്ക് ആയിരക്കണക്കിന് പെരുമ്പറ മുഴക്കങ്ങള്‍ ചെന്നെത്തുമ്പോള്‍ അവയുടെ വേഗം പിന്നെയും വര്‍ദ്ധിക്കുകയാണ് ചെയ്യുക. ഇതേപോലെ ആള്‍ക്കൂട്ടത്തിന്റെ ഒരനുഭവം എനിക്കുള്ളത് കോളേജ് പഠനകാലത്ത് മാര്‍ഡി ഗ്രാസിലെ ബര്‍ബോണ്‍ തെരുവുകളിലൂടെ നടക്കുമ്പോഴായിരുന്നു. നന്ദിയോടെ പറയട്ടെ ഈ കാണികള്‍ അവരെക്കാള്‍ എത്രയോ മാന്യതയുള്ളവരാണ്. 

ഞാനും എന്റെ സുഹൃത്ത് ജെര്‍മി ഹേസ്റ്റിംഗ്‌സും ചേര്‍ന്ന് ഈ വാരാന്ത്യത്തില്‍ മാഡ്രിഡിലെ സുഖകരമായ വസന്തകാലത്ത് അലസമായി നടക്കാനും മാംസാഹാരങ്ങള്‍ ഏതൊക്കെ രൂപത്തില്‍ കിട്ടുമോ അതെല്ലാം പരീക്ഷിക്കാനും പ്രാഡോയിലെ ആഘോഷങ്ങളില്‍ മുഴുകാനും, സാധിക്കുമെങ്കില്‍ ഒരു റിയല്‍ മാഡ്രിഡ് ഫുട്ബാള്‍ കളി ആസ്വദിക്കാനും തീരുമാനിച്ചുറപ്പിച്ചായിരുന്നു ഇങ്ങോട്ട് പുറപ്പെട്ടത്. 

പക്ഷെ അപ്പോഴാണ് ഈസ്റ്റര്‍ വാരാന്ത്യം കഴിഞ്ഞും ഞങ്ങള്‍ ഇവിടെ തന്നെ ഉണ്ടാകും എന്ന് തിരിച്ചറിഞ്ഞത്. ഞങ്ങള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നതിനേക്കാള്‍ വേഗതയില്‍ തന്നെ സ്‌പെയിനില്‍ താമസിക്കുന്ന/ താമസിച്ചിരുന്ന സുഹൃത്തുക്കള്‍ ഞങ്ങള്‍ക്ക് വിശുദ്ധ വാരാന്ത്യം ആശംസിച്ചുകൊണ്ടുള്ള മെസേജുകള്‍ ഇമെയിലിലും ഫേസ്ബുക്കിലും അയക്കാന്‍ തുടങ്ങി.

‘സപെയിനിലെ ഈസ്റ്റര്‍ വാരാന്ത്യങ്ങള്‍ അല്‍പം വിചിത്രമാണ് കേട്ടോ’
‘നിങ്ങള്‍ക്ക് അവിടെ ഈ വാരാന്ത്യം ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. എല്ലാം അടച്ചിട്ടിരിക്കുകയാകും’
‘ഒരു നല്ല ഹോട്ടല്‍ അല്ലെങ്കില്‍ ഒരു ട്രെയിന്‍ ടിക്കറ്റ് ഒക്കെ കിട്ടുക ശ്രമകരമായിരിക്കും. നിങ്ങളെ ഭാഗ്യം തുണയ്ക്കട്ടെ.’
‘ഈ വാരാന്ത്യത്തില്‍ എല്ലാ സ്‌പെയിന്‍ നിവാസികളും അവധിയെടുക്കുകയാണ് ചെയ്യുക.’
‘ഒരു നല്ല ഹോട്ടല്‍ കണ്ടുപിടിച്ചു അവിടെയുള്ള സ്പായൊക്കെ ആസ്വദിച്ച് അവിടെ തന്നെ കൂടുകയാകും നല്ലത്’

ഈ മുന്നറിയിപ്പുകള്‍ ഇങ്ങനെ കൃത്യമായ വാക്കുകള്‍ ആയല്ല സന്ദേശങ്ങളില്‍ ഉണ്ടായിരുന്നത് എന്നതുകൊണ്ടു തന്നെ വളരെ പ്രതീക്ഷ നല്‍കുന്ന ഒരു ചിത്രമാണ് അപ്പോഴും എന്റെ മനസില്‍ നിറഞ്ഞുനിന്നിരുന്നത്. എന്നാല്‍ അമേരിക്കയില്‍ ഉള്ള ഈസ്റ്റര്‍ വാരാന്ത്യമല്ല സ്‌പെയിനിലും മാഡ്രിഡിലും നമുക്ക് കാണാന്‍ സാധിക്കുക. കാഡ്ബറി കമ്പനിക്ക് ഇതുവരെ തങ്ങളുടെ ഈസ്റ്റര്‍ മുട്ടകളുമായി സ്‌പെയിനിന്റെ വിപണി കീഴടക്കാന്‍ സാധിച്ചിട്ടില്ല. പീപ് എന്നപേരില്‍ അറിയപ്പെടുന്ന നല്ല മധുരമുള്ള പഞ്ഞിരൂപങ്ങള്‍ അന്വേഷിച്ചു സകലമാന കടകളും കയറി ഇറങ്ങിയ എനിക്ക് അവിശ്വസനീയമാം വിധം നിസംഗത നിറഞ്ഞ നോട്ടങ്ങള്‍ മാത്രമാണ് മറുപടിയായി ലഭിച്ചത്. 

സ്‌പെയിനില്‍ റോമന്‍ കത്തോലിക്ക രീതി പിന്തുടര്‍ന്നാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. അതായത് ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെ നീളുന്ന ഒരാഴ്ചയാണ് ആഘോഷങ്ങള്‍. ഞാനും എന്റെ സുഹൃത്തും ദൈവവിശ്വാസികള്‍ അല്ലാത്തതിനാല്‍ ഈ വാരാന്ത്യം ഞങ്ങള്‍ എന്ത് ചെയ്യും എന്നു ചിന്തിച്ചു പോയി. പക്ഷെ യാത്ര ഒഴിവാക്കാന്‍ ഉദ്ദേശ്യം ഇല്ലായിരുന്നു. അതിനുള്ള പ്രധാന കാരണങ്ങള്‍ ഞങ്ങള്‍ അന്വേഷിച്ച രണ്ടാമത്തെ ഹോട്ടലില്‍ തന്നെ മുറികള്‍ ഒഴിവുണ്ട് എന്ന വിവരവും ഞങ്ങള്‍ ചെയ്യണം എന്നാഗ്രഹിച്ച യാത്രകള്‍ക്കു സീറ്റുകള്‍ ലഭ്യമാണ് എന്നതും ആയിരുന്നു. 

ഗ്രാനഡയിലോ, സരഗോസയിലോ, മെദീന ദേ റിയോസേകോ, അവിലാ, ടോലെടോ ഫെര്രോള്‍ എന്നിവടങ്ങളില്‍ ഉള്ള ഈസ്റ്റര്‍ വാരാന്ത്യങ്ങളുടെ അത്രതന്നെ വിദേശ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഒന്നല്ല മാഡ്രിഡിലെ ഈസ്റ്റര്‍ ആഘോഷങ്ങള്‍. എന്നാല്‍ വ്യാഴം വെള്ളി ദിവസങ്ങളില്‍ കത്തോലിക്ക വിശ്വാസത്തില്‍ അധിഷ്ഠിതമായ പ്രകടനങ്ങളും, കലാരൂപങ്ങളും ഇവിടെയുണ്ടാകും. ഞായറാഴ്ച ആകട്ടെ നേരത്തെ പറഞ്ഞ പെരുമ്പറകളുടെ വിരുതുകള്‍ നിറഞ്ഞ കലാവിരുന്നും. അതേസമയം മറ്റുള്ള ചെറുപട്ടണങ്ങളില്‍ ഈസ്റ്റര്‍ സമയങ്ങളില്‍ ചെയ്യേണ്ടുന്നപോലെ, ആ നഗരത്തിന്റെ തനതു സാംസ്‌കാരിക കേന്ദ്രങ്ങള്‍ ആയ മ്യൂസിയങ്ങളോ, ഭക്ഷണശാലകളോ, മറ്റു പരിപാടികളോ മാറ്റിവയ്‌ക്കേണ്ടുന്ന അവസ്ഥ ഇവിടെ ഉണ്ടാകുന്നുമില്ല. അതുകൊണ്ട് തന്നെ ഈസ്റ്റര്‍ മാഡ്രിഡില്‍ ആഘോഷിച്ചാലും, സഞ്ചാരികള്‍ക്ക് അതില്‍ നിരാശ തോന്നുന്ന അവസ്ഥയും ഉണ്ടാകുന്നില്ല. 

സ്‌പെയിനിലെ ഭാഗമായ അല്ബകെറ്റെയിലെ ചെറുപട്ടണമായ ഹെല്ലിനില്‍ നടക്കുന്ന പെരുമ്പറ പരേഡില്‍ ഇരുപതിനായിരത്തോളം പെരുമ്പറകള്‍ ഉണ്ടാകാറുണ്ട് (മാഡ്രിഡില്‍ ഇത് ആയിരത്തില്‍ താഴെയേ വരൂ). പക്ഷെ ഹെല്ലിനിലെ ഈ പരേഡിനു ശേഷം പിക്കാസോ, ഗോയ, ദാലി, എല്‍ ഗ്രെഷ്യോ തുടങ്ങിയ മാഹാരഥന്മാരുടെ ചിത്രങ്ങള്‍ കാണണമെന്ന മോഹം നടപ്പാക്കാന്‍ ആയില്ല. എന്നാല്‍ മാഡിഡ്രില്‍ ആകട്ടെ ഈസ്റ്റര്‍ ഞായറാഴ്ചകളാണ് മ്യൂസിയം സന്ദര്‍ശനത്തിന് അനുയോജ്യം. അവ മറ്റുദിവസങ്ങളെ പോലെ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുകയും, താരതമ്യേന തിരക്ക് കുറഞ്ഞും ഇരിക്കും.

മാഡ്രിഡില്‍ ഈസ്റ്റര്‍ അവധിക്കും ജനജീവിതം സാധാരണ നിലയില്‍ ആണെന്ന് പറയുമ്പോഴും അതിന് അര്‍ത്ഥം അവര്‍ ഈസ്റ്റര്‍ ആഘോഷിക്കാറില്ല എന്നല്ല കേട്ടോ. രാജ്യത്തെ മറ്റുള്ള സ്ഥലങ്ങളെ പോലെ തന്നെ ആവേശത്തില്‍ ആണ് അവരുടെ ആഘോഷങ്ങള്‍. 

മേരിലാന്‍ഡിലെ സെന്റ്.പയസ് പത്തില്‍ ചിലവഴിച്ച എട്ടു വര്‍ഷങ്ങള്‍ ഉള്‍പ്പെടെ ഒരു കത്തോലിക്ക വിശ്വാസിയായി വളര്‍ന്നു വന്ന എനിക്ക് ഈസ്റ്റര്‍ എന്നാല്‍ ഈസ്റ്റര്‍ സണ്‍ഡേ മാത്രമല്ല എന്ന തിരിച്ചറിവുണ്ടായിരുന്നു. അതില്‍ കര്‍ത്താവ് ജെറുസലേമില്‍ എത്തിയത് ആഘോഷിക്കുന്ന, ഈസ്റ്ററിനു ഒരാഴ്ച മുമ്പു വരുന്ന ഓശാന ഞായറും ദുഃഖ വെള്ളിയും, ഒക്കെ പ്രധാനം തന്നെ. ഞങ്ങള്‍ അവിടെ എത്തിയത് പെസഹ വ്യാഴത്തിനാണ്. ക്രിസ്തുവിന്റെ അന്ത്യ അത്താഴ ദിവസത്തെ ആണ് ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നത് എന്ന് ഈയിടെ ഗൂഗിള്‍ ചെയ്തു നോക്കുന്നത് വരെ എനിക്കറിയില്ലായിരുന്നു. അമേരിക്കയില്‍ ഈ ദിവസത്തിന് വലിയ പ്രാധാന്യമൊന്നും കല്‍പ്പിക്കുന്നില്ല. 

എന്നാല്‍ സ്‌പെയിനില്‍ ഈ ദിവസത്തോടെ ആണ് ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. 

മാഡ്രിഡില്‍, ആ രാത്രി, കത്തോലിക്കാ വിശ്വാസമനുസരിച്ചുള്ള നിരവധി പ്രകടനങ്ങള്‍ നഗരത്തിന്റെ ഹൃദയഭാഗത്തെ ലക്ഷ്യമാക്കി നടക്കും. സ്വര്‍ണമോ വെള്ളിയോ കൊണ്ടുള്ള മുള്‍ക്കിരീടവും കുരിശും ധരിച്ചുകൊണ്ടുള്ള കര്‍ത്താവിന്റെയോ കന്യാമറിയത്തിന്റെയോ ചായം പൂശിയതോ മരം കൊണ്ട് നിര്‍മിച്ചതോ ആയ രൂപങ്ങളാണ് ഒരു വിഭാഗം പ്രകടനത്തില്‍ ഉണ്ടാവുക. ഈ മുള്‍ക്കിരീടത്തിനും കുരിശിനും ചേര്‍ത്ത് മൂവായിരം പൗണ്ടില്‍ കൂടുതല്‍ ഭാരം ഉണ്ടാകും. പതിനായിരക്കണക്കിന് കാണികള്‍ തിങ്ങി നിറയുന്ന ഈ റോഡുകളില്‍ കാറുകള്‍ക്ക് പ്രവേശനം ഉണ്ടാകില്ല, 

ഈ വ്യാഴാഴ്ച തന്നെയാണ് മാഡ്രിഡിലെ ഭക്ഷണശാലകള്‍ സന്ദര്‍ശിക്കുന്ന ഒരു ടൂറിനു ഞങ്ങള്‍ മുന്‍കൂര്‍ പണമടച്ചു ബുക്ക് ചെയ്തിരുന്നത്. ഞങ്ങള്‍ പ്ലാസാ ദേ ഇസബെല്‍ രണ്ടില്‍ എത്തുമ്പോള്‍ അവിടെയെങ്ങും ഒരു പ്രകടനത്തിന്റെയും യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. അവിടെ തെരുവില്‍ അടിമുടി സ്വര്‍ണ നിറത്തില്‍ മിക്കി മൗസിന്റെയും മറ്റു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും രൂപം ധരിച്ച കലാകാരന്മാര്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു. 

ടബെര്‍ന റിയല്‍ എന്ന മദ്യശാലയിലേക്കാണ് ആദ്യം ഞങ്ങള്‍ എത്തിയത്. ഭക്ഷണമോ പാനീയമോ അത്ര കേമമല്ല (ഉപ്പിട്ട് വച്ച ഒലീവുകളും ഒലീവ് എണ്ണയില്‍ ചെയ്ത തക്കാളി ചമ്മന്തിയും കാറ്റലോനിയയില്‍ നിന്നുള്ള വേര്‍മോതും ആയിരുന്നു വിഭവങ്ങള്‍). അന്തരീക്ഷം ഒന്നാംതരം. അവിടെ വിനോദ സഞ്ചാരികള്‍ ആയി ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു തോന്നുന്നു.

വിദേശികള്‍ അല്ലെന്നു തോന്നിക്കുന്നതെങ്ങനെ എന്ന് ഗൈഡ് ഡെബ്ബി മസ്‌ഗ്രോ ഞങ്ങളെ പഠിപ്പിച്ചു: ഒലീവ് കുരു, പല്ലുകുത്തി, മറ്റ് അവശിഷ്ടങ്ങള്‍ നാപ്കിനുകള്‍ ഇവയെല്ലാം നിലത്ത് വലിച്ചെറിയുക: ഒരു ബാറിന്റെ ഗുണം അറിയണമെങ്കില്‍ അതിന്റെ തറയിലേക്കു നോക്കണം. എത്രത്തോളം കൂടുതല്‍ വൃത്തികേടുകള്‍ ഉണ്ടോ അത്രത്തോളം ജനപ്രിയമായിരിക്കും അത്. അവള്‍ പറഞ്ഞു. എന്നിട്ട് ഒരു ഒലീവ് കുരു എടുത്തു തറയിലേക്കു എറിഞ്ഞു. 

അവിടെയിരിക്കുമ്പോള്‍ സൂര്യന്‍ അസ്തമിച്ചു. മൊത്തം മദ്യശാലകള്‍ ഉള്ളതില്‍ രണ്ടാമത്തേതിലേക്കാണ് ഞങ്ങള്‍ പിന്നെ പോയത്.കാസഡെല്‍ അബ്യൂലോ. അപ്പോഴും ഒരു പ്രകടനത്തിന്റെ യാതൊരു ലക്ഷണവും തെരുവില്‍ ഉണ്ടായിരുന്നില്ല. സപെയിനിലെ ടോറോ മേഖലയില്‍ നിന്നുള്ള വേര്‍ടെജോ മുന്തിരിങ്ങയില്‍ നിന്നുണ്ടാക്കിയ വെളുത്ത വീഞ്ഞ് അവിടത്തെ പ്രത്യേകതയാണ്. ഒന്നാന്തരം. അതിമധുരമില്ല, എന്നാല്‍; പഴത്തിന്റെ സ്വാദ് ഉണ്ട് താനും. പുറത്ത് എന്ത് നടന്നാലും അതൊക്കെ മറക്കാന്‍ രണ്ടു ഗ്ലാസ് വീഞ്ഞ് എന്നെ സഹായിച്ചു.

മദ്യശാലയിലെ ഗംബാസ് അല അജില്ലോയിലെ വെളുത്തുള്ളിയില്‍ കുളിച്ച കുരുമുളക് അരച്ച് ചേര്‍ത്ത കൊഞ്ച്, ഉപ്പും ഒലീവ് എണ്ണയും ധാരാളം ചേര്‍ത്ത ഭക്ഷ്യ വസ്തുക്കള്‍ എന്റെ നാവില്‍ തൊട്ടതും ഈസ്റ്റര്‍ എന്ന സംഭവം തന്നെ ഞാന്‍ മറന്നുപോയി. ഇതാണ് സ്‌പെയിനില്‍ ഉടനീളം പുകഴ്‌പെട്ട ഗംബാസ് അല അജില്ലോ എന്ന് മസ്‌ഗ്രോ പറഞ്ഞു. അതിന്റെ രുചിക്കൂട്ട് അവിടെ, കാസ ഡെല്‍ അബ്യൂലോയില്‍ ആണ് രൂപം കൊണ്ടതത്രേ. 

കൂടെ വന്ന ആറു വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കപ്പെടാതിരിക്കാന്‍ ശ്രമിച്ച് ഞാന്‍ കൊഞ്ചിന്റെ രണ്ടാമത്തെ പ്ലേറ്റ് അടുപ്പിച്ചു. റൊട്ടി എണ്ണയില്‍ പരമാവധി കുളിപ്പിച്ചാണ് തിന്നത്. പുറത്തേക്കിറങ്ങാന്‍ എഴുന്നേറ്റപ്പോള്‍ എന്റെ ശരീരത്തില്‍ നിന്ന് വെളുത്തുള്ളി മണം ഗുമു ഗുമാ പൊങ്ങി. 

പക്ഷെ ആ ആ മണത്തിനു അല്‍പ്പായുസായിരുന്നു. 

അബ്യൂലോയില്‍ നിന്ന് ഞാന്‍ എന്റെ കുട്ടിക്കാലത്തെ പള്ളിയിലേക്ക് അവിടെത്തെ കുന്തിരിക്കത്തിന്റെ മണത്തിലേക്ക്, സെന്റ്. പയസ് പത്തിലെ പ്രത്യേക കുര്‍ബാനയുടെ ശബ്ദത്തിലേക്ക് ആണ് ഇറങ്ങിയത്. കുന്തിരിക്കം സെന്റ്. പയസിന് ഏറെ പ്രിയങ്കരമത്രേ. കത്തോലിക്കരുടെ ലോകം മുഴുവന്‍ അതാണ് സുഗന്ധത്തിനായി പുകയ്ക്കുന്നത്. 

ദേബി ഞങ്ങളെ ചുറ്റും വിളിച്ചുകൂട്ടി ‘തൊട്ടപ്പുറത്ത് നിന്ന് പ്രകടനം വന്നുകൊണ്ടിരിക്കുന്നുണ്ട്. ഒരു പക്ഷെ നമുക്ക് ഉന്തിത്തള്ളി കടക്കേണ്ടി വരും, എന്റെ തൊട്ടു പിന്നാലെ വരൂ.’ ‘ഒരു തിരിവ് തിരിഞ്ഞപ്പോള്‍ നേരെ ചെന്നിടിച്ചത് ഒരു മനുഷ്യ മതിലില്‍ ആണ്. ചുരുങ്ങിയത് പത്തുനിര ആളുകള്‍ എങ്കിലും മുന്നിലുണ്ട്. കുന്തിരിക്കത്തിന്റെ മണം കനത്തു. കുന്തിരിക്ക പുക മേലോട്ട് ഉയരുന്നു. മെഴുകുതിരികള്‍. കുരിശുകള്‍. പര്‍പ്പിള്‍ നിറമുള്ള കൂമ്പന്‍ തൊപ്പികള്‍. 

ആ തൊപ്പികളെ കുറിച്ച് കൂടുതല്‍ ചിന്തിക്കാന്‍ കഴിയും മുമ്പ് ഒരു കൂറ്റന്‍ പ്ലോട്ട് ദൃശ്യമായി. കൂ ക്ലുസ് ക്ലാന്റെ യൂണിഫോം പോലെ ഒരു തരം വസ്ത്രമാണ് കൂമ്പന്‍ തൊപ്പിക്കാര്‍ അണിഞ്ഞിരിക്കുന്നത്. അതിനിടയിലൂടെ ആണ് സ്വര്‍ണവും വെള്ളിയും ചേര്‍ന്ന് നിറങ്ങള്‍ ഉള്ള ഏതാണ്ട് ജീവനുള്ളത്രയും വലുതായ യേശുവിന്റെ ക്രൂശിത രൂപം ഉണ്ടായിരുന്നത്. എന്റെ മുന്നിലുള്ള എല്ലാ തലകള്‍ക്കും മീതെ അത് ഉയര്‍ന്നു കാണാം. 

എന്റെ തൊട്ടടുത്തുള്ള മധ്യവയസ്‌ക കരയാന്‍ തുടങ്ങി. ഒരമ്മ കരയുന്ന കുട്ടിയെ ശാന്തമാക്കാന്‍ ശ്രമിക്കുന്നു. ഒരച്ഛന്‍ തന്റെ ഇരട്ട കുഞ്ഞുങ്ങളെ ഇരു ചുമലുകളിലുമായി എടുത്ത് ഉയര്‍ത്തുന്നു. ഡെബ്ബിയുടെ നിര്‍ദേശം അനുസരിക്കാതെ ഞാന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു. 

എനിക്കു മതത്തില്‍ വിശ്വാസമില്ല, പക്ഷെ ഞാന്‍ അന്ധനുമല്ല (അധിക സമയവും) ഈ ആള്‍ക്കൂട്ടത്തിനു നടുവില്‍ ഒരു എത്തി നോട്ടക്കരാനാവുക വല്യ കാര്യമാണ്. നസ്രേത്തുകാര്‍ നിരനിരയായി കടന്നു പോകവേ ഞാന്‍ അവിടെ നിന്നു. പെട്ടെന്ന് എല്ലാവരും ഏതോ ആജ്ഞ കിട്ടിയാലെന്ന പോലെ ഒറ്റയടിക്ക് നിന്നു. എല്ലാം നിശ്ചലമായി. 

ഇങ്ങനെ ഇത്രയധികം ആളുകളുമായി ഗാഡമായ ഒരു നിശബ്ദത പങ്കുവച്ച മറ്റൊരവസരം ഉണ്ടായിട്ടില്ല. 

ഒരു സ്ത്രീയുടെ ഏകാന്തമായ ശബ്ദം ആ നിശബ്ദതയെ ഭഞ്ജിച്ചു. പ്രകടനത്തോടോപ്പം ഉണ്ടായിരുന്നത് പെരുമ്പറകളും കാഹളങ്ങളുമാണ്. പക്ഷെ അവള്‍ പാടുന്നത് ഒരു കാപ്പില്ലയാണ്. അതിനു വാദ്യോപകരണങ്ങളുടെ അകമ്പടി ആവിശ്യമില്ല. 

മറ്റുളളവരുടെ നോട്ടം പിന്തുടര്‍ന്ന് ഞാന്‍ അവളെ കണ്ടെത്തി. അവള്‍ അഭിമുഖമായുള്ള ഒരു ബാല്‍ക്കണിയില്‍ നില്‍ക്കുകയാണ്. അവളെ ചുറ്റിയ ഇരുമ്പഴികള്‍ പിടിച്ചാണ് അവള്‍ പാടിയിരുന്നത്. താഴെയുള്ള പശ്ചാത്താപ വിവശരെ മനസിലാക്കാന്‍ ആ പാട്ടിന്റെ അര്‍ത്ഥം അറിയണമെന്നില്ല. 

സമയം ഇഷ്ടംപോലെ അയയുകയും മുറുകുകയും ചെയ്യുന്ന ഒരു സന്ദര്‍ഭം അവളുടെ പാട്ട് രണ്ടു മിനുട്ടാണോ അതോ പത്തു മിനുട്ടാണോ നീണ്ടത് എന്നറിയാത്ത അവസ്ഥ. ഇനിയും കേള്‍ക്കണം എന്ന ഒരു തോന്നല്‍ ബാക്കി നിര്‍ത്തി അതവസാനിച്ചു. പ്രകടനം നിന്നത്രയും പൊടുന്നനെ വീണ്ടും തുടങ്ങി. മൂന്നു മിനിട്ടിനുള്ളില്‍ അത് അടുത്ത വളവു തിരഞ്ഞു. ആള്‍ക്കൂട്ടം അലിഞ്ഞു തുടങ്ങി. 

ഡെബ്ബിയെയ്യും കൂട്ടരെയും കണ്ടുപിടിക്കുക അത്ര പ്രയാസമുള്ളതല്ല. ഞാന്‍ മാത്രമല്ല നിന്ന് പോയത്. 

ഞങ്ങള്‍ മൂന്നാമത്തെ മദ്യശാലയിലേക്ക് നടന്നു. ലോസ് ഗട്ടോസ് എന്നാണതിന്റെ പേര്. പ്രകടനത്തിലെ ആള്‍ക്കൂട്ടം എത്രമാത്രം അടക്കത്തിലാണോ നടന്നിരുന്നത് അത്രയും തന്നെ അടക്കമില്ലാത്ത സംസാരിക്കുകയും ചിരിക്കുകയും ചെയ്തു ആളുകള്‍. ചാരിക്കിടക്കുന്ന ഒരു അര്‍ദ്ധനഗ്‌നാംഗനയുടെയും നൃത്തം ചെയ്യുന്ന അസ്ഥികൂടങ്ങളുടെയും ചിത്രത്തിന് താഴെയിരുന്നു തിന്നുകയും കുടിക്കുകയും ചെയ്യുകയായിരുന്നു അവരപ്പോള്‍. പുരാതനമായ ഒരു പണപ്പെട്ടി അത്രയും തന്നെ പുരാതനമായ ഒരു ഗ്യാസ് പമ്പിനു മുകളില്‍ വച്ചിരിക്കുന്നു. ചുമരില്‍ സംസ്‌കരിച്ചു സൂക്ഷിക്കപ്പെട്ട ഒരു കാളത്തല, മച്ചില്‍ ഒരു ചില്ല് വിളക്ക്. ബാറിന്റെ ഒരറ്റത്ത് ഇപ്രകാരം എഴുതിയിരിക്കുന്നു: പൂച്ചയും സൂക്ഷിപ്പുകാരനും ഇവിടെ പാര്‍ക്കുന്നു. ഗാറ്റോ എന്നാല്‍ പൂച്ച എന്നര്‍ത്ഥം . 

ഒരു ചുവന്ന വീഞ്ഞിന്റെ മിശ്രിതമാണ് ഞങ്ങള്‍ക്ക് കിട്ടിയത് ടെമ്പ്രാനില്ലോ, ഗ്രെനാഷേ, ഗ്രാഷ്യാനോയും ചേര്‍ത്ത്. അത് റിയോജയില്‍ നിന്നുള്ളതാണ്. കൂനും പെസ്‌റോയും കൊഞ്ചും മൊരിച്ച കുരുമുളകും (മത്തിയും ആകാം) നിറച്ച സാന്‍ഡ്‌വിച്ചുകളുടെ അകമ്പടി. ഇവിടെയും പിന്നീട് പോയ രണ്ടിടങ്ങളിലെയും എല്ലാം നന്നയിരുന്നു. ലാ വെനീഷ്യയിലെക്കാണു പിന്നെ പോയത്. അതൊരു ഷെറി ബാര്‍ ആണ്. 

നാല് സഹോദരന്മാര്‍ ആണ് അത് നടത്തി പോന്നിരുന്നത്. അവിടെ ഏണസ്റ്റ് ഹെമിംഗ്‌വേ നിത്യസന്ദര്‍ശകനായിരുന്നുവത്രേ. പിന്നെ കാസാ ടോണി. അവിടെ ഡെബ്ബി മുകളില്‍ ആയി രണ്ടു മേശ സംഘടിപ്പിച്ചു. ആട്ടിറച്ചി ചേര്‍ത്ത മധുര റൊട്ടി ഒന്നാംതരം. പക്ഷെ എന്റെ മനസിലാകെ ആ പ്രകടനം ആയിരുന്നു. അത് പിന്തുടര്‍ന്നിരുന്നെങ്കില്‍ ഇന്നു വല്ലാതെ ആഗ്രഹിക്കുകയായിരുന്നു ഞാന്‍.

അടുത്ത നാള്‍, ദുഃഖവെള്ളി രാവിലെയാണ് എന്റെ പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടിയത്. അപ്പോഴാണ് ഞങ്ങള്‍ ഴാന്‍ റെറ്റാനയെ കാണുന്നത്. സിന്‍ഗുലര്‍ മാഡ്രിഡ് എന്ന സഞ്ചാര കമ്പനിയുടെ സ്ഥാപകരില്‍ ഒരാളാണ് അദ്ദേഹം. ഉച്ചാരണത്തില്‍ കനത്ത ഒരു ഐറിഷ് സ്വാധീനം ഉണ്ടെങ്കിലും നൂറുശതമാനവും സ്പാനിഷുകാരന്‍. പേര് ഐറിഷ് ആണെങ്കിലും ഉച്ചാരണത്തില്‍ ഐറിഷ് ചുവയുണ്ടെങ്കിലും റെറ്റാന ആയുഷ്‌കാലം മുഴുവന്‍ സ്‌പെയിനില്‍ ആണ് കഴിച്ചു കൂട്ടിയത്. നഗരത്തില്‍ അലയവേ അയാള്‍, ഞങ്ങള്‍ക്ക് ഒരു ചരിത്ര ക്ലാസ് തന്നെ എടുത്തു. സെമാന സാന്താ പ്രദക്ഷിണങ്ങളെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് സന്തോഷത്തോടെ ഉത്തരം നല്‍കി. 

അമേരിക്കയിലെ കെകെകെ കാരെപോലെ മുഖവും അങ്കിയും മറയ്ക്കുന്ന മേല്‍ വസ്ത്രങ്ങളും കൂമ്പന്‍ തൊപ്പിയും ഒക്കെയുണ്ടെങ്കിലും ആ സ്പാനിഷ് നസ്രേതുകള്‍ക്ക് കെകെകെ യുമായി മറ്റൊരു സാമ്യവും ഇല്ല. ആ വസ്ത്രധാരണ രീതി മധ്യ യുഗത്തില്‍ നിന്ന് പിന്തുടര്‍ന്നു പോരുന്ന ഒന്നാണ്. 

വെള്ള, പര്‍പ്പിള്‍, ചുവപ്പ് എന്നീ നിറങ്ങള്‍ വിവിധ മത സംഘങ്ങളുടെ പ്രതിനിധാനമാണ്. അവരാണ് സെമാന സാന്താ പ്രകടനങ്ങളില്‍ ഭൂരിഭാഗം പേരും. ആ സംഘങ്ങളില്‍ ചിലതിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതും പറഞ്ഞു റെറ്റാന മാഡ്രിഡിന്റെ അറബ് ഭൂതകാലത്തെ കുറിക്കുന്ന ഒരു അടയാളത്തിലേക്ക് വിരല്‍ ചൂണ്ടി. ഒമ്പതാം നൂറ്റാണ്ടില്‍ പണിത മതിലിന്റെ ഒരു ഭാഗം. വെങ്കലത്തില്‍ തീര്‍ത്ത ഒരു പ്രതിമ. അതെന്താണെന്ന് മനസിലാക്കാന്‍ മൂന്ന് പ്രതിഭകളുടെ ബുദ്ധി ഉപയോഗിക്കേണ്ടി വന്നുവത്രേ. 

പ്രതിമ സ്പയിനിലെ ഫിലിപ്പ് നാലാമന്റെതായിരുന്നു. പുറം കാലുകളില്‍ പൊന്തി കുതിച്ചു നില്‍ക്കുന്ന ഒരു കുതിരയുടെ പുറത്താണ് ഫിലിപ്പ് ഇരിക്കുന്നത്, ഇത്രയും ഭാരിച്ച ഒരു പ്രതിമയെ രണ്ട് കാലിന്മേല്‍ നിര്‍ത്തു ന്നതെങ്ങനെ, പ്രത്യേകിച്ചും അതിനുപയോഗിക്കുന്ന ലോഹം താരത്യേന ദുര്‍ബലമായിരിക്കെ? അലട്ടുന്ന ഈ ചോദ്യത്തിനുത്തരം തേടി ശില്‍പ്പി പിയത്രോ താക്ക ചെന്നത് ശാസ്ത്രജ്ഞനായ ഗലീലിയോയുടെ അടുത്താണ്. ഗലീലിയോ സഹായിച്ചു. അങ്ങനെ ഡീഗോ വേലസ്‌കയുടെ ഒരു ചിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആ പ്രതിമ 350 വര്‍ഷങ്ങള്‍ക്കിപ്പുറവും അവിടെ നില്‍ക്കുകയാണ്. 

റെറ്റാനയുടെ മകനെ ക്രിസ്ത്യാനിയാക്കിയ പള്ളിയും കടന്നു ഞങ്ങള്‍ മുന്നോട്ടു നടന്നു. ഇരുവശത്തേക്കും വലിച്ചു തുറക്കാന്‍ സാധിക്കുന്ന വാതിലിനു മുന്നില്‍ അകത്തേക്ക് കയറാന്‍ കാത്തു നില്‍ക്കുന്ന ആളുകളുടെ വരിയും മുറിച്ചു കടന്നു പിന്നെയും മുന്നോട്ടു നീങ്ങി. കഴിഞ്ഞ രാത്രിയില്‍ നഗരപ്രദക്ഷണത്തിനു പോയ മുള്‍ക്കിരീടവും, കുരിശും, മെഴുകു രൂപങ്ങളും അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

കുരിശാരോഹണത്തിന് മുമ്പുള്ള രാത്രിയിലെ പ്രദക്ഷിണത്തില്‍ ഞാന്‍ കണ്ട മുള്‍ക്കിരീടമായിരുന്നില്ല ഇത്. ഇത് കന്യാമറിയത്തിന്റെ രൂപവും, നൂറുകണക്കിന് മെഴുകുതിരികള്‍ ഉള്ള കിരീടവും ആണ്. ചില മെഴുകുതിരികള്‍ക്ക് മൂന്നടിയില്‍ കൂടുതല്‍ ഉയരമുണ്ട്. ഇവയെല്ലാം കത്തിച്ചുകൊണ്ട് നടത്തുന്ന പ്രദക്ഷിണം ഭാവനയില്‍ കാണാനേ എനിക്കു സാധിച്ചുള്ളൂ. 

ആ കിരീടം ഒറ്റക്ക് തന്നെ ഒരു അസ്സല്‍ കാഴ്ചയാണ്. അതിന്റെ കൊത്തുപണികളും, ആലേഖനങ്ങളും, മറ്റു വിശദാംശങ്ങളും എന്നെ സ്തബ്ദയാക്കി. അതിന്റെ വലിപ്പവും എന്നെ ആശ്ചര്യപ്പെടുത്തി. അവര്‍ ഇതെങ്ങനെയാണ് നീക്കുന്നത്? ഞാന്‍ റെറ്റാനയോടു ചോദിച്ചു. 

ഇവ പ്രദക്ഷിണവഴിയിലെത്തുമ്പോള്‍ ആ മുള്‍ക്കിരീടം താങ്ങുന്നത് ഏകദേശം നാല്‍പ്പത് ആളുകള്‍ ചേര്‍ന്നാണ്. പ്രദക്ഷിണം നടക്കുന്ന സമയം മുഴുവന്‍ അവര്‍ അതിനെ തലയിലോ ചുമലിലോ താങ്ങും. കുറെ ആളുകള്‍ ഉണ്ടെങ്കിലും ഒരാളുടെമേല്‍ ഏകദേശം നാല്‍പ്പതു മുതല്‍ എണ്‍പതു വരെ പൗണ്ട് ഭാരം വരും. ചില പ്രദക്ഷിണങ്ങള്‍ പത്തു മണിക്കൂര്‍ വരെ നീണ്ടേക്കാം. പ്രദക്ഷിണങ്ങളിലെ പ്ലോട്ടുകള്‍ ഒരു കലാപ്രദര്‍ശനം തന്നെയാണ്. പക്ഷേ അതിനു പിന്നിലെ മനുഷ്യധ്വാനവും കൂട്ടായ്മയും ആരും കാണുന്നില്ല. പക്ഷെ ഇത് പരമപ്രധാനമാണ്.

എനിക്ക് ഈ ഈസ്റ്റര്‍ വാരന്ത്യത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഏകദേശം അവസാനിച്ചു കഴിഞ്ഞു. ‘സ്‌പെയിന്‍ ഒരു കത്തോലിക്കാ രാജ്യമാണെങ്കിലും ഞങ്ങളുടെ ശരിയായ മതം ഇതാണ്. ഞങ്ങള്‍ക്കു നേരത്തെ കണ്ടതുപോലെയുള്ള ഒരു ജനല്‍ ചൂണ്ടിക്കാട്ടി റെറ്റാന പറഞ്ഞു. അവിടെ തൂക്കിയിട്ടിരിക്കുന്ന തൈരു ചേര്‍ത്ത ഒരു പന്നിയിറച്ചി വിഭവമാണ് അദ്ദേഹം ഉദേശിച്ചത്. ‘ ആഹാ പുതിയ ഒരു വിവരം കൂടി ലഭിച്ചിരിക്കുന്നു.’ 

അന്ന് ബാക്കിയുണ്ടായിരുന്ന സമയം മുഴുവന്‍ ഈ വിഭവത്തെക്കുറിച്ച് പഠിക്കാനാണ് ഉപയോഗിച്ചത്. വിവിധതരം പന്നിയിറച്ചി വിഭവങ്ങള്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ കയറി അത് രുചിച്ചു നോക്കി. ആക്രോണ്‍ പരിപ്പുകള്‍ മാത്രം കൊടുത്തു വളര്‍ത്തിയ പന്നിയുടെ ഇറച്ചി കൊണ്ട് ഉണ്ടാക്കിയ നിരവധി വിഭവങ്ങള്‍ നമുക്കവിടെ ലഭിക്കും. ഇബെറിയന്‍ പന്നികളുടെ കറുത്ത കുളമ്പുകള്‍ ഏറെ പ്രശസ്തമാണ്. ഇവ അതിവിശിഷ്ടമായ ഇറച്ചിയായാണ് ഇവിടെയുള്ളവര്‍ കാണുന്നത്. ധാന്യങ്ങളും അക്രോണ്‍ പരിപ്പും, ചിലപ്പോള്‍ അക്രോണ്‍ പരിപ്പ് മാത്രവും കഴിച്ചു വളരുന്ന ഈ പന്നികളുടെ മാംസം കുറച്ചേ ഉള്ളൂ എങ്കിലും അവ അതീവ രുചികരം ആണ്. 

സമോണ്‍ സെറാണോ എന്ന വെളുത്ത കുളമ്പുകള്‍ ഉള്ള പന്നിയുടെ ഇറച്ചിക്ക് താരതമ്യേന വിലകുറവാണ്. പക്ഷെ അമേരിക്കയില്‍ ലഭ്യമാകുന്ന ഏതൊരു പന്നിയിറച്ചി വിഭാഗത്തിനേക്കാളും രുചികരമായിരുന്നു ഇത്. 

ഈസ്റ്റര്‍ ഞായര്‍ ഞങ്ങള്‍ക്ക് സ്വന്തമായിരുന്നു. ഞങ്ങള്‍ പെരുമ്പറ പരേഡ് ആസ്വദിക്കുകയും, യഥാര്‍ത്ഥ മാഡ്രിഡ് ആസ്വദിക്കാനായി ഒരു ബാറിലേക്ക് നുഴഞ്ഞുകയറി പാനീയങ്ങളും സാമോനും ആസ്വദിക്കുകയും പ്രഡോ, രേയിനാ സോഫിയാ മ്യൂസിയങ്ങള്‍ ആസ്വദിക്കുകയും ചെയ്തു. അപ്പോഴും പെരുമ്പറ മുഴക്കങ്ങള്‍ എന്നില്‍ നിലച്ചിരുന്നില്ല. 

നിങ്ങള്‍ അവിടം സന്ദര്‍ശിക്കുകയാണെങ്കില്‍:

താമസത്തിന്:

NH Collection Madrid Eurobuilding
23 Calle de Padre Damián
011-34-91-353-7300
nh-collection.com

സാമ്പത്തിക നഗരത്തില്‍ അടുത്തിടെ പരിഷ്‌കരിച്ച ഒരു ത്രീ സ്‌റാര്‍ ഹോട്ടല്‍ ആണിത്. നാനൂറോളം മുറികള്‍ ഉള്ള ഈ ഹോട്ടല്‍ നഗരത്തിലെ പ്രദക്ഷിണ വഴികളില്‍ നിന്നും നിരവധി മൈലുകള്‍ അകലെയാണ്. അതുകൊണ്ട് തന്നെ ശാന്തമായ ഒരു ഇടംകൂടിയാണിത്. റിയല്‍ മാഡ്രിഡിന്റെ കളിസ്ഥലമായ ബെര്‍ണാബു സ്‌റ്റേഡിയത്തിനരികിലുള്ള ഈ ഹോട്ടലില്‍ നിന്ന് മെട്രോ സ്‌റ്റേഷനിലേക്ക് നടന്നു പോകാവുന്ന ദൂരമേയുള്ളൂ. 163 ഡോളര്‍ ആണ് മുറിവാടക.

Principal Madrid Hotel
2 Gran Via
011-34-91-521-8743
theprincipalmadridhotel.com

2015 ജനുവരിയില്‍ തുറന്ന ഈ ഹോട്ടലിനരികിലായാണ് നഗരത്തിലെ മുഖ്യ ആകര്‍ഷണങ്ങള്‍ എല്ലാം സ്ഥിതിചെയ്യുന്നത്. മുറികളും ഹോട്ടലിന്റെ മുകള്‍ ഭാഗവും ഏറെ ആകര്‍ഷകമാണ്. ഇത് നഗരക്കാഴ്ചയ്ക്ക് പറ്റിയ ഒരിടമാണ്. 303 ഡോളര്‍ ആണ് മുറിവാടക.

ഭക്ഷണം ലഭിക്കാന്‍

Sobrino de Botin
17 Calle de los Cucchilleros
011-34-913-66 42 17
botin.es
ഏറ്റവും പുരാതനമായ ഹോട്ടല്‍ എന്ന് ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഈ ഭക്ഷണശാലയിലെ മുകള്‍ത്തട്ട് ഏണസ്‌റ്റോ ഹെമിംഗ്‌വേയുടെ ഇഷ്ടസ്ഥലമായിരുന്നു. 1725 ല്‍ പണികഴിപ്പിച്ച അതേ ഓവനില്‍ (മരം കൊണ്ടുള്ള) പാചകം ചെയ്യുന്ന പന്നിയിറച്ചി ആണ് ഇവിടത്തെ താരം.

ഭക്ഷണ ചരിത്ര ടൂര്‍
madridfoodtour.com
അഞ്ചു കുടുംബങ്ങള്‍ നടത്തുന്ന ഭക്ഷണ ശാലയിലൂടെ നടത്തുന്ന ഈ സഞ്ചാരം ചരിത്രത്തെ കുറിച്ചുള്ള ഒരു അറിവും നമുക്ക് പകര്‍ന്നു നല്‍കുന്നു.
75 ഡോളര്‍ മുതലാണ് ചെലവ് വരിക.

എന്താണ് ചെയ്യേണ്ടത്.

പെരുമ്പറ പരേഡ്

semanasantamadrid.es
ഈസ്റ്റര്‍ ഞായര്‍ ഉച്ചതിരിഞ്ഞ് പ്ലാസാ മേയറിലേക്ക് നൂറുകണക്കിന് പെരുമ്പറകള്‍ ഒരേ താളത്തില്‍ കൊട്ടിപോകുന്ന പരേഡ്. പ്രവേശനം സൗജന്യമാണ്
സെമാന സാന്റ (കത്തോലിക്കാ പ്രദക്ഷിണങ്ങള്‍) സെന്റ്രോ, മാഡ്രിഡ്
gomadrid.com/semana-santa

ഈസ്റ്ററിനു മുമ്പുള്ള വ്യാഴം വെള്ളി ദിവസങ്ങളില്‍ സെന്‍ട്രോയിലൂടെ നടത്തുന്ന പ്രദക്ഷിണങ്ങള്‍. നിരവധി പ്ലോട്ടുകള്‍ പെരുമ്പറയുടെയും മറ്റ് വാദ്യോപകരണങ്ങളുടെയും അകമ്പടിയോടെ കര്‍ത്താവിന്റെയും കന്യാമറിയത്തിന്റെയും ജീവിതത്തിലെ വിവിധ ഭാഗങ്ങളെ പുനരാവിഷ്‌കരിക്കുന്നു. പ്രവേശനം സൗജന്യമാണ്

La Venencia
7 Calle Echegaray
011-34-91-429-7313

1930 കളില്‍ നടന്ന സ്പാനിഷ് യുദ്ധസമയത്ത് ഇടതുപക്ഷാനുകൂല പ്രവര്‍ത്തകരുടെ ഒളിത്താവളം ആയിരുന്നു ഈ മദ്യശാല. ഫാസിസ്റ്റ് ചാരന്മമാരുടെ ഭീഷണി ഇപ്പോള്‍ ഇല്ലെങ്കിലും നിങ്ങള്‍ക്ക് ബാറിനുള്ളില്‍ ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കില്ല. അവിടെ വിവരങ്ങള്‍ എല്ലാം ഒരു ചോക്കുകൊണ്ടാണ് ചുമരില്‍ എഴുതിയിരിക്കുന്നത്.

Museo Prado
Paseo del Prado
011-34-913-30-28-00
museodelprado.es/en

ലോകത്തിലെ ഏറ്റവും മികച്ച മ്യൂസിയങ്ങളില്‍ ഒന്നാണിത്. പന്ത്രണ്ടു മുതല്‍ പത്തൊമ്പതു വരെയുള്ള കാലത്തിലെ 20000 ചിത്രങ്ങളും, പ്രതിമകളും മറ്റു അപൂര്‍വ വസ്തുക്കളും ആണ് ഈ മ്യൂസിയ ശേഖരത്തില്‍ ഉളളത്. ടൈറ്റാന്‍, റാഫേല്‍, എല്‍  ഗ്രേഷ്യറുബെന്‍സ് തുടങ്ങിയവരുടെ കലാസൃഷ്ടികളും അവിടെയുണ്ട്. 15.75 ഡോളര്‍ ആണ് പ്രവേശന ഫീസ്.

Singular Madrid
011-34-60-558-7066
singularmadrid.com

തദ്ദേശീയ ഗൈഡുകള്‍ നേരിട്ട് നടത്തുന്ന സിറ്റി ടൂറുകള്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് :
സ്പാനിഷ്: semanasantamadrid.es
ഇംഗ്ലീഷ് :gomadrid.com/semana-santa

മാഡ്രിഡ് സന്ദര്‍ശിക്കാന്‍: esmadrid.com/en

(ഇന്‍സ്പിരാറ്റോ മാഗസിന്റെ എഡിറ്റര്‍ ആണ് മിഷേവ് )

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍