UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഹൃദ്രോഗവും അർബുദവും തടയണോ? പഴങ്ങളും പച്ചക്കറികളും ശീലമാക്കിയാലുള്ള ഗുണങ്ങൾ

ലോകമെമ്പാടുമുള്ള രണ്ട് ദശലക്ഷം പേരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകര്‍ ഇത് കണ്ടെത്തിയത്

സഹന ബിജു

സഹന ബിജു

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, അര്‍ബുദം, അകാല മരണം ഇവയെ തടയും എന്ന് പഠനം. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനെ കുറിച്ചുള്ള 95 പഠനങ്ങള്‍ വിശകലനം ചെയ്ത് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലോകമെമ്പാടുമുള്ള രണ്ട് ദശലക്ഷം പേരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ഇന്റര്‍ നാഷണല്‍ ജേര്‍ണല്‍ ഓഫ് എപിഡെമിയോളജിയിലായിരുന്നു ഈ പഠനം പ്രസിദ്ധീകരിച്ചത്.

ഇവരില്‍ 43,000 പേര്‍ ഹൃദ്രോഗികളും 47,000 പേര്‍ പക്ഷാഘാതം ബാധിച്ചവരും 81,000 പേര്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവരും 1,12,000 പേര്‍ അര്‍ബുദ രോഗികളും ആയിരുന്നു. കൂടാതെ 94,000 പേരുടെ മരണ കാരണവും പരിശോധിച്ചു. ഈ പഠനത്തില്‍ നിന്ന് കണ്ടെത്തിയത് ദിവസവും 800 ഗ്രാം പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ ഒരു വര്‍ഷം ലോകത്ത് 7.8 ദശലക്ഷം അകാല മരണം തടയാന്‍ സാധിക്കുമെന്നാണ്.

ഏത് തരം പഴങ്ങളും പച്ചക്കറികളും ആണ് രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കുന്നത് എന്നും പഠനം പരിശോധിച്ചു. ഒരു വ്യക്തി ദിവസം 200 ഗ്രാം എങ്കിലും പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ തന്നെ ഹൃദ്രോഗ സാധ്യത 16 ശതമാനവും പക്ഷാഘാത സാധ്യത 18 ശതമാനവും ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത 13 ശതമാനവും കുറയ്ക്കാന്‍ സാധിക്കും എന്നും പഠനം പറയുന്നു. കൂടാതെ അര്‍ബുദ സാധ്യത 4 ശതമാനവും അകാല മരണത്തിനുള്ള സാധ്യത 15 ശതമാനവും കുറയ്ക്കാന്‍ സാധിക്കും.

800 ഗ്രാം പഴങ്ങളും പച്ചക്കറികളും ഒരു ദിവസം കഴിച്ചാല്‍ ഹൃദ്രോഗ സാധ്യത 24%, പക്ഷാഘാത സാധ്യത 33%, ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത 28%, അര്‍ബുദ സാധ്യത 31% ഈ തോതില്‍ കുറയ്ക്കാന്‍ സാധിക്കും. പഴങ്ങളോ പച്ചക്കറികളോ ഒട്ടും കഴി ക്കാ ത്തവരുമായി താരതമ്യം ചെയ്താണ് ഇത് കണക്ക് കൂട്ടിയത്. 800 ഗ്രാമിന്റെ പത്തില്‍ ഒരു ഭാഗമായ 80 ഗ്രാം പഴങ്ങളും പച്ചക്കറികളും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ചെറിയ പഴം, ആപ്പിള്‍, സബര്‍ജില്‍, ഓറഞ്ച്, മൂന്ന് വലിയ ടേബിള്‍ സ്പൂണ്‍ വേവിച്ച പച്ചക്കറികളായ ചീര, പയര്‍ ബ്രോക്കോളി കോളിഫ്‌ലവര്‍ ഇവ അടങ്ങിയതാണ്.

ഏത് പഴങ്ങളും പച്ചക്കറിയും ആണ് പ്രത്യേക രോഗങ്ങള്‍ക്കുള്ള സാധ്യതയെ കുറയ്ക്കുന്നത് എന്നും ഗവേഷകര്‍ പരിശോധിച്ചു. ആപ്പിള്‍, സബര്‍ജില്‍, നാരക ഫലങ്ങള്‍ (ഓറഞ്ച്, മുസംബി മുതലായവ ), സാലഡുകള്‍, പച്ച നിറത്തിലുള്ള ഇലക്കറികള്‍, ബ്രോക്കോളി, ക്യാബേജ്, കോളിഫ്‌ലവര്‍ ഇവ ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, അകാല മരണം ഇവയെ തടയും എന്ന് കണ്ടു. പച്ച നിറത്തിലുള്ള പച്ചക്കറികള്‍ അതായത് പച്ച ചീര, ബീന്‍സ്, മഞ്ഞ നിറത്തിലുള്ള ക്യാപ്സിക്കം, കാരറ്റ്, ക്യാബേജ്, കോളിഫ്‌ലവര്‍, ബ്രോക്കോളി ഇവ അര്‍ബുദത്തെ തടയും.

എന്ത് കൊണ്ടാണ് പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഇത്ര ആരോഗ്യ ഗുണങ്ങള്‍ ഉള്ളത്? പഴങ്ങളും പച്ചക്കറികളും കൊളസ്ട്രോള്‍ നിലയും രക്തസമ്മര്‍ദവും കുറയ്ക്കുന്നു, രക്തക്കുഴലുകളുടെയും രോഗ പ്രതിരോധ സംവിധാനത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയ സങ്കീര്‍ണമായ പോഷകങ്ങളാണ് ഇതിന് കാരണം. നിരവധി ആന്റി ഓക്‌സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഡി എന്‍ എ തകരാറു കുറയ്ക്കുകയും അര്‍ബുദ സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു. ക്രൂസിഫെറസ് വെജിറ്റബ്ള്‍സ് ആയ ബ്രോക്കോളി, കോളിഫ്‌ലവര്‍, ക്യാബേജ് എന്നിവയില്‍ അടങ്ങിയ സംയുക്തമായ ഗ്ലൂക്കോസൈനോലേറ്റുകള്‍, എന്‍സൈമുകളെ ഉദ്ദീപിപ്പിച്ച് അര്‍ബുദം തടയുന്നു.

നമ്മുടെ വയറ്റില്‍ സ്വാഭാവികമായി കാണപ്പെടുന്ന ബാക്ടീരിയകള്‍ക്കും പഴങ്ങളും പച്ചക്കറികളും ഗുണകരമാണ്. ആന്റി ഓക്‌സിഡന്റ്, വിറ്റമിന്‍ സപ്പ്‌ളിമെന്റുകള്‍ കഴിക്കുന്നതിന് പകരം ഗുണഫലം ലഭിക്കാന്‍ സസ്യ ഭക്ഷണം കഴിക്കേണ്ടതാണെന്നും പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയ പോഷകങ്ങള്‍ ആരോഗ്യത്തിന് അത്യാവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. സപ്ലിമെന്റുകള്‍ കഴിക്കുന്നത് രോഗങ്ങള്‍ വരാനുള്ള സാധ്യതയെ ഇല്ലാതാക്കുന്നില്ല. ഈ പഠനത്തില്‍ മറ്റ് ഘടകങ്ങളായ വ്യക്തിയുടെ ശരീരഭാരം, പുകവലി, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഭക്ഷണ രീതി ഇവയെല്ലാം കണക്കിലെടുത്തു. എന്നിട്ടും പഴങ്ങളും പച്ചക്കറികളും ഏറെ ഗുണകരം ആണെന്ന് കണ്ടു.

പ്രത്യേക ഇനം പഴങ്ങളുടെയും പച്ചക്കറികളുടെയും ഗുണഫലങ്ങള്‍ മനസിലാക്കാന്‍ ഇനിയും ഗവേഷണം നടത്തേണ്ടതുണ്ടെന്നും പച്ചക്കറികള്‍ പാകം ചെയ്യേണ്ട വിധത്തെ പറ്റിയും പഠിക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ പറഞ്ഞു. കൂടാതെ അര്‍ബുദം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഇവയെ കൂടാതെ മറ്റ് ഏതൊക്കെ രോഗങ്ങള്‍ക്ക് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഗുണം ചെയ്യും എന്നും പഠിക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ധാരാളം പഴങ്ങളും പച്ചക്കറികളും ദിവസവും ഭക്ഷണത്തില്‍ ഉള്‍പെടുത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഇംപീരിയല്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഡോ. ഡാഗ് ഫിന്‍ ഓനി ന്റെ നേതൃത്വത്തില്‍ നടത്തിയ പഠനം പറയുന്നു.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് അഞ്ജു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial position)

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍