UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എബോളയും റഷ്യയുടെ രഹസ്യ സൈനികപരീക്ഷണശാലകളും

Avatar

ജോബി വാറിക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അവളൊരു സാധാരണ പരീക്ഷണശാല ജീവനക്കാരിയായിരുന്നു, പക്ഷേ അസാധാരണമായ വിധത്തില്‍, അപകടകരമായ ഒരു ചുമതല വഹിച്ചിരുന്നു. എബോള ബാധിച്ച മൃഗങ്ങളില്‍നിന്നും ഒരു രഹസ്യ സൈനിക പരീക്ഷണശാലയില്‍ വെച്ച് രക്തം ശേഖരിക്കുക; അതായിരുന്നു അവള്‍ വഹിച്ച ആ അപകടകരമായ ചുമതല. ഒരു ദിവസം ജോലിക്കിടയില്‍ മുറിവുപറ്റിയപ്പോള്‍ സ്വയം കുഴപ്പത്തിലാകണ്ടെന്ന് കരുതി അവള്‍ അത് മറച്ചുവെച്ചു. ആ തീരുമാനം അബദ്ധമായിരുന്നു. അവള്‍ക്ക് എബോള ബാധിച്ചു.

‘ഡോക്ടറുടെ അടുത്തെത്തിയപ്പോഴേക്കും വളരെ വൈകിയിരുന്നു.’ അവരുടെ ഒരു മേലുദ്യോഗസ്ഥനായിരുന്ന ശാസ്ത്രജ്ഞന്‍ പിന്നീട് വളരെ വര്‍ഷങ്ങള്‍ക്കുശേഷം പറഞ്ഞു. ആ സ്ത്രീ പെട്ടന്നു മരിച്ചു. ബ്ലീച്ചിംഗ് പൗഡര്‍ നിറച്ച ചാക്കിലാണ് അവരെ അടക്കിയത്.

1996ല്‍ നടന്ന ഈ സംഭവം അതിലെ വൈറസിന്റെ പേരില്‍ ഇപ്പോഴും സംശയത്തോടെ നിലനില്‍ക്കുകയാണ്. മോസ്‌കോവിന്റെ പ്രാന്തപ്രദേശത്തുള്ള സോവിയറ്റ് യൂണിയന്റെ ജൈവായുധ പദ്ധതിയുടെ ഭാഗമായിരുന്ന ഒരു രഹസ്യ റഷ്യന്‍ സൈനിക പരീക്ഷണശാലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പരീക്ഷണശാലയില്‍ യുദ്ധാവശ്യങ്ങള്‍ക്കായി രോഗാണുക്കളെ വികസിപ്പിച്ചെടുത്തിരുന്നു. ഇപ്പോളവിടെ എന്തു നടക്കുന്നു എന്നത് അജ്ഞാതമാണ്.

പരീക്ഷണശാലയിലെ അപകടവും, 2004ല്‍ നടന്ന സമാനമായ മറ്റൊരു സംഭവവും, എബോള വൈറസിന്മേലുള്ള സോവിയറ്റ്, റഷ്യന്‍ താത്പര്യത്തിന്റെ 35 വര്‍ഷത്തെ ചരിത്രത്തിലേക്ക് അപൂര്‍വമായ വെളിച്ചം വീഴ്ത്തുന്നു. ഒരു ജൈവായുധമെന്ന നിലയ്ക്ക് എബോളയുടെ സാധ്യതയും, പിന്നീട് വൈറസിന്റെ ജനിതക ഘടനയെ ആവശ്യാനുസരണം മാറ്റാനുമായാണ് ഗവേഷണം തുടങ്ങിയതെന്ന് യു.എസ് അധികൃതരും ഗവേഷകരും പറയുന്നു. എന്നാല്‍ പ്രകൃതിവിരുദ്ധമായ കാരണങ്ങളാല്‍ എബോള ജൈവായുധ യുദ്ധത്തിന്നു അനുയോജ്യമല്ലാത്തതുകൊണ്ടു സോവിയറ്റ് ഗവേഷകര്‍ക്ക് പദ്ധതി വിജയിപ്പിക്കാനായില്ല.

ജൈവായുധ പദ്ധതി ഔദ്യോഗികമായി 1991 ല്‍ അവസാനിപ്പിച്ചു. പക്ഷേ എബോള ഗവേഷണം പ്രതിരോധ പരീക്ഷണശാലകളില്‍ തികച്ചും രഹസ്യമായി തുടര്‍ന്നു. ഇന്നിപ്പോള്‍, ലോകം എബോള ഭീതിയിലമരുമ്പോള്‍ ഈ രഹസ്യമതിലുകള്‍ വീണ്ടും സംശയങ്ങള്‍ക്കും ഉപജാപ സിദ്ധാന്തങ്ങള്‍ക്കും വഴിവെക്കുന്നു.

‘അവരുടെ കൈവശമുള്ള ഈ രോഗാണുക്കള്‍ ഉപയോഗിച്ച് അവരെന്താണ് ചെയ്യുന്നതെന്ന് നമുക്കറിയില്ല എന്നതാണു ശരിക്കുള്ള പ്രശ്‌നം,’ ജൈവായുധ വിദഗ്ധ ആമി സ്മിറ്റ്‌സന്‍ പറയുന്നു.

ശീതയുദ്ധത്തിന് ശേഷം കുറഞ്ഞത് 4 സൈനിക പരീക്ഷണശാലകളെങ്കിലും പുറത്തുനിന്നുള്ള ഒരുവിധ പരിശോധനകള്‍ക്കും തുറന്നുകൊടുത്തിട്ടില്ല എന്നാണ് യു.എസ് അധികൃതര്‍ പറയുന്നത്. കുറച്ചു ദശാബ്ദങ്ങളായി റഷ്യ ഈ ജൈവായുധ പരീക്ഷണം നിര്‍ത്തിയെന്ന് സമ്മതിച്ചാലും പദ്ധതിയുടെ സുതാര്യതയില്ലായ്മയും അനധികൃത പരീക്ഷണങ്ങള്‍ക്കും രോഗാണുക്കള്‍ അവിചാരിതമായി മോഷ്ടിക്കപ്പെടാനുള്ള സാധ്യതയും നയതന്ത്രവൃത്തങ്ങളില്‍ ആശങ്ക നിറക്കുന്നു.

സോവിയറ്റ് ഗവേഷകര്‍ ഇത്തരം വൈറസുകളെ കൂടുതല്‍ മാരകമാക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തിയതും ഈ ഭീഷണിയെ എത്രയോ ഭീകരമാക്കുന്നു. ജൈവായുധ പ്രതിരോധത്തിനായി യു എസ് അടക്കം മറ്റ് പല രാജ്യങ്ങളും ഗവേഷണങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇത് ഇരട്ടത്താപ്പാണെന്ന് റഷ്യയും മറ്റും ആരോപിക്കുകയും ചെയ്യുന്നു. എന്നാല്‍ തീര്‍ത്തു സുതാര്യവും പരിശോധനക്ക് വിധേയവുമാണ് ഇത്തരം പരീക്ഷണങ്ങളെന്നാണ് പെന്റഗണ്‍ നല്‍കുന്ന വിശദീകരണം.

അതേസമയം സൈനിക രഹസ്യാത്മകതയ്ക്കുള്ള തങ്ങളുടെ അവകാശം റഷ്യ ആവര്‍ത്തിക്കുന്നു. എബോള ഗവേഷണത്തിന്റെ ഗുണഫലങ്ങളും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എബോള പരീക്ഷണത്തില്‍ രണ്ടു ജീവനക്കാര്‍ മരിച്ച അതേ പരീക്ഷണശാലകളില്‍ തന്നെ ഈ മാസം പരീക്ഷണാടിസ്ഥാനത്തില്‍ എബോള പ്രതിരോധ മരുന്ന് വികസിപ്പിച്ചു. വാക്‌സിനുകള്‍ തയ്യാറാണെന്ന് റഷ്യന്‍ പാര്‍ലമെന്റിന്റെ ശാസ്ത്ര സമിതി അദ്ധ്യക്ഷന്‍ വലേറി ചേര്‍ഷ്‌നേവ് പ്രഖ്യാപിച്ചു.

ആദ്യത്തെ രണ്ടു എബോള അപകടങ്ങള്‍ നടന്നത് സെര്‍ഗ്വെയ് പൊസാദ് പരീക്ഷണശാലയിലാണ്. ഇത്തരത്തില്‍ അപകടം നടന്നതായറിയുന്ന ഏക പരീക്ഷണശാല. യു.എസ്, ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവിടങ്ങളും ഇത്തരം അപകടങ്ങള്‍ നടന്നെങ്കിലും ജീവനക്കാര്‍ മരണത്തില്‍നിന്നും രക്ഷപ്പെട്ടു.

1996ലെ സംഭവത്തില്‍ നടേഷ്ദ മകോവെറ്റ്‌സ്‌കായ എന്ന ജീവനക്കാരിക്കാണ് കുതിരകളില്‍ നിന്നുള്ള രക്ത മാതൃക ശേഖരിക്കുന്നതിനിടെ കൈമുറിഞ്ഞു രോഗം പകര്‍ന്നു മരിച്ചത്. ഡേവിഡ് ക്വാമെന്നിന്റെ ‘Spillover’ (2012) എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍.

പരീക്ഷണമൃഗങ്ങളുടെ വലിപ്പം കാരണം ഈ ജോലി അത്യന്തം അപകടം നിറഞ്ഞതാണ്. കൈയുറ കീറുകയോ, അല്ലെങ്കില്‍ ഒരടി പിഴക്കുകയോ ചെയ്താല്‍ അത് തികച്ചും അപകടം വിളിച്ചുവരുത്തും. നിരവധി അടരുകളുള്ള കൈയുറ ധരിച്ചിട്ടും മകോവെറ്റ്‌സ്‌കായയുടെ കൈ മുറിഞ്ഞു. അവരത് അധികൃതരില്‍ നിന്നും മറച്ചുവെച്ചു. അറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. പരീക്ഷണശാലയിലെ ആദ്യ എബോള മരണമായി ലോകാരോഗ്യ സംഘടന ഇതിനെ കണക്കാക്കുന്നു.

ഗിനി പന്നികളില്‍ പരീക്ഷണം നടത്തവേയാണ് 2004ല്‍ നൊവോസിബൃസ്‌കിലെ ഗവേഷണകേന്ദ്രത്തില്‍ ഒരു ജീവനക്കാരിക്ക് രോഗം പകര്‍ന്നത്. ഒരു സൂചി രണ്ടു അടരുള്ള കൈയുറയില്‍ കുത്തി മുറിഞ്ഞാണ് അന്റോനിന പ്രേസ്‌ന്യകോവക്ക് രോഗം ബാധിച്ചത്.ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടാഴ്ച്ചക്കകം അവര്‍ മരിച്ചു.

ജൈവായുധ യുദ്ധത്തിന്റെ ഗവേഷണാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഈ പരീക്ഷണശാലകളുടെ ഭൂതകാലം കുപ്രസിദ്ധമാണ്. സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടതിനുശേഷം ഇത്തരമൊരു രഹസ്യ പദ്ധതി ഉണ്ടെന്നും ജൈവായുധ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതായും അന്നത്തെ റഷ്യന്‍ പ്രസിഡണ്ട് ബോറിസ് യെല്‍റ്റ്‌സിന്‍ യു.എസ് അധികൃതരോട് സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം, അപകടകാരികളായ രോഗാണുക്കളെ സുരക്ഷിതമാക്കുന്നതിനും പരീക്ഷണശാലകളെ സാധാരണ രീതിയിലുള്ളതാക്കുന്നതിനുമായി യു.എസ് മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളിലേക്ക് വിദഗ്ദ്ധരുടെ സേവനം നല്കി. ഇതില്‍ വസൂരി രോഗാണുക്കള്‍ സൂക്ഷിച്ച വെക്ടര്‍ കേന്ദ്രവും ഉള്‍പ്പെടും.

യു.എസ് വിദഗ്ധര്‍ ഇതിലുള്‍പ്പെട്ട ആളുകളില്‍നിന്നും നേരിട്ടു വിവരങ്ങള്‍ ശേഖരിച്ചു. നായ്ക്കള്‍, കുരങ്ങന്‍മാര്‍, മറ്റ് മൃഗങ്ങള്‍ എന്നിവയ്ക്ക് മേല്‍ മാരകമായ രോഗാണുക്കള്‍ പരീക്ഷിക്കുന്ന പുറത്തുള്ള പരീക്ഷണകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ മുന്‍ പത്രാധിപര്‍ ഡേവിഡ് ഹോഫ്മാന്റെ പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ച ‘The Dead Hand’ എന്ന പുസ്തകത്തില്‍ ഇതെല്ലാം വിശദമായുണ്ട്. എന്നാല്‍ സൈനിക പരീക്ഷണശാലകളില്‍ പരിശോധന അനുവദിക്കാന്‍ റഷ്യ തയ്യാറായില്ല. മുന്‍ ഗവേഷണ രേഖകള്‍ നല്‍കാനോ, രോഗാണുക്കളെ എങ്ങനെ നശിപ്പിച്ചു എന്നു വെളിപ്പെടുത്താനോ അവര്‍ വിസമ്മതിച്ചു. 

എന്നാല്‍ സോവിയറ്റ് കാലത്തെ ചരിത്രരേഖകളുടെ പഠനം മാര്‍ബര്‍ഗ് പനി മുതല്‍ എബോള വരെ പരത്താവുന്ന ആന്ത്രാക്‌സ് ബാക്റ്റീരിയയും, വൈറസുകളും വികസിപ്പിച്ചിരുന്ന സോവിയറ്റ് ശ്രമങ്ങളിലേക്ക് വെളിച്ചം വീശുന്നു.

ഇതുപ്രകാരം, ചെമ്പടയെ രോഗത്തില്‍ നിന്നും രക്ഷിക്കാനുള്ള പ്രതിരോധമരുന്നു വികസിപ്പിക്കാനാണ് എബോള ഗവേഷണം നടന്നതെന്ന് കാണുന്നു. എന്നാല്‍ വൈറസിന്റെ വളര്‍ച്ച കൂട്ടാനും, അതിനെ മാരകമാക്കുന്ന ജനിതകഘടനയെ വേര്‍തിരിക്കാനും ഗവേഷകര്‍ ശ്രമിച്ചെന്ന് സോവിയറ്റ് ജൈവായുധ പദ്ധതിയെക്കുറിച്ച് പുസ്തകമെഴുതിയ റെയ്മണ്ട് സിലിന്‍സ്‌കസ് 2012ല്‍ പുറത്തിറക്കിയ ഒരു വിശദമായ ചരിത്രത്തില്‍ പറയുന്നു. ഈ വൈറസിനെ വ്യാവസായികതലത്തില്‍ പുനരുത്പാദിപ്പിക്കാവുന്ന വലിയ സംവിധാനങ്ങളും രൂപപ്പെടുത്തിയിരുന്നു എന്നാണ് സിലിന്‍സ്‌കസ് സൂചിപ്പിക്കുന്നത്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് തൊട്ട് മുമ്പുള്ള വര്‍ഷങ്ങളില്‍ പദ്ധതി നടത്തിപ്പുകാര്‍ ‘Hunter’,’Bonfire’ എന്ന രഹസ്യപ്പേരുകളില്‍ സാധാരണ ആന്റിബയോട്ടിക്കുകളെ ചെറുക്കാവുന്ന രോഗാണുക്കളെ സൃഷ്ടിക്കാനുള്ള ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ചികിത്സക്ക് ഒരു മാര്‍ഗവുമില്ലാത്ത, ആര്‍ക്കും തിരിച്ചറിയാനാവാത്ത ഒന്നു എന്നാണ് വെക്ടറിലെ പഴയ ശാസ്ത്രജ്ഞന്‍ സ്ര്!ഗെയ് പൊപ്പോവ് ഇതിനെക്കുറിച്ച് 2002ല്‍ പറഞ്ഞത്.

അന്തിമമായി കൂടുതല്‍ വിനാശകാരിയായ എബോള വൈറസിനെ സൃഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. സോവിയറ്റ് ശാസ്ത്രജ്ഞര്‍ പൊതുവേ മറ്റുള്ളവരും അംഗീകരിച്ച നിഗമനത്തിലെത്തി; വസൂരി, ആന്ത്രാക്‌സ് എന്നിവ പോലെ അതിവേഗം പടരുന്ന രോഗാണുക്കളുമായി താരതമ്യപ്പെടുത്തിയാല്‍ ജൈവായുധ യുദ്ധത്തിലോ ഭീകരവാദത്തിലോ എബോള അത്ര യോജിച്ചതല്ല.

ആ ഗവേഷണങ്ങള്‍ തുടര്‍ന്നിരുന്നെങ്കില്‍ അവസ്ഥ വ്യത്യസ്തമായിരിക്കാം. ഇത്തരം ജനിതകമാറ്റപരീക്ഷണങ്ങള്‍ ഇപ്പൊഴും അത്ര മുന്നോട്ടുനീങ്ങിയിട്ടില്ല. സോവിയറ്റ് കാലത്തെ ജനിതക മാറ്റം വരുത്തിയ ബാക്റ്റീരിയകള്‍ റഷ്യന്‍ പ്രതിരോധ വകുപ്പിന് കീഴില്‍ കാണുമെന്ന് കരുതാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍