UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വോട്ടര്‍മാരെ മതത്തിന്റെ പേരില്‍ വിഭജിച്ചാല്‍ കര്‍ശന നടപടിയെന്ന് എല്ലാ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പ്

മതത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ട് തേടുന്നത് നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താക്കീത്.

വോട്ടര്‍മാരെ മതത്തിന്റെ പേരില്‍ വിഭജിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് എല്ലാ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ കത്തയച്ചു. മതത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ട് തേടുന്നത് നിരോധിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താക്കീത്.

ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട നിശബ്ദ കാണിയായി നോക്കിയിരിക്കില്ലെന്ന് കത്തില്‍ പറയുന്നു. സുപ്രിംകോടതിയുടെ ഉത്തരവ് ലംഘിക്കപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥികള്‍ക്കും തെരഞ്ഞെടുപ്പ് പ്രചാരകര്‍ക്കും എതിരെ കടുത്ത നടപടിയായിരിക്കും സ്വീകരിക്കുക. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടാകരുതെന്നാണ് താക്കീത്. സുപ്രിംകോടതി ഉത്തരവ് പെരുമാറ്റച്ചട്ടത്തെ കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കും. ഉത്തരവ് ലംഘിക്കപ്പെട്ടാല്‍ സാധ്യമായ എല്ലാ അധികാരവും ഉപയോഗിച്ച് കര്‍ശന നടപടിയെടുക്കും.

കഴിഞ്ഞ ദിവസം മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ ബിജെപി എംപി സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചിരുന്നു. ഇന്ന് വിശദീകരണം നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവിന് കാരണം ഹിന്ദുക്കളല്ലെന്നും നാല് ഭാര്യമാരും നാല്‍പ്പത് മക്കളുമാണെന്നാണ് മുസ്ലിംകളെ ലക്ഷ്യമിട്ട മഹാരാജ് പറഞ്ഞത്. കൂടാതെ അറവുശാലകളിലൂടെ സമ്പാദിക്കുന്ന പണം ഭീകരവാദത്തിനായാണ് ഉപയോഗിക്കപ്പെടുന്നതെന്നും ഇയാള്‍ ആരോപിച്ചു.

ജാതിയുടെയോ മതത്തിന്റെയോ പേരില്‍ വോട്ട് തേടുന്നത് നിരോധിച്ചുള്ള സുപ്രിംകോടതി ഉത്തരവിറങ്ങി ഒരാഴ്ച പിന്നിടുന്നതിന് മുമ്പാണ് സാക്ഷി മഹാരാജ് മീററ്റിലെ ഒരു മതചടങ്ങില്‍ ഈ പ്രസംഗം നടത്തിയത്. ബിജെപി ഈ പ്രസ്താവനയോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ തന്റെ പ്രസംഗം തെറ്റിദ്ധരിച്ചതാണെന്നാണ് സാക്ഷിയുടെ വാദം. ഈ കേസില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രസിഡന്റ് അമിത് ഷായ്ക്കും സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനുമെതിരെ തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കടുത്ത നടപടി സ്വീകരിച്ചിരുന്നു. ശിക്ഷിക്കപ്പെടില്ലെന്ന് കരുതി പെരുമാറ്റച്ചട്ടം ലംഘിച്ചാല്‍ ആര്‍ക്കും രക്ഷയുണ്ടാകില്ലെന്ന് ഒരു തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍