UPDATES

ട്രെന്‍ഡിങ്ങ്

നവമാധ്യമ എഴുത്തുകാരെ കളിയാക്കി ഏച്ചിക്കാനം; ബിരിയാണിക്കാലത്ത് കൂടെ നിന്നത് ഞങ്ങളെന്ന് മറുപടി

ആര്‍ക്ക് വന്നും സോഷ്യല്‍ മീഡിയകളില്‍ കയറി മലമൂത്ര വിസര്‍ജ്ജനം നടത്താം

ആത്മരതിയുടെ ഇടമാണ് സമൂഹമാധ്യമങ്ങളെന്ന് പ്രമുഖ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം. ഡിസി ബുക്ക്‌സിന്റെ പ്രസിദ്ധീകരണമായ പച്ചക്കുതിരയില്‍ താഹാ മാടായിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഏച്ചിക്കാനം വിവാദ പ്രസ്താവന നടത്തിയത്. അതേസമയം നവമാധ്യമ എഴുത്തുകാരെ കളിയാക്കിയ ഏച്ചിക്കാനത്തിന് കൃത്യമായ മറുപടിയും വിമര്‍ശനവുമായി സമൂഹമാധ്യമങ്ങളും സജീവമായി.

സോഷ്യല്‍ മീഡിയകളിലെ എഴുത്ത് വലിയ സംഭവമായി തനിക്ക് തോന്നുന്നില്ലെന്നും അത് സാഹിത്യമായി വായിക്കുന്നവരെ സമ്മതിക്കണമെന്നും ഏച്ചിക്കാനം അഭിമുഖത്തില്‍ പറയുന്നു. ‘അവരെന്തിനാണ് പുസ്തകമിറക്കുന്നത്? അതില്‍ത്തന്നെ എഴുതിയാല്‍ പോരെ? ആത്മരതിയുടെ ഇടമാണ് സോഷ്യല്‍ മീഡിയ. ഗൗരവമുള്ള ചര്‍ച്ച നടക്കുമ്പോള്‍ ഏത് മണ്ടനും വന്ന് അതിലഭിപ്രായം പറയാം. ആ അഭിപ്രായവും ഇതിന്റെ ഭാഗമായി മാറുകയാണ്’ ഏച്ചിക്കാനം പറയുന്നു.

‘എന്ത് വിഡ്ഢിത്തം വിളിച്ചുപറയുന്നവനും തുറന്നുവരാനുള്ള വാതില്‍ സോഷ്യല്‍ മീഡിയയുടെ ലോകം തുറന്നുവച്ചിട്ടുണ്ട്. അതിന് പൂട്ടില്ല. ആര്‍ക്ക് വന്നും അതില്‍ കയറി മലമൂത്രവിസര്‍ജ്ജനം നടത്താം. അത് കഴുകേണ്ട ഉത്തരവാദിത്വം പിന്നെ നമ്മുടേതായി മാറും. ഇതാണ് സോഷ്യല്‍ മീഡിയ നല്‍കുന്ന ഗതികേട്’. എന്നിങ്ങനെ പോകുന്നു ഏച്ചിക്കാനത്തിന്റെ വിമര്‍ശനങ്ങള്‍.

സോഷ്യല്‍ മീഡിയക്കാലത്തെ എഴുത്തും ജീവിതവും രാഷ്ട്രീയവുമാണ് ഏച്ചിക്കാനം ചര്‍ച്ച ചെയ്തത്. ഗാന്ധി ചിത്രങ്ങള്‍ മാറ്റി മോദി ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചും അഭിമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ‘ഒരു പ്രതിശബ്ദവും ഇപ്പോള്‍ ഇന്ത്യയിലില്ല. ആക്ടിവിസ്റ്റുകള്‍ അവിടെയുമിവിടെയുമിരുന്ന് പ്രതിഷേധിക്കുന്നുണ്ട്. പക്ഷേ, ശക്തമായ പ്രതിശബ്ദം വരുന്നില്ല. അതിനൊരു രാഷ്ട്രീയപ്പാര്‍ട്ടിപോലും വേണമെന്നില്ല. ആര്‍. ബി. ശ്രീകുമാറാണ് ഗുജറാത്ത് സംഭവത്തിന്റെ യഥാര്‍ഥചിത്രം നമ്മെ അറിയിച്ചത്. അദ്ദേഹം അവിടത്തെ ഡി.ജി.പിയായിരുന്നു. അത്തരം ധൈര്യം ഇപ്പോള്‍ ആരും കാണിക്കുന്നില്ല. മോദിയുടെ ചിത്രമടിച്ച കറന്‍സി വന്നാല്‍ അതും പോക്കറ്റിലിട്ട് ആദ്യം പോയി അരിവാങ്ങുന്നവര്‍ നമ്മുടെ ചില എഴുത്തുകാര്‍തന്നെയായിരിക്കും. ഒരു പ്രതിഷേധവുമുണ്ടാവില്ല. ഭയവും രാഷ്ട്രീയബോധമില്ലായ്മയും ജനത്തെ പിടികൂടിയിരിക്കുന്നു.’ എന്നായിരുന്നു ഏച്ചിക്കാനത്തിന്റെ നിരീക്ഷണം.

അതേസമയം ഏച്ചിക്കാനത്തിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന ചെറുകഥ വിവാദമായപ്പോള്‍ കൂടെ നിന്നത് നവമാധ്യമ എഴുത്തുകാരും സമൂഹമാധ്യമങ്ങളുമാണെന്നും ഈ കഥയ്ക്ക് സ്വീകാര്യത ലഭിച്ചത് സമൂഹമാധ്യമങ്ങളിലൂടെയാണെന്നും ഓര്‍മ്മപ്പെടുത്തിയാണ് മിക്കവരും ഏച്ചിക്കാനത്തെ വിമര്‍ശിക്കുന്നത്. കൂടാതെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ സൃഷ്ടികളും നിലവാരമുള്ളവയല്ലെങ്കിലും നിരവധി സൃഷ്ടികള്‍ നിലവാരമുള്ളവ തന്നെയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കഥാകൃത്തും ഏച്ചിക്കാനത്തിന്റെ സമകാലികനുമായ സുസ്‌മേഷ് ചന്ദ്രോത്തും ഏച്ചിക്കാനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി.

നവമാധ്യമങ്ങളില്‍ സര്‍ഗ്ഗാത്മക സാഹിത്യം മികച്ച രീതിയില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും തുറന്നെഴുത്തുകള്‍ക്ക് ലഭിക്കുന്ന നൂതനവേദിയെന്ന നിലയില്‍ അച്ചടി മാധ്യമങ്ങളേക്കാള്‍ സമൂഹ മാധ്യമ സാഹിത്യം അവഗണിക്കാനാകാത്ത ഊര്‍ജ്ജം വായനക്കാര്‍ക്ക് പകരുന്നുണ്ടെന്നും ഏച്ചിക്കാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് ചന്ദ്രോത്ത് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍