UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആശയും ഹരിയും: മണ്ണിന്റെ മണമുള്ള ഒരു ജീവിതം

Avatar

ദാവൂദ് അരിയില്‍

ഹോ ഇതെന്തു ജീവിതമെന്നു പലരെപ്പോലെയും നിങ്ങളും ചോദിച്ചേക്കാം. പക്ഷേ ചോദ്യത്തിലൊന്നും വലിയ കാര്യമില്ലെന്നും ഉത്തരമാണ് പ്രധാനമെന്നും ഇവരുടെ ജീവിതം നമ്മെ പഠിപ്പിക്കുകയാണ്. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടത്തിനായി സര്‍ക്കാര്‍ ജോലിപോലും ഉപേക്ഷിച്ച കരിവെള്ളൂരിലെ ആശയും ഭര്‍ത്താവ് കണ്ണൂര്‍ ചക്കരക്കല്ലിലെ ഹരിയും.

രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോഴായിരിക്കും ഹരിയുടെ മൊബൈലിലേക്ക് കണ്ണൂരിലെ ഏതെങ്കിലും പ്രദേശത്തു നിന്ന് ആ വിളിയെത്തുക. മണല്‍ ഖനനത്തിനെതിരെ ഏതെങ്കിലും ഗ്രാമത്തില്‍ നിന്നായിരിക്കും. അല്ലെങ്കില്‍ കുടിവെള്ള പ്രശ്‌നത്തിനായുള്ള പാവപ്പെട്ടവന്റെ നിലവിളിയായിരിക്കും. വിളിച്ചതാരെന്നു പോലുമറിയാതെ ഭാര്യയുടെ കൈയ്യും പിടിച്ചു അങ്ങോട്ടാവും യാത്ര. തോല്‍ക്കാന്‍ വിധിക്കപ്പെട്ടവരോട് ജയിച്ചിട്ടില്ലാത്തവരുടെ ഐക്യദാര്‍ഢ്യം. അതാണിവരുടെ പരിസ്ഥിതി സമരം.

നേരവും കാലവും ദൂരവും എല്ലായ്‌പ്പോഴും ഇവര്‍ക്ക് മുന്നില്‍ തോറ്റിട്ടേയുള്ളൂ. ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ സഹജീവികളുടെ നൊമ്പരങ്ങള്‍ പങ്ക് വെക്കുക എന്നതു കൂടിയാണ് ഇവര്‍ക്ക് പരിസ്ഥിതി. അതോടൊപ്പം മണ്ണിന്റെ മണമുള്ള വീട്ടില്‍ മനുഷ്യനായി ജീവിക്കുക. 

കഴിഞ്ഞ കുറെ വര്‍ഷമായി ഇവരുടെ ജീവിതം ഇങ്ങനെയാണ്. ജീവിക്കാനുള്ള മനുഷ്യന്റെ പോരാട്ടത്തിന് ഇവര്‍ മുന്നിലുണ്ടാവും. പിന്നിലുള്ളവരുടെ എണ്ണം നോക്കുകയോ മുന്നിലുള്ളവരുടെ ശക്തി നോക്കുകയോ എതിരാളികളുടെ വലുപ്പം നോക്കുകയോ ഇല്ല.

കണ്ണൂരിലെ ഇരിണാവു താപനിലയത്തിനെതിരെ കര്‍ഷകര്‍ നടത്തിയ സമരം മുതല്‍ വികല വികസന സങ്കല്‍പ്പത്തിന്റെ ഇരകളായ ചേലോറയിലെ വീട്ടമ്മമാരുടെ സമരം വരെയുള്ള എല്ലാ പരിസ്ഥിതി സമരത്തിലും ഇവരുടെ വേറിട്ട ഒച്ചമുഴച്ചു കേട്ടതാണ്. മണ്ണിനും മനുഷ്യനും വേണ്ടി ജീവിക്കുന്ന ഈ പ്രകൃതി ജീവികള്‍ക്കു മതമോ, ജാതിയോ കക്ഷി രാഷ്ട്രീയമോ ഇല്ല. പ്രകൃതിയാണിവരുടെ മതം. സ്‌നേഹമാണിവരുടെ രാഷ്ട്രീയം. ഇതിനുമപ്പുറത്തുള്ള ഒരാത്മീയ ഇവര്‍ക്കില്ല.

പരിസ്ഥിതിയിലേക്ക് മണ്ണിലേക്ക് 
സമ്പുഷ്ടമായി നെല്ലുവിളയുന്ന ഇരിണാവിലെ പാടത്ത് താപനിലയം പണിയുന്നതിനുള്ള ഒരുക്കം നടക്കുന്നതാണ് ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന തദ്ദേശീയ വാസികള്‍ നടത്തുന്ന സമരത്തിന് തീപിടിച്ച സമയം. പരിസ്ഥിതി പ്രവര്‍ത്തകന്‍ രമേശന്‍ മാമ്പയോടൊപ്പം സമര രംഗത്ത് എത്തിയതായിരുന്നു ഹരി. സമര രംഗത്തെ വീര്യവും മേധാപട്കറുടെ ആവേശവും ജനകീയ സമര രംഗത്ത് ഉണ്ടായ വീര്യവും ഹരിയുടെ മനസിലും ഒരു വിത്തുപാകുകയായിരുന്നു. വികസനത്തിന്റെ ബുള്‍ഡോസറുകള്‍ ഇറങ്ങുന്ന ഇരകളുടെ നെഞ്ചിലെ തീ അന്നുമുതല്‍ ഹരിയുടേത് കൂടിയായിരുന്നു. വായുവിനും കുടിനീരിനും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടിയുള്ള പാവപ്പെട്ടവന്റെ സമര മുഖങ്ങളില്‍ മെല്ലെ അതിഥിയായി എത്തിതുടങ്ങി. സൈലന്റ് വാലിയിലെ മലമടക്കുകള്‍ക്കിടയില്‍ പരിസ്ഥിതി ക്യാമ്പുകളിലും പങ്കെടുത്തു. മൂന്നുമാസത്തെ വനവാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഉടനെ തന്റെ വഴി ഇതാണെന്ന് തിരിച്ചറിഞ്ഞു.

ഭീഷണിയോ പോകാന്‍ പറ
ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കാത ഒരു ജീവിതമാണ് ഇവരുടേത്. നിരവധി തവണ ആക്രമിക്കപ്പെട്ടങ്കിലും തോറ്റു പിന്മറാന്‍ ഞങ്ങളില്ലെന്ന് ഇവര്‍ ഉറക്കെ പറയും. കണ്ണൂരിലെ കണ്ടല്‍ പാര്‍ക്ക് സമരത്തില്‍ മൃഗീയമായ മര്‍ദനത്തിനിരയായി ആശ ഒരുമാസക്കാലം ആശുപത്രിയിലായിരുന്നു. നിയമ പോരാട്ടത്തിലൂടെ പിന്നീട് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിനല്‍കാനും ഇവരുടെ പോരാട്ടത്തിനായി. ഇടനാടന്‍ ചെങ്കല്‍ കുന്നുകളില്‍ ആഴ്‌ന്നിറങ്ങുന്ന വികസനത്തിന്റെ ബുള്‍ഡോസറുകളെ പ്രതിരോധിക്കാന്‍ പല തവണ മലകയറി. പലപ്പോഴും അക്രമിക്കപ്പെട്ടു. ഭീഷണികളും ഏറെയായിരുന്നു. എങ്കിലും ഇവര്‍ക്ക് മുന്നില്‍ ഒരു മറുപടി മാത്രം; ജീവിതം പരിസ്ഥിതിക്കു വേണ്ടിയാണ്.

പ്രണയവും ജീവിതവും
പയ്യന്നൂര്‍ ഏച്ചിലാന്‍ കുന്നിനെ ജെ സി ബി കാര്‍ന്നു തിന്നു തുടങ്ങിയതോടെ സംഘടിച്ച പരിസ്ഥിതി സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് കരിവെള്ളൂര്‍ പാലക്കുന്നിലെ ആശ. സമരരംഗത്ത് സജീവമായ ഇടപെടലുകള്‍ക്കിടയിലാണ് പരിസ്ഥിതിയുടെ കാരണവര്‍ ജോണ്‍സിയുടെ ശിഷ്യ നിത്യചൈതന്യ യതിയുടെ ആരാധകനായ ഹരിയെ കാണുന്നത്. സമര രംഗത്തുള്ള പരിചയം സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വഴിമാറി.


പച്ചിമഘട്ട സംരക്ഷണ യാത്രയ്ക്കിടെ ദയ ബായിയോടൊപ്പം

ഹരിയെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ തന്നെ താന്‍ വര്‍ഷങ്ങളായി അന്വേഷിക്കുന്ന മുഖം കണ്ടെത്തുകയായിരുന്നുവെന്ന് ആശ ഓര്‍ക്കുന്നു. പൂര്‍ണമായി പ്രകൃതി ജീവിതം നയിക്കുന്ന തനിക്കു സങ്കല്‍പ്പത്തിനൊത്ത കൂട്ടാളിയെ കിട്ടുന്നതും കാത്തിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഹരിയെ കാണുന്നത്. പഠനം കഴിഞ്ഞതോടെ വിവാഹ ആലോചനകള്‍ ഏറെ വന്നെങ്കിലും തനിക്ക് യോജിച്ച ഒരാളെ കിട്ടുന്നതിനായി ആശ കാത്തുനിന്നു. പെരിയ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഈ അധ്യാപിക പയ്യന്നൂര്‍ കോളജില്‍ പ്രീഡിഗ്രി പഠിക്കുന്ന കാലത്താണ് പരിസ്ഥിതി കാരണവര്‍ ജോണ്‍സി ജേക്കബിനൊപ്പം ആദ്യമായി പറമ്പിക്കുളത്തെ പരിസ്ഥിതി ക്യാമ്പിലെത്തിയത്. പിന്നീട് പ്രിയപ്പെട്ട അധ്യാപകന്‍ രൂപീകരിച്ച സീക്കുമായി ഒരേ ഭൂമി, ഒരേ ജീവന്‍ എന്ന സംഘടനയുമായി പ്രവര്‍ത്തിച്ചു. ഇതോടൊപ്പം ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തക സമരങ്ങളിലും സജീവമായി.

സംഘടനകള്‍ക്ക് സങ്കുചിത താല്‍പര്യങ്ങള്‍ ഉണ്ടെന്ന തിരിച്ചറിവു ഉണ്ടായതായിനാല്‍ എല്ലാ സംഘടനകളില്‍ നിന്നും വിട്ടു നിന്നു, എല്ലാ സംഘടനകളുമായും സഹകരിച്ചു. അതിനിടെയാണ് 2007 മെയ് 20ന് ഇരുവരുടെയും വിവാഹം നടക്കുന്നത്. കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ പരിസ്ഥിതി കൂട്ടായ്മയില്‍ വളരെ ലളിതമായ ചടങ്ങില്‍ ആശയുടെ കഴുത്തില്‍ ഹരി മിന്നുചാര്‍ത്തി. ഇതോടെ പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ രണ്ടു വഴികളായ ഇവര്‍ ഒന്നായി.

വീടൊരു സ്വര്‍ഗം
വീടൊരു സ്വര്‍ഗമാണ്. പ്ലാസ്റ്റിക്കോ പ്ലാസിക് ഉല്‍പന്നമോ വീട്ടു പറമ്പിലില്ല. ഫ്രിഡ്ജും ഗ്യാസുമില്ല. സ്വന്തം മണ്ണില്‍ തീര്‍ത്ത വീട്ടില്‍ പഴവും പച്ചക്കറിയും കഴിച്ചുള്ള ജീവിതം. പക്ഷികള്‍ക്കും ഇഴ ജന്തുക്കള്‍ക്കു ആവാസ വ്യവസ്ഥയൊരുക്കിയ ഇവരുടെ ജീവിതമാണ് ജീവിതമെന്ന് ചക്കരക്കല്ല് മാമ്പയിലുള്ള ‘നനവ്’ കണ്ടാല്‍ ബോധ്യമാവും. വീട്ടിനു സമീപത്തെ പറമ്പില്‍ ജൈവ പച്ചക്കറിയും മറ്റു കൃഷിയും നടത്തുന്ന ദമ്പതികള്‍ വിഷ വിമുക്ത കേരളത്തിനായുള്ള ചെറിയ ശബ്ദം കൂടിയാണ്.

(കണ്ണൂരില്‍ സാമൂഹ്യ പ്രവര്‍ത്തകനാണ് ലേഖകന്‍)

മരിച്ചുകൊണ്ടിരിക്കുന്ന വെള്ളായണി കായല്‍; അഴിമുഖം ഡോക്ക്യുമെന്‍ററി കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍