UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാധാരണക്കാരെ സമ്പന്നരാക്കുന്ന മോദി സര്‍ക്കാര്‍ അഥവാ പകല്‍ക്കൊള്ളയ്ക്കുള്ള ചുവടുവയ്പ്

Avatar

ടീം അഴിമുഖം / എഡിറ്റോറിയല്‍

വിചിത്രമായ ചില കണക്കുകളുമായാണ് നമ്മുടെ സാമ്പത്തിക സര്‍വെ ഇത്തവണ പുറത്തിറങ്ങിയിരിക്കുന്നത്. അതോടൊപ്പം, വിശേഷാധികാരങ്ങളുള്ള ഒരുകൂട്ടം അതിസമ്പന്നരുടെ തേര്‍വാഴ്ചയാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ നടക്കുന്നതെന്നതിന്റെ തെളിവും. അതായത്, ഇപ്പോള്‍ സാധാരണക്കാര്‍ക്ക് നല്‍കിവരുന്ന സബ്‌സിഡി നിരക്കുകള്‍ ധനികരുടെ അക്കൌണ്ടില്‍ ഉള്‍പ്പെടുത്തി അവ വെട്ടിക്കുറയ്ക്കണമെന്ന് പറയാതെ പറഞ്ഞിരിക്കുന്നു.

വെള്ളിയാഴ്ച പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വെ പറയുന്നത് ഒരു വര്‍ഷം മാത്രം ഇന്ത്യയിലെ “സമ്പന്നര്‍” അനുഭവിക്കുന്ന സബ്‌സിഡി ഒരു ലക്ഷം കോടി രൂപയിലധികമാണ് എന്നാണ്. ഇത് പാവപ്പെട്ടവരെ ഉദ്ദേശിച്ചുള്ളതാണെങ്കിലും അവര്‍ക്കല്ല അത് ലഭിക്കുന്നത്, മറിച്ച് ധനികര്‍ക്കാണെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ആരാണ് ‘ധനികര്‍’, ആരാണ് ‘പാവപ്പെട്ടവര്‍’ എന്ന തരംതിരിക്കലിലാണ് സര്‍ക്കാരിന്റെ യഥാര്‍ഥ അജണ്ട പുറത്തുവരുന്നത്. മണ്ണെണ്ണ, പാചകവാതകം തുടങ്ങിയ ആറ് അവശ്യസാധന മേഖലകള്‍, റെയില്‍വേ, വൈദ്യുതി എന്നീ പൊതുമേഖലകള്‍, പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നിവയില്‍ മാത്രം നല്‍കുന്ന സബ്‌സിഡിയുടെ കാര്യമാണ് സാമ്പത്തിക സര്‍വെ പരാമര്‍ശിക്കുന്നത്. ഇതാണ് ധനികരുടെ കണക്കില്‍ പെടുത്തിയിരിക്കുന്നതും.

‘സമ്പന്നതയ്ക്കുള്ള ഔദാര്യം’ എന്ന തലക്കെട്ടിലാണ് സാമ്പത്തിക സര്‍വെ ഇക്കാര്യങ്ങള്‍ പറയുന്നത്. ‘സര്‍ക്കാരിന്റെ മികച്ച രീതിയില്‍ തന്നെയുള്ള ഇടപെടലുകള്‍ സമൂഹത്തിലെ സമ്പന്നരെന്നു കരുതുന്നവരെ സഹായിക്കുന്നുണ്ട്. ഇതാകട്ടെ, സബ്‌സിഡിയുടെ രൂപത്തിലാണ് ഏറെയും, അതിന്റെ അളവാകട്ടെ, ഏറെക്കൂടുതലുമാണ്’- ഇതില്‍ പറയുന്നു.

നാഷണല്‍ സാമ്പിള്‍ സര്‍വെ ശേഖരിച്ച ഉപഭോക്തൃ സൂചികയുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സര്‍വെ രാജ്യത്തെ ജനസംഖ്യയെ തരംതിരിച്ചിരിക്കുന്നത്. ഇതില്‍ 30 ശതമാനം പാവപ്പെട്ടവരും 70 ശതമാനം സമ്പന്നരും അടങ്ങിയിരിക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍. അതായത്, വലിയൊരു വിഭാഗം വരുന്ന ‘പാവപ്പെട്ടവര്‍ അല്ലാത്ത’ (Non-poor)വരെ സമ്പന്നര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് മറ്റു ചില കാര്യങ്ങള്‍ കൂടി വെളിപ്പെടുത്തുന്നുണ്ട്: ഉദാഹരണത്തിന്  ‘ഏതെങ്കിലും വിധത്തില്‍ നല്‍കുന്ന നികുതി ഇളവുകള്‍ സഹായിക്കുന്നത് സമൂഹത്തിലെ 1-2 ശതമാനം മാത്രം വരുന്ന അതിസമ്പന്നരെയാണ്, മിഡില്‍ ക്ലാസിനേയോ അപ്പര്‍ മിഡില്‍ ക്ലാസിനേയോ അല്ല’. സര്‍വെ പറയുന്നു.

സാമ്പത്തിക സര്‍വെയ്ക്ക് നേതൃതം നല്‍കിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍ പറയുന്നത് ‘സമ്പന്നര്‍’ ഉപയോഗിക്കുന്ന മിക്ക വസ്തുക്കള്‍ക്കും വളരെ താഴ്ന്ന നികുതിനിരക്ക് മാത്രമാണുള്ളത്, അതായത്, പാവപ്പെട്ടവരെ ഉദ്ദേശിച്ചു നല്‍കുന്ന സബ്‌സിഡിയുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ഇവരാണെന്ന്. ഉദാഹരണത്തിന് രാജ്യത്തെ 98 ശതമാനം സ്വര്‍ണത്തിന്റെയും ഉപഭോക്താക്കള്‍ സമ്പന്നരാണ്, എന്നാല്‍ കേന്ദ്ര, സംസ്ഥാന കണക്കുകള്‍ നോക്കിയാല്‍ അതിന്റെ നികുതി നിരക്കാകട്ടെ 1-1.6 ശതമാനം മാത്രവും.

മണ്ണെണ്ണയ്ക്കുള്ള സബ്‌സിഡിയില്‍ 88 ശതമാനത്തിന്റേയും (5501 കോടി രൂപ) പാചകവാതകത്തിനുള്ള സബ്‌സിഡിയില്‍ 86 ശതമാനത്തിന്റെയും (40,151 കോടി രൂപ) ഗുണഭോക്താക്കള്‍ ‘ധനിക’രാണ്. ധനികര്‍ കൈയാളുന്ന സബ്‌സിഡിയുടെ അളവ് അനുസരിച്ച് സാധാരണ ചരക്കുകള്‍ക്കുള്ള ശരാശരി നികുതി 19 ശതമാനവും ഊര്‍ജ മേഖലയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് 50 ശതമാനവുമാണെന്ന് സാമ്പത്തിക സര്‍വെ പറയുന്നു.

സമ്പന്നര്‍ക്ക് നല്‍കുന്ന സബ്‌സിഡിയേക്കാള്‍ കൂടുതല്‍ ചിലപ്പോള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുന്നുണ്ടെന്ന് പറയുന്ന സര്‍വെ ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് റെയില്‍വേ ടിക്കറ്റ് നിരക്കാണ്. എന്നാല്‍ പല നിരക്കിലുള്ള ടിക്കറ്റ് ഉള്ളതിനാല്‍ സമ്പന്നര്‍ക്ക് ഇതിന്റെ 34 ശതമാനം ആനുകൂല്യം ലഭിക്കുന്നുവെന്നും സര്‍വെ പറയുന്നു. അതോടൊപ്പം, പെട്രോള്‍, ഡീസല്‍ എന്നിവയെ അപേക്ഷിച്ച് ഏവിയേഷന്‍ ഇന്ധനത്തിനുള്ള നികുതി നിരക്കുകള്‍ കുറവാണ്. അതായത്, ഏവിയേഷന്‍ ഇന്ധനത്തിനുള്ള ശരാശരി നികുതി 20 ശതമാനമാകുമ്പോള്‍ പെട്രോളിന് ഇത് 55 ശതമാനവും ഡീസലിന് 61 ശതമാനവുമാണ്. അതായത്, ഈ സബ്‌സിഡിയുടെ യഥാര്‍ഥ ഗുണഭോക്താവ് വിമാനത്തില്‍ സഞ്ചരിക്കുന്നവരാണ്, അതായത്, ‘ധനികര്‍’. എന്തുകൊണ്ട് ഏവിയേഷന്‍ ഇന്ധനത്തിനുള്ള നികുതി വര്‍ധിപ്പിക്കുന്നില്ല എന്ന ചോദ്യം ഉത്തരമില്ലാതെ നില്‍ക്കുകയും ചെയ്യുന്നു. ഏവിയേഷന്‍ ഇന്ധനത്തിനും മണ്ണെണ്ണയ്ക്കും നല്‍കുന്ന നികുതി ഇളവിനെ ഒരേ അളവുകോലുകൊണ്ട് നിര്‍ണയിക്കുന്ന ഈ രീതി തന്നെയാണ് സര്‍ക്കാരിന്റെ വരുംകാല നടപടികളെ സൂചിപ്പിക്കുന്നത്.

ഒരുവഴിയില്‍ കൂടി സാമൂഹിക സേവന മേഖലകളിലുള്ള ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ബാക്കിയായാണ് ഇത്തരം ചില കണക്കുകള്‍ കൂടി കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്. നോണ്‍-നെറ്റ് ഫെലോഷിപ്പ് അവസാനിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അടക്കമുള്ളവയ്ക്ക് നാം സാക്ഷിയാണ്. മണ്ണെണ്ണയും പാചകവാതകവുമൊക്കെ സബ്സിഡി നിരക്കില്‍ ഉപയോഗിക്കുന്ന പാവപ്പെട്ടവരോടും മധ്യവര്‍ഗത്തോടുള്ള വ്യക്തമായ സൂചന തന്നെയാണ് സര്‍വെ അടയാളപ്പെടുത്തുന്നത്. അതായത്, അവശ്യസാധനങ്ങള്‍ അടക്കമുള്ളവയുടെ സബ്‌സിഡി വെട്ടിക്കുറയ്ക്കാന്‍ ആലോചിക്കുന്നു എന്നര്‍ത്ഥം. അതോടൊപ്പം, സമൂഹത്തിലെ ധനികര്‍ എന്നു വിശേഷിപ്പിക്കുന്ന യഥാര്‍ഥ സമ്പന്നര്‍ക്ക് വാരിക്കോരി നല്‍കുന്ന ഇളവുകള്‍ ആകട്ടെ, സര്‍ക്കാരിന്റെ കണ്ണില്‍പ്പെടുന്നുമില്ല; അത് വര്‍ധിച്ചു വരികയുമാണ്. പൊതുമേഖലാ ബാങ്കുകളടക്കം എഴുതിത്തള്ളിയ ലക്ഷക്കണക്കിന് കോടി രൂപ എന്തായാലും ഇവിടുത്തെ പാവപ്പെട്ടവര്‍ക്കോ  മധ്യവര്‍ഗക്കാര്‍ക്കോ നല്‍കിയതല്ലല്ലോ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍