UPDATES

വിപണി/സാമ്പത്തികം

ഇതുതന്നെയാണ് മോദിജി പറഞ്ഞ പണരഹിത സമ്പദ് വ്യവസ്ഥ

സാധാരണക്കാരന്‍റെ വിണ്ടുകീറിയ പാദങ്ങളിലെ ചോരയും നീരും വലിച്ചെടുത്ത് കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് വേണ്ടി പാദസേവ നടത്തുകയാണ് മോദി സര്‍ക്കാര്‍

നോട്ട് നിരോധനം കഴിഞ്ഞ് ഒന്നര വര്‍ഷം പിന്നിടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച ലക്ഷ്യങ്ങളില്‍ ഒന്നു പോലും പൂര്‍ണ്ണമായും കൈവരിക്കാനായില്ല എന്നു മാത്രമല്ല കെടുതികള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. പണരഹിത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുക എന്നതായിരുന്നു അതിലെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന്. യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രിയുടെ ഈ ആഗ്രഹം പൂവണിയാന്‍ തുടങ്ങിയിരിക്കുകയാണ്. എ ടി എമ്മുകളില്‍ പണമില്ല. ജനങ്ങളുടെ കയ്യിലുമില്ല. ആകെയുള്ളത് വന്‍കിട മുതലാളിമാരുടെയും കള്ളപ്പണക്കാരുടെയും പക്കലാണ്. ചില പൊതുമേഖലാ ബാങ്കുകളില്‍ ഉണ്ടായിരുന്നത് ഒന്നാകെ നിരവ് മോദിമാര്‍ കൊണ്ടുപോയി. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കൂടിവന്നതോടെ നമ്മുടെ പ്രധാനമന്ത്രി ആഹ്ളാദത്തിലാണ്. ക്യാഷ് ലസ് ഇക്കോണമി ഇതാ സംജാതമായി.

പഴയ നോട്ടുകളുടെ മൂല്യമില്ലാതാവുകയും പുതിയതു കിട്ടാതിരിക്കുകയും ചെയ്തിടത്ത് നിന്ന് തുടങ്ങിയ ദുരിതമാണ് ഇവിടം വരെ എത്തിനില്‍ക്കുന്നത്. ക്രയവിക്രയങ്ങളെല്ലാം നിലച്ചു. തൊഴില്‍ വ്യാപാര മേഖലകളാകെ നിശ്ചലമായി. ബാങ്കുകളില്‍ മിനിമം ബാലന്‍സ് ചട്ടം വന്നതോടെ ഉള്ള നക്കാപ്പിച്ചക്കാശും പോയിക്കിട്ടി. അടിത്തട്ടിലെ ജീവിതങ്ങള്‍ ദുരിതങ്ങളില്‍ നിന്ന് ദുരിതങ്ങളിലേക്കും അവരുടെ സാമ്പത്തിക വ്യവഹാരങ്ങള്‍ വലിയ പ്രതിസന്ധികളിലേക്കും എത്തിച്ചേര്‍ന്നിരിക്കുന്നു.

നോട്ട് നിരോധനമെന്ന നിര്‍ണ്ണായക തീരുമാനത്തിന്‍റെ തുടക്കത്തിൽത്തന്നെ പണരഹിത സമ്പദ് വ്യവസ്ഥയെന്ന വലിയ ലക്ഷ്യവും കൂട്ടിച്ചേര്‍ത്തത് സമാനതകളില്ലാത്ത മണ്ടത്തരം തന്നെയായിരുന്നു. ഒരുപാട് മുന്നൊരുക്കങ്ങള്‍ വേണ്ടിയിരുന്ന ഒരു ലക്ഷ്യമാണത്. നോട്ട് നിരോധനം തന്നെ യാതൊരു തയ്യാറെടുപ്പും കൂടാതെ അടിച്ചേല്‍പ്പിച്ചതാണ്. ഇവിടെയാണ് ഒരു ഭരണകൂടം എത്രത്തോളം പരാജയമാണെന്ന് ബോധ്യപ്പെടുന്നത്.
നോട്ട് നിരോധനത്തിന് ശേഷം വന്ന പരിഷ്കാരങ്ങളുടെ ഫലമായി പെന്‍ഷനടക്കമുള്ള സര്‍ക്കാര്‍ ധനസഹായങ്ങള്‍ പോലും ബാങ്കുകള്‍ വഴിയെ ലഭിയ്ക്കൂ എന്ന സ്ഥിതി വന്നു. ഗ്രാമീണ ജനതയുടെ നല്ലൊരു ശതമാനവും ബാങ്ക് അക്കൌണ്ടുകള്‍ എടുക്കാന്‍ നിര്‍ബന്ധിതരായി. ഒരു ദിവസം 32 രൂപപോലും വരുമാനമില്ലാത്ത 20 ശതമാനം ജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. അതായത്, മാസം ആയിരം രൂപപോലും വരുമാനമില്ലാത്ത 26 കൊടിയലധികം ജനങ്ങള്‍ ഉണ്ടെന്ന്. ഇവരേക്കാള്‍ ദുരിതമനുഭവിച്ച മറ്റൊരു സമൂഹവും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടാകില്ല.

നോട്ട് നിരോധനം ഉണ്ടാക്കിയ ആഘാതം എന്ത്? കണക്കുണ്ട്: 9.4 ലക്ഷം കോടി രൂപ

ആഗോള സാമ്പത്തിക ശക്തിയായ അമേരിക്കപോലും സാമ്പത്തിക വ്യവഹാരങ്ങളില്‍ പകുതിയിലധികം നടത്തുന്നത് കറന്‍സിയുടെ സഹായത്താലാണ്. സാമ്പത്തികമായ ക്രയവിക്രയങ്ങള്‍ക്ക് നേരിട്ടുള്ള പണമിടപാടുകള്‍ക്കപ്പുറം ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളിലേക്ക് കടക്കാന്‍ മാത്രമുള്ള പക്വത നമ്മുടെ സമ്പദ് വ്യവസ്ഥക്കില്ല. ഡിജിറ്റല്‍ സാക്ഷരതയില്‍ നമ്മള്‍ ഒരുപാട് പിറകിലാണ്. മാത്രവുമല്ല, ഗ്രാമീണ മേഖലകളിലെ ബാങ്കിംഗ് സിസ്റ്റം വളരെ ദയനീയമാണെന്ന് വെളിപ്പെടുത്തുന്ന അനേകം റിപ്പോര്‍ട്ടുകളും പഠനങ്ങളും പുറത്ത് വന്നിട്ടുമുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് പണം നേരിട്ടോ അല്ലാതെയോ ഉപയോഗിക്കാനുള്ള സാധ്യതകളാണ് കൊട്ടിയടക്കപ്പെട്ടിരിക്കുന്നത്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതാകട്ടെ രാജ്യത്തെ അസംഘടിത മേഖലകളെയുമാണ്‌. ഇന്ത്യയിലെ മൊത്തം തൊഴിലാളികളുടെ 95 ശതമാനവും ഈ മേഖലയിലാണ് ജോലി ചെയ്യുന്നത്. എലിയെ പിടിക്കാന്‍ ഇല്ലം ചുട്ടവര്‍ക്ക് ഈ ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ കാണാന്‍ എങ്ങിനെ കഴിയാനാണ്.

മോദി ഇന്ത്യയില്‍ പുതിയ തൊഴിലോ? ഉള്ള തൊഴില്‍ പോയില്ലല്ലോ എന്നു സമാധാനിക്കൂ, കണക്കുകള്‍ അതാണ് കാണിക്കുന്നത്

അല്ലെങ്കില്‍തന്നെ പണരഹിത വ്യവഹാരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് നോട്ട് പിന്‍വലിക്കേണ്ട ആവശ്യമെന്തായിരുന്നുവെന്ന് നമ്മുടെ നാട്ടിലെ കൊച്ചു കുട്ടികള്‍ വരെ ചോദിക്കുന്നുണ്ട്. പണരഹിത വ്യവഹാരങ്ങള്‍ വര്‍ധിക്കുന്നതനുസരിച്ച് സ്വാഭാവികമായിത്തന്നെ നോട്ടുകള്‍ പ്രചാരത്തില്‍നിന്ന് പിന്മാറും. അത് സ്വാഭികമായും സംഭവിക്കേണ്ടതാണ്. സാമ്പത്തിക ഭദ്രതയില്ലാത്ത അടിത്തട്ടുമായി പോകുന്ന ഒരു രാജ്യത്ത്, സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ കാര്‍ഷികരംഗം തകര്‍ന്ന് തരിപ്പണമായ രാജ്യത്ത്, അഞ്ചുകോടിയോളം ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരു രാജ്യത്ത് പണരഹിത സമ്പദ് വ്യവസ്ഥ ഉടന്‍ കൊണ്ടുവരാം എന്ന് നടിക്കുന്നവര്‍ക്ക് സാമ്പത്തികശാസ്ത്രത്തിന്‍റെ ബാലപാഠം പോലും അറിയില്ല എന്ന് വ്യക്തമാണ്.

ആധുനിക ഇന്ത്യ എന്ന അധാര്‍മികതയുടെ ആഘോഷത്തിലെ പങ്കുപറ്റുകാര്‍

2016-ന് ശേഷവും നമ്മുടെ സമ്പദ് വ്യവസ്ഥ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അതിന് ആനുപാതികമായ രീതിയില്‍ കറന്‍സി എത്തുന്നില്ല എന്നതാണ് പ്രശ്നം. മുന്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ പറഞ്ഞത്, നോട്ടു നിരോധനം ഉണ്ടായിരുന്നില്ലെങ്കില്‍ 23 ലക്ഷം കോടി രൂപ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായേനേ എന്നാണ്. എന്നാലിന്നുള്ളത് 18 ലക്ഷം കോടി മാത്രമാണ്. പിന്നെങ്ങിനെ എടിഎമ്മുകള്‍ അടച്ചിടാതിരിക്കും.

പക്ഷെ, മോദി ഭരണത്തിന്‍ കീഴില്‍ എല്ലാവരും ഒരുപോലെ ബുദ്ധിമുട്ടുന്നുണ്ട് എന്നൊന്നും തെറ്റിധരിക്കരുത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അത്ര വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. ഗുജറാത്തിലെ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ പറഞ്ഞത് അവിടെ യാതൊരുവിധ കറന്‍സിക്ഷാമവും ഇല്ലെന്നും ആവശ്യത്തിലധികം പണം ആര്‍ബിഐ നല്‍കുന്നുണ്ട് എന്നുമാണ്. അല്ലെങ്കിലും, മോദിയുടെ തുഗ്ലക്ക് പരിഷ്കാരങ്ങളുടെയൊന്നും ഗുണമനുഭവിക്കുന്നത് രാജ്യത്തെ സാധാരണക്കാരോ അതീവ ദരിദ്രരോ അല്ലല്ലോ.

7.63 ലക്ഷം കോടി രൂപയുടെ സ്വകാര്യ നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെട്ടു; കണക്ക് തെറ്റുന്ന അച്ഛേ ദിന്‍

ജിഎസ്ടിക്കും നോട്ട് നിരോധനത്തിനും ശേഷം മാത്രം ഏതാണ്ട് 5 ദശലക്ഷം പേര്‍ക്കാണ് തൊഴിലുകൾ നഷ്ടപ്പെട്ടത്. സ്വാഭാവികമായും അത് വളർച്ച മന്ദഗതിയിലാക്കി. ലക്ഷക്കണക്കിന് ചെറുകിട വ്യവസായങ്ങൾ മൂലധനം കണ്ടെത്താനാകാതെ അടച്ചുപൂട്ടി. കാർഷികവിളകളുടെ വില ഇടിഞ്ഞതും, പുതിയ വിളവിറക്കാന്‍ കഴിയാതെ വന്നതും, കര്‍ഷക കടങ്ങള്‍ പെരുകിയതും രാജ്യത്തെ തന്നെ പിടിച്ചുലക്കുന്ന സംഭവവികാസങ്ങളായി മാറി. രഘുറാം രാജനടക്കമുള്ള ഇന്ത്യയിലെ പകുതിയിലധികം സാമ്പത്തിക വിദഗ്ധരും ഇത്തരം പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടികണ്ടവരും സര്‍ക്കാരിനെ അറിയിച്ചവരുമാണ്. പക്ഷെ, സാമ്പത്തിക വിദഗ്ധരല്ലാത്ത അഞ്ചാറുപേര്‍ സ്വകാര്യമായി കൈകൊണ്ട തീരുമാനം സാധാരണക്കാരന്‍റെ തലയില്‍ പതിച്ച ഇടിത്തീയായി. ദുരന്തങ്ങള്‍ ഇനിയും വരാനിരിക്കുന്നെയൊള്ളൂ എന്നാണ് പറയപ്പെടുന്നത്.

സാധാരണക്കാരന്‍റെ വിണ്ടുകീറിയ പാദങ്ങളിലെ ചോരയും നീരും വലിച്ചെടുത്ത് കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് വേണ്ടി പാദസേവ നടത്തുകയാണ് മോദി സര്‍ക്കാര്‍. ഈ വഴിയേയാണ് അധികാരബദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം നീങ്ങുന്നതെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഭാവി ഇരുളടഞ്ഞതുതന്നെ.

നോട്ട് നിരോധനം നല്ല ആശയമല്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നെന്ന് രഘുറാം രാജന്‍

സുഫാദ് ഇ മുണ്ടക്കൈ

സുഫാദ് ഇ മുണ്ടക്കൈ

വയനാട് സ്വദേശി; സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍