UPDATES

വിപണി/സാമ്പത്തികം

സംസ്ഥാനങ്ങളോട് വിവേചനം; ഐക്യത്തെ തകര്‍ക്കുന്ന കേന്ദ്ര നയം അപകടം

മുഖ്യമന്ത്രി പിണറായി വിജയന്‍ ദി ഹിന്ദുവില്‍ എഴുതിയ ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്‍

വിഭവങ്ങളുടെ സമാഹരണത്തിനും വികേന്ദ്രീകരണത്തിനും ലോകത്തിലെ ഒട്ടുമിക്ക ഫെഡറേഷനുകള്‍ക്കും തക്കതായ സംവിധാനങ്ങളുണ്ട്. ഇന്ത്യയില്‍ അതിന്റെ ഘടകങ്ങളുടെ, പ്രത്യേകിച്ചും സംസ്ഥാനങ്ങളുടെ, സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് വിഭവങ്ങള്‍ പങ്കുവെയ്ക്കാനുള്ള രീതിശാസ്ത്രം ശുപാര്‍ശ ചെയ്യുന്നതിന് വേണ്ടി ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ഭരണഘടന അനുശാസിക്കുന്ന ധന കമ്മീഷനെ നിയമിക്കുന്നതാണ് രീതി.

അതുകൊണ്ടുതന്നെ പതിനഞ്ചാം ധന കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭ്യമായ വിഭവങ്ങളെ സംബന്ധിച്ചിടത്തോളം അത്യന്തം പ്രാധാന്യമേറിയതാണ്. എന്നാല്‍ വികസനത്തിന് വേണ്ടിയുള്ള പൊതു വിഭവങ്ങള്‍ വിതരണം ചെയ്യുന്നതില്‍ നീതിയുടെയും തുല്യതയുടെയും അടിസ്ഥാന പ്രമാണങ്ങള്‍ പാലിക്കുന്നതില്‍ ഈ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് സംസ്ഥാനങ്ങള്‍ക്കിടയില്‍ ഉത്കണ്ഠ സൃഷ്ടിച്ചിട്ടുണ്ട്.

ഒന്നാമതായി, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 1 ഇന്ത്യയെ ഐക്യ സംസ്ഥാനമായാണ് അംഗീകരിച്ചിട്ടുള്ളത്. കേന്ദ്ര ഗവണ്‍മെന്‍റ് സംസ്ഥാനങ്ങള്‍ക്കിടയില്‍ വികേന്ദ്രീകരിക്കുന്ന അധികാരത്തിന്റെയും വിഭവങ്ങളുടെയും നീതിയിലും തുല്യതയിലുമാണ് രാജ്യത്തിന്റെ ഐക്യം നിലനില്‍ക്കുന്നത്. രാജ്യത്തിന്റെ രണ്ടു ഘടകങ്ങളിലും ധന വിഭവങ്ങള്‍ നിഷ്പക്ഷമായ രീതിയില്‍ വിതരണം ചെയ്യുക എന്നതാണ് ധനകമ്മീഷന്റെ പരമപ്രധാനമായ കടമ.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ സംസ്ഥാന പട്ടികയിലേക്ക് കണ്ണോടിച്ചാല്‍ മനസിലാകുന്ന കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കിടയിലും ഉള്ള ചുമതലകളുടെ വിന്യാസപ്രകാരം മനുഷ്യ വികസനം ഉയര്‍ത്തുന്നതിന്റെ അടിസ്ഥാന ഉത്തരവാദിത്തം, വരുമാന വളര്‍ച്ച, ഉപജീവനം, പരിസ്ഥിതിയുടെ സരക്ഷണവും സുസ്ഥിരതയും ഉറപ്പാക്കുക എന്നിവ സംസ്ഥാനത്തിന്റെ ചുമതലയില്‍ പെടുന്നതാണ് എന്നതാണ്. എന്നിരുന്നാലും രാഷ്ട്ര നിര്‍മ്മാണത്തിന്റെ മുഖ്യ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ ആണെങ്കിലും ഇതിന് വേണ്ട ധനവിഭവങ്ങള്‍ മുഖ്യപങ്കും നിയന്ത്രിക്കുന്നത് കേന്ദ്രമാണ്.

ഞാന്‍ ഉറപ്പിച്ച് പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ഇതാണ്; ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അവരില്‍ ഭരണഘടനാപരമായി ഏല്‍പ്പിക്കപ്പെട്ട കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിനാവശ്യമായ വിഭവങ്ങള്‍ ഇല്ല എന്നു മാത്രമല്ല അത്തരം വിഭവങ്ങള്‍ സമാഹരിക്കുന്നതിനുള്ള അവകാശവും ഇല്ല. ഇപ്പോഴത്തെ ഈ സവിശേഷ സാഹചര്യം സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളോ പ്രവര്‍ത്തനരാഹിത്യമോ കൊണ്ടുണ്ടായതല്ല, മറിച്ച് കേന്ദ്ര ഗവണ്‍മെന്‍റിന്റെ നയത്തിന്റെ പ്രത്യക്ഷ ഫലങ്ങളാണ്.

അതുകൊണ്ടു തന്നെ വലിയ അസന്തുലിതാവസ്ഥ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തില്‍ ഇപ്പോള്‍ ഉണ്ട്. വിഭവങ്ങള്‍ സമാഹരിക്കുന്നതില്‍ സംസ്ഥാനങ്ങളെക്കാള്‍ കേന്ദ്രത്തിനുള്ള കഴിവ് എത്രയോ മുകളിലാണ്. അതേസമയം സംസ്ഥാനങ്ങള്‍ക്ക് തങ്ങള്‍ക്ക് സമാഹരിക്കാന്‍ കഴിയുന്ന വരുമാനത്തെക്കാള്‍ പതിന്‍ മടങ്ങ് കൂടുതലാണ് വികസന സംബന്ധമായ ചിലവുകള്‍. ഈ അസ്വാഭാവികതയെ അഭിസംബോധന ചെയ്യാനുള്ള ചുമതല ഇന്ത്യന്‍ ഭരണഘടന ഏല്‍പ്പിച്ചിരിക്കുന്നത് ധന കമ്മീഷനെയാണ്. ഉചിതമായ അളവില്‍ ഉപാധികള്‍ ഇല്ലാതെ വിഭവങ്ങള്‍, പ്രത്യേക ഗ്രാന്‍റുകള്‍ ഉള്‍പ്പെടെ, കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് വികേന്ദ്രീകരിച്ചു നല്കുക എന്നതാണ് ധന കമീഷന്റെ അടിസ്ഥാന ഉത്തരവാദിത്തം.

നോട്ട് നിരോധനത്തിന്റെയും ജി എസ് ടിയുടെയും രൂപത്തില്‍ സംസ്ഥാനങ്ങളുടെ ധനസ്ഥിതിക്ക് ഇരട്ട പ്രഹരമേറ്റ സാഹചര്യത്തില്‍ പതിനഞ്ചാം ധന കമീഷന്റെ വിഭവങ്ങളുടെ വിതരണം ഏറെ പ്രാധാന്യമാര്‍ഹിക്കുന്നു. വരുമാനം തനതു രൂപത്തില്‍ ഉയര്‍ത്താനുള്ള സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം ജി‌ എസ് ടി നടപ്പാക്കിയതിലൂടെ നിയന്ത്രിക്കപ്പെട്ടു കഴിഞ്ഞു. സംസ്ഥാന വിഭവത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്താന്‍ ഉതകുന്ന ഏതെങ്കിലും പ്രധാന നികുതികള്‍ സംസ്ഥാനങ്ങളുടെ ചുമതലയില്‍ ഇപ്പോള്‍ അവശേഷിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

കൂടുതല്‍ വായിക്കൂ: ദി ഹിന്ദു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍