UPDATES

വിപണി/സാമ്പത്തികം

സപ്ലൈകോ സ്ഥാപിച്ച് 44 വർഷം കഴിഞ്ഞിട്ടും കേരളത്തിലെ ഭക്ഷ്യവിലപ്പെരുപ്പത്തിന് നമുക്കൊരുത്തരമുണ്ടോ?

സപ്ലൈകോ വെറുമൊരു ചില്ലറ വിതരണ ശൃംഖലയല്ലെന്നും അവശ്യസാധനകളുടെ വിലക്കയറ്റം പിടിച്ചുനിർത്തുക എന്നൊരു ഉദ്ദേശമുണ്ടെന്നും അധികമാളുകൾക്കും അറിയില്ല

ഒരു ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തിൽ ഭക്ഷ്യവിലപ്പെരുപ്പത്തെക്കുറിച്ചുള്ള ചർച്ചകൾ ഇല്ലാതിരിക്കുന്നത് അത്ഭുതകരമാണ്. വിലക്കയറ്റത്തെക്കുറിച്ചും സപ്ലൈകോ മുതലായ സർക്കാർ സ്ഥാപനങ്ങളിലൂടെ തുടർന്നുള്ള സർക്കാർ ഇടപെടലുകളെക്കുറിച്ചുമുള്ള വാർത്തകളിലും അത് ചുരുങ്ങിയിരിക്കുന്നു. പക്ഷെ ഇത്തരം ഇടപെടലുകൾ വാസ്തവത്തിൽ വിലകൾ കുറയ്ക്കാൻ സഹായിക്കുന്നുണ്ടോ എന്ന് ഒരിക്കലും ചർച്ച ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്യുന്നില്ല.

സപ്ലൈകോ വെറുമൊരു ചില്ലറ വിതരണ ശൃംഖലയല്ലെന്നും അവശ്യസാധനകളുടെ വിലക്കയറ്റം പിടിച്ചുനിർത്തുക എന്നൊരു ഉദ്ദേശമുണ്ടെന്നും അധികമാളുകൾക്കും അറിയില്ല. ചില സാധനങ്ങൾ കുറഞ്ഞ വിലയ്ക്കു വിൽക്കുന്ന ഒരു ക്ഷേമരാഷ്ട്ര പരിപാടിയായാണ് പൊതുവെ സപ്ലൈകോയെ കാണുന്നത്, ഭക്ഷ്യവിലപ്പെരുപ്പത്തെ തടയാനുള്ള ഒരു സംവിധാനമായല്ല. പൊതുവിതരണസംവിധാനത്തിന്റെ ഒരു അനുബന്ധമായിപ്പോലും ആളുകൾ സപ്ലൈകോയെ കരുതുന്നു.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിനും ദൗർലഭ്യം തടയാൻ കരുതൽ ശേഖരം സൂക്ഷിക്കുന്നതിനുമായി 1974-ൽ സ്ഥാപിച്ച സപ്ലൈകോ പിന്നീട് വിപണി ഇടപെടൽ പദ്ധതിക്കുള്ള (MIS) സർക്കാരിന്റെ സംവിധാനമായി മാറി. വിപണിയിൽ നിന്നോ കൃഷിക്കാരിൽനിന്നും നേരിട്ടോ സർക്കാർ ചരക്കുകൾ വാങ്ങി കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് വിൽക്കുന്ന സംവിധാനമാണ് MIS. ഒരു ചരക്കിന്റെ ഉത്പാദനത്തിൽ 10 ശതമാനമോ അതിലേറെയോ കുറവു വരികയും അത് വിപണി വിലയെ സ്വാധീനിക്കുകയും ചെയ്യുമ്പോഴാണ് ഇത് സാധാരണ നടപ്പാക്കുക. MIS നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ സംവിധാനമാണ് സപ്ലൈകോ. നിലവിൽ കേരളത്തിലാകെയായി 1406 ചില്ലറ വിൽപ്പന ശാലകളുള്ള സപ്ലൈകോ സംസ്ഥാനത്തെ ചില്ലറ വിൽപ്പന വിപണിയിലെ ഗണ്യമായ സ്വാധീനമാണ്.

സപ്ലൈകോ ഫലപ്രദമാണോ?

കേരളത്തിൽ ഒരു ഉപഭോക്താവ് ചെലവഴിക്കുന്ന ചരക്കു സേവനങ്ങളുടെ നിശ്ചിത പട്ടികയിൽ അഥവാ ചരക്കു കുട്ടയിൽ ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും 37.67% വരും. ഇതിൽ ധാന്യങ്ങൾ, മാംസം, മത്സ്യം, തയ്യാറാക്കിയ ഭക്ഷണം, പാലുത്പന്നങ്ങൾ, എന്നിവയെല്ലാം ഉൾപ്പെടുന്നു. ധാന്യങ്ങൾ, എണ്ണ, പയറുവർഗങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ലഹരിയേതര പാനീയങ്ങൾ എന്നിവയെല്ലാം സപ്ലൈകോ വിലയിളവിൽ വിൽക്കുന്നു.

ഇതെല്ലാം കൂടി കേരളത്തിന്റെ ഭക്ഷ്യ കുട്ടയിൽ 32% വരും. എന്നാൽ 2012 മുതൽ 2017 വരെയുള്ള ഭക്ഷ്യ വിലപ്പെരുപ്പത്തെ താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഉപഭോക്‌തൃ വിലസൂചിക കേരളത്തിൽ 50.61% ഉയർന്നതായി കാണാം. ദേശീയതലത്തിൽ ഇത് 37% ആണ്. ലളിതമായി പറഞ്ഞാൽ 2012-ൽ 100 രൂപയുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കൾക്കു ഇന്ന് കേരളത്തിൽ 150.61 രൂപയും ദേശീയതലത്തിൽ 137 രൂപയും നൽകണം.

സംസ്ഥാനത്തെ ചരക്കുകളുടെ വിലക്കയറ്റനിയന്ത്രണമെന്ന ലക്‌ഷ്യം വലിയ തോതിലുള്ള MIS പ്രവർത്തനത്തിലൂടെ നേടാൻ സപ്ലൈകോക്ക് കഴയുന്നുണ്ടോ എന്നാണു അപ്പോൾ സംശയം ഉയരുന്നത്. ഈ സംസ്ഥാനത്തെ ചരക്കുകളുടെ വിലക്കയറ്റ നിയന്ത്രണ പ്രവർത്തനങ്ങൾ മൂലമുള്ള നഷ്ടം ഭീമമാണ്. ഈ നഷ്ടം നികത്താൻ ഓരോ വർഷവും സർക്കാർ വാർഷിക ബജറ്റിൽ സപ്ലൈകൊയ്ക്ക് ഒരു വിഹിതം മാറ്റിവെക്കുന്നു. എന്നാലും ഈ വിഹിതം ഒരിക്കലും നഷ്ടത്തിന് പകരമാകുന്നില്ല. ഉദാഹരണത്തിന് 2015-16 സാമ്പത്തികവർഷം MIS പ്രവർത്തനങ്ങളിൽ നിന്നുള്ള സാമ്പത്തികനഷ്ടം 249.21 കോടി രൂപയായിരുന്നു. സർക്കാരിന്റെ ബജറ്റ് വിഹിതമാകട്ടെ കേവലം 99 കോടി രൂപയും.

ഇതുകൂടാതെ സപ്ലൈകോയുടെ MIS നഷ്ടം 16% എന്ന വാർഷിക കൂട്ടു വളർച്ച നിരക്കിലാണ് (CAGR) വളരുന്നത്. എന്നാൽ സർക്കാർ ധനസഹായം 4% എന്ന (CAGR) നിരക്കിലും. MIS നഷ്ടവും സർക്കാർ സഹായവും തമ്മിലുള്ള അന്തരമാണ് ഇത് കാണിക്കുന്നത്. 2014-15ൽ 338 കോടി രൂപയുടെ ആർജ്ജിത നഷ്ടമുള്ള സപ്ലൈകോയുടെ പ്രവർത്തനങ്ങൾ സംസ്ഥാന ഖജനാവിന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. വാസ്തവത്തിൽ ആളൊന്നുക്ക് 121.60 രൂപയുടെ ഇളവുകൾ എത്തിക്കാൻ സപ്ലൈകോ നടത്തിപ്പിൽ സർക്കാരിന് ആളൊന്നുക്ക് 61 രൂപ അധികമായി ചെലവിടേണ്ടിവരുന്നുണ്ട്.

നാമമാത്രമായ വിപണി പങ്കാളിത്തം

സപ്ലൈകോയുടെ വിപണി പങ്കാളിത്തം പരിശോധിച്ചാൽ ഈ ചില്ലറ വിൽപ്പന ശൃംഖലയുടെ വ്യാപ്തിയെക്കുറിച്ചുള്ള യഥാർത്ഥ ചിത്രം കിട്ടും. അതിലേക്കു കടക്കുന്നതിനു മുമ്പ്, ക്ഷേമ മുഖമുള്ള ഒരു പൊതുമേഖല സംരംഭത്തിന്റെ വിപണി പങ്കാളിത്തം കണക്കാക്കുന്നതിനുള്ള അടിസ്ഥാനം എന്താണെന്ന് കൂടി നോക്കാം. മറ്റൊരു ചില്ലറ വിൽപ്പന ശൃംഖലയുടെ സപ്ലൈകോയുടെ വിറ്റുവരവിനെ താരതമ്യം ചെയ്യുന്നതോ കേരളത്തിന്റെ മൊത്തം ചില വിൽപ്പന മേഖലയിലെ വിറ്റുവരവിൽ സപ്ലൈ കോയുടെ പങ്കെത്ര എന്ന് കണക്കാക്കി താരതമ്യം ചെയ്യുന്നതും ശരിയായ രീതിയാകില്ല. കാരണം പൊതുമേഖല സംരംഭങ്ങൾ ലാഭം മാത്രം ലാക്കാക്കിയല്ല പ്രവർത്തിക്കുന്നത്. എന്നാൽ കേരളത്തിലെ മൊത്തം ഉപഭോഗത്തിൽ സപ്ലൈകോ വഴിക്ക് ഉപഭോക്താക്കളിലേക്ക് എത്തുന്ന ചരക്കുകളുടെ അളവ് താരതമ്യം ചെയ്യുന്നത് ന്യായമായ രീതിയാകും. അത്തരം ഒരു താരതമ്യത്തിൽ കേരളത്തിലെ ഈ ചരക്കുകളുടെ ഉപഭോഗത്തിൽ സപ്ലൈകോയുടെ പങ്ക് തീർത്തും നിസ്സാരമാണ് എന്നു കാണാവുന്നതാണ്.

ഒരു ഉദാഹരണത്തിന് വെളിച്ചണ്ണയെടുക്കാം: വിലയിളവുള്ളതിനാൽ സപ്ലൈകോയിൽ നിന്നും ഏറ്റവുമധികം വിറ്റുപോകുന്ന ചരക്കുകളിലൊന്നാണ് അത്. 2012-17ൽ സപ്ലൈകോ ശരാശരി 49.91 ലക്ഷം വെളിച്ചെണ്ണ വിറ്റപ്പോൾ സംസ്ഥാനത്തെ മൊത്തം ഉപഭോഗം 1984.39 ലക്ഷം ലിറ്ററായിരുന്നു. അപ്പോൾ സംസ്ഥാനത്തെ ഉപഭോഗത്തിൽ സപ്ലൈകോയുടെ പങ്ക് വെറും 2.52% മാത്രമാണ്.

അതുപോലെ സപ്ലൈകോ വില്പനകേന്ദ്രങ്ങളിൽ നിന്നും ഏറ്റവും കൂടുതലായി വിറ്റുപോകുന്ന അങ്ങാടി മുളക്, ഉഴുന്ന്, അരി എന്നിവ എടുത്താൽ കേരളത്തിലെ ഈ ചരക്കുകളുടെ ഉപഭോഗത്തിൽ സപ്ലൈകോ പങ്ക് യഥാക്രമം, 9.28, 18.45, 4.91 ശതമാനം മാത്രമാണ് എന്നു കാണാം. ഇത് കാണിക്കുന്നത് സപ്ലൈകോയുടെ വിപണിയിലെ പങ്കു മാറ്റിനിർത്താൻ കഴിയാത്തതോ ഗണ്യമായതോ അല്ലെന്നാണ്. സംസ്ഥാന ഉപഭോഗ ആവശ്യങ്ങളെ നേരിടുന്നതിന് മറ്റു ചില്ലറ വിൽപ്പന കേന്ദ്രങ്ങളുടെ പ്രാധാന്യവും ഇത് കാണിക്കുന്നു.

ഭക്ഷ്യവിലപ്പെരുപ്പത്തിനെ നേരിടുന്നതിലെ ദീർഘവീക്ഷണമില്ലായ്മ

സമ്പദ് രംഗത്തെ കുറഞ്ഞ താങ്ങുവിലയും കാർഷിക മേഖലയിലെ കൂലിയും പോലുള്ള മറ്റു ഘടകങ്ങളുമായി ഭക്ഷ്യവിലപ്പെരുപ്പത്തിന് ശക്തമായ അനുകൂല പരസ്പരബന്ധമുണ്ടെന്ന് പഠനങ്ങൾ കാണിക്കുന്നു. നെല്ലിന്റെ കുറഞ്ഞ താങ്ങുവില മൊത്തം കാർഷിക തൊഴിലുകളുടെയും ആവശ്യം വർദ്ധിപ്പിക്കുമെങ്കിലും നെല്ലിന്റെ മാത്രമല്ല മറ്റു കൃഷികളിലെയും പണിക്കൂലി കൂട്ടുന്നു. അങ്ങനെ പ്രധാന വിളകളുടെ ഉത്പാദനച്ചെലവ് കൂടുകയും ഉപഭോക്താവിന് അവ വാങ്ങാൻ കൂടുതൽ പണം ചെലവഴിക്കേണ്ടിവരികയും ചെയ്യുന്നു. ഇതും, കൂടിയ കൂലിക്ക് കൂടുതല്‍ പണം ചെലവാക്കേണ്ടിവരുന്നതിനൊപ്പം ഭക്ഷ്യവിലപ്പെരുപ്പത്തിന് ഒരു നിർണായക ഘടകമാണ്. എന്നാൽ ഇത്തരം വിലപ്പെരുപ്പ നടപടികൾ സപ്ലൈകോയുടെ പരിധിക്കു പുറത്താണ്. ഈയിടെയുണ്ടായ MSP പുതുക്കി നിശ്ചയിച്ചപോലുള്ള നടപടികൾ രാഷ്ട്രീയ തീരുമാനങ്ങളാണ്. ഇത് ചരക്കുകളുടെ വിലക്കയറ്റ നിയന്ത്രണത്തിനുള്ള സപ്ലൈകോയുടെ ലക്ഷ്യത്തിന്റെ ദീർഘവീക്ഷണമില്ലായ്മയും അത് ചെയ്യാനുള്ള ശേഷിക്കുറവും വെളിപ്പെടുത്തുന്നു.

സമൂഹത്തിലെ പാവപ്പെട്ടവർക്ക് അവശ്യ വസ്തുക്കൾ വിതരണം ചെയ്യുക എന്ന അതിന്റെ ഉദ്ദേശത്തെ മാനിച്ചുകൊണ്ട്, അതിനെ മറ്റൊരു പൊതുമേഖലാ സംരഭം മാത്രമായി കാണരുത് എന്നാണു സപ്ലൈകോക്ക് വേണ്ടി വാദിക്കുന്നവർ ഇപ്പോഴും പറയുന്നത്. സപ്ലൈകോ വിലയിളവിൽ അവശ്യവസ്തുക്കൾ നൽകുന്നത് വിലക്കയറ്റത്തിനിടയിൽ സഹായകരമാണെന്ന് ഒരു വിഭാഗം ഉപഭോക്താക്കളും കരുതുന്നു. ഇത് തെറ്റല്ലെങ്കിലും ഈ പ്രശംസകൾക്കപ്പുറം നമുക്ക് ഇതിലും മെച്ചമായി കാര്യങ്ങൾ ചെയ്യാനാകുമോയെന്നു നാം നമ്മോടുതന്നെ ചോദിക്കണം. കാരണം സപ്ലൈകോ സ്ഥാപിച്ച് 44 വർഷം കഴിഞ്ഞിട്ടും കേരളത്തിലെ ഭക്ഷ്യവിലപ്പെരുപ്പത്തിന് ഒരുത്തരം കണ്ടെത്താൻ നമുക്കായിട്ടില്ല എന്ന വസ്തുത നിലനിൽക്കുന്നതിനാലാണ്; അതിനു കഴിഞ്ഞു എന്ന് നമ്മൾ വിശ്വസിക്കുന്നെണ്ടെങ്കിലും. വിലയിളവ് ആനുകൂല്യങ്ങൾ കാര്യക്ഷമമായും ഫലപ്രദമായും ജനങ്ങളിലേക്കെത്തിക്കാൻ സപ്ലൈകോ മാതൃകയിലുള്ള സർക്കാർ ഇടപെടലുകളാണോ മികച്ച വഴി എന്ന് നമ്മൾ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നിമിഷ് സാനി

നിമിഷ് സാനി

കൊച്ചി ആസ്ഥാനമായ സെന്‍റര്‍ ഫോര്‍ പബ്ലിക് പോളിസി റിസേര്‍ച്ചില്‍ ഗവേഷണ സഹായിയാണ് ലേഖകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍