UPDATES

വിപണി/സാമ്പത്തികം

സര്‍ക്കാരിന് ആര്‍ ബി ഐയുടെ കരുതല്‍ ധനം വേണ്ടെന്ന് അരുണ്‍ ജെയ്റ്റ്ലി

അധിക ധനം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്കായി ഉപയോഗിക്കാന്‍ വരും ഗവണ്‍മെന്‍റുകള്‍ക്ക് സാധിക്കും എന്നു ജെയ്റ്റ്ലി

ധന കമ്മി നികത്താന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിന്നോ മറ്റേതെങ്കിലും സ്ഥാപനത്തില്‍ നിന്നോ കൂടുതല്‍ പണം എടുക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ധന മന്ത്രി അരുണ്‍ ജെയ്റ്റ്ലി. എന്നാല്‍ അധിക ധനം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്കായി ഉപയോഗിക്കാന്‍ വരും ഗവണ്‍മെന്‍റുകള്‍ക്ക് സാധിക്കും എന്നു ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

“പണം ഈ രീതിയില്‍ സമാഹരിക്കുക സര്‍ക്കാരിന്റെ ലക്ഷ്യമല്ല. വരുന്ന ആറ് മാസത്തേക്ക് പണം തരണം എന്നു ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഈ സര്‍ക്കാരിന് റിസര്‍വ്വ് ബാങ്കിന്റെ അധിക ധനത്തിന്റെ ആവശ്യമില്ല.” ടൈംസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജെയ്റ്റ്ലി പറഞ്ഞു.

നിലവിലുള്ള സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ധന കമ്മി 3.3 ശതമാനമായി താഴുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ സര്‍ക്കാര്‍ കണ്ണു വെയ്ക്കുന്നു എന്ന വിമര്‍ശനത്തിന് മറുപടി പറയവേ ആഗോളമായി തന്നെ കേന്ദ്ര ബാങ്കുകള്‍ക്ക് എത്ര കരുതല്‍ ധനം ആവാം എന്നതിനെ കുറിച്ച് ഒരു വ്യവസ്ഥയുണ്ടെന്ന് ജെയ്റ്റ്ലി പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരും റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേലും തമ്മില്‍ ആരംഭിച്ച ശീത സമരം പൂര്‍ണ്ണമായും അവസാനിക്കുന്നു എന്ന സൂചനയാണ് ധന മന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.

റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വയംഭരണത്തെക്കുറിച്ചും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ തുറന്നു പറഞ്ഞതോടെയാണ്‌ ഒക്ടോബര്‍ മാസം ഒടുവില്‍ പ്രതിസന്ധി മറനീക്കി പുറത്തു വന്നത്. ഇതിന് രൂക്ഷമായ മറുപടിയായി രംഗത്തുവന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി, 2008-2014 കാലഘട്ടത്തില്‍ ആര്‍ബിഐ കയ്യയച്ച് വായ്പകള്‍ അനുവദിക്കുകയായിരുന്നുവെന്നും ഇപ്പോഴത്തെ ഈ കിട്ടാക്കട പ്രതിസന്ധിക്ക് മറ്റാരെയും കുറ്റപ്പെടുത്താനാവില്ലെന്നുമായിരുന്നു വ്യക്തമാക്കിയത്. ഇതോടെ, നരേന്ദ്ര മോദി സര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള ശീതസമരം കൂടുതല്‍ ശക്തമാവുകയും ചെയ്തു.

സര്‍ക്കാര്‍ സി ബി ഐയെ പോലെ ആര്‍ ബി ഐയെ ആക്കാന്‍ ശ്രമിക്കുന്നു എന്ന വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. അതിനിടയില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ രാജി വെക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പരന്നതും പ്രതിസന്ധിയെ രൂക്ഷമാക്കി.

പിന്നീട് കേന്ദ്ര സർക്കാരും റിസർവ്വ് ബാങ്കും തമ്മിലുള്ള പ്രധാന തർക്ക വിഷയങ്ങൾ പരിശോധിച്ച് പരിഹാരം കണ്ടെത്താൻ രണ്ട് സമിതികൾക്ക് രൂപം നൽകാൻ തീരുമാനിച്ചുകൊണ്ട് പ്രതിസന്ധിക്ക് അയവു വരുത്താന്‍ ആര്‍ ബി ഐ ശ്രമിച്ചു. പ്രധാനമായി റിസർവ്വ് ബാങ്കിന്റെ കരുതൽ ധനത്തിന്റെ മൂന്നിലൊന്ന് ഭാഗം കേന്ദ്ര സർക്കാരിന് കൈമാറുന്നതു സംബന്ധിച്ചുള്ള തര്‍ക്കമാണ് ഈ സമിതികൾ കൈകാര്യം ചെയ്യുക.

സിബിഐക്ക് പിന്നാലെ റിസര്‍വ് ബാങ്ക് Vs മോദി സര്‍ക്കാര്‍; ആശങ്കയോടെ ബാങ്കിംഗ് മേഖല

ഊര്‍ജിത് പട്ടേല്‍: നോട്ട് നിരോധനകാലത്തെ ‘വില്ലന്‍’, ഇന്ന് മോദി സര്‍ക്കാരിന്റെ പ്രതിയോഗി

വിപണിയിലെ ധനലഭ്യത കൂട്ടും; കരുതൽ ശേഖരം കൈമാറുന്നത് പരിശോധിക്കാൻ സമിതി: റിസർവ്വ് ബാങ്ക് കേന്ദ്രവുമായി സമവായത്തിൽ

നോട്ട് നിരോധനം: രാജ്യം പണരഹിത സമൂഹമായോ? ഇല്ല; 9.5 ശതമാനം കറന്‍സി കൂടിയെന്ന് കണക്കുകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍