UPDATES

ജോ എ സ്കറിയ

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

ജോ എ സ്കറിയ

വിപണി/സാമ്പത്തികം

2018ല്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി; ആന കൊടുത്താലും ആശ കൊടുക്കരുത്

മാധ്യമ റിപ്പോര്‍ട്ടുകള്‍ വായിച്ച് ഇന്ത്യ വളരുന്നുവെന്ന് കരുതുകയും ജനങ്ങളെ നേരില്‍ കണ്ട് കാര്യങ്ങള്‍ മനസിലാക്കുമ്പോള്‍ വലിയ പൊരുത്തുക്കേടുകള്‍ കാണുകയും ചെയ്യുന്നു.

ജോ എ സ്കറിയ

ലണ്ടന്‍ ആസ്ഥാനമായുളള സെന്റര്‍ ഫോര്‍ ഇക്കോണമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം 2018 ല്‍ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇന്ത്യയുടെ കുതിപ്പ് ഇതര ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ഊര്‍ജ്ജം പകരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി നമ്മുടെ പ്രമുഖ മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തിയ വാര്‍ത്തയില്‍ പറയുന്നു. അടുത്ത 15 വര്‍ഷത്തിനകം ലോകത്തെ ഏറ്റവും വലിയ 10 സാമ്പത്തിക ശക്തികളില്‍ ഏഷ്യന്‍ രാജ്യങ്ങളാകും മുന്നിലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അടുത്ത വര്‍ഷം ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളെ മറികടന്നുളള പ്രകടനായിരിക്കും ഇന്ത്യയുടേതെന്നും കണ്‍സള്‍ട്ടിങ് ഏജന്‍സിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് സാമൂഹ്യ-സാമ്പത്തിക നിരീക്ഷകനും ദി ഇക്കോണോമിക്‌സ് ടൈംസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജോ എ സ്ഖറിയയുടെ വിശകലനം.

റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച കാര്യങ്ങളെ രണ്ട് തലത്തിലാണ് ഞാന്‍ കാണുന്നത്. ഒന്ന് ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് നമ്മള്‍. ഏകദേശം അവരുടെ ഒപ്പമാണ് നമ്മുടെ ജനസംഖ്യ. നമ്മള്‍ രണ്ടാംസ്ഥാനത്താണ് നില്‍ക്കുന്നതെന്നത് വലിയ കാര്യമാണ്. അതുകൊണ്ടുതന്നെ നമ്മള്‍ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ആകേണ്ടത് അല്ലാതെ അഞ്ചാംസ്ഥാനത്തല്ല. ഇതു പോലെ, ഇന്ത്യ ഉടനെ തന്നെ ലോകത്തെ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉളള രാജ്യമായി മാറുമെന്ന് പലപ്പോഴും നമ്മുടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. അതില്‍ ഒരര്‍ത്ഥവുമില്ല, കാരണം ചൈന 135 ഉം ഇന്ത്യ 128 ഉം കോടിയാണ് ജനസംഖ്യ. അതുകഴിഞ്ഞാല്‍ യുഎസ് ആണ് ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള രാഷ്ട്രം. 32 കോടിയാണ് അവിടത്തെ ജനസംഖ്യ. ഒരു ഒന്നര യുപിയാണ് യുഎസ്. അതുകൊണ്ട് തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നറ്റ് ഉപയോക്താക്കള്‍ നമ്മളാണെന്ന് പറയുന്നത് സ്വാഭാവികമാണ്. കാരണം മറ്റുളള രാജ്യങ്ങളില്‍ 30 കോടിയും 40 കോടിയുമാണ് ജനസംഖ്യാനിരക്ക്. സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഒരു വളച്ചൊടിക്കാലാണ് അത്തരം റിപ്പോര്‍ട്ടുകളെന്ന് പറയാം. ആ അര്‍ത്ഥത്തിലാണ് ഞാനതിനെ കാണുന്നത്. ജനസംഖ്യ അടിസ്ഥാനത്തില്‍ സ്വാഭാവികമായും നമ്മള്‍ അഞ്ചാമത്തേതല്ല, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകണം.

രണ്ടാമത്തെ കാര്യം. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ജനസംഖ്യ കുറഞ്ഞുവരികയും രാജ്യം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ്. പ്രത്യേകിച്ച് ജപ്പാന്‍. ജനസംഖ്യ ക്രമാതീതമായി കുറയുകയും ആ രാജ്യം തന്നെ ഇല്ലാതായികൊണ്ടിരിക്കുന്നതുമാണ് കാണാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ ജനസംഖ്യ അടിസ്ഥാനമാക്കി യുറോപ്യന്‍ രാജ്യങ്ങളെ മറികടക്കാനാകുമെന്നത് വളരെ സ്വഭാവികമായ കാര്യമാണ്. വലിയ സാമ്പത്തിക ശക്തിയുളള രാജ്യങ്ങള്‍ എല്ലാം തന്നെ ജനസംഖ്യ ശോഷണം കൊണ്ട് ഇല്ലാതായികൊണ്ടിരിക്കുകയാണ്. ജനസംഖ്യ വര്‍ദ്ധനവുളള വളരെ കുറഞ്ഞ രാജ്യങ്ങളെയുളളൂ. ഇന്ത്യയുടെ തന്നെ ജനസംഖ്യാവളര്‍ച്ച ഇപ്പോള്‍ ഏറെക്കുറെ നിശ്ചലമാണ്. ഭാവിയില്‍ നമ്മുടെ ജനസംഖ്യനിരക്കും താഴോട്ട് പോകാന്‍ സാധ്യതയുണ്ട്. നൈജീരിയ, ഇന്ത്യ, ഇന്തോനേഷ്യ എന്നിങ്ങനെയുളള രാജ്യങ്ങളിലാണ് ഇപ്പോള്‍ ജനസംഖ്യവര്‍ദ്ധനവ് കാണിക്കുന്നത്. ഈ ഘടകങ്ങള്‍ വളരെ പ്രധാനവും സ്വാഭാവികവുമാണ്. ഈ ഘടകങ്ങള്‍ സൂചിപ്പിക്കുന്നത് നമ്മള്‍ വലിയ സാമ്പത്തിക ശക്തിയാകുമെന്നുതന്നെയാണ് അത് വളരെ സ്വാഭാവികവും സാധാരണവുമാണ്.

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.7 മാത്രം; നോട്ട് നിരോധനവും ജി എസ് ടിയും തിരിച്ചടിയായെന്ന് ഐഎംഎഫ്

കാരണം, ഡിമാന്റ് ആന്‍ഡ് സപ്ലൈ തിയറി പ്രകാരം ജനസംഖ്യവര്‍ദ്ധനവുളള രാജ്യങ്ങളിലെ കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടാകുകയുളളൂ. എന്നാല്‍, യുവജനങ്ങളുടെ എണ്ണം കുറുവളള രാജ്യമാണെങ്കില്‍ പ്രൊഡക്ഷനും സര്‍വ്വീസും കുറയുകയും ചെയ്യും. ജപ്പാനില്‍ അവര്‍ കയറ്റുമതി നിലനിര്‍ത്തുന്നു. അവരുടെ ജനസംഖ്യ കുറവായതുകൊണ്ട് ജപ്പാനില്‍ അഭ്യന്തര ഡിമാന്റ് നന്നെ കുറവാണ്. ഇന്ത്യയില്‍ വലിയ തോതില്‍ അഭ്യന്തര ഡിമാന്‍ഡ് ഉണ്ട്. ഇതുകാരണവും സാമ്പത്തിക ശക്തിയില്‍ അഞ്ചാംസ്ഥാനത്തെത്തുക എളുപ്പമാണ്. എന്നിരുന്നാലും, ഇവിടെ ഉയരുന്ന ചോദ്യം നമ്മുക്ക് ഇത്രയും വലിയ ജനസംഖ്യ ഉണ്ടായിട്ടും എന്തുകൊണ്ടാണ് നമ്മള്‍ അഞ്ചാംസ്ഥാനം തന്നെ കാത്തിരിക്കുന്നതെന്നാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങില്‍ 130 ല്‍ നിന്നും 100 ആയി നമ്മള്‍ ഉയര്‍ന്നുവെന്ന കണക്കുകള്‍ അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അത് എന്‍ഡിഎ സര്‍ക്കാറിന്റെ വിജയമായി കണക്കാക്കുകയും ചെയ്തിരുന്നു. അതിന്റെ നേട്ടം അവകാശപ്പെട്ട് ആഘോഷിക്കുമ്പോഴും ഒരു കാര്യം നൂറാം റാങ്ക് എന്നത് അത്ര മെച്ചപ്പെട്ട ഒന്നല്ലെന്നതാണ്. നമ്മെ സംമ്പന്ധിച്ചിടത്തോളം വളരെ മോശം സ്ഥാനം തന്നെയാണ് 100 എന്ന റാങ്ക്.

സര്‍ക്കാരിനു മികച്ച റേറ്റിംഗ് ; ‘മൂഡി’യെ സ്വാധീനിക്കാനുള്ള മോദിയുടെ ശ്രമം പാളി

മറ്റൊരു കാര്യം ജനസംഖ്യ ഉണ്ടെന്നതുകൊണ്ട് മാത്രം നമ്മള്‍ വലിയ കുതിപ്പ് നേടണമെന്നില്ല. നമ്മുടെ ഡിമാന്റ് സെര്‍വ്വ് ചെയ്യാനുളള മതിയായ ഉത്പാദനവും ഉണ്ടാകേണ്ടതുണ്ട്. ഉത്പാദനത്തിന്റെ കാര്യത്തില്‍ നമ്മള്‍ വളരെ പിന്നോക്കാവസ്ഥയിലാണ്. ഇപ്പോള്‍ തന്നെ നമ്മുടെ ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴില്‍ ചെയ്യുന്നത് കാര്‍ഷിക മേഖലയിലാണ്. മൊത്തം ജനസംഖ്യയുടെ 64 ശതമാനം പേരാണ് കാര്‍ഷികരംഗത്ത് തൊഴില്‍ ചെയ്തുവരുന്നത്. അഭ്യന്തര ഉത്പാദനനിരക്കില്‍ (ജിഡിപി) ഇവരുടെ സംഭാവന 5 ല്‍ ഒന്ന് മാത്രമാണ്. ഇത് സൂചിപ്പിക്കുന്നത് നമ്മുടെ ഉത്പാദന ശേഷി (പ്രൊഡക്റ്റിവിറ്റി) വളരെ കുറവാണെന്നതാണ്. ഈ ഉത്പാദന ശേഷിയുമായി നമ്മള്‍ അഞ്ചാം സ്ഥാനത്ത് എത്തുന്നുവെന്നത് തന്നെ അത്ഭുതമാണ്. ഇത്രയും വലിയ പോപ്പുലേഷന്‍ മാത്രമാണ് നമ്മള്‍ അഞ്ചാംസ്ഥാനത്ത് എത്തുമെന്നു പറയുന്നതിന്റെ അടിസ്ഥാനം. അല്ലാതെ ഉത്പാദനത്തിന്റെ അടിസ്ഥാനത്തിലല്ല. എന്നാല്‍ എണ്ണത്തിന്റെ കാര്യത്തിലും നമ്മള്‍ വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. പലപ്പോഴും നമ്മള്‍ പറയാറുണ്ട് ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ തൊഴില്‍ ചെയ്യുന്നതെന്നത്. അതിന്റെ കണക്ക് പരിശോധിച്ചാല്‍ നിരാശയാണ് അനുഭവപ്പെടുക. 130 കോടി ജനങ്ങളില്‍ മൂന്നോ നാലോ പേരാണ് അത്തരത്തിലുളള രംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്നത്. മറ്റ് രാജ്യങ്ങളുടെ കണക്കുകളെടുത്താല്‍ ആയിരക്കണക്കിനാളുകളാണ് വിദേശരാജ്യങ്ങളില്‍ ഉയര്‍ന്ന ഇടങ്ങളില്‍ തൊഴില്‍ ചെയ്യുന്നത്. ആ ഒരു കാഴ്ച്ചപ്പാടില്‍ നമ്മള്‍ കാര്യങ്ങളെ കാണുന്നില്ല.

ദോശ സാമ്പത്തികശാസ്ത്രം; സാമ്പത്തിക പരിഷ്കാരങ്ങളും വായ്പാധിഷ്ഠിത വളര്‍ച്ചയുടെ അപകടങ്ങളും

മാത്രമല്ല, മൊബൈല്‍ഫോണും ഇന്റര്‍നെറ്റും നമ്മള്‍ വളരെ കൂടുതല്‍ വാങ്ങിക്കൂട്ടുന്നുവെന്നത് ശരിതന്നെ, പക്ഷെ, അവ എത്രകണ്ട് സമ്പദ് രംഗത്ത് പ്രയോജനകരമാണെന്നത് അത്ര ശുഭകരമായ കണക്കുകള്‍ അല്ല നല്‍കുന്നത്. ചൈനയെ അപേക്ഷിച്ച് നമ്മള്‍ ഇ- കൊമേഴ്‌സില്‍ വളരെ പിന്നിലാണ്. ബാങ്കിങില്‍ പോലും നമ്മള്‍ മൊബൈല്‍ വേണ്ടെത്ര പ്രയോജനപ്പെടുത്തുന്നില്ല. പൊതുവെ ആശയവിനിമയ രംഗത്തെ സൗകര്യങ്ങള്‍ നമ്മള്‍ ഉപഭോഗം ചെയ്യുന്നത് സമ്പദ് രംഗത്ത് വലിയ ചലനം ഉണ്ടാക്കുന്നില്ലെന്ന് തന്നെ പറയാം. നമ്മുടെ രാഷ്ട്രീയ സമ്പദ് ഘടനയെ വേണ്ടത്ര ശക്തിപ്പെടുത്തുന്നതരത്തിലല്ല നമ്മള്‍ ആശയവിനിമയ രംഗത്തെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.

2017-18 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി 7.2 ശതമാനമായി വളരുമെന്ന് ലോക ബാങ്ക്

അവസാനമായി, മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്ന സ്ഥിതിവിവരകണക്കുകള്‍ എല്ലാം വിശ്വസിക്കാന്‍ പ്രയാസമാണെന്നതാണ് വസ്തുത. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കുപിന്നിലുളള കളളകളികളെ പറ്റി അറിയില്ല. എങ്കിലും, എല്ലാം പോസീറ്റീവ് ആയി മാത്രം കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് വലിയ വഞ്ചനയാണ്. പ്രതീക്ഷ നല്‍കുന്ന കണക്കുകള്‍ അവതരിപ്പിക്കുകയും യാഥാര്‍ത്ഥ്യം മറ്റൊന്നാവുകയും ചെയ്യുന്നു. ഒരു രാജ്യത്തിന്റെ കാര്യമല്ല, നമ്മള്‍ ഒരു കമ്പനിയുടെ കാര്യം മാത്രം എടുത്ത് പരിശോധിച്ചാല്‍ ആ വഞ്ചന ഉണ്ടാക്കുന്ന അപകടം മനസിലാക്കാനാകും. കണക്കുകള്‍ പെരുപ്പിച്ച് കാണിച്ച് കമ്പനി നല്ല നിലയില്‍ പോകുന്നുവെന്ന് പ്രചരിപ്പിച്ചാല്‍ ഒടുവില്‍ എന്തായിരിക്കും സ്ഥിതി. പരാജയങ്ങളെ മറികടന്ന് മുന്നോട്ട് പോകാന്‍ കഴിയാതെ ഒടുവില്‍ അത് പുട്ടേണ്ടി വരില്ലേ? സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ വസ്തുനിഷ്ടമായല്ല നമ്മുടെ മാധ്യമങ്ങള്‍ നല്‍കിവരുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ വായിച്ച് ഇന്ത്യ വളരുന്നുവെന്ന് കരുതുകയും ജനങ്ങളെ നേരില്‍ കണ്ട് കാര്യങ്ങള്‍ മനസിലാക്കുമ്പോള്‍ വലിയ പൊരുത്തുക്കേടുകള്‍ കാണുകയും ചെയ്യുന്നു. ഉദാഹരണത്തിന് നമ്മുടെ സര്‍വ്വകലാശാലയില്‍ നിന്നും പഠിച്ചിറങ്ങുന്നവരുടെ തൊഴില്‍ക്കാര്യം നോക്കാം. വലിയ തരത്തിലുളള തൊഴിലില്ലാഴ്മയാണ് രാജ്യം ഇപ്പോള്‍ നേരിടുന്നത്. ഈയിടെ ഒരു പഠനവുമായി രാജ്യത്തെ പലയിടങ്ങളിലും സഞ്ചരിക്കേണ്ടി വന്നപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. മാധ്യങ്ങളില്‍ കാണുന്ന രാജ്യമല്ല നേരില്‍ കണ്ടത്. ‘ആന കൊടുത്താലും ആശ കൊടുക്കരുത്’ എന്ന് പറയാനാണ് ഇത്തരം ശോഭനകരമാമായ ഭാവിപ്രവചന റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ പറയാന്‍ തോന്നുന്നത്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോ എ സ്ഖറിയയുമായി അഴിമുഖം പ്രതിനിധി എഎം യാസിര്‍ ഫോണില്‍ സംസാരിച്ച് തയ്യാറാക്കിയത്‌)

സാമ്പത്തിക പ്രതിസന്ധി: കരകയറാന്‍ ‘ഉത്തേജനം’ ഇല്ല; മോദിയുടെ ജനപിന്തുണ കുറയുന്നു

ജോ എ സ്കറിയ

ജോ എ സ്കറിയ

എക്കണോമിക് ടൈംസ് മുന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍