UPDATES

വിപണി/സാമ്പത്തികം

യുഎസ് സമ്മര്‍ദ്ദത്തിന് വഴങ്ങുന്നു: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിര്‍ത്താന്‍ ഇന്ത്യയുടെ ആലോചന

ഇറാനുമായുള്ള വ്യാപാര ബന്ധം പൂര്‍ണമായും ഉപേക്ഷിക്കാനാണ് ഇന്ത്യയോട് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം യുഎസ് ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും യുഎന്‍ ഉപരോധം മാത്രമാണ് ഇന്ത്യ പരിഗണിക്കുന്നതെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നവംബര്‍ മുതല്‍ കാര്യമായി കുറക്കാനോ അല്ലെങ്കില്‍ പൂര്‍ണമായും നിര്‍ത്താനോ ഇന്ത്യ ഒരുങ്ങുന്നു. ഇത്തരമൊരു സാഹചര്യത്തെക്കുറിച്ച് പെട്രോളിയം മന്ത്രാലയം റിഫൈനറികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനുമായുള്ള വ്യാപാര ബന്ധം പൂര്‍ണമായും ഉപേക്ഷിക്കാനാണ് ഇന്ത്യയോട് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. എണ്ണയ്ക്കായി ഇറാനെ ആശ്രയിക്കുന്നത് ഇന്ത്യ നിര്‍ത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെ ആവശ്യപ്പെട്ടത്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായി സംസാരിച്ചതിന് ശേഷമാണ് അവര്‍ മോദിയെ കണ്ടത്.

ഇന്നലെ പെട്രോളിയം മന്ത്രാലയം ഉദ്യോഗസ്ഥര്‍ റിഫൈനര്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇറാനില്‍ നിന്നുള്ള എണ്ണയ്ക്ക് പകരം വഴി കണ്ടെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഇറാന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയിരുന്നില്ല. അതേസമയം ഷിപ്പിംഗ്, ഇന്‍ഷുറന്‍സ്, ബാങ്കിംഗ് മേഖലയിലെ ബന്ധം മരവിച്ചിരുന്നു.
ആണവപരിപാടികള്‍ നിയന്ത്രിക്കാന്‍ ധാരണയായതിനെ തുടര്‍ന്ന് യുഎസ് അടക്കമുള്ള ആറ് രാജ്യങ്ങള്‍ ഇറാനുമായി ഒപ്പ് വച്ചിരുന്ന കരാറില്‍ നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറിയിരുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും ഉപരോധത്തിലേയ്ക്ക് നീങ്ങിയന്നത്. അതേസമയം യുഎസ് ഏകപക്ഷീയമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും യുഎന്‍ ഉപരോധം മാത്രമാണ് ഇന്ത്യ പരിഗണിക്കുന്നതെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

ഇറാനില്‍ നിന്നുള്ള എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനന്‍, മാംഗ്ലൂര്‍ റിഫൈനറീസ്, പെട്രോകെമിക്കല്‍സ് ലിമിറ്റഡ് ആന്‍ഡ് നയറ എനര്‍ജി എന്നീ മൂന്ന് കമ്പനികളാണ്. നവംബര്‍ മുതല്‍ എണ്ണ ഇറക്കുമതി നിര്‍ത്തുകയെന്ന് ഇന്ത്യയെ സംബന്ധിച്ച് അസാധ്യമായിരിക്കുമെന്ന് ഇറാനിയന്‍ പെട്രോളിയം ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് തസ്‌നീം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനിയന്‍ എണ്ണയ്ക്ക് പകരം സാധ്യതകള്‍ കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാണ്. എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ ഒപ്പെക് രാജ്യങ്ങളും റഷ്യയടക്കമുള്ള പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. ജൂലായ് മുതല്‍
പ്രതിദിനം 11 ബില്യണ്‍ ബാരല്‍ എണ്ണ അധികമായി ഉല്‍പ്പാദിപ്പിക്കാനാണ് ധാരണ. ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനായി ഇറാന്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു – സൗജന്യ ഷിപ്പിംഗും 60 ദിവസത്തെ ക്രെഡിഡ് പിരീഡും. ഇറാന് പകരം സൗദിയില്‍ നിന്നും കുവൈറ്റില്‍ നിന്നും എണ്ണ അധികം വാങ്ങാം. എന്നാല്‍ സാമ്പത്തികമായും ഇത് ലാഭകരമായിരിക്കണമെന്നും ചില ഉദ്യോഗസ്ഥര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍