UPDATES

വിപണി/സാമ്പത്തികം

ആര്‍ക്കും ആരേയും വിശ്വാസമില്ല, രാജ്യം സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലെന്ന് നീതി ആയോഗ്

സ്വകാര്യമേഖല മേഖല ലാഭം കൈയടക്കി വെക്കരുതെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

എഴുപത് വര്‍ഷത്തിനിടയില്‍ അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് സമ്മതിച്ച് നീതി ആയോഗ് വൈസ് ചെയര്‍മാന്‍. ഈ പ്രതിസന്ധി മറികടക്കുന്നതിന് അസാധാരണമായ നടപടികള്‍ ആവശ്യമാണ്. സര്‍ക്കാര്‍ ഈ പ്രശ്ം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് സര്‍ക്കാരുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാപനം തന്നെ രാജ്യം നേരിടുന്നത് സാമ്പത്തിക പ്രതിസന്ധിയാണെന്ന് സമ്മതിക്കുന്നത്.

70 വര്‍ഷവും നേരിടാത്ത സാമ്പത്തിക പ്രയാസമാണ് രാജ്യം നേരിടുന്നത്. ധനമേഖല മൊത്തം പ്രശ്‌നമാണ്. സര്‍ക്കാര്‍ ഈ പ്രശ്‌നം നേരിടാന്‍ എന്തെങ്കിലും ചെയ്യണം. സ്വകാര്യമേഖലയുടെ ആശങ്കകള്‍ പരിഹരിക്കാനുളള നടപടികള്‍ ഉടന്‍ സ്വീകരിക്കണം, നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു.

ധനമേഖലയിലാണ് പ്രശ്‌നമെന്ന കാര്യം സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ട്. പണലഭ്യത ഗുരുതരമായ പ്രശ്‌നമായി മാറിയിരിക്കയാണ്. ഇത് പൂര്‍ണ തകര്‍ച്ചയിലേക്കും കമ്പനികള്‍ പാപ്പരാകുന്ന അവസ്ഥയിലേക്കും നയിക്കാതിരിക്കാന്‍ നോക്കണമെന്നും അദ്ദേഹം പറഞ്ഞു
“ആര്‍ക്കും ആരെയും വിശ്വാസമില്ല. സര്‍ക്കാരിനെ സ്വകാര്യമേഖലയ്ക്ക് വിശ്വാസമില്ലെന്നത് മാത്രമല്ല, സ്വകാര്യമേഖലയ്ക്ക് തന്നെ സ്വയം വിശ്വാസമില്ല”, നീതി ആയോഗ്  വൈസ്  ചെയര്‍മാന്‍ പറഞ്ഞു. ആരും പണം ചിലവഴിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

വായ്പയിലൂണ്ടായ ക്രമാതീതമായ വളര്‍ച്ചയാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്രത്യേകിച്ചും 2004 മുതല്‍ 2011 വരെ 27 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 2009 മുതല്‍ 2014 വരെയുള്ള വായ്പാ ലഭ്യത കൂടിയതോടെ 2014-നുള്ള ശേഷമുള്ള നിഷ്‌ക്രിയ ആസ്തിയില്‍ വലിയ വര്‍ധനയുണ്ടാക്കി. നാല് വര്‍ഷം സര്‍ക്കാര്‍ എടുത്ത നടപടികള്‍ സമ്പദ് വ്യവസ്ഥയിലെ പണത്തിന്റെ അളവില്‍ കുറവു വരുത്തി. നോട്ടുനിരോധനം, ജിഎസ്ടി, എന്നിവ ഇതിന് കാരണമായി. ഇതെല്ലാം ചേര്‍ന്ന് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

“ഇതെല്ലാം തുടങ്ങിയത് നോട്ടു നിരോധനം, ജിഎസ്ടി, ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റസി കോഡ് മുതലായവയോടെയാണ്. നേരത്തെയുള്ള സമയത്ത് 35 ശതമാനം കാശ് വിനിമയത്തിനായി എപ്പോഴും ലഭ്യമായിരുന്നു. ഇപ്പോള്‍ അതില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഇതെല്ലം കൂടി ചേര്‍ന്ന് സങ്കീര്‍ണ്ണമായ ഒരു സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിന് പെട്ടെന്നൊരു മാര്‍ഗം കണ്ടെത്തുക എളുപ്പമല്ല”, രാജീവ് കുമാര്‍ പറഞ്ഞു.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നതിനുള്ള സൂചന കഴിഞ്ഞ കുറച്ചുമാസങ്ങളായി പുറത്തുവരുന്നുണ്ടായിരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തോതില്‍ 6.8 ശതമാനമായി മാറിയിരുന്നു. അതിനിടെയാണ് നീതി അയോഗ് തന്നെ ഇക്കാര്യം സമ്മതിച്ചിരിക്കുന്നത്.

ഓട്ടോമൊബൈല്‍ വ്യവസായത്തിലുണ്ടായ കടുത്ത പ്രതിസന്ധിയാണ് സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ ആദ്യം നല്‍കിയത്. മോട്ടോര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ കുറവുണ്ടായതിനെതുടര്‍ന്ന് ഉത്പാദനം കുറയ്ക്കുകയും നൂറുകണക്കിന് ഡീലര്‍മാര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി ഒമ്പത് മാസമാണ് മോട്ടോര്‍ വാഹന വിപണിയില്‍ മാന്ദ്യം അനുഭവപ്പെട്ടത്. മോട്ടോര്‍ വാഹന നിര്‍മ്മാതാക്കളും അനുബന്ധ ഉത്പാദകരുമായി ഇതിനകം മൂന്നര ലക്ഷത്തോളം ആളുകളെയാണ് മാന്ദ്യത്തെ തുടര്‍ന്ന് പിരിച്ചുവിട്ടതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് ഉത്പാദനം നിര്‍ത്തിവെയ്ക്കാനാണ് ടയോട്ട ബംഗുലൂരുവിലെ യൂണിറ്റിന് നല്‍കിയ താല്‍ക്കാലിക നിര്‍ദ്ദേശം.

Read Azhimukham: 59 പേര്‍ കൊല്ലപ്പെട്ട കവളപ്പാറയ്ക്ക് തൊട്ടടുത്ത് പ്രളയകാലത്ത് കരയിലടിഞ്ഞ മണ്ണും ചെളിയും ഉപയോഗിച്ച് തണ്ണീര്‍ത്തടം നികത്തി, മന്ത്രിയെ തടഞ്ഞ് പരാതിയുമായി ജനം, ഉടന്‍ നടപടി

മോട്ടോര്‍ വാഹന വിപണി മാത്രമല്ല, മറ്റ് മേഖലകളിലും പ്രതിസന്ധി രൂക്ഷമാണ്. വില്‍പന കുറഞ്ഞതിനെ തുടര്‍ന്ന് ഉത്പാദനം കുറയ്‌ക്കേണ്ടിവന്ന പാര്‍ലെ 10,000 പേരെ പിരിച്ചുവിട്ടിരുന്നു.
റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയെ കുറിച്ച് പഠിക്കുന്ന ലയാസസ് ഫോറാസ് നടത്തിയ പഠനത്തില്‍ വിറ്റുപോകാത്ത കെട്ടിടങ്ങളുടെ എണ്ണത്തില്‍ സമീപകാലത്ത് വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി മറ്റ് ഉത്പാദന മേഖലകളിലേക്കും ബാധിക്കുകയാണ്.

സര്‍ക്കാര്‍ ഉടന്‍ ഇടപെട്ടില്ലെങ്കില്‍ പ്രശ്നമാകുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ടീ അസോസിയേഷനും തുണി നെയ്ത്ത് വ്യാപാര മേഖലയിലെ സംഘടനയും കഴിഞ്ഞ ദിവസം മുഴുപ്പേജ് പരസ്യമാണ് പത്രങ്ങളില്‍ നല്‍കിയത്. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടാന്‍ പോകുന്നത് എന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും സര്‍ക്കാരിനെതിരെ വിമര്‍ശനം പല മേഖലയില്‍ ഉയരുകയും ചെയതതിനെ തുടര്‍ന്ന് സ്വകാര്യമേഖലയ്‌ക്കെതിരെ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ. സുബ്രഹ്മണ്യന്‍ രംഗത്തു വന്നിരുന്നു. കാഴ്ചപാടുകളില്‍ സ്വകാര്യ മേഖല മാറ്റം വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലാഭം സ്വകാര്യമായി അനുഭവിക്കാനും നഷ്ടത്തെ സാമൂഹ്യവത്ക്കരിക്കാനുമാണ് സ്വകാര്യമേഖല ശ്രമിക്കുന്നതെന്നാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യയുടെ ഉദാരവത്ക്കരണം നടപ്പിലാക്കിയിട്ട് മുപ്പത് വര്‍ഷങ്ങളായി. അതിന്റെ ഗുണഭോക്താവ് സ്വകാര്യമേഖലയാണ്. ഇത്രയും പ്രായമായ സ്വകാര്യമേഖലയ്ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രയാസം മറികടക്കാന്‍ നിക്ഷേപം വര്‍ധിപ്പിക്കുക മാത്രമാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധി രണ്ട് മൂന്ന് വര്‍ഷമായി ഉടലെടുത്തതാണെന്നതിന്റെ സൂചനകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ നോട്ടു നിരോധനത്തിന് ശേഷം കമ്പനികള്‍ പുതുതായി നിക്ഷേപം നടത്തുന്നതില്‍ വലിയ കുറവു വന്നതായി കണ്ടെത്തിയിരുന്നു. ഈ പ്രവണത ആരംഭിച്ചത് നോട്ടുനിരോധനത്തിന് ശേഷമാണെന്നായിരുന്നു കമ്പനികള്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പഠനത്തില്‍ പറയുന്നത്.

സാമ്പത്തിക പ്രയാസത്തില്‍നിന്ന് മറികടക്കാന്‍ സര്‍ക്കാര്‍ ഉത്തേജക പരിപാടികള്‍ പ്രഖ്യാപിക്കണമെന്നാണ് സ്വകാര്യമേഖലയുടെ ആവശ്യം. ഈ ആവശ്യം മുന്‍നിര്‍ത്തി ബിസിനസ് പ്രതിനിധികള്‍ ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ടിരുന്നു. ഒരു ലക്ഷം കോടി രൂപയുടെ ഉത്തേജക പരിപാടി നടപ്പിലാക്കണമെന്നതാണ് വ്യവസായ സംഘടനയായ അസോച്ചമിന്റെ ആവശ്യം. എന്നാല്‍ മൂലധന ചെലവില്‍ കുറവു വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഈ വര്‍ഷം തുടങ്ങിയത്. 2019 ജൂണിലവസനിച്ച പാദത്തില്‍ മൂലധന ചെലവില്‍ 30 ശതമാനത്തിന്റെ കുറവാണുണ്ടായത്.

സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി സര്‍ക്കാര്‍ ഇതേക്കുറിച്ച് പ്രതികരിക്കുമെന്നാണ് കരുതുന്നത്. സ്വകാര്യ നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയാണോ, അതോ സമ്പദ് വ്യവസ്ഥയില്‍ പണ ലഭ്യത വര്‍ധിപ്പിക്കാനുള്ള ശ്രമമാണോ സര്‍ക്കാര്‍ നടത്തുകയെന്ന് വ്യക്തമല്ല.

Also Read: 70 വര്‍ഷത്തിനിടെ രാജ്യം അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധിയാണിപ്പോള്‍ – നീതി ആയോഗ് വൈസ് ചെയര്‍മാന്‍ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍