UPDATES

ഫൈനാൻസ്

വിപണിയില്‍ ഡിമാന്‍ഡ് ഇല്ല; സാമ്പത്തിക പ്രയാസങ്ങള്‍ രൂക്ഷമാകുമെന്ന് റിസര്‍വ് ബാങ്ക്; കാര്‍ഷിക ഉത്പാദനം കുറയുമെന്നും റിപ്പോര്‍ട്ട്

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസമാണ് റിസര്‍വ് ബാങ്ക് തങ്ങളുടെ കരുതല്‍ ധനത്തില്‍ നിന്ന് 1.74 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്.

രാജ്യത്തെ സമ്പദ് വ്യവസ്ഥയിലെ വിവിധ മേഖലകള്‍ ഘടനപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് സൂചിപ്പിച്ച് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. സമ്പദ് വ്യവസ്ഥയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ചാക്രിക പ്രതിസന്ധിയിലേക്ക് നീങ്ങാമെന്നും റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

കമ്പോളത്തില്‍ ഡിമാന്റ് ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സമ്പദ് വ്യവസ്ഥയുടെ മുന്നോട്ടുളള പോക്കിനെയും വളര്‍ച്ചയേയും തടയുന്നു. ഇതിനെ തടയാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് നിര്‍ദ്ദേശിക്കുന്ന റിസര്‍വ് ബാങ്ക്, സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കേണ്ടതും പ്രതിസന്ധി മറികടക്കാന്‍ ആവശ്യമാണെന്ന് നിര്‍ദ്ദേശിക്കുന്നു.

സമ്പദ് വ്യവസ്ഥയിലെ വിവിധ മേഖലകളില്‍ ഘടനാപരമായ പ്രശ്‌നങ്ങളുണ്ട്.  നിര്‍മ്മാണം, വ്യാപാരം, ഗതാഗതം, വിനിമയം, കൃഷി തുടങ്ങിയ മേഖലകളിലാണ് പ്രതിസന്ധി കൂടുതല്‍ ബാധിച്ചിട്ടുള്ളത്.

ഫാക്ടറി ഉത്പാദന മേഖലയിലെ വളര്‍ച്ചാനിരക്ക് നാല് ശതമാനമായി ചുരുങ്ങിയത് തൊഴില്‍ ലഭ്യതയിലടക്കം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍ സമ്പദ് വ്യവസ്ഥയിലെ വിവിധ മേഖലകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കാവുന്ന ചാക്രിക ചലനങ്ങളുടെ ഭാഗമാണ്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് വളര്‍ച്ചയിലേക്കും പിന്നീട് കുതിപ്പിലേക്ക് നീങ്ങുകയും അതുപോലെ തിരിച്ചും സംഭവിക്കുന്ന മുതലാളിത്ത വികസനത്തിലെ പ്രശ്‌നങ്ങളെയാണ് ചാക്രികത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് നേരിടാന്‍ പ്രതിരോധ നടപടികളാണ് ആവശ്യം. പ്രധാനമായും സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുകയും സമ്പദ് വ്യവസ്ഥയില്‍ ഡിമാന്റ് വര്‍ധിപ്പിക്കുന്നതിനുമുള്ള നടപടികളാണ് ആവശ്യം. എന്നാല്‍ സമ്പദ് വ്യവസ്ഥയിലെ മറ്റ് ചില മേഖലകളില്‍ ഘടനപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ശക്തമായ  പരിഷ്‌ക്കാര പദ്ധതികളാണ് ആവശ്യമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നു.

വിവിധ മേഖലകളില്‍ പ്രതിസന്ധിയുണ്ടാകാനുള്ള ഒരു കാരണം കാര്‍ഷിക മേഖലയിലെ ഉത്പാദന തകര്‍ച്ചയാണെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തുന്നു. ഇത് കൂടുതല്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് റിസര്‍വ് ബാങ്ക് ആശങ്കപ്പെടുന്നത്.

അതിനിടെ സമ്പദ് വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടി കാര്‍ഷിക ഉത്പാദനത്തില്‍  വീണ്ടും കുറവുണ്ടാകുമെന്ന് സൂചന. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട രണ്ട് ക്രെഡിറ്റ് ഏജന്‍സികളാണ് ഖാരിഫ് ഉത്പാദനത്തില്‍ കുറവുണ്ടാകുമെന്ന സൂചന നല്‍കിയത്. മണ്‍സൂണ്‍ കാലത്തെ വിളവെടുപ്പാണ് ഖാരിഫ്. കാര്‍ഷിക ഉത്പാദനത്തിലെ കുറവാണ് ഗ്രാമീണ മേഖലയിലെ പണലഭ്യത ഇതിനകം കുറയാന്‍ കാരണം. ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിപണനത്തില്‍ ഇത് വലിയ കുറവുണ്ടാക്കിയിരുന്നു. പുതിയ സൂചനകള്‍ അനുസരിച്ച് കാര്‍ഷിക ഉത്പാദനം കുറയുകയാണെങ്കില്‍ ഗ്രാമീണ മേഖലയില്‍ പണത്തിന്റെ ലഭ്യതയില്‍ വീണ്ടും കുറവുണ്ടാക്കുന്നത് ഗുരുതരമായ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് സൂചന.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസമാണ് റിസര്‍വ് ബാങ്ക് തങ്ങളുടെ കരുതല്‍ ധനത്തില്‍ നിന്ന് 1.74 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. ഈ പണം സാമ്പത്തിക ഉത്തേജക പരിപാടിക്ക് ഉപയോഗിക്കുമോ എന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ബാങ്കുകളുടെ വായ്പ ശേഷി വര്‍ധിപ്പിക്കാനും, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് ജിഎസ്ടിയില്‍നിന്ന് പണം കൊടുക്കാനും നേരത്തെ ധനമന്ത്രാലയം തീരുമാനിച്ചിരുന്നു.

എന്നാല്‍ റിസര്‍വ് ബാങ്കിന്റെ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത് സമ്പദ് വ്യവസ്ഥയില്‍ ഡിമാന്റില്ലാത്ത പ്രശ്‌നമാണ് കൂടുതല്‍ ബാധിക്കുന്നതെന്നാണ്. ഇതിന് സഹായകരമായ നടപടികള്‍ സര്‍ക്കാര്‍ ഇപ്പോള്‍ ലഭിച്ച തുക ഉപയോഗിച്ച് നടത്തുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

ബജറ്റില്‍ പ്രഖ്യാപിച്ച വായ്പകള്‍ റദ്ദാക്കി, റിസര്‍വ് ബാങ്കില്‍നിന്ന് ലഭിച്ച തുക ഉപയോഗിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. അങ്ങനെയെങ്കില്‍ സര്‍ക്കാരിന് ധനകമ്മി നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയും. എന്നാല്‍ അത് ഉത്തേജക പരിപാടിയുടെ ഗുണം സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കില്ലെന്നാണ് സാമ്പത്തിക വിദ്ഗദര്‍ പറയുന്നത്. റിസര്‍വ് ബാങ്കിന്റെ കൂടി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Azhimukham Long Read: ഭൂദാനം, മുത്തപ്പന്‍കുന്ന്, കവളപ്പാറ, നിലമ്പൂര്‍…, ക്വാറി മാഫിയയും ജനങ്ങളും സര്‍ക്കാരും ഉള്‍പ്പെടെ കേരളം അടിയന്തരമായി കേള്‍ക്കേണ്ട കാര്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍