UPDATES

വിപണി/സാമ്പത്തികം

പിണറായി വിജയനും രാഹുല്‍ ഗാന്ധിക്കും പ്രിയങ്കരനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റി ആരാണ്?

ആധുനിക മാര്‍ക്‌സാണോ പിക്കറ്റി?

തോമസ് പിക്കറ്റി എന്ന് ഫ്രഞ്ച് സാമ്പത്തിക വിദഗ്ദന്‍ സമീപകാലത്ത് ഇന്ത്യയില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന/നില്‍ക്കുന്ന ഒരു ചിന്തകനാണ്. കോണ്‍ഗ്രസ് അടിസ്ഥാന വരുമാന പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ അതിന് ഉപദേശം നല്‍കിയ വിദഗ്ദന്‍ രീതിയിലാണ് ഈയടുത്ത് അദ്ദേഹം വാര്‍ത്തകളില്‍ വന്നത്. പിന്നീട് ഇപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന വിദേശ സന്ദര്‍ശന വേളയില്‍ പിക്കറ്റിയുമായി ചര്‍ച്ച നടത്തിയപ്പോഴാണ് അദ്ദേഹം വീണ്ടും കേരളത്തിലെ മാധ്യമങ്ങളില്‍ സജീവമായത്. കേരളത്തിന്റെ വികസനാനുഭവങ്ങള്‍ പഠിക്കാന്‍ സംസ്ഥാനം സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം പിക്കറ്റി സ്വീകരിക്കുകയും ചെയ്തു. ഒരു ലിബറല്‍ സെന്റട്രിസ്റ്റ് പാര്‍ട്ടിക്കും ഒരു മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഒരേ പോലെ അടുപ്പം തോന്നുന്ന ഈ സാമ്പത്തിക വിദഗ്ദന്‍ ആരാണ്? ഇദ്ദേഹം ഒരു മാര്‍ക്‌സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞനാണോ? ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയരുന്നുണ്ട്.

ഇതില്‍ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം അദ്ദേഹം ഒരു മാര്‍ക്‌സിസ്റ്റ് അല്ല എന്ന് തന്നെയാണ്. അത് പിക്കറ്റി തന്നെ പറഞ്ഞ കാര്യമാണ്. മാര്‍ക്‌സിസ്റ്റാകുന്നത് പോകട്ടെ, കാള്‍ മാര്‍കിസിന്റെ പ്രാമാണിക ഗ്രന്ഥമായ ദാസ് ക്യാപിറ്റല്‍ താന്‍ വായിച്ചുപോലും നോക്കിയിട്ടിലെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം കമ്മ്യൂണിസ്റ്റ് മാനിഫാസ്റ്റോ മാത്രമെ വായിച്ചിട്ടുള്ളുവെത്ര. മാര്‍ക്‌സ് തന്നില്‍ ഒരു പ്രഭാവവും ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പക്ഷെ കേരളത്തില്‍ മാത്രമല്ല, ലോകത്തെമ്പാടും തോമസ് പിക്കറ്റിയെ മാര്‍ക്‌സുമായി ബന്ധപ്പെടുത്തിയാണ് ചര്‍ച്ചകള്‍ നടന്നത്. അതിന് കാരണം അദ്ദേഹത്തെ പ്രശസ്തനാക്കിയ Capital in the Twenty First Century എന്ന വിഖ്യാത ഗ്രന്ഥമാണ്. ഈ പുസ്തത്തിലെ ക്യാപിറ്റല്‍ എന്ന പ്രയോഗത്തെ മാര്‍ക്‌സ്, ക്യാപിറ്റല്‍ എന്ന് വിളിച്ചതുമായി ചേര്‍ത്ത് നിര്‍ത്തി വ്യാഖ്യാനിക്കുകയോ മനസ്സിലാക്കുകയോ ആണ് പലരും ചെയ്തത്. ഈ പുസ്തകം ഇംഗ്ലീഷില്‍ ഇറങ്ങിയപ്പോള്‍ ഇക്കണോമിസറ്റ് വാരികയില്‍ പിക്കറ്റിയെ കുറിച്ചുള്ള ലേഖനത്തിന്റെ പേര് തന്നെ മോഡേണ്‍ മാര്‍ക്‌സ് എന്നായിരുന്നു.

പക്ഷേ, സാമ്യം അവിടെ അവസാനിക്കുന്നുവെന്ന് വേണം കരുതാന്‍. കാരണം മാര്‍ക്‌സിന്റെ ക്യാപിറ്റല്‍ അല്ല, പിക്കറ്റിയുടെ ക്യാപിറ്റല്‍.

Also Read: ക്യാപിറ്റല്‍ ഇന്‍ ദ ട്വന്റിഫസ്റ്റ് സെഞ്ച്വറി – ഒരു വായന

പിക്കറ്റിയെ സംബന്ധിച്ചിടത്തോളം ക്യാപിറ്റല്‍ എന്നത് സമ്പത്താണ്. സമ്പത്തിന്റെ കുന്നൂകൂടലിനെക്കുറിച്ചാണ് അദ്ദേഹം അന്വേഷിച്ചത്. മാര്‍ക്‌സിനെ സംബന്ധിച്ചിടത്തോളം ക്യാപിറ്റല്‍ എന്നത് വളരെ വ്യത്യസ്തമായ, കൂടുതല്‍ സമഗ്രതയുള്ള ഒരു കാര്യമായിരുന്നു. അത് ഉത്പാദനബന്ധങ്ങളുമായും സാമൂഹ്യബന്ധങ്ങളുമായും ഒക്കെ ബന്ധപ്പെടുന്ന, സ്വാധീനിക്കുന്ന ഒരു സംഗതിയാണെന്ന് ചുരുക്കത്തില്‍ പറയാം. അതായത് മാര്‍ക്‌സിനെ സംബന്ധിച്ച് ക്യാപിറ്റല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തിയുടെ സമ്പന്നതയുടെ കാര്യം മാത്രമല്ല. എന്നാല്‍ തന്റെ പതിറ്റാണ്ടിലെറെ നീണ്ടുനിന്ന ഗവേഷണത്തിലൂടെ തോമസ് പിക്കറ്റി അന്വേഷിച്ചത് വ്യവസായിക വിപ്ലവത്തിന് ശേഷമുള്ള ലോകത്തെ അസമത്വത്തെ കുറിച്ചാണ്. സമ്പത്തിന്റെ വിതരണത്തെ കുറിച്ചാണ്. പ്രത്യേകിച്ചും യുറോപ്പിലും അമേരിക്കയിലെയും കാര്യമാണ് അദ്ദേഹം തന്റെ ഗവേഷണത്തിന് ഉപയോഗിച്ചത്. പിക്കറ്റിയുടെ പഠനത്തില്‍ കണ്ടെത്തിയ കാര്യം സാമ്പത്തിക അസമത്വത്തിലും സമ്പത്തിന്റെ സമാഹരണത്തിലും 1914 മുതല്‍ 1970 വരെയുള്ള കാലത്ത് വലിയ കുറവുണ്ടായി എന്നതാണ്. എന്നാല്‍ അതിന് ശേഷം അസമത്വം വലിയ രീതിയില്‍ വര്‍ധിക്കുകയുണ്ടായി എന്നാണ് അദ്ദേഹം പറയുന്നത്. 20-ആം നൂറ്റാണ്ടിന് മുമ്പുള്ള അവസ്ഥയിലേക്ക് അസമത്വം എത്തിയെന്നാണ് അദ്ദേഹത്തിന്റെ ഗവേഷണത്തില്‍ കണ്ടെത്തിയത്. കൂടുതല്‍ സമ്പത്തുള്ളവരില്‍നിന്ന് വലിയ തോതില്‍ നികുതി പിരിച്ചുകൊണ്ട് സാമ്പത്തിക അസമത്വത്തെ നിയന്ത്രിക്കണമെന്നതാണ് പിക്കറ്റി മുന്നോട്ടുവയ്ക്കുന്ന ഉപാധി. ഇപ്പോള്‍ മുതലാളിത്ത രാജ്യങ്ങളില്‍ ( ഇന്ത്യയുള്‍പ്പെടെ) നിലനില്‍ക്കുന്ന വിപണി കേന്ദ്രീകൃത സമ്പദ് വ്യവസ്ഥകള്‍ അസമത്വം വര്‍ധിപ്പിക്കുക മാത്രമെ ചെയ്യുവെന്നും അദ്ദേഹം പറയുന്നു.

ഇതാണ് പിക്കറ്റിയുടെ പ്രധാന തിയറികള്‍. അദ്ദേഹം മാര്‍ക്‌സിനെ പോലെ മുതലാളിത്തത്തെ മറികടന്ന് മുന്നോട്ടുപോകാനുള്ള നിര്‍ദ്ദേശങ്ങളും സിദ്ധാന്തങ്ങളുമല്ല മുന്നോട്ടുവെച്ചത്.
മുന്നോട്ട് വെയ്ക്കപ്പെട്ട സാമ്പത്തിക സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ നവ കെയ്നിഷ്യന്‍ സാമ്പത്തിക ശാസ്ത്രകാരന്മാരുടെ കൂട്ടത്തിലാണ് പലരും കാണുന്നത്. 1930-കളില്‍ സാമ്പത്തിക മാന്ദ്യത്തില്‍പ്പെട്ട മുതലാളിത്തതിന് മുന്നോട്ടുപോകാനുളള വഴി കാണിച്ചുകൊടുത്ത ജോണ്‍ മെയ്‌നാഡ് കെയ്ന്‍സ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ പിന്‍മുറക്കാര്‍ എന്ന രീതിയിലാണ് നിയോ കെയ്‌നീഷ്യന്‍സ് അറിയപ്പെടുന്നത്. സ്വതന്ത്രവിപണിയെ അവര്‍ അംഗീകരിക്കുന്നില്ല. ഊഹക്കച്ചവടത്തിലധിഷ്ഠിതമായ സാമ്പത്തിക പരിപാടിയിലും അവര്‍ക്ക് വിശ്വാസമില്ല. ഭരണകൂടത്തിന്റെ സക്രിയമായ ഇടപെടലുകളിലൂടെ മുന്നോട്ടുപോകണമെന്നാണ് ഇവരുടെ സിദ്ധാന്തങ്ങളുടെ കാതല്‍. 60-കളോടെ മുതലാളിത്തത്തിനുണ്ടായ ചില പ്രതിസന്ധികളെ തുടര്‍ന്നാണ് കെയ്‌നീഷ്യന്‍ പദ്ധതികള്‍ക്ക് തീരിച്ചടി ഏറ്റതും വിപണി മുതലാളിത്തം കൂടുതല്‍ ശക്തിപ്പെട്ടതും. എന്നാല്‍ 2008-ലെ മുതലാളിത്ത പ്രതിസന്ധിയോടെ മാര്‍കസിസ്റ്റ് ചിന്തകളെ പോലെ കെയ്‌നീഷ്യന്‍ സാമ്പത്തിക ശാസ്ത്ര നിലപാടുകളും വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങി. ഇതിന്റെ ഒരു ഘട്ടത്തിലാണ് തോമസ് പിക്കറ്റിയുടെ വിഖ്യാത ഗ്രന്ഥം 2013-ല്‍ പുറത്തിറങ്ങുന്നത്.

Also Read: സാമ്പത്തിക വളര്‍ച്ചയുടെ കേരള മാതൃക പഠന വിധേയമാക്കണം; മുഖ്യമന്ത്രിയോട് സന്നദ്ധത പ്രകടിപ്പിച്ച് ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റി

നവഉദാരവല്‍ക്കരണത്തെ വരിച്ച കോണ്‍ഗ്രസ് പിക്കറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ചെവി കൊടുക്കുന്നെങ്കില്‍ അവര്‍ ആ നയപരിപാടികളില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്നതിന് തുല്യമാണ്. 2012 മുതലുണ്ടായ തെറ്റായ സാമ്പത്തിക പരിപാടികള്‍ യുപിഎയ്ക്ക് തിരിച്ചടിയായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ അടുത്തിടെ പറയുകയും ചെയ്തിരുന്നു. തോമസ് പിക്കറ്റി യുടെ കൂടി നിര്‍ദ്ദേശത്താല്‍ തയ്യാറാക്കിയെന്ന് പറയുന്ന അടിസ്ഥാന വരുമാന പദ്ധതി മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തുക വഴി, കോണ്‍ഗ്രസ് തന്നെ തുടക്കമിട്ട നിയോ ലിബറലിസത്തെക്കുറിച്ച് ആ പാര്‍ട്ടിക്ക് തന്നെ സംശയങ്ങള്‍ ഉണ്ടായെന്ന് വേണം കണക്കാക്കാന്‍.

അതേസമയം, സിപിഎമ്മിന് തോമസ് പിക്കറ്റി ഒരു ‘സ്വാഭാവിക സഖ്യകക്ഷി’യാണ്. മാര്‍ക്‌സിസ്റ്റല്ലെങ്കിലും  മുതലാളിത്തത്തെ മെരുക്കാനുള്ള പദ്ധതികളാണ് പിക്കറ്റിയുടെ ഇഷ്ടവിഷയം. സംസ്ഥാനത്ത് പരിമിതമായ അധികാരത്തിനുള്ളില്‍ അതെങ്ങെനെ ചെയ്യാമെന്നാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്. തോമസ് പിക്കറ്റി ഇവര്‍ക്കെല്ലാം പ്രിയങ്കരനാവുന്നത് ഇതുകൊണ്ടാണ്.

Also Read: ഇന്ത്യയില്‍ ചരിത്രത്തിലേറ്റവും വലിയ സാമ്പത്തിക അസമത്വം -വേള്‍ഡ് ഇനീക്വാലിറ്റി ലാബിന്റെ റിപ്പോര്‍ട്ട്

Also Read: മ്യൂച്വല്‍ ഫണ്ടിന്റെ ഇരുണ്ട മുഖം

Also Read: 93 ശതമാനം കള്ളപ്പണം സംരക്ഷിച്ച ശേഷം വെറും ഏഴ് ശതമാനത്തിന്റെ പിന്നാലെ പാഞ്ഞിട്ട് കിട്ടിയതോ?

എന്‍ കെ ഭൂപേഷ്

എന്‍ കെ ഭൂപേഷ്

കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍