UPDATES

വിപണി/സാമ്പത്തികം

അച്ഛാ ദിന്‍ ഇങ്ങനെയും; ഉന്നത വിദ്യാഭ്യാസമുള്ളവരുടെ ഇടയിലെ തൊഴിലില്ലായ്മ നിരക്ക് 16%; കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പതനം

യുവാക്കള്‍ക്കിടയിലും ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവര്‍ക്കിടയിലുമുള്ള തൊഴിലില്ലായ്മയുടെ നിരക്ക് 16 ശതമാനത്തില്‍ എത്തി. 20 വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയുണ്ടായെങ്കിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്ന് പഠനം. നിലവില്‍ ജിഡിപിയില്‍ 10 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തുമ്പോള്‍ തൊഴില്‍ മേഖലയില്‍ ഒരു ശതമാനത്തില്‍ താഴെയാണ് വളര്‍ച്ച. അതുകൊണ്ട് തൊഴില്‍രഹിത സാമ്പത്തിക വളര്‍ച്ചയാണ് നിലവില്‍ ഇന്ത്യയില്‍ ഉള്ളതെന്ന് അസിം പ്രേംജി സര്‍വകലാശാല കഴിഞ്ഞ ദിവസം (25-09-2108) പുറത്തുവിട്ട പഠനത്തില്‍ പറയുന്നുവെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവാക്കള്‍ക്കിടയിലും ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവര്‍ക്കിടയിലുമുള്ള തൊഴിലില്ലായ്മയുടെ നിരക്ക് 16 ശതമാനത്തില്‍ എത്തിയിരിക്കുന്നുവെന്നും, കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും കുറഞ്ഞ തൊഴില്‍ നിരക്കാണിതെന്നും ‘ഇന്ത്യയിലെ തൊഴിലിന്റെ അവസ്ഥ’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. വടക്കന്‍ സംസ്ഥാനങ്ങളിലാണ് ഈ പ്രവണത കൂടുതല്‍ കാണുന്നത്. ഗവേഷകര്‍, നയങ്ങള്‍ രൂപീകരിക്കുന്നവര്‍, ജേണലിസ്റ്റുകള്‍, സിവില്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍നിന്ന് ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ക്കിടയില്‍ സംഘടിത ഉല്‍പ്പാദനമേഖലയിലെ തൊഴിലാളികളുടെ ഉത്പാദനദനക്ഷമത ആറു മടങ്ങ് വര്‍ദ്ധിച്ചപ്പോള്‍ അവരുടെ വേതനം വെറും 1.5 മടങ്ങ് മാത്രമാണ് വര്‍ദ്ധിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളേക്കാള്‍ തൊഴിലുടമകള്‍ക്കാണ് ഇതുകൊണ്ട് നേട്ടമുണ്ടായിരിക്കുന്നത്. സേവനമേഖലയില്‍ 16 ശതമാനം സ്ത്രീകള്‍ മാത്രമാണ് ജോലി ചെയ്യുന്നത്, എന്നാല്‍ 60 ശതമാനം സ്ത്രീകളാണ് വീട്ടു ജോലിചെയ്യുന്നത്. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കും. യുപിയിലെ 100 പുരുഷന്‍മാര്‍ ജോലിചെയ്യുമ്പോള്‍ 20 സ്ത്രീകള്‍ക്കു മാത്രമാണ് ജോലി ലഭിക്കുന്നത്. തമിഴ്‌നാട്ടില്‍ സ്ത്രീ തൊഴില്‍ അനുപാതം 50-ഉം വടക്ക് കിഴക്കന്‍ മേഖലയില്‍ 70-ഉം ആണ്. എന്നിരുന്നാലും ലിംഗപരമായി നോക്കുമ്പോള്‍ വരുമാനത്തിലെ വിടവ് കാലാകാലങ്ങളായി കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദശാബ്ദത്തില്‍ നിര്‍മ്മാണ മേഖലയില്‍ കാര്യമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ടെങ്കിലും അതിനനുസൃതമായി അദ്ധ്വാനവും അനിശ്ചിതത്വവും വര്‍ദ്ധിച്ചിട്ടുണ്ട്. ”സ്ഥിരം തൊഴിലാളികള്‍ക്ക് പകരം വിവിധ രൂപത്തിലുള്ള കരാര്‍ ജീവനക്കാരെയും ട്രെയിനികളേയും ഉപയോഗിച്ച് അതേ ജോലി കുറഞ്ഞ വേതന നിരക്കില്‍ ചെയ്യിക്കാന്‍ തുടങ്ങി”യെന്ന് പഠനം വിശദീകരിക്കുന്നു.

ഐടി, ആധുനിക റീട്ടെയില്‍ മേഖലകളിലെ തൊഴിലവസരങ്ങള്‍ 2011-ല്‍ 11.5 ശതമാനമായിരുന്നത് 2015-ല്‍ 15 ശതമാനമായി ഉയര്‍ന്നു. എന്നാല്‍, സേവനമേഖലയില്‍ ജോലി ചെയ്യുന്നവരില്‍ 50%-ത്തില്‍ കൂടുതല്‍ പേരും ഇപ്പോഴും ചെറുകിട വ്യാപാരം, ആഭ്യന്തരസേവനങ്ങള്‍, മറ്റ് അനൗപചാരിക മേഖലകള്‍ തുടങ്ങിയവയില്‍തന്നെ പരിമിതപ്പെടുകയാണ്. കഴിഞ്ഞ ദശകത്തില്‍ വേതന വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത മിനിമം ശമ്പള നിരക്കിനേക്കാള്‍ കുറവാണ്.

എംജിഎന്‍ആര്‍ഇജിഎ സ്‌കീമിന് അനുസൃതമായി സര്‍ക്കാര്‍ തൊഴില്‍ ഉറപ്പാക്കുന്നത്‌പോലെ മറ്റ് മേഖലകളിലും തൊഴില്‍ ലഭ്യത ഉറപ്പുവരുത്തണമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. നൈപുണ്യ വികസനം, വേതന സബ്‌സിഡികള്‍ നല്‍കല്‍ തുടങ്ങി തൊഴിലാളികള്‍ക്ക് പ്രചോദനം നല്‍കുന്ന തരത്തിലുള്ള ഒരു വ്യാവസായിക നയം ഉടന്‍ കൊണ്ടുവരണമെന്നും അവര്‍ ഊന്നിപ്പറയുന്നുണ്ട്. വളരെ കുറഞ്ഞ വരുമാനം മാത്രം ലഭിക്കുന്ന കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അടിയന്തര ശ്രദ്ധ ശ്രമങ്ങള്‍ ഉണ്ടാവണമെന്ന നിര്‍ദ്ദേശവും അവര്‍ മുന്നോട്ടു വക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍