UPDATES

വിപണി/സാമ്പത്തികം

ക്രമക്കേടുകള്‍, വായ്‌പാ തട്ടിപ്പ്, കിട്ടാക്കടം – അടുത്ത വര്‍ഷം എല്ലാം ശരിയാക്കിയിരിക്കുമെന്ന്‌ ബാങ്ക് മേധാവികള്‍ പാര്‍ലമെന്ററി കമ്മിറ്റിയോട്

ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനം നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും വിലയിരുത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു യോഗം വിളിച്ചുചേര്‍ത്തത്. വായ്പയെടുത്ത ശേഷം മുങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള സമിതി ഇക്കാര്യത്തില്‍ ബാങ്കുകള്‍ സ്വീകരിച്ചിട്ടുള്ള പരിഹാര നടപടികള്‍ ആരാഞ്ഞു.

ബാങ്കിംഗ് മേഖലയില്‍ വര്‍ധിച്ചുവരുന്ന കിട്ടാക്കടം, ക്രമക്കേടുകള്‍ തുടങ്ങിയവയെക്കുറിച്ച് വിശദീകരിക്കാനായി 11 പൊതുമേഖല ബാങ്കുകളുടെ മേധാവികള്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരായി. അടുത്ത വര്‍ഷം മുതല്‍ കാര്യങ്ങളെല്ലാം ശരിയായിത്തുടങ്ങുമെന്ന് അവര്‍ കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്ലി അധ്യക്ഷനായുള്ള ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്നില്‍ അവകാശപ്പെട്ടു. ഐഡിബിഐ ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യൂക്കോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ദേന ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയുടെ മേധാവികളാണ് കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരായത്.

ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനം നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും വിലയിരുത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു യോഗം വിളിച്ചുചേര്‍ത്തത്. വായ്പയെടുത്ത ശേഷം മുങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ നേരത്തേ ആശങ്ക പ്രകടിപ്പിച്ചിട്ടുള്ള സമിതി ഇക്കാര്യത്തില്‍ ബാങ്കുകള്‍ സ്വീകരിച്ചിട്ടുള്ള പരിഹാര നടപടികള്‍ ആരാഞ്ഞു. ബാങ്കുകളിലെ മുതിര്‍ന്ന പ്രതിനിധികള്‍ കമ്മിറ്റിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി. വായ്പ അനുവദിക്കാന്‍ കഴിയാത്തതിനാല്‍ ബാങ്കുകള്‍ നേരിടുന്ന സ്തംഭനാവസ്ഥയും തുടര്‍ന്ന് ബാങ്കുകളുടെ വരുമാനത്തില്‍ വരുന്ന ഗണ്യമായ ഇടിവും സമിതിയില്‍ ചര്‍ച്ചാവിഷയമായി. സിഎജി, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ സംവിധാനങ്ങളുടെ ഇടപെടലുകള്‍ ഭയന്നാണ് ബാങ്കര്‍മാര്‍ പല കാര്യങ്ങളില്‍ നിന്നും അകന്നുനില്‍ക്കുന്നതെന്ന് യോഗം വിലയിരുത്തി.

കടക്കെണിയില്‍പ്പെട്ട ബാങ്കുകള്‍ക്ക് ഡിവിഡന്റുകള്‍ വിതരണം ചെയ്യുന്നതിനും ലാഭം നേടുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രോംറ്റ് കറക്റ്റീവ് ആക്ഷന്‍ (പിസിഎ) നടപടി തുടരും. കൂടാതെ, ഇത്തരം ബാങ്കുകളുടെ ശാഖകളുടെ എണ്ണവും ഡയറക്ടര്‍മാരുടെ വേതനവും വര്‍ദ്ധിപ്പിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ട്. കഴിഞ്ഞ ഡിസംബര്‍ വരെ രാജ്യത്തെ ബാങ്കുകളിലെ കിട്ടാക്കടം 8.99 ലക്ഷം കോടി രൂപയാണ്. ഇതില്‍ 7.77 ലക്ഷം കോടി പൊതുമേഖലാ ബാങ്കുകളിലേതാണ്. മൊത്തം നിഷ്‌ക്രിയ ആസ്തി 2017 ഡിസംബറില്‍ ഒമ്പത് ലക്ഷം കോടി രൂപയോളമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍