UPDATES

വിപണി/സാമ്പത്തികം

വായ്പ തിരിച്ചടച്ചില്ല; അനിൽ അംബാനിയുടെ റിലയൻസ് നേവലിനെ നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു

ആര്‍ബിഐ-യുടെ പുതിയ ചട്ടങ്ങള്‍ പ്രകാരമാണ് ഈ നടപടിയെന്നും, കാര്യങ്ങളെല്ലാം വ്യക്തമായി റിലയൻസ് നേവലിനെ അറിയിച്ചിട്ടുണ്ടെന്നും വിജയ ബാങ്ക്

വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിനാല്‍ അനിൽ അംബാനി ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള റിലയൻസ് നേവല്‍ ആൻഡ് എഞ്ചിനീയറിങ് കമ്പനിയെ മാര്‍ച്ച് മാസം മുതല്‍ ‘നിഷ്ക്രിയ ആസ്തി’ (എന്‍ പി എ) ആയി വിജയാ ബാങ്ക് പ്രഖ്യാപിച്ചു. കമ്പനിയുടെ നിലനില്‍പ്പ് വളരെ പരിതാപകരമാണെന്ന് നേരത്തെ ഓഡിറ്റര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു.

പിപാവ് ഡിഫന്‍സ് ആന്‍ഡ് ഓഫ്‌ഷോര്‍ എന്നായിരുന്നു സ്ഥാപനത്തിന്റെ പഴയ പേര്. 2016-ല്‍ അതിന്‍റെ ഭൂരിപക്ഷം ഓഹരികള്‍ റിലയന്‍സ് വാങ്ങിയതോടെയാണ് പേര് റിലയന്‍സ് ഡിഫന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് എന്നാക്കി മാറ്റുന്നത്. എന്‍ പി എ-യുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഫെബ്രുവരി 12-ന് കൊണ്ടുവന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് വിജയാ ബാങ്ക് അറിയിച്ചു. വായ്പാനയം പുനര്‍രൂപീകരിക്കുന്നതടക്കമുള്ള എല്ലാ ചട്ടക്കൂടുകളും റദ്ദാക്കിക്കൊണ്ടുള്ള പുതിയ നയമാണ് ആര്‍ബിഐ അവതരിപ്പിച്ചിരിക്കുന്നത്. ലോണ്‍ തിരിച്ചടവ് ഒരു ദിവസം വൈകിയാല്‍പോലും കഴിവില്ലായ്മയായി പരിഗണിച്ച് 180 ദിവസത്തിനുള്ളില്‍ തിരിച്ചടവ് തുടങ്ങിയില്ലെങ്കില്‍ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്നാണ് പുതിയ നയം.

ആര്‍ബിഐ-യുടെ പുതിയ ചട്ടങ്ങള്‍ പ്രകാരമാണ് ഈ നടപടിയെന്നും, കാര്യങ്ങളെല്ലാം വ്യക്തമായി റിലയൻസ് നേവലിനെ അറിയിച്ചിട്ടുണ്ടെന്നും വിജയ ബാങ്കിന്‍റെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ (ആര്‍കോം) എന്ന വിഖ്യാത കമ്പനിക്കുശേഷം പാപ്പരായി പ്രഖ്യാപിക്കാന്‍ പോകുന്ന രണ്ടാമത്തെ കമ്പനിയാണിത്. ഏകദേശം 45,000 കോടി രൂപയായിരുന്നു ആര്‍കോം വിവിധ ബാങ്കുകളിലേക്ക് തിരിച്ചടക്കാനുണ്ടായിരുന്നത്. തുടര്‍ന്നുകൊണ്ടിരിക്കുന്ന നഷ്ടങ്ങളും, കമ്പനിയുടെ മാര്‍ക്കറ്റ് ഇടിയുന്നതും, വായ്പ്പ നല്‍കിയ പ്രധാന ബാങ്കുകളെല്ലാം വായ്പ്പകള്‍ തിരിച്ചു വിളിച്ചതും, ആസ്തിയെക്കാള്‍ കൂടുതല്‍ കടബാധ്യത വന്നതുമൊക്കെയാണ് കമ്പനിയുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ നാവികസേനയ്ക്കും തീരരക്ഷാസേനയ്ക്കും വേണ്ട ഉപകരണങ്ങള്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് കമ്പനിയുടെ പേര് റിലയന്‍സ് നേവല്‍ ആന്‍ഡ് എന്‍ജിനീയറിങ് ലിമിറ്റഡ് എന്നാക്കി മാറ്റിയത്. നാവികസേനയ്ക്കുവേണ്ടി മുങ്ങിക്കപ്പലുകളും ഡോക്കും നിര്‍മിക്കുന്നതിന് 30,000 കോടി രൂപയുടെ ദര്‍ഘാസ് കഴിഞ്ഞ വര്‍ഷം കമ്പനി സമര്‍പ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍