UPDATES

വിപണി/സാമ്പത്തികം

കേരളം ലോക ബാങ്കിന്റെ ഇന്ത്യയിലെ ആദ്യത്തെ ‘സ്റ്റേറ്റ് പാർട്ണർ’ ആകുമ്പോള്‍; എന്താണ് കേരള പുനർനിർമ്മാണ പദ്ധതി?

കേവലമായ ധന സഹായത്തിന് അപ്പുറം അടിസ്ഥാനപരമായതും കാതലായതുമായ വികസന സമീപനങ്ങൾ രൂപീകരിക്കുന്നതിലും ഇനി ലോകബാങ്ക് പങ്കാളി ആകും

പോയവർഷം പ്രളയാനന്തര നാളുകളിൽ ന്യൂയോർക്കിലെ ലോകബാങ്ക് ആസ്ഥാനം സന്ദർശിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ അവിടുത്തെ അധികാരികളോട് ആവശ്യപ്പെട്ടത് കേവലം ഒരു പുനർനിർമ്മാണത്തിന് വേണ്ടുന്ന സാമ്പത്തിക സഹായത്തിനപ്പുറം ഭാവിയിൽ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും കാലാവസ്ഥാ മാറ്റത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാനും ഉതകുന്ന അടിസ്ഥാനപരമായ മാറ്റങ്ങൾക്കുള്ള ബാങ്കിന്റെ തുടർച്ചയായ പിന്തുണയാണ്. കഴിഞ്ഞ ഓഗസ്റ്റിൽ സംസ്ഥാനത്ത് വൻ മഴയും വെള്ളപ്പൊക്കവും സംഭവിക്കുകയും അവയുടെ ഫലമായി അഞ്ച് ദശലക്ഷം ആളുകൾക്ക് വലിയതോതിലുള്ള നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഭാവിയിലേക്ക് സംസ്ഥാനത്തിന് കൂടുതൽ സജ്ജമാകാനും മുൻകരുതലുകൾ എടുക്കാനും വേണ്ടുന്ന പിന്തുണ മുഖ്യമന്ത്രി അഭ്യർത്ഥിച്ചത്.

ആ അഭ്യർത്ഥന ലോകബാങ്ക് ഗൗരവത്തിലെടുക്കുകയും തുടർന്നുള്ള മാസങ്ങളിൽ ബാങ്കിൽ നിന്ന് 45 ഓളം അംഗങ്ങൾ തുടർസമീപനങ്ങൾ രൂപപ്പെടുത്തുന്നതിനായി കേരളത്തിലും ദില്ലിയിലും സന്ദർശനം നടത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ചകളുടേയും ആലോചനകളുടേയും ഫലമായി സംസ്ഥാനം വിപുലമായ ഒരു പദ്ധതി രേഖ തയ്യാറാക്കി അവര്‍ക്ക് സമർപ്പിച്ചു. അങ്ങനെയാണ് ജൂലൈ 12 ന് കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ‘സ്റ്റേറ്റ് പാർട്ണർ’ ആയി അംഗീകരിച്ചു ലോകബാങ്ക് പ്രഖ്യാപനം നടത്തുന്നത്. ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ലോകബാങ്കിന്റെ പ്രവർത്തന പങ്കാളിയാകുന്നത്.
ജൂലൈ 12 തിങ്കളാഴ്ച ലോക ബാങ്കിന്റെ ഇന്ത്യാ ഡയറക്ടർ ജുനൈദ് അഹ്മദ് പിണറായി വിജയനുമൊത്ത് ആ പ്രഖ്യാപനം നടത്തിയപ്പോൾ സംസ്ഥാനത്തിന്റെ ഭാവിയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി അത് മാറുകയായിരുന്നു. ‘റെസിലൈന്റ് കേരള ഇനിഷ്യേറ്റീവ്’ എന്ന് വിളിക്കപ്പെടുന്ന ഈ പങ്കാളിത്ത പദ്ധതി ഇപ്പോ അതിന്റെ നിർവഹണ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനായി 500 മില്യൺ ഡോളറിന്റെ പദ്ധതി തുക കണക്കാക്കുകയും അതിൽ 250 മില്യൺ ഡോളറിന്റെ ആദ്യ വായ്പ അനുവദിക്കുകയും ചെയ്തു.

ദീർഘകാല അടിസ്ഥാനത്തിൽ വികസനത്തിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും വലിയ കുതിച്ചു ചാട്ടങ്ങൾക്കുള്ള വലിയ സാധ്യതകളുടെ വാതിലുകൾ ആണ് ഇവിടെ തുറക്കപ്പെടുന്നത്. അതും ദുരന്തങ്ങളെ നേരിടുന്നതിലും അതിജീവിക്കുന്നതിലും ദേശീയ തലത്തിൽ തന്നെ ഒരു മാതൃക സൃഷ്ടിക്കുന്ന ഒന്ന്. മണ്ണിനും മനുഷ്യർക്കും അതിജീവനത്തിനും മുൻതൂക്കം കൊടുക്കുന്ന പദ്ധതികളേ നടപ്പാക്കുകയുള്ളൂവെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വിഭവ വിനിയോഗത്തിലും ജല വിഭവങ്ങളുടെ സംരക്ഷണത്തിലും രാജ്യത്ത് പുതിയ മാതൃകകൾ ഇതുവഴി സൃഷ്ടിക്കപ്പെടുമെന്ന് സർക്കാർ കണക്കു കൂട്ടുന്നു. കേരളത്തിൽ തുടങ്ങി ഇന്ത്യയിലുടനീളം നിലവിലുള്ള രീതികൾ മാറ്റി വ്യക്തമായ കർമ്മ പദ്ധതികളുടെ അടിസ്ഥാനത്തിൽ റിവർ ബേസിൻ മാനേജ്മെന്റ് നടപ്പാക്കുന്നതും റിവർ ബേസിൻ മാനേജ്മെന്റ് അതോറിറ്റികൾ സ്ഥാപിക്കുന്നതും നിർദിഷ്ട പദ്ധതികളിൽ ഉൾപ്പെടുന്നു. വിവിധങ്ങളായ ഏജൻസികളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ നദീതടങ്ങളിൽ വെള്ളത്തിന്റെ പരിപാലനവും ഉപയോഗവും കാര്യക്ഷമം ആക്കുന്നുവെന്നതും ഇതിന്റെ ഭാഗമാണ്.

കാര്യക്ഷമതയില്ലായ്മയും നിർവഹണത്തിലെ വൈരുദ്ധ്യങ്ങളും കുറച്ചു കൊണ്ട് വേണം പുനർനിർമ്മാണം എന്നാണ് പുതിയ സമീപനം. മഴക്കാലത്ത് പരമാവധി വൈദ്യുതി ഉൽപാദനം ഉറപ്പാക്കാൻ സംസ്ഥാന വൈദ്യുതി ബോർഡിന് അധികാരമുണ്ട്. എന്നാൽ വെള്ളപ്പൊക്കം തടയുന്നതിനുള്ള ശാസ്ത്രീയ സമീപനങ്ങളും അതിനൊപ്പം ദീർഘകാല അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെടണം.

ലോകബാങ്ക് ഇപ്പോൾ കേരളത്തിന്റെ വികസന പങ്കാളിയായി മാറുകയാണ്. സംസ്ഥാനത്തെ മുഴുവൻ കൃഷിസ്ഥലത്തെയും അഞ്ച് കാർഷിക-പാരിസ്ഥിതിക മേഖലകളായി പുനസംഘടിപ്പിക്കുകയും ഓരോന്നിനും അനുയോജ്യമായ കാർഷിക രീതികൾ രൂപപ്പെടുത്തുകയും ചെയ്യുക, ജല സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കുക, ശുചിത്വ സേവന ശൃംഖലകൾ ശക്തിപ്പെടുത്തുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ കുറയ്ക്കാൻ നടപടി സ്വീകരിക്കുക, സുപ്രധാന റോഡ് ശൃംഖലകൾ പുനക്രമീകരിക്കുക, നാശനഷ്ടങ്ങൾക്കെതിരെ റോഡുകൾ ഇൻഷ്വർ ചെയ്യുക, നഗരങ്ങളുടെ വികസനത്തിനുള്ള മാസ്റ്റർ പ്ലാനുകൾ പരിഷ്കരിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കുക, സംസ്ഥാനത്തുടനീളം ഹരിത ഇടനാഴികൾ തുടങ്ങുക എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.

കേവലമായ ധന സഹായത്തിന് അപ്പുറം അടിസ്ഥാനപരമായതും കാതലായതുമായ വികസന സമീപനങ്ങൾ രൂപീകരിക്കുന്നതിലും ഇനി ലോകബാങ്ക് പങ്കാളി ആകും. ചില മേഖലകളിലെ പോരായ്മകൾ ലോകബാങ്ക് നിലവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി എന്നിവ ഒഴികെ കേരളത്തിലെ ഒരു നഗരത്തിലും വലിയ മലിനജല ശുദ്ധീകരണ പ്ലാന്റ് ഇല്ല. അതെ പോലെ റോഡ് ശൃംഖലയുടെ കാര്യത്തിലും മാറ്റം ആവശ്യമാണ്. കേരളത്തിലെ മൊത്തം ഗതാഗതത്തിന്റെ എഴുപത് ശതമാനവും 15 ഓളം പ്രധാന റോഡുകൾ വഴി മാത്രമാണ്. ജലവിതരണവും ജല ശുദ്ധീകരണവും അടിയന്തര ശ്രദ്ധ പതിയേണ്ട മേഖലകളായി സർക്കാരും ലോക ബാങ്കും കാണുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍