UPDATES

ട്രെന്‍ഡിങ്ങ്

ഹരിയാനയിലെ ഭൂമി ഇടപാട്; മലയാളി ബിസിനസുകാരനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) മുഖേനെയാണ് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് തമ്പി 400 ഏക്കറിലധികം ഭൂമി ഹരിയാനയില്‍ വാങ്ങിയതെന്നാണ് ED പറയുന്നത്.

കേരളമുള്‍പ്പെടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഗള്‍ഫിലും റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹോളിഡേ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സി.സി തമ്പിയെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ സമയത്ത് ഹരിയാനയിലെ ഫരീദാബാദില്‍ 400 ഏക്കറോളം കാര്‍ഷിക ഭൂമി വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ടാണിത്. ഇതിനു പുറമെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് വിദേശത്തു നിന്നുള്ള കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായും സംശയമുണ്ടെന്ന് ED അധികൃതര്‍ പറയുന്നു.

റിയല്‍ എസ്‌റ്റേറ്റിനു പുറമെ റിസോര്‍ട്ടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയടക്കം ഹോളിഡേ ഗ്രൂപ്പ് നടത്തുന്നുണ്ട്. 1981-ലാണ് ഗ്രൂപ്പ് പ്രവര്‍ത്തനം തുടങ്ങിയതെന്ന് സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. ഹരിയാനയില്‍ നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിദേശ വിനിമയ മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘിച്ചിട്ടുണ്ടെന്ന സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തമ്പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തമ്പി ഇതിന് തയാറായില്ല. തുടര്‍ന്ന് ED ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമ്പി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് തമ്പിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ED വൃത്തങ്ങള്‍ വ്യക്തമാക്കി.

നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) മുഖേനെയാണ് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് തമ്പി 400 ഏക്കറിലധികം ഭൂമി ഹരിയാനയില്‍ വാങ്ങിയതെന്നാണ് ED പറയുന്നത്. ഇതിന് പല രാഷ്ട്രീയക്കാരുടേയും സഹായവും ഉണ്ടായിട്ടുണ്ട്. ഫെമ ലംഘിച്ചതു കൂടാതെയാണ് FDI വഴി കള്ളപ്പണം വെളിപ്പിച്ചിട്ടുണ്ടോ എന്ന സംശയവും ഉയരുന്നത്. ഇത് അന്വേഷണ ഘട്ടത്തിലാണെന്നും ED വൃത്തങ്ങള്‍ വ്യക്തമാക്കിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

thampi-2

യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് ഉന്നത രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായി തമ്പിക്കുണ്ടായിരുന്ന ബന്ധവും അന്വേഷണ പരിധിയിലുണ്ട്. 2010-ലും തമ്പിയുടെ പേര് സി.ബി.ഐ അന്വേഷണത്തില്‍ വന്നിരുന്നു. തമ്പിയുടെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് അടിസ്ഥാന സൗകര്യമില്ലാതിരുന്നിട്ടും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (AICTE) അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് നിരവധി എഫ്.ഐ.ആറുകള്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിരുന്നു.

റിയല്‍ എസ്‌റ്റേ്റ്റ്, ഹോളിഡേ റിസോര്‍ട്ടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഡിസ്റ്റലറികള്‍ തുടങ്ങി രണ്ടു ഡസനിലധികം കമ്പനികളുടെ ഡയറക്ടറാണ് തമ്പിയെന്ന് ED പറയുന്നു. മദ്യരാജാവ് വിജയ് മല്യയും മാംസ കയറ്റുമതി ബിസിനസുകാരന്‍ മൊയ്ന്‍ ഖുറേഷിയും ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിട്ടും രാജ്യം വിട്ടതുപോലെ ഒരു സാഹചര്യം തമ്പിയുടെ കാര്യത്തില്‍ ഉണ്ടാകരുതെന്നതുകൊണ്ട് അതീവ ശ്രദ്ധയോടെയാണ് നടപടികളുണ്ടായതെന്ന് ED വൃത്തങ്ങള്‍ പറഞ്ഞു. ഖുറേഷി പിന്നീട് തിരിച്ചെത്തിയെങ്കിലും മല്യ ഇപ്പോഴും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ അന്വേഷണ പരിധിക്ക് പുറത്താണ്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും ലുക്ക് ഔട്ട് നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിക്കാനും തുടര്‍ന്ന് രാജ്യം വിടാനുമായിരുന്നു തമ്പിയുടെ പദ്ധതിയെന്നും അധികൃതര്‍ പറയുന്നു. ഫിനാന്‍ഷ്യല്‍ ഇന്റലീജന്‍സ് യൂണിറ്റിന്റെ സഹായത്തോടെ തമ്പി വിദേശത്ത് നടത്തിയിരിക്കുന്ന നിക്ഷേപങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ ED ആലോചിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍