UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എടക്കാട് സമരം: കൃഷ്ണപിള്ളയുടേയും എ.കെ.ജിയുടേയും പാര്‍ട്ടിയെ ഓര്‍ത്ത് ലജ്ജ തോന്നുന്നു-എം.എന്‍. കാരശ്ശേരി

Avatar

കെ പി എസ് കല്ലേരി

ആദ്യഭാഗങ്ങള്‍ ഇവിടെ വായിക്കാം- ഒരു ഗ്രാമം ഒന്നടങ്കം പറയുന്നു; ഈ ആശുപത്രി വികസനം ഞങ്ങള്‍ക്ക് വേണ്ട-പക്ഷേ ആര് കേള്‍ക്കാന്‍?എടക്കാട് സമരം: ലക്ഷങ്ങള്‍ കാട്ടി നാടുകടത്താനാവില്ല-സമര സമിതി അംഗം എം.സി.കൃഷ്ണന്‍

 

കോഴിക്കോട് എടക്കാടിന്റെ മണ്ണിലേക്ക് കച്ചവടസ്വപ്നങ്ങളുമായി വട്ടമിട്ട് പറക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കെതിരായ സമരം ഡിസംബര്‍ 30ന് 200 ദിവസം തികയും. ജനകീയ സമരത്തിന്റെ ന്യായവാദങ്ങള്‍ നിരത്തി ഇതിനകം ഇവര്‍ സമീപിച്ച നേതാക്കളുടെ എണ്ണം നിരവധി. മണ്ണിനും കാടിനും മേടിനും പരിസ്ഥിതിക്കും വേണ്ടി നിരന്തരം ശ്ബദമുയര്‍ത്താറുള്ള സാക്ഷാല്‍ വി.എസ്.അച്യുതാനന്ദനും വി.എം.സുധീരനും അതില്‍പ്പെടും. പിന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സിജോര്‍ജ് ഇങ്ങനെ ആ പട്ടിക അനന്തമായി നീളുന്നു. പക്ഷെ ഇക്കാലമത്രയും ഒരു ചെറുവിരല്‍പോലും ഇവര്‍ ആരും എടക്കാട് സമരത്തിനുവേണ്ടി അനക്കിയിട്ടില്ല. എന്തുകൊണ്ട് ഇവരെല്ലാം ഇത്രയും വലിയ മൌനമാചരിക്കുന്നതെന്ന ചോദ്യത്തിന് ആരാണ് ഉത്തരം പറയേണ്ടത്. ഇനി ആരൊക്കം പിന്തുണച്ചാലും ഇല്ലെങ്കിലും എടക്കാടിന്റെ മണ്ണില്‍ നിന്ന് ആശുപത്രി സ്വപ്നങ്ങളെ കെട്ടുകെട്ടിക്കുംവരെ സമരം തുടരുമെന്നാണ് ഇവരുടെ ഉറച്ച നിലപാട്. സമരം 200 തികയുന്ന ദിവസം കോഴിക്കോട് കലക്ടറേറ്റിനു മുമ്പില്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചുവരെ ഉപവാസമിരിക്കാനാണ് സമര സമിതിയുടെ തീരുമാനം. 

ഇതിനിടയില്‍ നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ സമരത്തിന് അനുഭാവമര്‍പ്പിച്ച് എടക്കാടെത്തി. അവരുടെ പ്രതികരണങ്ങളിലേക്ക്.

കൃഷ്ണപിള്ളയുടേയും എ.കെ.ജിയുടേയും പാര്‍ട്ടിയെ ഓര്‍ത്ത് ലജ്ജതോന്നുന്നു:എം.എന്‍. കാരശ്ശേരി
എടക്കാട്ടെ സമരപന്തലില്‍ നില്‍ക്കുമ്പോള്‍ ഓര്‍ത്തുപോകുന്നത് ജന്മിത്തത്തിനെതിരായി ഐതിഹാസികമായ സമരം നയിച്ച കൃഷ്ണപ്പിള്ളയേയും എ.കെ.ജി.യേയുമാണ്. ആ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥകാണുമ്പോള്‍ ലജ്ജ തോന്നുന്നു. വികസനമെന്ന വ്യാജേന ഒരു ഗ്രാമത്തില്‍ ആശുപത്രി കെട്ടിപ്പൊക്കുന്നതിനെതിരായ സമരത്തെ എങ്ങനെയാണ് ഇവര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവുന്നത്. ഇന്ത്യ വില്‍പനയ്ക്ക് വച്ചിരിക്കുന്ന ഒരു രാജ്യമാണ്. മിക്ക സംസ്ഥാനങ്ങളിലും വില്‍പനയുടെ തോത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. അമ്മയും അമ്മനാടും സ്വര്‍ഗ്ഗത്തേക്കാള്‍ മേലെയാണ് എന്ന് പഠിച്ചവരാണ് നമ്മള്‍. അതുകൊണ്ടുതന്നെ ഇത്തരമൊരു സമരം ആത്മാഭിമാനത്തിനുവേണ്ടിയുള്ള, ആത്മരക്ഷയ്ക്കുവേണ്ടിയുള്ളതാണ്. ആരൊക്കെ ഈ സമരത്തോട് പുറം തിരിഞ്ഞ് നിന്നാലും  പ്രകൃതിയേയും സംസ്‌കാരത്തേയും മണ്ണിനേയും മനുഷ്യനേയും മൂല്യങ്ങളേയും സ്‌നേഹിക്കുന്ന ആളുകള്‍ സമരത്തിന്‍റെ കൂടെ ഉണ്ടാകും.  ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും മുഖ്യധാരാ മാധ്യമങ്ങളും ഈ സമരത്തോടുകാണിക്കുന്ന അവഗണനയില്‍ എനിക്കുള്ള പ്രതിഷേധം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ മതിയാവുന്നില്ല.

 

വികസനത്തിനെതിരല്ല എടക്കാട് സമരം: കെ.അജിത
ആറുമാസമായി തുടരുന്ന എടക്കാട്ടെ സമരം വികസനത്തിന് എതിരല്ലെന്ന് കെ.അജിത. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടണം. കണ്ണില്ലാത്ത വികസന താല്‍പര്യങ്ങള്‍ക്ക് വേണ്ടി കുന്നുകളിടിച്ചും വയലുകള്‍ നികത്തിയും പ്രകൃതിയെ നശിപ്പിക്കരുത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാവണം വികസനം. അല്ലാതെ ലാഭമുണ്ടാക്കാന്‍ വേണ്ടിമാത്രമാകരുത്. അതുകൊണ്ടുതന്നെ ഉറപ്പിച്ചു പറയാനാവും വികസനത്തിനെതിരല്ല ഈ സമരം. നമ്മുടെ മൗലികാവകാശങ്ങള്‍ നേടിയെടുക്കുന്നതിനാണ്. അതുകൊണ്ട് ഈ സമരത്തില്‍ നിന്ന് ആരും പിന്‍മാറരുതെന്നും അജിത പറഞ്ഞു.

കോഴിക്കോട് നഗരത്തില്‍ ഇനിയും എന്തിനാണ് ഒരാശുപത്രി: ഡോ. കെ. മാധവന്‍കുട്ടി
കോര്‍പ്പറേറ്റുകള്‍ കച്ചവട മനസ്ഥിതിയോടെ സമീപിക്കേണ്ട ഒന്നല്ല ആതുരസേവനരംഗം. കോഴിക്കോട് നഗരത്തില്‍ ഇനിയും ഇതുപോലെയുള്ള ഹോസ്പിറ്റലിന്റെ ആവശ്യം എന്താണ്. ഏതുതരത്തിലുള്ള വികസനമാണ് ഈ ഹോസ്പിറ്റല്‍ നാടിനുണ്ടാക്കാന്‍ പോവുന്നത്. ഒരു ജനതയും ജീവിത സ്വപ്നങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴ്ത്തി അവരുടെ വെള്ളവും വയലും തോടും പുഴയുമെല്ലാം അപഹരിച്ച് എന്തിനാണ് ഇങ്ങനെ ഒരാശുപത്രി എന്ന് അധികൃതര്‍ ഇനിയെങ്കിലും ചിന്തിക്കണം.

കോര്‍പറേറ്റുകള്‍ക്ക് ഒത്താശ ചെയ്യുന്നത് കോണ്‍ഗ്രസും സിപിഎമ്മും: ഗ്രോ. വാസു
കോണ്‍ഗ്രസ്-ലീഗ്-സി.പി.എം കക്ഷികളാണിപ്പോള്‍ കോര്‍പ്പറേറ്റുകളുടെ എല്ലാ കള്ളത്തരത്തിനും ഒത്താശ ചെയ്യുന്നത്. ഇക്കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണ്. കോണ്‍ഗ്രസ് പണ്ടേ മുതലാളിമാരുടെ കൂടെയാണ്. ഇപ്പോള്‍ കമ്യൂണിസ്റ്റുകാരും അങ്ങനെ തന്നെ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്ന് ജനകീയ സമരങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്നതായാണ് കാണുന്നത്. എം.എല്‍.എ. പ്രദീപ് കുമാര്‍ ഇങ്ങോട്ടുവരാത്തതുപോലെയുള്ള അനുഭവം പണ്ട് ഇ.കെ. നായനാരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ഗ്വാളിയോര്‍ റയോണ്‍സ് സമരം നീണ്ടുപോയത്. എന്തായാലും എടക്കാട് സമരത്തെ ആരൊക്കെ എതിര്‍ത്താലും ഒരു ദിവസം ഇവരുടെ സമരവീര്യത്തിനുമുമ്പില്‍ അവര്‍ക്ക് കീഴടങ്ങേണ്ടിവരും.

(തുടരും)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍