UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു ഗ്രാമം ഒന്നടങ്കം പറയുന്നു; ഈ ആശുപത്രി വികസനം ഞങ്ങള്‍ക്ക് വേണ്ട-പക്ഷേ ആര് കേള്‍ക്കാന്‍?

Avatar

കെ പി എസ് കല്ലേരി

സെക്രട്ടറിയേറ്റിനുമുമ്പില്‍ ഭൂമിക്കുവേണ്ടി ആദിവാസികള്‍ നടത്തിയ നില്‍പ്പുസമരത്തിന് തൊട്ടുസമീപത്തുള്ള അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ 162 ദിവസം സമരം ചെയ്യേണ്ടിവന്നു. മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളൊന്നും ഏറ്റെടുക്കാതിരുന്നിട്ടും ഒടുവില്‍ ആ സമരം വിജയപഥത്തിലെത്തിയെന്നത് തിരുവന്തപുരത്തുനിന്നും കിലോമീറ്ററുകളകലെ കോഴിക്കോട്ടെ എടക്കാടെന്ന ഗ്രാമത്തെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. നില്‍പ്പുസമരത്തിന് 25 ദിവസം മുമ്പാണ് എടക്കാട് നിവാസികള്‍ ഭൂമിയും വെള്ളവും പരിസ്ഥിതിയും മലിനമാവുന്നതിനെതിരെ, സമാധാനപരമായി ജീവിക്കാനുള്ള ആവകാശത്തിനായി ഒരു സമരം തുടങ്ങിയത്. പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ ആശീര്‍വാദവുമായി എടക്കാട് ഗ്രാമത്തിലേക്ക് പുതുതായി പണിയുന്ന മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റിക്കെതിരായ ആ സമരമിന്ന് 187 ദിവസം പിന്നിടുന്നു.

 

ഇതിനകം സമരപന്തലിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സാമൂഹിക-സാംസ്‌കാരിക-പരിസ്ഥിതി രംഗത്തെ നൂറുകണക്കിനാളുകള്‍ അഭിവാദ്യമര്‍പ്പിച്ച് എത്തി. എന്നാല്‍ ഏറ്റവും അവസാനം നടന്ന ലോകസഭാ തെരഞ്ഞെടുപ്പുവരെ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും നമ്മുടെ വെള്ളവും പരിസ്ഥിതിയും ഭൂമിയും മലിനപ്പെടുത്തി ഒരാശുപത്രിയും ഈ മണ്ണില്‍ വരില്ലെന്ന് ഉറപ്പുപറഞ്ഞ ഒറ്റ രാഷ്ട്രീയക്കാരനും ഈ 187 ദിവസത്തിനിടെ അവരുടെ സമരപന്തലില്‍ എത്തിയിട്ടില്ല. ഇതിനിടെ പോലീസും ഭരണകൂടവും അവരെ നിരവധി തവണ വേട്ടയാടിക്കഴിഞ്ഞു. ഭീഷണിക്ക് വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭനങ്ങളും നടന്നു. ഒന്നിനുമുമ്പിലും പതറാതെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെ എടക്കാട് പ്രദേശം ഒറ്റക്കെട്ടായി സമരമുഖത്ത് നിലകൊള്ളുകയാണ്. 187 എന്നത് ആയിരം ദിനം പിന്നിട്ടാലും ലക്ഷ്യം കാണാതെ ഈ ജനകീയ സമരത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് അവര്‍ ഉറപ്പിച്ചുപറയുമ്പോള്‍ ഏഴുനിലകളില്‍ ഹെലിപാഡടക്കം പ്രഖ്യാപിച്ചുള്ള ആശുപത്രി സമുച്ചയത്തിന്റെ പൈലിംങ് നടപടികള്‍ സമരപന്തലിനുസമീപം പുരോഗമിക്കുകയും ചെയ്യുന്നു.

ഐതിഹാസികമായ കേരള സമര ചരിത്രത്തില്‍ കോഴിക്കോട്ടെ എടക്കാട് സമരത്തിന് എന്താണ് പറയാനുള്ളതെന്ന ചോദ്യം നമുക്ക് അവര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കാം. ഇത്തരമൊരു ചോദ്യം ആദ്യമായി ചോദിച്ചപ്പോള്‍ കുറച്ചു വാക്കുകളിലായിരുന്നു സമരസമിതി ചെയര്‍മാനായ എം.സി സുദേഷ് കുമാറിന്റെ ഉത്തരം. ഉത്തരമല്ല, ഒരു മറുചോദ്യം. 

”ഞങ്ങളുടെ ശുദ്ധവായു മലിനമാക്കാനും കുടിവെള്ളമൂറ്റിക്കുടിക്കാനും അവര്‍ക്കാര് അധികാരം കൊടുത്തു?”  

കോഴിക്കാട് നഗരത്തില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് എടക്കാട് ഗ്രാമം. നഗരാതിര്‍ത്തിക്കുള്ളിലാണെങ്കിലും ഒരു ഗ്രാമത്തിന്റെ എല്ലാ സൌന്ദര്യവും നിലനില്‍ക്കുന്ന പ്രദേശം. അമ്പലങ്ങളും കാവുകളും ആമ്പല്‍ക്കുളങ്ങളും നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നിറഞ്ഞ പ്രകൃതിരമീണയമായ പ്രദേശം. അവിടെയാണ് ഒട്ടും നിനച്ചിരിക്കാത്തൊരു ദിവസം വികസനത്തിന്റെ വലിയ വാഗ്ദാനവുമായി ഒരാശുപത്രി വിരുന്നെത്തിയത്. എം.സി.സുദേഷിന്റെ വാക്കുകളിലേക്ക്….

2005-2006 കാലഘട്ടത്തിലാണ് എടക്കാടിന്റെ മണ്ണിലേക്ക് ഭൂമാഫിയ കാലുറപ്പിക്കുന്നത്. പുനത്തില്‍താഴത്തെയും പുത്തന്‍വള്ളിവയലിലെയും വയല്‍പ്രദേശങ്ങള്‍ അഞ്ച്‌ സെന്റും പത്തു സെന്റുമായി വാങ്ങിക്കൂട്ടി ഏതാണ്ട് എട്ട് ഏക്കറോളം അവര്‍ സ്വന്തമാക്കി. പിന്നീട് നിലം തോട്ടമാക്കിമാറ്റുവാനുള്ള ശ്രമമായിരുന്നു. സമീപവാസികളില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പുകളെ തട്ടിമാറ്റി ഭൂമിദല്ലാളന്മാരുടെ സഹായത്തോടെ ഏക്കര്‍ കണക്കിന് നിലം അനധികൃതമായി തോട്ടമാക്കിമാറ്റി. അന്നൊക്കെ അവര്‍ ജനങ്ങളോട് പറഞ്ഞത് വില്ല പണിയുന്നതിനുവേണ്ടി എന്നായിരുന്നു. പിന്നീട് 2011-ലാണ് പെര്‍ഫക്ട് ഹെല്‍ത്ത് കെയര്‍ എന്ന പേരില്‍ ഒരു സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് പുത്തന്‍വള്ളിവയലില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ജനവാസകേന്ദ്രത്തില്‍ ഇത്തരം ഒരു ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ ഉണ്ടാകാവുന്ന മാലിന്യപ്രശ്‌നങ്ങളെപറ്റി ആശങ്കാകുലരായ ജനങ്ങളോട് ജനപ്രതിനിധികളും ഭരണ, പ്രതിപക്ഷരാഷ്ട്രീയകക്ഷികളും മൗനം പാലിക്കാനാണ് ആവശ്യപ്പെട്ടത്. കാരണം അവരുടെ കാഴ്ചപ്പാടില്‍ അത് വികസനമായിരുന്നു. ഒരു വാഗ്ദാനം കൂടി രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ അനുയായികള്‍ക്ക് നല്‍കി. ആശുപത്രിമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശത്തുള്ള തൊഴില്‍രഹിതര്‍ക്ക് തൊഴിലും സൗജന്യചികിത്സയും. 

എന്നാല്‍ കോഴിക്കോട് മെഡിക്കല്‍കോളേജിന് സമീപത്തുള്ള മായനാട് നിവാസികളും  നഗരത്തിലെ മറ്റ് ആശുപത്രികള്‍ക്ക് സമീപം താമസിക്കുന്ന ആളുകളും അനുഭവിക്കുന്ന ദുരിതം തങ്ങള്‍ക്ക് ഉണ്ടാവാതിരിക്കണമെങ്കില്‍ ആശുപത്രി ഉയരുന്നതിന് മുമ്പ് പ്രതികരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍  2011 ഒക്‌ടോബര്‍ 16- ന് എടക്കാട് സ്‌കൂളില്‍ പ്രദേശത്തെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ യോഗം വിളിച്ചു ചേര്‍ത്തു. അവിടെ വെച്ച് പുനത്തില്‍താഴം- പുത്തന്‍വള്ളിവയല്‍ സംരക്ഷണസമിതി എന്ന പേരില്‍ ഒരു ആക്ഷന്‍കമ്മിറ്റിക്ക് രൂപവും നല്‍കി. തുടര്‍ന്ന് മൂന്ന് വര്‍ഷക്കാലം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭപരിപാടികള്‍ നടത്തുകയും വില്ലേജ് ഓഫീസര്‍ മുതല്‍ മുഖ്യമന്ത്രിവരെയുള്ള അധികാരികള്‍ക്ക് നിവേദനങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ എല്ലാവരും ആശുപത്രി പണിയാനിറങ്ങിയ വന്‍കിടക്കാര്‍ക്കൊപ്പമാണെന്ന് ബോധ്യമായപ്പോഴാണ് ഞങ്ങള്‍ രണ്ടും കല്‍പിച്ച് 2014 ജൂണ്‍ 14 മുതല്‍ സമരത്തിനിറങ്ങിയത്. 

തികച്ചും ജനകീയമായൊരു സമരത്തെ എന്തുവിലകൊടുത്തും അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകളടക്കമുള്ള സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കള്ളക്കേസ് കൊടുത്തിരിക്കുകയാണ്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനോപകാരപദ്ധതികളെപ്പോലും അന്ധമായ രാഷ്ട്രീയത്തിന്റെ പേരില്‍ എതിര്‍ക്കുന്ന പ്രതിപക്ഷം ഇക്കാര്യത്തില്‍ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുന്നു എന്നത് വിചിത്രമായ കാര്യമാണ്. 

ഇവിടെ നടന്ന നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി സമരസമിതി ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍,പോലീസ് കമ്മീഷണര്‍, നടക്കാവ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എലത്തൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍, ആശുപത്രി മാനേജ്‌മെന്റിന്റെ പ്രതിനിധി കെ.ഇ.മൊയ്തു എന്നിവരാണ് എതിര്‍കക്ഷികള്‍.

ഇനി എടക്കാട് ഗ്രാമം ഒന്നടങ്കം സമരം ചെയ്യുന്നത് ആര്‍ക്കെതിരെയാണെന്ന് വ്യക്തമാക്കാം. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വാര്‍ത്തയാക്കുന്ന കാര്യത്തില്‍ ആര്‍ക്കും വിയോജിപ്പില്ല. പക്ഷെ സമരം ചെയ്യുന്നത് ആര്‍ക്കെതിരെയാണെന്നറിയുമ്പോള്‍ മാത്രമാണ് ന്യൂസ് റൂമിലേക്ക് പരസ്യമാനേജരും പത്രത്തിന്റെ സിഇഒയുമെല്ലാം കയറിയിറങ്ങുന്നത്. 187 ദിവസം തികഞ്ഞ സമര പന്തലിലേക്ക് കയറിചെന്നപ്പോള്‍ അവര്‍ ആദ്യം ചോദിച്ചതും ഇതുതന്നെ. സാറന്‍മാരെ കൗതുകത്തിന്റെ പുറത്താണെങ്കില്‍ ഞങ്ങള്‍ സംസാരിക്കാം. പക്ഷെ നിങ്ങളുടെ പത്രത്തില്‍ എഴുതാനാണെങ്കില്‍ ഞങ്ങളെ വിട്ടേക്ക്. അവരുടെ പരിഹാസത്തിനുനേര്‍ക്ക് മറുപടിയായി നിരത്താന്‍ ഞങ്ങളുടെ കൈകളില്‍ ന്യായവാദങ്ങളൊന്നുമില്ലാത്തതിനാല്‍ ഒന്നും മിണ്ടിയില്ല. കാരണം ഈ ആറുമാസത്തിനിടയ്ക്ക് കേരളത്തിലെ വിശേഷിച്ച് കോഴിക്കോട്ടെ പത്രമാധ്യമങ്ങളില്‍ ഇവരുടെ സമരത്തെക്കുറിച്ച് എത്ര വാര്‍ത്തകള്‍ വന്നെന്ന് ആര്‍ക്കാണ് അറിയാത്തത്. മാത്രമല്ല ഇക്കാലയളവില്‍ ഇക്കാലമത്രയും പരസ്യം ചവിട്ടിപ്പിടിച്ചിരുന്ന ആശുപത്രി ഗ്രൂപ്പ് ഏതൊക്കെ വഴി പരസ്യങ്ങള്‍ വാരിക്കോരിക്കൊടുത്തു എന്നും ആര്‍ക്കാണ് അറിയാത്തത്. 

പി.കെ.ഗ്രൂപ്പ്. കോഴിക്കോട്ടെ പ്രമുഖ വ്യവാസായി പികെ അഹമ്മദിന്റെ മകന്‍ കെ ഇ ഫൈസലിന്റെ നേതൃത്വത്തിലുള്ള കെ ഇ എഫ് ആണ് എടക്കാട് ആശുപത്രി പണിയുന്നത്. മനസിലായില്ലെങ്കില്‍ ഒന്നുകൂടി വ്യക്തമാക്കാം. കോഴിക്കോട് നടക്കാവിലെ ഒരു സാധാരണ സര്‍ക്കാര്‍ സ്‌കൂളിനെ പന്ത്രണ്ട് കോടി രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയെടുത്ത ഫൈസല്‍-ഷബാന ഫൗണ്ടേഷനിലെ ഫൈസലാണ് കെ ഇ എഫിന്റെ ഉടമ. കോഴിക്കോട്ടെ സിപിഎമ്മിന്റെ ഉറ്റബന്ധുവായ സാക്ഷാല്‍ പി.കെ.അഹമ്മദിന്റെ മകന്‍. അപ്പോള്‍ പിന്നെ എക്കാട്ടെ കുറേ പട്ടിണിപ്പാവങ്ങളും സാധാരണക്കാരും നടത്തുന്ന സമരം എങ്ങനെ വിജയത്തിലെത്തും!

സമരക്കാരുടെ പ്രസക്തമായ ചില ചോദ്യങ്ങളിലേക്ക്…

ജനവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്നതിന് നടുവില്‍ ഇത്തരം ഒരു  ആശുപത്രി കെട്ടിപ്പൊക്കണം എന്ന് ആര്‍ക്കാണ് നിര്‍ബ്ബന്ധം? ‘ആശുപത്രി വികസനമാണ്’ എന്നാണ് രാഷ്ട്രീയ നേതൃത്വം ജനങ്ങളോട് പറുന്നത്. ഒരു നാട്ടില്‍ ആശുപത്രികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് എങ്ങനെയാണ് വികസനമാകുന്നത്? ആശുപത്രികളുടെ വര്‍ദ്ധന ആ നാടിന്റെ വികസനമല്ല മറിച്ച് ഒരു സമൂഹത്തിന്റെ രോഗാതുരമായ അവസ്ഥയാണ് കാണിക്കുന്നത്. എടക്കാട് നിവാസികള്‍ക്ക് തൊഴിലും സൗജന്യ ചികിത്സയും വാഗ്ദാനം ചെയ്തുകൊണ്ടാണ് തദ്ദേശവാസികളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുവാന്‍ ആശുപത്രി മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ജോലിയും ചികിത്സയും ലഭിച്ചാല്‍ ആശുപത്രി പുറത്തുവിടുന്ന മാലിന്യപ്രശ്‌നങ്ങള്‍ക്കും അതുവഴി ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമോ? ഇന്ന് കോഴിക്കോട് നഗരത്തിലെ എല്ലാ മാലിന്യങ്ങളും പേറി ഒഴുകാന്‍വിധിക്കപ്പെട്ട കനോലികനാല്‍ തന്നെയാവില്ലെ നിര്‍ദ്ദിഷ്ട ആശുപത്രിയുടെയും മാലിന്യനിക്ഷേപകേന്ദ്രം? ജനപക്ഷത്ത് നില്‍ക്കേണ്ട നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇത്തരം കോര്‍പ്പറേറ്റുകളുടെ പാദസേവകരായി മാറുന്നത് എന്തുകൊണ്ടാണ്?

ഇവരുടെ ചോദ്യങ്ങള്‍ക്കും ന്യായമായ ആവശ്യങ്ങള്‍ക്കും മറുപടി നല്‍കേണ്ടത് ആരാണ്. 187 ദിവസം കഴിഞ്ഞൊരു സമരം ആയിരം ദിവസം കഴിഞ്ഞാലും തുടരുമെന്നുപറയുന്ന നൂറുകണക്കായ ഗ്രാവവാസികളുടെ നെഞ്ചിലേക്ക് ഒരാശുപത്രി കെട്ടിയിറക്കുന്നതിലെ ന്യായാന്യായങ്ങള്‍ ചര്‍ച്ച ആയേ മതിയാവൂ. പണമുള്ളവനുവേണ്ടി മാത്രമാണോ നീതിയും ന്യായവും? നിങ്ങളെങ്ങനെ മറുപടി പറയാതിരിക്കും?

(തുടരും)

 

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍