UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എടപ്പാൾ ബാലികാപീഡനം ഉഭയസമ്മതത്തോടെയെന്ന് ഫേസ്ബുക്ക് കമന്റ്; പ്രതിഷേധമുയർന്നപ്പോള്‍ പേജ് നീക്കം ചെയ്ത് മുങ്ങി

എല്ലാ മനുഷ്യർ‌ക്കും ലൈംഗികതാൽപര്യമുണ്ടെന്നും ഉഭയതാൽപര്യത്തോടെയാണെങ്കിൽ അതിൽ കുറ്റം പറയാനാവില്ലെന്നുമാണ് മുഹമ്മദ് ഷഫീഖ് വളപ്പിൽ കമന്റിൽ പറഞ്ഞത്.

എടപ്പാളിൽ ബാലികയെ സിനിമാ തിയറ്ററിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ ന്യായീകരിച്ച് കമന്റിട്ടയാൾക്കെതിരെ പ്രതിഷേധം. മുഹമ്മദ് ഷഫീഖ് വളപ്പിൽ എന്നയാളാണ് പ്രതിയെ ന്യായീകരിച്ച് കമന്റിട്ടത്. സംഭവത്തിൽ ശക്തമായ പ്രതിഷേധമുയർന്നതോടെ ഇയാൾ പേജ് ഡീആക്ടിവേറ്റ് ചെയ്ത് മുങ്ങി.

എല്ലാ മനുഷ്യർ‌ക്കും ലൈംഗികതാൽപര്യമുണ്ടെന്നും ഉഭയതാൽപര്യത്തോടെയാണെങ്കിൽ അതിൽ കുറ്റം പറയാനാവില്ലെന്നുമാണ് മുഹമ്മദ് ഷഫീഖ് വളപ്പിൽ കമന്റിൽ പറഞ്ഞത്. ബാലിക ദീർഘനേരം പ്രതികരിക്കാതെയിരുന്നത് മുതിർന്നയാളുടെ പ്രവൃത്തി ആസ്വദിച്ചതു കൊണ്ടാണെന്നും അതിനാൽതന്നെ ആ ചെയ്തിക്ക് അനുവാദമുണ്ടായിരുന്നെന്നും മുഹമ്മദ് ഷഫീഖ് പറഞ്ഞു. പ്രായമെന്നത് ശരീരത്തിന്റെ പഴക്കം മാത്രമായി കാണരുതെന്നും ഇയാൾ പറയുന്നുണ്ട്. ക്രൂരം, നീചം, ലജ്ജാകരം എന്നീ വാക്കുകളൊന്നും ഈ സംഭവവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കരുതെന്നും മുഹമ്മദ് ഷഫീഖ് വളപ്പിൽ പറയുന്നു. സംഭവം വിവാദമായത് മലപ്പുറത്തോടുള്ള വെറുപ്പു കൊണ്ടാണെന്നും ഇയാൾ സൂചിപ്പിക്കുന്നു.

സോഷ്യൽ മീഡിയയിൽ ഇയാൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജമ്മുവിൽ ആസിഫ കൊല്ലപ്പെട്ടപ്പോൾ ഇയാൾ രോഷം പ്രകടിപ്പിച്ചതിന്റെ സ്ക്രീൻ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഈ മനംമാറ്റത്തിനു പിന്നില്‍ എന്താണെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.

അതെസമയം, ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ തിയറ്ററുടമകൾ വീഡിയോ തെളിവു സഹിതം പരാതി നൽകിയിട്ടും നടപടിയെടുക്കാൻ വിസമ്മതിച്ച എസ്ഐക്ക് സസ്പെൻഷൻ ലഭിച്ചു. ചങ്ങരംകുളം എസ്ഐ കെജി ബേബിയാണ് ഗുരുതരമായ പിഴവ് വരുത്തിയതിന് സസ്പെൻഷൻ വാങ്ങിയത്. റേഞ്ച് ഐജിയുടെ നിർദ്ദേശപ്രകാരം മലപ്പുറം എസ്‌പിയാണ് നടപടിയെടുത്തത്.

ഏപ്രിൽ 18ന് നടന്ന സംഭവം കേസെടുക്കാതെ പൂഴ്ത്തി വെക്കുകയായിരുന്നു പൊലീസ്. പ്രദേശത്തെ ധനികനും രാഷ്ട്രീയസ്വാധീനമുള്ളയാളുമാണ് പ്രതി മൊയ്തീൻകുട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍