UPDATES

സിനിമ

പെയ്യാന്‍ മറന്ന ഇടവപ്പാതി

Avatar

സഫിയ ഒ സി

1970 കളില്‍ തുടങ്ങി 80കളിലൂടെ വളര്‍ന്ന ആര്‍ട്ട് സിനിമകള്‍ എന്നു വിളിക്കപ്പെട്ട സമാന്തര സിനിമകളുടെ കര്‍ക്കശമായ ചിട്ടവട്ടങ്ങളില്‍ നിന്നു അകന്നു മാറി ഒരു മധ്യ പാത സ്വീകരിച്ച സംവിധായകരില്‍ പ്രമുഖനാണ് ലെനിന്‍ രാജേന്ദ്രന്‍. പത്മരാജനും കെ ജി ജോര്‍ജ്ജും ഭരതനുമൊക്കെ മധ്യവര്‍ത്തി സിനിമകളുടെ വക്താക്കളായി അന്നു മുന്നണിയില്‍ ഉണ്ടായിരുന്നു. 1981ലെ വേനലും തുടര്‍ന്ന് വന്ന ചില്ലും വേറിട്ട ഒരു ദൃശ്യ പരിചരണവും  ഈ സംവിധായകന്റെ ഉള്ളിലെ കാല്‍പ്പനികതയെയും തുറന്നു കാട്ടിയ സൃഷ്ടികളായിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന പ്രേംനസീറിനെ കാണ്മാനില്ല എന്ന സിനിമ ഞെട്ടിക്കുക തന്നെ ചെയ്തു. അധികം പരിചയിച്ചിട്ടില്ലാത്ത ഒരു പരീക്ഷണ ത്വര ആ സിനിമയ്ക്കുണ്ടായിരുന്നു. ഇടതുവശം ചേര്‍ന്ന് നടന്ന ഈ സംവിധായകന്‍ പിന്നീട് പുരാവൃത്തവും കയ്യൂര്‍ സമരത്തെ ആസ്പദമാക്കിയുള്ള മീനമാസത്തിലെ സൂര്യനും വചനവും ഒക്കെയായി വന്നു നമ്മളുമായി ഇഷ്ടം കൂടി. 

അതേസമയം മലയാളത്തിലെ എണ്ണം പറഞ്ഞ സാഹിത്യ കൃതികളുമായി ഈ സംവിധായകന്‍ അഭിനിവേശത്തിലായി. എം മുകുന്ദന്റെ ദൈവത്തിന്റെ വികൃതികളെ മികച്ച ചലച്ചിത്രാനുഭവമാക്കി. സി വി രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ കുലം എന്ന സിനിമയായും മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി മഴയായും വെള്ളിത്തിരയിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെട്ടു.

അതോടൊപ്പം ക്ലാസിക്കല്‍ കലകളോടുള്ള ഇഷ്ടവും പല സിനിമകളിലും പ്രത്യക്ഷമായി. സ്വാതിതിരുനാളും രാത്രിമഴയും മകരമഞ്ഞുമൊക്കെ സംഗീതത്തെയും നൃത്തത്തെയും ചിത്രകലയേയും ചലച്ചിത്രാനുഭവമാക്കി മാറ്റി. ആ തുടര്‍ച്ച ഏറ്റവും പുതിയ സിനിമയായ ഇടവപ്പാതിയിലും ആവര്‍ത്തിക്കുകയാണ് ലെനിന്‍ രാജേന്ദ്രന്‍. നൃത്തവും സാഹിത്യവുമൊക്കെ വേണ്ടുവോളമല്ല വേണ്ടതിനപ്പുറം ഉണ്ട് ഈ ചിത്രത്തില്‍.

രാജ്യാതിര്‍ത്തികളും അഭയാര്‍ത്ഥികളുടെ അവസാനിക്കാത്ത പലായനങ്ങളും ലോകത്തെ എല്ലാ എണ്ണം പറഞ്ഞ സംവിധായകരുടെയും ഇഷ്ട വിഷയമായിരുന്നു. ഈ സമീപകാലത്ത് ഫ്രഞ്ച് സംവിധായകന്‍ ജാക്വിസ് ഔദിയാര്‍ദ് സംവിധാനം ചെയ്ത ദീപന്‍ പറഞ്ഞത് ശ്രീലങ്കയില്‍ നിന്നു അഭയാര്‍ത്ഥികളായി ഫ്രാന്‍സില്‍ താമസിക്കുന്ന (അഭിനയിക്കുന്ന) ഒരു തമിഴ് കുടുംബത്തെ കുറിച്ചുള്ള കഥയാണ്. അതിനു കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാംഡി ഓര്‍ കിട്ടുകയും ചെയ്തു. പല ലാറ്റിനമേരിക്കന്‍ സിനിമകളും പലസ്തീനില്‍ നിന്നുള്ള സിനിമകളുമെല്ലാം ഇന്നും തുടരുന്ന പലായനങ്ങളുടെ ദൃശ്യവത്ക്കരണങ്ങളാണ്. 

ഇടവപ്പാതി പറയുന്നത് ടിബറ്റിലെ (ലാസയിലെ) ചൈനീസ് അധിനിവേശത്തെ തുടര്‍ന്ന് മാതൃരാജ്യം വിട്ടോടിപ്പോകേണ്ടിവന്ന തിബറ്റന്‍ അഭയാര്‍ത്ഥികളെ കുറിച്ചാണ്. ദലൈലാമയുടെ കൂടെ ഇന്ത്യയിലെത്തിയ അവര്‍ക്ക് ഇന്ത്യ അഭയം കൊടുക്കുകയും ധര്‍മ്മശാലയിലും കര്‍ണ്ണാടകയിലെ ബൈലകുപ്പയിലുമായി അവര്‍ ജീവിതം തുടരുകയും ചെയ്തു. എന്നാല്‍ പിറന്ന രാജ്യം എന്നത് അവരുടെ എക്കാലത്തെയും വേദനായി തുടര്‍ന്നു.

ഒരു ഡോക്യുഫിക്ഷന്‍ ശൈലിയില്‍ തുടങ്ങി ഒരു പ്രണയ ചിത്രമായി മാറുന്ന ഇടവപ്പാതിയില്‍ കുമാരനാശാന്റെ കരുണ സമാന്തര ആഖ്യാനമായി കടന്നു വരുന്നു. ബുദ്ധിസത്തെ കുറിച്ച് പഠിക്കുന്ന യാമിനിയും (ഉത്തര ഉണ്ണി) ടിബറ്റന്‍ മൊണാസ്റ്ററിയില്‍ ബുദ്ധ സന്യാസിയാവാന്‍ പഠിക്കുന്ന സിദ്ധാര്‍ത്ഥനും (സിദ്ധാര്‍ത്ഥ ലാമ) തമ്മിലുള്ള പ്രണയം വാസവദത്തയും ഉപഗുപ്തനും തമിലുള്ള പ്രണയമായി ഇടകലരുകയും സമാനമായ പ്രതിസന്ധികളിലൂടെ കടന്നുപോവുകയും ചെയ്യുന്നു. ഒടുവില്‍ അമ്മയെ വെപ്പാട്ടിയായി കൊണ്ടുനടക്കുന്ന ആളില്‍ നിന്നു രക്ഷപ്പെടാന്‍ യാമിനിയും സിദ്ധാര്‍ത്ഥനും തിബറ്റിലേക്ക് കടക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ വിധി മറ്റൊന്നായിരുന്നു അതിര്‍ത്തിയില്‍ അവര്‍ക്കായി കാത്തുവെച്ചത്. 

ഇന്ത്യയിലും ടിബറ്റിലും ഹിമാലയന്‍ താഴ്വാരത്തിലുമായി വലിയ ക്യാന്‍വാസില്‍ പറയുന്ന ചിത്രം അവതരണത്തിലെ സങ്കീര്‍ണ്ണത കൊണ്ട് പലപ്പോഴും സംവിധായകന്റെ കയ്യില്‍ നിന്നു വഴുതിപ്പോകുന്നതാണ് കണ്ടത്. സിദ്ധാര്‍ത്ഥന്‍റെയും യാമിനിയുടെയും ബന്ധത്തെ വാസവദത്തയും ഉപഗുപ്തനുമായുള്ള തീവ്രബന്ധമായി താദാത്മ്യപ്പെടുത്താനുള്ള ശ്രമം പലപ്പോഴും ഒരു വൃഥാ വ്യായാമമായി മാറി.  ബുദ്ധദര്‍ശനങ്ങളെയും തിബറ്റന്‍ പ്രശ്നങ്ങളെയും കുറിച്ചുള്ള പ്രഭാഷണങ്ങളായി സിനിമ. സംഭാഷണത്തിലെ സാഹിത്യാധിക്യവും നാടകീയതയും വിരസമായ അനുഭവമായി ചിത്രത്തെ മാറ്റി. 

ഇടവപ്പാതിയുടെ ഏറ്റവും വലിയ പരാജയം അതിന്റെ കാസ്റ്റിംഗ് തന്നെയാണ്. യാമിനിയും വാസവദത്തയുമായി പരകായ പ്രവേശം നടത്താന്‍ കഷ്ടപ്പെടുന്ന ഉത്തര ഉണ്ണിയെയാണ് ചിത്രത്തിലുടനീളം കാണുക. മോശമല്ലാത്ത ഒരു നര്‍ത്തകി എന്ന യോഗ്യത മാത്രമായിരിക്കാം ഉത്തര ഉണ്ണിയെ ഈ ചിത്രത്തിലെ നായികയായി തെരഞ്ഞെടുക്കാന്‍ സവിധായകനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. സിദ്ധാര്‍ത്ഥനായി അഭിനയിച്ച പഴയ യോദ്ധ ബാലതാരത്തിന് പ്രത്യേകിച്ചു ചെയ്യാന്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്തിനാണ് യാമിനിയുടെ അമ്മയായി മനീഷ കൊയിരാളയെ കാസ്റ്റ് ചെയ്തത് എന്നു പലപ്പോഴും നമ്മള്‍ അത്ഭുതപ്പെടും അവരുടെ പ്രകടനം കണ്ടാല്‍.

ഒരു മികച്ച ചലച്ചിത്രാനുഭവം ആകാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിട്ടും ഈ കൊടും വേനലില്‍ എത്തിയ ഇടവപ്പാതി ഒരു വരണ്ട അനുഭവമായി എന്നു പറയാതെ നിര്‍വാഹമില്ല.    

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍