UPDATES

ട്രെന്‍ഡിങ്ങ്

കാതോര്‍ക്കുക അജ്ഞാതരായ പോരാളികള്‍ക്ക്; 2019 നമുക്കായി കരുതിവെക്കുന്നതെന്തൊക്കെ?

ലോകം കൂടുതല്‍ സമാധാനപരമായിരിക്കും 2019-ല്‍ എന്ന അവകാശവാദങ്ങളൊക്കെ നില്‍ക്കുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് തോന്നുന്നത് 2019 പോകുന്നത് ഒരു കൂട്ടക്കുഴപ്പത്തിലേക്കാണ് എന്നാണ്.

ലോകം കൂടുതല്‍ സമാധാനപരമായ ഒരു കാലഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് എന്നാണ് ഹാര്‍വാര്‍ഡ് പ്രൊഫസര്‍ സ്റ്റീവന്‍ പിന്‍കെര്‍ പറയുന്നത്. അങ്ങനെയാകുമ്പോള്‍ 2018 എന്നത് ഒരു മെച്ചപ്പെട്ട വര്‍ഷമായിരുന്നു എന്നും ലോകം കൂടുതല്‍ സമാധാനം നിറഞ്ഞ ഒരു ഭാവിയിലേക്ക് മുന്നേറുകയാണെന്നും 2019-ലെ 365 ദിവസങ്ങള്‍ കൂടുതല്‍ പ്രബുദ്ധതയും തുല്യതയും പുരോഗമന മൂല്യങ്ങളുമുള്ള മാനവരാശിയുടെ കുതിപ്പിനായിരിക്കും സാക്ഷ്യം വഹിക്കുക എന്നും നാം വിശ്വസിക്കേണ്ടതുണ്ട്.

എന്നാല്‍ ഇത്തരം അവകാശവാദങ്ങളില്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ കടന്നു പോകുന്ന ഈ വര്‍ഷത്തേക്കാള്‍ കുറച്ചു കൂടിയെങ്കിലും മെച്ചപ്പെട്ടതായിരിക്കും വരുന്ന വര്‍ഷം എന്നാഗ്രഹിക്കുക മാത്രമാണ് ചെയ്യാനുള്ളത്. കാരണം, കണക്കുകളേക്കാള്‍ നിങ്ങളെ പൊള്ളിക്കുന്നത് ചിലപ്പോള്‍ മേഘാലയിലെ എലിമാള ഖനികളില്‍ പെട്ടു പോയ ആ മനുഷ്യരുടെ നിലവിളികളായിരിക്കും, വിവിധ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍പ്പെട്ട് നിരത്തുകളില്‍ പൊലിഞ്ഞു പോകുന്ന മനുഷ്യരെക്കുറിച്ചുള്ള വേവലാതികളായിരിക്കും, അതിര്‍ത്തികളില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ ഓര്‍മകളായിരിക്കും, ഒരു നേരത്തെ വിശപ്പടക്കാന്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ കൈനീട്ടേണ്ടി വരുന്നവരുടെ ദൈന്യതയാര്‍ന്ന മുഖമായിരിക്കും, മറുകരകള്‍ തേടി തണുത്തുറഞ്ഞ സമുദ്രങ്ങളിലൂടെ പലായനം ചെയ്യുന്നവരുടെ ഗതികേട് ഓര്‍ത്താവും.

ഇരുഭാഗത്തേയും വാദഗതികളില്‍ കാര്യമുണ്ട് എന്നു തന്നെ പറയാം. പക്ഷേ, ഒരു മാധ്യമ സ്ഥാപനമെന്ന നിലയില്‍ ഞങ്ങളുടെ ജോലി ഈ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ വായനക്കാരിലെത്തിക്കുക എന്നതാണ്. അല്ലാതെ വര്‍ഷങ്ങള്‍ കൊണ്ട് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അക്കാദമിക് ഗവേഷണം നടത്തുക എന്നതല്ല.

അതുകൊണ്ടു തന്നെ കഴിഞ്ഞ 365 ദിവസങ്ങളായി ഞങ്ങള്‍ നടത്തിക്കൊണ്ടിരുന്ന കാര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ പറയാന്‍ പറ്റുന്ന ഒരു കാര്യം, ശുഭാപ്തിവിശ്വാസത്തിന് ഇടിവു തട്ടുന്ന കാര്യങ്ങള്‍ ഉള്ളപ്പോള്‍ തന്നെ, 2019 എന്നത് കുറച്ചു കൂടി മെച്ചപ്പെട്ട ദിവസങ്ങളായിരിക്കും നമുക്ക് സമ്മാനിക്കുക എന്ന് ആഗ്രഹിക്കാന്‍ മാത്രമേ കഴിയൂ എന്നാണ്. നമ്മളില്‍ കൂടുതല്‍ അവഗണിക്കപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ദിവസങ്ങള്‍ ഉണ്ടാവുമെന്നും, അവിടെ സ്ത്രീകള്‍ക്ക് മതത്തെ അടിസ്ഥാനപ്പെടുത്തി തുല്യത നിശ്ചയിക്കുന്ന ഒരവസ്ഥയുണ്ടാവില്ലെന്നും, പോലീസ് സംരക്ഷണവും കോടതികളും വഴി അന്തസ് നിലനിര്‍ത്തേണ്ട സാഹചര്യം ഉണ്ടാവില്ലെന്നും, ശാസ്ത്രത്തേക്കാളും പുരോഗമന മൂല്യങ്ങളേക്കാളും ദുരാചാരങ്ങളും മണ്ടത്തരങ്ങളും നിറഞ്ഞ കെട്ടിച്ചമച്ച ഒരു ‘പഴയകാല’ത്തിന്റെ ഗരിമയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ ഉണ്ടാവില്ലെന്നും പ്രതീക്ഷിക്കാം.

പക്ഷേ, യാഥാര്‍ത്ഥ്യം എന്നത് നമുക്ക് മുന്നില്‍ കണ്ണുതുറിച്ചു നില്‍ക്കുന്നുണ്ട്. കാരണം കൂടുതല്‍ കുഴപ്പങ്ങളും അതിനോടനുബന്ധിച്ച അമ്പരപ്പുകളുമൊക്കെ നിറഞ്ഞ ദിവസങ്ങളിലേക്ക് കാര്യങ്ങള്‍ ഇതിനകം തന്നെ തിരിഞ്ഞു കഴിഞ്ഞു, അല്ലെങ്കില്‍ അതിനുള്ള ഒരുക്കങ്ങളൊക്കെ അണിയറയില്‍ നടക്കുന്നുണ്ട് എന്നതുകൊണ്ടു കൂടിയാണ്.

അതുകൊണ്ടു തന്നെ 2018-നോട് ആശങ്കകളോടെ തന്നെ വിടപറയേണ്ടിയിരിക്കുന്നു, കൂടുതല്‍ ആശങ്കകള്‍ ഉണ്ടാക്കുന്ന ഒന്നുമായിട്ടായിരിക്കരുത് നാളത്തെ പുലരി പിറക്കുന്നത് എന്നാഗ്രഹിച്ചു കൊണ്ടു തന്നെ.

കേരളവും അത്ര നല്ല കാര്യങ്ങളിലുടെയല്ല 2018-ല്‍ കടന്നു പോയത്. കൂടുതല്‍ മെച്ചപ്പെട്ട ദിവസങ്ങള്‍ കേരളത്തിന് ഉണ്ടാവട്ടെയെന്ന് ഞങ്ങള്‍ ആശംസിക്കുന്നു. ഇനിയൊരു പ്രളയം കൂടി കേരളത്ത വന്നു മൂടാതിരിക്കട്ടെയെന്ന് ഞങ്ങളും ആഗ്രഹിക്കുന്നു, പക്ഷേ, എ.സി ഘടിപ്പിക്കാത്ത കാറുകളും വീടുകളുമൊന്നുമില്ലാത്ത നമ്മുടെയൊക്കെ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യവും കാലാവസ്ഥാ വ്യതിയാനം എന്ന യാഥാര്‍ത്ഥ്യവുമായി നേരിട്ടു ബന്ധമുണ്ടെന്നത് നാം ഓര്‍ക്കേണ്ടതുണ്ട്. സമുദ്രങ്ങളില്‍ ചൂട് കൂടി വരുന്നു. അതുകൊണ്ടു തന്നെ നാമോരുത്തരും സര്‍ക്കാരുകളുമൊക്കെ ഇത്തരമൊരു പ്രതിസന്ധിയെ കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കുമെന്ന് പ്രതീക്ഷിക്കാം, ഇനിയുമൊരു ദുരിതത്തിലേക്ക് നമ്മുടെ നാടിനെ വലിച്ചിടാതെ.

2019-ല്‍ നമ്മുടെ ഭരണകര്‍ത്താക്കളും രാഷ്ട്രീയ, സാംസ്‌കാരിക നായകരുമൊക്കെ കൂടുതല്‍ ശാസ്ത്രീയവും പുരോഗമനമുല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുള്ള വാദഗതികള്‍ മുന്നോട്ടു വയ്ക്കുമെന്നും ഭരണഘടനാ മൂല്യങ്ങള്‍ പുലര്‍ത്തുമെന്നും ഞങ്ങളും കരുതുന്നു. ഒപ്പം, രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതലായി എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ മാറുമെന്നും രാഷ്ട്രീയ നേതാക്കള്‍ കൂടുതല്‍ മാന്യത പുലര്‍ത്തുമെന്നും ആഗ്രഹിക്കുന്നു.

ലോകം കൂടുതല്‍ സുതാര്യമായതും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും ജനാധിപത്യപരവുമായ നേതൃത്വങ്ങളാല്‍ മുന്നോട്ടു പോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഫാഷന്‍ ഷോ പോലെ കാര്യങ്ങളെ കാണുന്നുവരും ബോധമില്ലാത്ത സ്വേച്ഛാധിപതികളും മതഭ്രാന്തന്മാരുമായിരിക്കരുത് ആ സ്ഥാനത്തുണ്ടാവുക എന്നാഗ്രഹിക്കുന്നു.

ഈ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മനുഷ്യര്‍ കൂടി ഈ രാജ്യത്തിന്റെ ഭാഗമാണെന്ന് നാം പരിഗണിക്കുമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യയുടെ മറ്റേത് ഭാഗത്തുമുണ്ടാകുന്ന ദുരന്തങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത്ര വേഗതയോടും താത്പര്യത്തോടും കൂടി മേഘാലയിലെ ഈസ്റ്റ് ജയ്ന്‍ഷ്യ ഹില്‍ ജില്ലയിലെ എലിമാള ഖനികളില്‍ ഡിസംബര്‍ 13 മുതല്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാനും നമുക്ക് സാധിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു.

ശരിയാണ്, വലിയ പ്രതീക്ഷകളുളവാക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഞങ്ങള്‍ പറയുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യമെന്നത് നാം അതില്‍ നിന്ന് വളരെയേറെ അകലെയാണ്. കാരണം, 2019-ല്‍ നമ്മുടെ രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ് എന്നതിനാല്‍ ഒരുവിധത്തിലും പ്രവചിക്കാന്‍ കഴിയാത്ത കാര്യങ്ങളില്‍ കൂടിയായിരിക്കും ഇന്ത്യ കടന്നു പോവുക. അധികാരത്തിനു വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത ഇന്നു രാജ്യം ഭരിക്കുന്ന ബിജെപിയുടേയും നിലനില്‍പ്പിനായി പൊരുതുകയും തിരിച്ചു വരാനും ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെയും ഉള്ളറകളില്‍ ഒരുങ്ങുന്നത് എന്തൊക്കെയാണെന്ന് നമുക്കറിയില്ല.

ലോകത്തെ കൂടുതല്‍ കുഴപ്പങ്ങളിലേക്കായിരിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2019-ല്‍ കൊണ്ടു പോവുക. നാമോരോരുത്തരും നമ്മുടെ ശത്രു ആരാണ് എന്നതറിയാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു, അതിനായി മതവും വംശവും ലിംഗവുമൊക്കെ ചികഞ്ഞു കൊണ്ടിരിക്കുന്നു.

ലോകം കൂടുതല്‍ സമാധാനപരമായിരിക്കും 2019-ല്‍ എന്ന അവകാശവാദങ്ങളൊക്കെ നില്‍ക്കുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് തോന്നുന്നത് 2019 പോകുന്നത് ഒരു കൂട്ടക്കുഴപ്പത്തിലേക്കാണ് എന്നാണ്.

നമുക്കാകെ പ്രതീക്ഷിക്കാന്‍ കഴിയുന്നത്, ഓരോ ദിവസവും സന്തോഷങ്ങള്‍ കണ്ടെത്താന്‍ കഴിയട്ടെ എന്നാണ്. മറ്റുള്ളവരോട് ദയാവായ്പുകള്‍ പുലര്‍ത്താന്‍ സാധിക്കട്ടെ എന്നാണ്, അവരെ തുല്യരായി കാണാന്‍ കഴിയട്ടെ എന്നാണ്. മൈനുകളിലും അതിര്‍ത്തികളിലുമൊക്കെ കുടുങ്ങിപ്പോവുന്നരോട് സഹാനുഭൂതി കാട്ടാം എന്നാണ്. നമ്മുടെയൊക്കെ നിശബ്ദതയില്‍ പോലും പുരോഗമന മൂല്യങ്ങളെ ചേര്‍ത്തു പിടിക്കാനും ശാസ്ത്രീയതയെ നിലനിര്‍ത്താനും കഴിയട്ടെ എന്നാണ്.

ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് അധികാര മേലാളന്മാര്‍ അഴിച്ചു വിടുന്ന കാര്യങ്ങള്‍ക്കെതിരെ അറിയപ്പെടാത്ത മനുഷ്യരുടെ ചെറുത്തുനില്‍പ്പുകള്‍ ഉണ്ടാവാന്‍ പോകുന്ന വര്‍ഷമാണ് 2019 എന്നാണ്. അത് ഒരുപക്ഷേ 2019 കൊണ്ട് അവസാനിച്ചേക്കാവുന്ന ഒന്നല്ല. അത് നമ്മുടെയൊക്കെ ഭാവിയെക്കൂടി നിര്‍ണയിക്കുന്ന ഒന്നാവും. ആ മനുഷ്യര്‍ നമ്മളൊക്കെ തന്നെയാണ്. കാരണം, നമ്മെ പലവിധത്തില്‍ വിഭജിക്കാന്‍ ശ്രമിക്കാനാണ് നേതാക്കളും നമ്മുടെ ചില ഇന്‍സ്റ്റിറ്റ്യൂഷനുകകളുമൊക്കെ ശ്രമിക്കുന്നത് എന്നതിനാല്‍, സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കാനും കൂടുതല്‍ സ്വാധീനശേഷിയുള്ളവരാക്കാനും മറ്റുള്ളവരെ അവഗണിക്കാനും ഒക്കെയാണ് ശ്രമിക്കുന്നത് എന്നതിനാല്‍, ആ അറിയപ്പെടാത്ത സാധാരണക്കാര്‍ എന്ന നമ്മളോരോരുത്തരുമായിരിക്കും ആ ‘യുദ്ധ’ത്തിലെ മുന്നണിപ്പോരാളികള്‍.

നാം അധികാരമില്ലാത്തവരാണ്, നാം വ്യക്തികളാണ്, അറിയപ്പെടാത്തവരാണ്, പക്ഷേ അടിച്ചമര്‍ത്തുന്ന ഓരോ നീക്കത്തിനെതിരെയും ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടതുണ്ട്, പൊരുതേണ്ടതുണ്ട്. നമ്മെ വിഭജിക്കാനുള്ള നൂറായിരം വഴികള്‍ അധികാരത്തിലിരിക്കുന്നവരില്‍ നിന്നുണ്ടാകും, കാരണം, ഈ പ്രപഞ്ചത്തിന്റെ ഒരറ്റത്ത് ഭൂമിയെന്ന ചെറിയ പൊട്ടില്‍ പരസ്പരം പങ്കിടുന്നവരായി നാം നില്‍ക്കുന്നത്, ജീവന്‍ എന്നതിനെ അത്രയേറെ വില കല്‍പ്പിക്കുന്നരാണ് എന്നത് അവര്‍ക്ക് പേടിയുണ്ടാക്കും, അതവര്‍ നശിപ്പിക്കാന്‍ ശ്രമിക്കും. അത് അനുവദിക്കാതിരിക്കുക എന്ന പ്രതിജ്ഞയോടെയാവണം നാം 2019-നെ സ്വാഗതം ചെയ്യേണ്ടത്.

Photo Courtesy: Ronaldo Schemidt, Venezuela (AFP)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍