UPDATES

ഒരു ജനാധിപത്യ റിപ്പബ്ലിക്കിനെ നെടുകെ കീറിയിട്ട് 25 വര്‍ഷങ്ങള്‍

ഭിന്നിപ്പിന്റെ ശക്തികള്‍ തങ്ങളുടെ കൈകള്‍ ചോരയില്‍ മുക്കി പുതിയ ഇന്ത്യാ ചരിത്രം എഴുതുമ്പോള്‍ നമുക്ക് വേണ്ടത് രാഷ്ട്രപുനര്‍നിര്‍മാണമാണ്

1992 നവംബര്‍ 27-ന് ബിജെപി നേതാവ് കല്യാണ്‍ സിംഗ് മുഖ്യമന്ത്രിയായിട്ടുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റേതായി ഒരു സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. അതില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: “നിലവിലെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ക്രമസമാധാനം പാലിക്കുന്നതില്‍ വളരെ കൃത്യമായി ഇടപെടുന്ന സര്‍ക്കാരാണ്. പ്രത്യേകിച്ച് സാമുദായിക മൈത്രി കാത്തു സൂക്ഷിക്കുന്നതില്‍”. ഇതിനു പിന്നാലെ അയോധ്യയില്‍ പ്രതീകാത്മകമായി ഒരു കര്‍സേവ നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി.

അത് 25 വര്‍ഷം മുമ്പായിരുന്നു. കല്യാണ്‍ സിംഗ് കോടതിയില്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. 1992 ഡിസംബര്‍ ആറിന് ഒന്നരലക്ഷത്തോളം വരുന്ന ജനക്കൂട്ടം പോലീസ് വലയങ്ങള്‍ ഭേദിച്ച് ബാബറി മസ്ജിദിലേക്ക് ആയുധങ്ങളുമായി പാഞ്ഞു കയറി. നിമിഷങ്ങള്‍ക്കുള്ളില്‍ പള്ളി നിലംപൊത്തി. അന്ന് ആ കര്‍സേവയ്ക്ക് നേതൃത്വം നല്‍കിയവരില്‍ എല്‍.കെ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ അടക്കമുണ്ടായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെയും ബിജെപിയുടെയും നിരവധി നേതാക്കളും. രാജ്യം മുഴുവന്‍ ഹിന്ദു വികാരം ഉണര്‍ത്താന്‍ ലക്ഷ്യമിട്ട് ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്ന് അദ്വാനി തുടങ്ങിയ രഥയാത്രയുടെ അവസാനമായിരുന്നു അയോധ്യയിലെ കര്‍സേവ. പിന്നാലെ രാജ്യമെമ്പാടും ഉണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടത് 2,000-ത്തിലേറെ പേര്‍.

ഡിസംബര്‍ ആറ്: ബാബറി മസ്ജിദില്‍ രാമന്‍ പ്രത്യക്ഷപ്പെട്ട ആ രാത്രിയും മലയാളി വില്ലനും

ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 68 പേര്‍ക്കെതിരെ കേസടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. അടല്‍ ബിഹാരി വാജ്‌പേയി, അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി അടക്കമുള്ളവര്‍. എന്നാല്‍ 25 വര്‍ഷത്തിനു ശേഷം ഇവരുടെയൊക്കെ അവസ്ഥ എന്താണ്? വാജ്‌പോയി ഇന്ത്യന്‍ പ്രധാനമന്ത്രിയായി, ഇന്ന് രോഗക്കിടക്കയില്‍. വാജ്‌പേയി മന്ത്രിസഭയില്‍ സര്‍വശക്തനായ ഉപപ്രധാനമന്ത്രിയും പിന്നീട് രണ്ട് പൊതുതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായിരുന്ന അദ്വാനി ഇന്ന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് അലഹാബാദ് കോടതിയില്‍ വിചാരണ നേരിടുന്നു. ഉമാഭാരതിയും കേസില്‍ പ്രതിയാണെങ്കിലും കേന്ദ്രമന്ത്രിയാണ്. ജോഷി രാഷ്ട്രീയ വനവാസത്തിലും.

രാം കെ നാം: സംഘപരിവാറിനെ പ്രകോപിപ്പിച്ച ഡോക്യുമെന്ററി എന്തുകൊണ്ട് ഇന്ത്യ വീണ്ടും വീണ്ടും കാണണം?

എന്നാല്‍ അദ്വാനിയുടെ രഥയാത്രയുടെ മുഖ്യസംഘാടകനും യാത്രയ്ക്ക് ചുക്കാന്‍ പിടിച്ചയാളുമായ ഒരാള്‍ ഇന്ന് മറ്റൊരു പദവിയിലുണ്ട്, ഇന്ത്യന്‍ പ്രധാനമന്ത്രി കസേരയില്‍. 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ കനത്ത ഭൂരിപക്ഷം നേടി നരേന്ദ്ര മോദി അധികാരത്തിലെത്തി. അയോധ്യ-ബാബറി മസ്ജിദ് വിഷയം വീണ്ടും പുകഞ്ഞു കൊണ്ടിരിക്കുന്നു. ക്ഷേത്രം മാത്രമേ അവിടെ പണിയൂ എന്ന പ്രഖ്യാപനവുമായി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് മുതല്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരെയുള്ളവര്‍. ബാബറി മസ്ജിദ് ഇരുന്ന സ്ഥലം രാമന്‍ ജനിച്ച സ്ഥലമാണെന്നും ഹിന്ദുക്കള്‍ക്ക് വൈകാരിക ബന്ധമുണ്ടെന്നും പറഞ്ഞുകൊണ്ട് അലഹബാദ് കോടതി അയോധ്യയിലെ ഭൂമി 2010-ല്‍ മൂന്നായി വീതം വച്ചിരുന്നു. ഇത് സ്‌റ്റേ ചെയ്ത സുപ്രീം കോടതി ഏഴു വര്‍ഷത്തിനു ശേഷം ഇന്നലെയാണ് കേസ് വീണ്ടും പരിഗണിച്ചത്. ഇനി വരുന്ന ഫെബ്രുവരി മുതല്‍ വീണ്ടും വാദം തുടരും.

ദശകങ്ങള്‍ നീണ്ട രാമജന്മഭൂമി – ബാബറി മസ്ജിദ് തര്‍ക്കം: നാള്‍വഴികളിലൂടെ

അപ്പോള്‍, 25 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ഒരു ജനാധിപത്യ രാജ്യത്ത് നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ എങ്ങനെയാണ് രാജ്യത്തിന്റെ അധികാര സ്ഥാനങ്ങളില്‍ ഇന്നും ശക്തരായി തുടരുന്നത്? അതിന്റെ ഉത്തരം ഒരുപക്ഷേ നമുക്ക് അറിയാമായിരിക്കും: അതാണ് ഇന്ന് രാജ്യം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന അവസ്ഥാ വിശേഷങ്ങള്‍.

എന്തുകൊണ്ടാണ് ഈ ആള്‍ക്കൂട്ടങ്ങള്‍ നിര്‍ണയിക്കുന്ന നീതി നടപ്പാക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കാന്‍ നമ്മുടെ ജുഡീഷ്യറി തുടര്‍ച്ചയായി പരാജയപ്പെട്ടു കൊണ്ടിരിക്കുന്നത്? നമ്മുടെ മുന്നില്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുണ്ട്, വിശദമായ എഫ്.ഐ.ആറുകളുണ്ട്, ശക്തമായ അന്വേഷണമുണ്ട്, കാര്യങ്ങള്‍ തീരുമാനിക്കാനുള്ള പ്രത്യേക കോടതി വരെയുണ്ട്, എന്നിട്ടും എന്താണ് 16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഒരു പള്ളി പൊളിച്ച കേസിലെ പ്രതികളുടെ അവസ്ഥ? എന്താണ് ഇന്ത്യയിലെ 17 കോടി വരുന്ന മുസ്ലീം സമുദായത്തിന് നമ്മുടെ നീതിന്യായ വ്യവസ്ഥയും മറ്റ് ഇന്‍സ്റ്റിറ്റ്യൂഷനുകളും നല്‍കുന്ന സൂചനകള്‍?

ബാബറി മസ്ജിദ്: അദ്വാനിയും ജോഷിയും ഉള്‍പ്പെടെയുള്ളവര്‍ വിചാരണ നേരിടണം, ഗൂഡാലോചന കുറ്റം പുന:സ്ഥാപിച്ചു

ഇത്തരം ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ പരാജയപ്പെടുമ്പോള്‍ കുറ്റവാളികളായി കണക്കാക്കേണ്ടവര്‍, തങ്ങള്‍ ചെയ്ത കുറ്റകൃത്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവര്‍ ഇന്ത്യന്‍ രാഷ്ട്രീയം തന്നെ തിരുത്തിയെഴുതാന്‍ പുറപ്പെടും: അതിന് വ്യാജ ഏറ്റുുമുട്ടല്‍ കൊലപാതകങ്ങളും കലാപങ്ങളും ഭൂരിപക്ഷതാവാദവും അതുവഴിയുള്ള ഭിന്നിപ്പുമൊക്കെ ഉപയോഗിക്കപ്പെടും. മറുപടിയായി ഇസ്ലാമിക് ഭീകരവാദത്തിനും രാജ്യം സാക്ഷ്യം വഹിക്കും. അതാണ് നമ്മുടെ യാഥാര്‍ത്ഥ്യം

ഇത്തരത്തില്‍ രണ്ടു ശക്തികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുയാണ് നമ്മുടെ റിപ്പബ്ലിക്. രാഷ്ട്രീയത്തിന്റെ കേന്ദ്ര ശക്തിയായി നിലനില്‍ക്കുന്ന ഒരു ക്രിമിനല്‍ സിന്‍ഡിക്കേറ്റ്, അതിനോടെതിരു നില്‍ക്കുന്ന ശക്തമായ ഒരു ന്യൂനപക്ഷ സമൂഹവും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമില്ലാത്ത അതിലെ ഒരു ചെറുവിഭാഗവും.

അദ്വാനിയും കൂട്ടരും തകര്‍ത്തത് ബാബറി എന്ന പഴയ കെട്ടിടമല്ല, ഈ രാജ്യത്തിന്റെ ഭരണഘടനയാണ്

ഈ ശക്തികള്‍ക്കിടയില്‍ ശ്വാസം മുട്ടുന്ന ചിലതുണ്ട്, ഏതൊക്കെ വിധത്തില്‍ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടും ഇന്നും ശക്തമായി തന്നെ നിലനില്‍ക്കുന്ന ലോകത്തിലെ മികച്ച ഭരണഘടനകളിലൊന്ന്, ലോകത്ത് ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവുള്ള കുട്ടികള്‍, ലോകത്തില്‍ ഏറ്റവുമധികം നിരക്ഷരരുള്ള ആള്‍ക്കൂട്ടം, പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ലാത്ത കോടിക്കണക്കിന് മനുഷ്യര്‍- നമുക്ക് ഇങ്ങനെയും ചില യാഥാര്‍ത്ഥ്യങ്ങള്‍ കൂടിയുണ്ട്.

ഭിന്നിപ്പിന്റെ ശക്തികള്‍ തങ്ങളുടെ കൈകള്‍ ചോരയില്‍ മുക്കി പുതിയ ഇന്ത്യാ ചരിത്രം എഴുതുമ്പോള്‍ നമുക്ക് വേണ്ടത് രാഷ്ട്രപുനര്‍നിര്‍മാണമാണ്. അതിനെക്കുറിച്ചുള്ള ചര്‍ച്ചകളെങ്കിലുമാണ്.

ഡിസംബര്‍ ആറ്; ഇന്ന് ചോദിക്കേണ്ട യഥാര്‍ത്ഥ ചോദ്യങ്ങള്‍

2019- ലെ പൊതു തെരഞ്ഞെടുപ്പും അയോധ്യാ വിധിയുടെ മറവില്‍ വിജയിക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാര്‍. അതിന്റെ ലക്ഷണങ്ങളായിരുന്നു ഇന്നലെ സുപ്രീം കോടതിയില്‍ അരങ്ങേറിയത്. കടുത്ത നീതി നിഷേധത്തിന്റെയും പൌരസ്വാതന്ത്ര്യ ലംഘനത്തിന്റെയും 25 വര്‍ഷങ്ങള്‍ കൂടിയാണ് കടന്നു പോകുന്നത്.

രാമക്ഷേത്രം; മോദിയും യോഗിയും ഇനിയും കാത്തിരിക്കേണ്ടി വരും

ബാബറി മസ്ജിദ് തകര്‍ക്കുന്നതില്‍ തനിക്ക് പങ്കുണ്ടെന്ന് ബിജെപി മുന്‍ എംപി വിലാസ് വേദാന്തി/ വീഡിയോ

ഡിസംബര്‍ ആറിലെ ഏകാന്തനായ അദ്വാനി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍