UPDATES

നമ്മുടെ വോട്ടുകള്‍ എവിടെ പോകുന്നു? ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ (FPTP) അടിയന്തര പൊളിച്ചെഴുത്ത് അനിവാര്യം

നമ്മുടെ ജനാധിപത്യത്തെ അപകടരമായ ഒരു മെജോറിറ്റേറിയന്‍ നരേറ്റീവ് ആക്കി മാറ്റിക്കൊണ്ടിരിക്കുന്നതില്‍ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഒന്നാണ് FPTP സമ്പ്രദായം- എഡിറ്റോറിയല്‍

തെരഞ്ഞെടുപ്പ് ഫലം എന്തുമായിക്കൊള്ളട്ടെ, രാജ്യം ഇതുവരെ കണ്ടതില്‍ വച്ചേറ്റവും വൃത്തികെട്ടതും തരംതാണതും ധ്രുവീകരിക്കപ്പെട്ടതുമായ പ്രചരണത്തിനു പിന്നാലെയുണ്ടായ തെരഞ്ഞെടുപ്പിനാണ് ഇന്ന് വൈകിട്ടോടെ സമാപനമാകുന്നത്. അത് മറ്റൊരു കാര്യം കൂടി നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് സമ്പ്രദായം ഏറെ പാകപ്പിഴകള്‍ നിറഞ്ഞതാണ് എന്നതാണ് അത്. ഇന്ത്യന്‍ ജനതയുടെ വലിയൊരു വിഭാഗത്തിന് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ടാകില്ല, ഒപ്പം, ജനസംഖ്യയുടെ 17 ശതമാനത്തോളം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അവിടെ കാര്യമായി ഇടമുണ്ടാകില്ല.

നമ്മുടെ രാജ്യം ഒരു ഭൂരിപക്ഷതാവാദ (Majoritarian) രാജ്യമായി മാറാതിരിക്കാനും വിഭിന്ന വിഭാഗത്തില്‍ പെട്ട എല്ലാവര്‍ക്കും ഇടമുണ്ടായിരിക്കാനും ജനാധിപത്യം കൂടുതല്‍ അര്‍ത്ഥവത്തായി മാറുന്നതിനും ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിലെ തെരഞ്ഞെടുപ്പ് സംവിധാനം മൊത്തത്തില്‍ അഴിച്ചുപണിയേണ്ടതിന്റെ ആവശ്യകതയും കൂടിയായിരിക്കും 2019-ലെ തെരഞ്ഞെടുപ്പ് ഫലം കാണിച്ചു തരിക.

യുകെ, ക്യാനഡ, യുഎസ് എന്നീ രാജ്യങ്ങളിലെപ്പോലെ ഇന്ത്യയിലും നിലനില്‍ക്കുന്നത് ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ് (FPTP) തെരഞ്ഞെടുപ്പ് സമ്പ്രദായമാണ്.

ഈ FPTP സമ്പ്രദായത്തില്‍ ഓരോ വോട്ടര്‍ക്കും ഒരു വോട്ടും അതത് മണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ കിട്ടുന്ന സ്ഥാനാര്‍ത്ഥി വിജയിക്കുകയുമാണ് ചെയ്യുന്നത്. ഈ സമ്പ്രദായമനുസരിച്ച് ഒരു സ്ഥാനാര്‍ത്ഥി വിജയിക്കണമെങ്കില്‍ മിനിമം ഇത്ര വോട്ടുകള്‍ നേടിയിരിക്കണം എന്ന സാഹചര്യമില്ല. ഉദാഹരണത്തിന് 31 ശതമാനവും 34 ശതമാനവും 35 ശതമാനവും വോട്ടുകള്‍ നേടിയ സ്ഥനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ ഇതില്‍ 35 ശതമാനം വോട്ടുകള്‍ നേടിയ സ്ഥാനാര്‍ത്ഥിയായിരിക്കും വിജയിക്കുക. അതായത്, ഈ വിജയിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത് വളരെ ചെറിയ വോട്ട് ശതമാനം മാത്രമാണ്, പക്ഷേ, അവരായിരിക്കും ആ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലേക്ക് പോവുക. ഭൂരിപക്ഷം വരുന്ന വോട്ടര്‍മാരുടെ വോട്ടുകള്‍ക്ക് അവിടെ യാതൊരു വിലയും ഉണ്ടാകുന്നില്ല എന്നു സാരം.

അതായത്, കുതിരയോട്ട മത്സരത്തിലേതു പോലെ മറ്റുള്ളവരെ പിന്നിലാക്കി ആരാണോ മുന്നേറുന്നത് അവരാണ് ഈ സമ്പ്രദായം അനുസരിച്ച് വിജയി. FPTP-ക്ക് ആ പേരുവന്നതു തന്ന കുതിരയോട്ട മത്സരവുമായി ബന്ധപ്പെട്ടാണ്. ഇവിടെ സ്ഥാനാര്‍ത്ഥിയുടെ വിജയത്തില്‍ കണക്കിന് പ്രസക്തിയില്ല. ചിലപ്പോള്‍ വമ്പന്‍ ഭൂരിപക്ഷത്തിലായിരിക്കാം വിജയിക്കുക, ചിലപ്പോള്‍ നറുക്കെടുപ്പിലൂടെയാവാം.

അപ്പോള്‍, വിജയിക്കുന്ന സ്ഥാനാര്‍ത്ഥി അതത് മണ്ഡലങ്ങളിലെ ഒരു വിഭാഗത്തെ മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ എന്നതിന്റെ അപകടവുമുണ്ട്. അത് സംസ്ഥാന, ദേശീയ തലങ്ങളിലേക്കാകുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവകരവുമാകും.

Also Read: ഹീറ്റര്‍, ബെഡ്, അറ്റാച്ച്ഡ് ടോയ്‌ലറ്റ്, കുളിക്കാനുള്ള സ്ഥലം, ഇലക്ട്രിക് ഗീസര്‍, ഫോണ്‍; മോദി ധ്യാനമിരുന്നത് പ്രത്യേകം സജ്ജീകരിച്ച ഗുഹയില്‍

FPTP സമ്പ്രദായം അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ എത്ര ശതമാനം വോട്ടുകള്‍ നേടുന്നു എന്നതിനും എത്ര സീറ്റുകള്‍ അവര്‍ക്ക് ലഭിക്കുന്നു എന്നതിനും തമ്മില്‍ പറയത്തക്ക ബന്ധമൊന്നും ഇല്ലെന്നും കാണാം. ഉദാഹരണത്തിന് 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആകെ ലഭിച്ചത് ചെയ്ത വോട്ടിന്റെ 31 ശതമാനം മാത്രമാണ്. പക്ഷേ, അവര്‍ക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം ആകെ ലോക്‌സഭാ സീറ്റുകളുടെ 52 ശതമാനമാണ് (282). 2009-ല്‍ ബി.ജെ.പിക്ക് 18 ശതമാനം വോട്ടും 116 സീറ്റുകളുമാണ് ലോക്‌സഭയിലേക്ക് ലഭിച്ചത്. എന്നാല്‍ 2014-ല്‍ 19.35 ശതമാനം വോട്ടുകള്‍ നേടിയ കോണ്‍ഗ്രസിനാകട്ടെ ലഭിച്ചത് വെറും എട്ടു ശതമാനം സീറ്റുകളും (44).

പ്രാദേശിക തലത്തിലെത്തുമ്പോഴാണ് ഇത് കൂടുതല്‍ മോശമാവുന്നത് എന്നും കാണാം. 2017-ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ 39 ശതമാനം വോട്ട് നേടിയ ബിജെപിക്ക് 312 സീറ്റുകളും 21.8 ശതമാനം വോട്ടുകള്‍ നേടിയ സമാജ്‌വാദി പാര്‍ട്ടിക്ക് 47 സീറ്റുകളും 22.2 ശതമാനം വോട്ടുകള്‍ നേടിയ ബി.എസ്.പിക്ക് 19 സീറ്റുകളുമാണ് ലഭിച്ചത്. അതായത്, സമാജ്‌വാദി പാര്‍ട്ടിയും ബിജെപിയും നേടിയ വോട്ട് ശതമാനത്തിന്റെ വ്യത്യാസം വെറും 18 ശതമാനമാണെങ്കിലും സീറ്റുകളുടെ എണ്ണത്തില്‍ ഉണ്ടായത് വന്‍ വ്യത്യാസമാണെന്നു കാണാം. 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 39.05 ശതമാനം വോട്ടാണ് നേടിയത്. അവര്‍ക്ക് ലഭിച്ചത് 34 സീറ്റുകള്‍. എന്നാല്‍ അതേ സമയത്ത് യുപിയില്‍ 19.6 ശതമാനം വോട്ടുകള്‍ നേടിയ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി)ക്ക് ഒറ്റ സീറ്റു പോലും ലഭിച്ചുമില്ല.

അതായത്, FPTP സമ്പ്രദായം ലീഡിംഗ് പാര്‍ട്ടിക്ക് ലഭിക്കുന്ന സീറ്റുകളെ പെരുപ്പിച്ചു കാണിക്കുകയും അതേ സമയം, ചെറിയ പാര്‍ട്ടികളെ, പ്രത്യേകിച്ച് അവരുടെ പിന്തുണ ആവശ്യമില്ലാത്ത സാഹചര്യത്തില്‍, അപ്രസക്തമാക്കുകയും ചെയ്യുന്നു എന്നു കാണാം.

ഇതുവരെയുള്ള ചരിത്രം വച്ചു നോക്കിയാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ജനസംഖ്യാനുപതികമായി പ്രാതിനിധ്യം ഉറപ്പാക്കുന്ന കാര്യത്തില്‍ FPTP സമ്പ്രദായം പരാജയമാണെന്ന് വ്യക്തമാവും. ഉദാഹണത്തിന് ജനസംഖ്യയുടെ 13-14 ശതമാനം വരുന്ന ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്ലീങ്ങള്‍ക്ക് 16-ാം ലോക്‌സഭയിലോ നിയമസഭകളിലോ അതിനനുസരിച്ചുള്ള പ്രാതിനിധ്യം ഇല്ല.

സ്വാതന്ത്ര്യാനന്തരം മുതല്‍ തന്നെ മുസ്ലീം വിഭാഗങ്ങള്‍ക്കുള്ള ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഒരു ലോക്‌സഭയിലും ലഭിച്ചിട്ടില്ലെന്നും കാണാം. ഇപ്പോള്‍ അവസാനിക്കുന്ന, ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ച 16-ാം ലോക്‌സഭയാണ് അക്കാര്യത്തില്‍ ഏറ്റവും മോശമായ സ്ഥിയിലുള്ളത്.

ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദി തുടങ്ങിവച്ച കാര്യങ്ങളും ഇതിനോട് ചേര്‍ത്തുവായിക്കണം. യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ തങ്ങളുടെ ന്യൂനപക്ഷ വിരുദ്ധ നിലപാട് അവര്‍ അവിടെ നടപ്പാക്കിയിരുന്നു. ഇന്ന് ഗുജറാത്ത് നിയമസഭയില്‍ പത്തു ശതമാനം വരുന്ന മുസ്ലീം വിഭാഗങ്ങള്‍ക്ക് ആകെയുള്ള പ്രാതിനിധ്യം 1.5 ശതമാനം അംഗങ്ങള്‍ മാത്രമാണ്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ പിന്നാലെ 2017-ല്‍ നടന്ന നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലോ യുപിയില്‍ മുസ്ലീം വിഭാഗത്തില്‍ നിന്ന് ഒരാള്‍ക്ക് പോലും ബിജെപി സീറ്റ് നല്‍കിയുമില്ല.

മോദിയുടെ ഭരണത്തിനു കീഴില്‍ ഇന്ത്യ എങ്ങനെയാണ് മാറിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ മറ്റൊരുദാഹണം കൂടിയാണിത്. അവരുടെ നയം വ്യക്തമാണ്. തങ്ങള്‍ ന്യൂനപക്ഷങ്ങളെ ഒപ്പം കൊണ്ടു നടക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഭൂരിപക്ഷ സമുദായത്തിന്റെ ഏകീകരണമാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. അതിന്റെ ഉദാഹരണമാണ് 2014-19-ലെ 16-ാം ലോക്‌സഭയില്‍ മുസ്ലീം അംഗങ്ങളുടെ എണ്ണം വെറും നാലു ശതമാനം മാത്രമായിരുന്നു എന്നത്.

Also Read: വാതില്‍പ്പടിയിലെത്തിയ ഏകാധിപത്യത്തെ നേരിടാന്‍ തെരഞ്ഞെടുപ്പ് പരിഷ്കരണവും അനിവാര്യമാണ്

ഇതേ മാതൃകയാണ് ചില ന്യൂനപക്ഷ പാര്‍ട്ടികളും പിന്തുടരുന്നത് എന്നു കാണാം. ഉദാഹരണം അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുള്‍ മുസ്ലിമീന്‍ (AIMIM).

ഈയര്‍ത്ഥത്തില്‍ നമ്മുടെ ജനാധിപത്യത്തെ അപകടരമായ ഒരു മെജോറിറ്റേറിയന്‍ നരേറ്റീവ് ആക്കി മാറ്റിക്കൊണ്ടിരിക്കുന്നതില്‍ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ ഒന്നാണ് FPTP സമ്പ്രദായം. ഏത് വിധത്തിലായാലും രാജ്യത്തിന്റെ താത്പര്യങ്ങളെ ആഴത്തില്‍ ഹനിക്കുന്നതാണ് നിലവിലെ ഈ സമ്പ്രദായം എന്നത് വ്യക്തമാണ്.

2017-ല്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് സമിതി ഇക്കാര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും അഭിപ്രായം തേടിയിരുന്നു. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, എന്‍സിപി തുടങ്ങിയ പാര്‍ട്ടികള്‍ പാര്‍ലമെന്റ് സമിതിയോട് FPTP സമ്പ്രദായത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഭരണകക്ഷിയായ ബിജെപി ഇക്കാര്യത്തില്‍ അന്ന് പ്രതികരിക്കാന്‍ തയാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ തന്നെ ഈ വിഷയത്തില്‍ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് ചര്‍ച്ചകള്‍ തുടങ്ങുകയും ശക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. അതുവഴി മാത്രമേ ഇന്ത്യന്‍ ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കാനും ജനാധിപത്യത്തിലെ വൈവിധ്യങ്ങളെ ശക്തിപ്പെടുത്താനും സാധിക്കൂ.

മെയ് 23-ന് പുറത്തു വരുന്ന 17-ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം, അത് എന്തായാലും, FPTP സമ്പ്രദായത്തിലെ പിഴവുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കൂടിയാണ് തുടക്കമിടേണ്ടത്.

Also Read: ജനപ്രതിനിധികള്‍ക്ക് പാര്‍ലമെന്‍റിനോട് ഉത്തരവാദിത്തം കുറയുന്നോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍