UPDATES

മോദിയുടെ ഇന്ത്യ, ട്രംപിന്റേതല്ലാത്ത അമേരിക്ക; നീതിയുടെ രണ്ടു ലോകങ്ങള്‍

സുതാര്യതയ്ക്കായുള്ള എല്ലാ ശ്രമങ്ങളും അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്നതിന് നാം ഓരോ ദിവസവും സാക്ഷ്യം വഹിക്കുകയാണ്

പൂര്‍ണതയെത്താത്ത ഒരു ജനാധിപത്യ സംവിധാനത്തില്‍ നില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടി വിശദമായി മനസിലാകുന്നതിന് ഒരു ആഗോള കാഴ്ചപ്പാട് എല്ലായ്‌പ്പോഴും നല്ലതാണ്.

ട്രംപ്-റഷ്യ വിവാദവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളുടെ ഭാഗമായി പ്രഡിഡന്റ് ട്രംപിന്റെ മുന്‍ തെരഞ്ഞെടുപ്പ് മാനേജര്‍, ഡപ്യൂട്ടി മാനേജര്‍, വിദേശ നയ സഹായി എന്നിവര്‍ കുഴപ്പത്തിലായതിന് അമേരിക്ക സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ ജനാധിപത്യത്തില്‍ നിന്നുള്ള ശക്തമായ ചില സന്ദേശങ്ങള്‍ ഇക്കാര്യങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്, ഒപ്പം, നമുക്കും പഠിക്കാനുതകുന്ന ചില പാഠങ്ങള്‍.

ഇപ്പോള്‍ നടക്കുന്ന അന്വേഷണമാകട്ടെ, ട്രംപിന്റെ വാതില്‍പ്പടിയോളം എത്താമെന്നാണ് കരുതപ്പെടുന്നത്, അങ്ങനെയൊരു സാഹചര്യത്തില്‍ അത് ട്രംപിന്റെ ഇംപീച്ച്‌മെന്റിലേക്കും നയിക്കും.

ചില സാമ്യങ്ങള്‍

സംശുദ്ധമായ ഭരണം വാഗ്ദാനം ചെയ്ത് വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി അധികാരത്തിലേറിയിട്ട് മൂന്നര വര്‍ഷമാകുന്നു. താന്‍ കൈക്കൂലി വാങ്ങുകയോ മറ്റുള്ളവരെ അത് വാങ്ങാന്‍ അനുവദിക്കുകയോ ചെയ്യില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍. ല്യൂട്ട്യന്‍സ് ഡല്‍ഹിയിലെ കൊള്ളക്കൊടുക്കലുകാരെ ‘ഒതുക്കു’മെന്നും ഭരണം മെച്ചപ്പെടുത്തുമെന്നുമൊക്കെ വാഗ്ദാനങ്ങളുണ്ടായിരുന്നു.

എന്നാല്‍ ഈ മൂന്നു വര്‍ഷം കഴിിയുമ്പോള്‍ നമുക്ക് മനസിലാക്കുന്ന ചില കാര്യങ്ങളുണ്ട്: കൊലപാതക കുറ്റത്തിനും തട്ടിപ്പിനും കൊള്ളയടിക്കും സംശയിക്കപ്പെട്ട ഒരാളെ മോദി തന്റെ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് നിയോഗിച്ചു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അനധികൃത മാര്‍ഗങ്ങളിലൂടെ സമ്പത്തുണ്ടാക്കിയ റോബര്‍ട്ട് വാധ്രയും മറ്റുള്ളവരും ഇപ്പോഴും സ്വതന്ത്ര വിഹാരം നടത്തുന്നു. രാജ്യത്തിന്റെ വിപണി മുഴുവന്‍ മാന്ദ്യത്തിലാകുകയും സമ്പദ് വ്യവസ്ഥ കൂപ്പു കുത്തുകയും ചെയ്തിട്ടും ‘അസാധാരണ’ സാമ്പത്തിക വളര്‍ച്ച നേടാന്‍ ഒരാള്‍ക്ക് കഴിഞ്ഞു: അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്ക്.

സുത്യാരതയെക്കുറിച്ച് പറയുന്നത്

സുതാര്യതയ്ക്കായുള്ള എല്ലാ ശ്രമങ്ങളും അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്നതിന് നാം ഓരോ ദിവസവും സാക്ഷ്യം വഹിക്കുകയാണ്. മോദിയുടെ വിദ്യാഭ്യാസ യോഗ്യതകളുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാലയോട് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തു വിടാന്‍ ഉത്തരവ് നല്‍കിയ ആര്‍.റ്റി.ഐ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവിനെ മാനവശേഷി വികസന വകുപ്പിന്റെ ചുമതലയില്‍ നിന്നു മാറ്റിക്കൊണ്ടാണ് സര്‍ക്കാര്‍ പ്രതികരിച്ചത്.

ദി വയര്‍ വെബ്‌സൈറ്റ് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ അഹമ്മദാബാദിലെ ഒരു അഡീഷണല്‍ സീനിയര്‍ സിവില്‍ ജഡ്ജില്‍ നിന്ന് ഇനി ഈ വിഷയത്തില്‍ വാര്‍ത്തയേ പ്രസിദ്ധപ്പെടുത്താന്‍ പാടില്ലെന്ന ഉത്തരവ് നേടാന്‍ നിയമസംവിധാനത്തിലെ പഴുതുകള്‍ ഉപയോഗിച്ചുള്ള അധ:പതിച്ച എല്ലാ മാര്‍ഗങ്ങളും അമിത് ഷായുടെ മകന്‍ കൈക്കൊണ്ടു. ഇക്കാര്യത്തില്‍ ജനാധിപത്യപരമായ ഒരു സംവാദത്തിന് അവര്‍ക്കിടയില്‍ സ്ഥാനമില്ല.

വിവാരാവകാശ നിയമ പ്രകാരം ചോദിക്കുന്ന ഒരുവിധപ്പെട്ട വിവരങ്ങള്‍ക്കൊക്കെ മുമ്പാകെ വാതില്‍ കൊട്ടിയടച്ച് പി.എം.ഒ എല്ലാ വിധത്തിലും ഒരു തമോഗര്‍ത്തമായി രുപപ്പെട്ടിരിക്കുന്നു.

അതേ സമയം, അമേരിക്കന്‍ നീതിന്യായ സംവിധാനത്തില്‍ നീതിയുടെ ചക്രം പതുക്കെയാണെങ്കിലും ഉറപ്പോടു കൂടി ഉരുണ്ടുകൊണ്ടിരിക്കുന്നു എന്നു കാണാന്‍ കഴിയും. ട്രംപ് – റഷ്യ ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബര്‍ട്ട് മൗള്ളെര്‍ ഭയരഹിതനായി തന്റെ അന്വേഷണം മൂന്നോട്ടു കൊണ്ടു പോകുന്നു. ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യന് ഞെട്ടലോടെ ഇതു കണ്ടുകൊണ്ടിരിക്കുകയല്ലാതെ മറ്റു വഴികളില്ല.

ഇപ്പോള്‍ ട്രംപിന്റെ പ്രചരണ വിഭാഗം ചെയര്‍മാനെതിരെയുള്ളവര്‍ക്കെതിരായ നടപടി ഒരു തുടക്കം മാത്രമാണെന്നും ഇനിയും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാനുണ്ടെന്നും അതുകൊണ്ടു തന്നെ ഇതൊരു തുടക്കം മാത്രമായി കണ്ടാല്‍ മതിയെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അങ്ങനെയുള്ള കണ്ടെത്തലുകള്‍ ട്രംപിലേക്കെത്തിയാല്‍ അയാള്‍ ഇംപീച്ച് ചെയ്യപ്പെടും. ഇതുവരെ പുറത്തു വന്നിട്ടുള്ള കാര്യങ്ങള്‍ ഇത്രയുമാണ്: ഒന്ന്, ട്രംപിന് ഒരു പ്രചരണ വിഭാഗം തലവനുണ്ടായിരുന്നു: മാനോഫോര്‍ട്ട്. മോസ്‌കോയുടെ പിന്തുണയോടെ അഴിമതി നിറഞ്ഞ ഒരു ഉക്രേനിയന്‍ സര്‍ക്കാരിന്റെ പ്രതിഫലം പറ്റിക്കൊണ്ട്, എന്നാല്‍ രേഖകളിലൊന്നും ഇടംപിടിക്കാതെ ഒരു വിദേശ ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു മാനോഫോര്‍ട്ട്. രണ്ട്, റഷ്യന്‍സിനും ഉക്രേനിയന്‍സിനും വേണ്ടി വന്‍തോതില്‍ പണം വെളുപ്പിച്ചെടുക്കുന്നതിന്റെ ഉത്തരവാദിയായിരുന്നു ഇയാള്‍. മൂന്ന്, ഇക്കാര്യങ്ങളില്‍ എഫ്.ബി.ഐയോട് കള്ളം പറഞ്ഞു. റഷ്യക്കാരുമായി ചേര്‍ന്ന് മീറ്റിംഗുകള്‍ സംഘടിപ്പിക്കുകയും ഹിലരി ക്ലിന്റനെതിരായ ‘തെളിവുകള്‍’ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ആളുകളുമായി ചേര്‍ന്ന് ട്രംപിന്റെ ടീമിലുണ്ടായിരുന്ന ഒരാള്‍ പ്രവര്‍ത്തിക്കുകയും ഇക്കാര്യത്തിലും എഫ്.ബി.ഐയോട് കള്ളം പറയുകയും ചെയ്തു.

ഇതാണ് പക്വതയെത്തിയ, ലിബറലായ ഒരു ജനാധിപത്യത്തില്‍ സംഭവിക്കുക, അധികാരത്തിലിരിക്കുന്ന ആരും അവര്‍ക്ക് തൊട്ടുകൂടാത്തവരല്ല, അത്തരമൊരു കാഴ്ചപ്പാടില്‍ നീതി എന്നത് എല്ലാവര്‍ക്കും തുല്യമാണ്.

അതേ സമയം, നമ്മെ നോക്കൂ: ഇത് കേവലം ബിജെപിയുടേയോ മോദിയുടേയോ മാത്രം കാര്യമല്ല, കോണ്‍ഗ്രസിനും കമ്യൂണിസ്റ്റിനുമൊക്കെ ഇത് ബാധകമാണ്. അധികാരത്തിന്റെ തിമിരം ബാധിച്ച്, ഏറെക്കുറെ ദുര്‍ബലമായിക്കഴിഞ്ഞ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങളെ വീണ്ടും ദുര്‍ബലമാക്കി, ജനാധിപത്യത്തോട് തരിമ്പും ബഹുമാനമില്ലാതെ അവര്‍ തങ്ങളുടേതായ ഏകാധിപത്യ ലോകങ്ങള്‍ നിര്‍മിക്കുന്നതല്ലേ ഓരോ സംസ്ഥാനത്തും പൊതുവില്‍ രാജ്യത്തും കാണുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍