UPDATES

പരിഹാസ്യതയ്ക്ക് സാധൂകരണങ്ങള്‍ തേടുന്ന ഒരു പ്രധാനമന്ത്രി

ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിൽ നിന്നും, തന്റെ പപ്പു പ്രതിച്ഛായയിൽ നിന്നും, മോദി ഒറ്റയ്ക്കാണ് രാഹുൽഗാന്ധിയെ ഉയർത്തെഴുന്നേൽപ്പിച്ചത്- എഡിറ്റോറിയല്‍

ചില മനുഷ്യർ ജീവിതം മുഴുവനും തങ്ങൾക്കുള്ള സാധൂകരണങ്ങൾ തേടിക്കൊണ്ടിരിക്കും. തങ്ങളെ കാണാനെങ്ങനെയുണ്ട്, എഴുതുന്നതെങ്ങനെ, നടക്കുന്നതിനെക്കുറിച്ച് ഇങ്ങനെ തങ്ങളെക്കുറിച്ചു തന്നെ അവര്‍ ചോദിച്ചുകൊണ്ടേയിരിക്കും. അത് വളരെ ബാലിശമാണ്. പക്ഷെ അവർ മഹാ കേമന്മാരാണ് എന്ന അവരുടെ അഹങ്കാരത്തെ അംഗീകരിച്ചുകൊടുക്കാതെ അവർ നിങ്ങളെ വിടില്ല. നിങ്ങൾക്കവരെ അനുസരിക്കേണ്ടതുണ്ട് എന്നതിനാൽ, നിങ്ങൾ വാസ്തവത്തിൽ ചിന്തിക്കുന്നതല്ല, മറിച്ച് അവർ കേൾക്കാനാഗ്രഹിക്കുന്നത് നിങ്ങൾ പറയും .

നമ്മള്‍ സാധാരണ രാഷ്ട്രീയക്കാർ എന്നു വിളിക്കുന്നവരിലെ വലിയൊരു വിഭാഗം അക്കൂട്ടത്തില്‍ പെടുന്നവരാണ്. അതിനൊരു കാരണം, അവരുടെ രാഷ്ട്രീയജീവിതം മുഴുവൻ സമ്മതിദായകരുടെ സാധൂകരണത്തിലൂടെ തെളിയുന്നതാണ് എന്നാണ്. വേണ്ടത്ര സാധൂകരണം കിട്ടാത്ത രാഷ്ട്രീയക്കാർ പൊതുജന ദൃഷ്ടിയിൽ വലിയ മതിപ്പു നേടാത്തവരാണ്. ഒരു തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ശേഷിക്കുറവ് കാരണം അരുൺ ജെയ്റ്റ്ലിക്ക് അധികാര വൃത്തങ്ങളിൽ പോലും അത്ര ബഹുമാനം കിട്ടാറില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയായി കഴിഞ്ഞിട്ടു പോലും ഒരു ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന് രാമചന്ദ്ര ഗുഹയെ പോലുള്ള ബുദ്ധിജീവികൾവരെ ഡോ. മൻമോഹൻ സിംഗിനെ വിമർശിച്ചിട്ടുണ്ട്. (മന്‍മോഹന്‍ സിംഗ് ഏക തവണ മത്സരിച്ചത് 1999-ല്‍ ദക്ഷിണ ഡല്‍ഹിയില്‍ നിന്നാണ്, എന്നാല്‍ പരാജയപ്പെട്ടു)

പൊള്ളയായ മനുഷ്യർ പലപ്പോഴും സാധൂകരണങ്ങളെ വലിയ പൊതുജന സ്വാധീനവും പ്രതിച്ഛായയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. അത് വാസ്തവത്തിൽ വളരെ കൗശലം നിറഞ്ഞ പ്രചാരണ പരിപാടി കൂടിയാണ്. ആധുനിക ഇന്ത്യയിൽ ഈ കലയിൽ നരേന്ദ്ര മോദിയെ വെല്ലാൻ മറ്റാരുമില്ല. അയാളുടെ പ്രാഥമിക രാഷ്ട്രീയം രണ്ടു തന്ത്രങ്ങളിലാണ് താങ്ങി നിൽക്കുന്നത്- എല്ലായ്പ്പോഴും ഒരു ശത്രുവുണ്ടാവുക, എല്ലായ്പ്പോഴും സാധൂകരണങ്ങൾ തേടിക്കൊണ്ടിരിക്കുക.

ഗുജറാത്ത് മുഖ്യമന്ത്രിയായതു മുതലുള്ള അയാളുടെ മിക്ക പ്രവർത്തികളും പൊതുമണ്ഡലത്തിലുണ്ട്, അവയെല്ലാം രേഖപ്പെടുത്തപ്പെട്ടതുമാണ്. കൂടുതൽ വിശ്വാസ്യതയുള്ള ആളുകളെക്കൊണ്ട് തന്നെ പ്രശംസിപ്പിച്ചും സൂക്ഷ്മമായി, പലപ്പോഴും ബലം പ്രയോഗിച്ചുതന്നെ മുന്നോട്ടുതള്ളിയുമാണ് അയാൾ തന്റെ പ്രതിച്ഛായ വളർത്തിയെടുത്തതെന്ന് സാധൂകരണ സിദ്ധാന്തങ്ങൾ വെച്ച് വിശകലനം ചെയ്‌താൽ നമുക്ക് കൃത്യമായി മനസിലാക്കാൻ കഴിയും. ഇത് പൊതുമാധ്യമങ്ങളിലും, എന്തിന് ബുദ്ധിജീവികളിൽ വരെ ഒരു ഭരണാധികാരി, അഴിമതി വിരുദ്ധ പോരാളി എന്നിങ്ങനെ മോദിയുടെ പ്രതിച്ഛായ വളർത്തിയെടുത്തു.

ഗുജറാത്തിൽ സൃഷ്‌ടിച്ച ചങ്ങാത്ത മുതലാളിത്ത സംവിധാനത്തിന്റെ ഗുണഭോക്താക്കളായ വ്യാപാരികൾ നൽകിയ സ്തുതിപാടലുകളും അംഗീകാരവും ഗുജറാത്ത് കലാപത്തിന് ശേഷം ഈ സാധൂകരണങ്ങൾ മോദിയുടെ പ്രതിച്ഛായ മിനുക്കിയെടുക്കലിനെ ഏറെ സഹായിച്ചു.

പശ്ചിമ ബംഗാളിൽ നിന്നും നാനോ ഫാക്ടറിയുമായി എത്തിയ ടാറ്റയ്ക്ക് നൂറുകണക്കിന് ഏക്കർ ഭൂമിയും പൊതുഖജനാവിൽ നിന്നുമുള്ള ആയിരക്കണക്കിന് കോടി രൂപയുടെ ഇളവുകളുമാണ് മോദി നൽകിയത്. തൊട്ടുപിന്നാലെ രത്തൻ ടാറ്റ മോദിയെ പുകഴ്‌ത്താൻ തുടങ്ങി.

പിന്നാലെ അംബാനി, അദാനി എന്നിങ്ങനെ നിരനിരയായി ആളുകളെത്തി. മോദിയെ പുകഴ്ത്തുകയും അയാൾക്ക് പൊതുസ്വീകാര്യത ഉണ്ടാക്കിക്കൊടുക്കുകയും ചെയ്ത ആദ്യകാല വ്യവസായികളെ നോക്കിയാലറിയാം, അവരെല്ലാം മോദിയുടെ ഗുജറാത്ത് സർക്കാരിന്റെ ആനുകൂല്യം അനുഭവിച്ചവരാണ്.

പ്രധാനമന്ത്രിയായതിനുശേഷവും മോദിക്ക് തന്റെ കാതലായ രണ്ടു രാഷ്ട്രീയതന്ത്രങ്ങളെ കയ്യൊഴിയാൻ കഴിഞ്ഞില്ല: സാധൂകരണം തേടലും ശത്രുക്കളെ കണ്ടെത്തലും.

എന്നാല്‍, ഒരു ശത്രുവിനെതിരെ തന്നെക്കൊണ്ടുനിർത്തുന്ന രണ്ടാമത്തെ തന്ത്രം വലിയ തോതിൽ തിരിച്ചടിക്കുന്നുണ്ട്. കാരണം ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിൽ നിന്നും, തന്റെ പപ്പു പ്രതിച്ഛായയിൽ നിന്നും, മോദി ഒറ്റയ്ക്കാണ് രാഹുൽഗാന്ധിയെ ഉയർത്തെഴുന്നേൽപ്പിച്ചത്. പ്രധാനമന്ത്രിയായിട്ടും നെഹ്‌റു കുടുംബത്തെ മറക്കാൻ കഴിയാത്ത മോദി അവർക്കു നേരെയുള്ള ശാപവാക്കുകളും ആക്രമണവും തുടർന്നുകൊണ്ടിരുന്നു. എന്തായാലും അതിനു ഫലമുണ്ടായി, രാഹുൽ ഗാന്ധിയിപ്പോൾ പ്രധാനമന്ത്രി പദത്തിലേക്ക് വളരെ ഗൗരവമായ മത്സരത്തിലാണ്.

മോദിയുടെ ഒന്നാമത്തെ തന്ത്രമായ സാധൂകരണത്തിനും പ്രശംസകൾക്കുമുള്ള ശ്രമം പലപ്പോഴും പരിഹാസ്യമായ ചിത്രങ്ങൾ ഉണ്ടാക്കാറുണ്ട്. മോദിയെ ശക്തനായ നേതാവായി ചിത്രീകരിച്ച്, മൻമോഹൻ സിംഗിനെ പരിഹസിക്കാൻ വേണ്ടി അയാളുടെ അനുചരവൃന്ദം ബോളിവുഡിനെ സ്വാധീനിച്ചിറക്കിയ ചലച്ചിത്രം എട്ടു നിലയില്‍ പൊട്ടി.

മോദി പുസ്തകമെഴുതുന്നു, കവിതകളെഴുതുന്നു, പലപ്പോഴും സ്വന്തമായ, അന്തം വിട്ടുപോകുന്ന തരത്തിലുള്ള കെട്ടുകഥകളുമായും വരുന്നു.

സാധൂകരണത്തിനുള്ള അയാളുടെ മറ്റൊരു വഴിയായ പുരസ്കാരങ്ങളും മിക്കപ്പോഴും കോമാളിത്തമായി മാറാറുണ്ട്. ഈ ദിവസങ്ങളിൽ ഡൽഹിയിൽ നടന്നത് അത്തരത്തിലൊന്നാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫിലിപ്പ് കോട്ലർ പ്രസിഡൻഷ്യൽ പുരസ്കാരം ലോക വിപണി ഉച്ചകോടി (World Marketing Summit -WMS ) തിങ്കളാഴ്ച നൽകി. മോദിക്ക് മേൽ ചൊരിഞ്ഞ സ്തുതികൾക്കപ്പുറം ഈ പുരസ്കാരം ഉയർത്തിയത് കുഴപ്പം പിടിച്ച മറ്റു ചോദ്യങ്ങളാണ്.

ഒട്ടും അറിയപ്പെടാത്ത അലിഗഡ് ആസ്ഥാനമായ Suslence Research International Institute എന്ന സ്ഥാപനം നടത്തിയ ഒരു പരിപാടിയുടെ ഭാഗമായാണ് WMS ഈ പുരസ്കാരം നൽകിയത്.

തൗസീഫ് സിയാ സിദ്ദിക്കി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് WMS Indiaയും Suslence-ഉം. ഇന്റര്‍നെറ്റില്‍ ഇയാളെക്കുറിച്ച് പറയുന്നത്, ഇയാൾ സൗദി അറേബ്യാ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പെട്രോകെമിക്കൽ സ്ഥാപനമായ SABIC ജീവനക്കാരനാണ് എന്നാണ്. ഇന്ത്യയിലെ ഊർജ വ്യവസായ മേഖലയിലേക്ക് വലിയ കടന്നുവരവിന്‌ ശ്രമിക്കുകയാണ് ഈ കമ്പനി. അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്‌ മോദിക്ക് അതുവരെ കേട്ടുകേള്‍വിയില്ലാതിരുന്ന ഒരു പുരസ്‌കാരം സ്ഥാപിച്ച് നല്‍കിയത്.

മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉയർത്തിയതോടെ WMS (India)യും Suslence-ഉം തങ്ങളുടെ വെബ്‌സൈറ്റുകൾ അടച്ചുപൂട്ടി.

പുരസ്കാരം പ്രഖ്യാപിച്ച WMS India യുടെ ട്വിറ്റർ ഹാൻഡിലും ഇപ്പോൾ നീക്കം ചെയ്തു.

SABIC -യിൽ ജോലി ചെയ്യവേ 2017-ലാണ് സിദ്ദിക്കി Suslence Research International Institute സ്ഥാപിക്കുന്നത്. കമ്പനി രേഖകളനുസരിച്ച് 2017 സെപ്റ്റംബർ 6-നാണ് ഇത് സ്ഥാപിക്കുന്നത്. എന്നാൽ WMS 2018 പരിപാടി നടത്തി കുറച്ചു മാസങ്ങൾക്ക് ശേഷം 2018 ജൂലായ് 3-നാണ് അതിന്റെ വെബ്‌സൈറ്റ് ഉണ്ടാക്കുന്നത്. കമ്പനിയുടെ അലിഗഡിലെ രജിസ്റ്റേർഡ് വിലാസം ഇതുവരെ കണ്ടെത്താൻ മാധ്യമപ്രവർത്തകർക്കായിട്ടില്ല.

മാര്‍ക്കറ്റിംഗ് മേഖലയുടെ ഗുരുവായ കോട്ലർ വിശദീകരണങ്ങളുമായി രംഗത്തുവന്നിട്ടുണ്ട് എങ്കിലും ഇത്തരം പുരസ്‌കാരങ്ങളുടെ പൊള്ളത്തരം മോദിയുടെ, യശസ്സിനു വേണ്ടിയുള്ള സാധൂകരണം തേടിയുള്ള ഓട്ടപ്പാച്ചിലിനെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്നു.

അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ, മോദി ഇനി പുറത്തെടുക്കാൻ പോകുന്ന സാധൂകരണങ്ങളെക്കുറിച്ചോർത്ത് നാം വാസ്തവത്തിൽ ഭയക്കേണ്ടിയിരിക്കുന്നു. എന്തായിരിക്കാം അടുത്തത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍