UPDATES

EDITORIAL- 70,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആഫ്രിക്കയില്‍ നിന്നു തുടങ്ങിയ മനുഷ്യകുലത്തിന്റെ യാത്രയിലെ ഏറ്റവും മഹത്തായ പരീക്ഷണങ്ങളിലൊന്ന് തകരുകയാണ്

ഇന്ത്യ എന്ന ആശയത്തിനു മേല്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ആക്രമണങ്ങള്‍ക്കൊന്നിനാണ് 2019 ഓഗസ്റ്റ് 5 സാക്ഷ്യം വഹിച്ചത്

മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും മഹത്തായതുമായ ഒരു പരീക്ഷണമെന്ന് വേണം ഇന്ത്യന്‍ ഭരണഘടനയെ വിശേഷിപ്പിക്കാന്‍. 800-ലധികം ഭാഷകള്‍ സംസാരിക്കുന്ന, നിരവധി മതവിശ്വാസങ്ങള്‍ പുലര്‍ത്തുന്ന, ഇന്നത്തെ കണക്കില്‍ 120 കോടിയിലേറെ ജനങ്ങള്‍ക്ക് സമാധാനപരമായ സഹവര്‍ത്തിത്തം ഉറപ്പാക്കുന്ന, പുരോഗമനപരവും മതേതരവുമായ ഒരു ഭരണഘടന. വിഭജനാനന്തരം ഒരു ഇസ്ലാമിക് റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ട പാക്കിസ്ഥാന്റെ എല്ലാ തരത്തിലുമുള്ള അസംസ്‌കൃതവും ഇടുങ്ങിയതുമായ കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായി ആധുനിക ലോകത്തെ അഭിസംബോധന ചെയ്യുന്ന ഒരു മതേതര, ജനാധിപത്യ റിപ്പബ്ലിക് ആയാണ് നമ്മുടെ രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്തത്.

ആ പരീക്ഷത്തിന്റെ സാഹസികത എത്രത്തോളമുണ്ടായിരുന്നുവെന്നതിന് നിരവധി സൂചനകള്‍ നിലവിലുണ്ട്. അത് നിലവില്‍ വന്നത് യുദ്ധം മൂലമോ സൈനിക അട്ടിമറികളിലുടെയോ അല്ല. ലോകത്തെ അന്നുള്ള ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയെ അര്‍ധനഗ്‌നനായ ഒരു ഫക്കീര്‍ മുന്നില്‍ നിന്ന് അക്രമരാഹിത്യത്തിലൂടെ കീഴടക്കിയാണ് ഇന്ത്യ പിറവി കൊള്ളുന്നത്. അത് എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങളെ പരിഗണിച്ചു, മര്‍ക്കടമുഷ്ടിക്കാരെ പോലും ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണുത കാണിച്ചു.

ഈ ജനാധിപത്യ പരീക്ഷണത്തിന്റെ ഏറ്റവും വലിയ ഉദാഹരണവും അതിന്റെ ഹൃദയഭാഗത്തു തന്നെയുള്ളതുമായിരുന്നു കാശ്മീര്‍- പാക്കിസ്ഥാന്‍ ബലമായി കീഴടക്കാന്‍ ശ്രമിച്ച, മുസ്ലീം ഭൂരിപക്ഷ മേഖലയായ, അവിടെ ഒരു ഹിന്ദു രാജാവ് ഭരിച്ചിരുന്ന അതേ കാശ്മീര്‍. ഇവിടം പിടിച്ചെടുക്കാനായി പാക്കിസ്ഥാന്‍ പത്താന്‍ മേഖലയില്‍ നിന്നുള്ള ഗോത്രവര്‍ഗക്കാരെ ഉറി, ബാരാമുള്ള വഴി ശ്രീനഗറിലേക്ക് നയിക്കുമ്പോള്‍ രാജാവിന്റെ കീഴിലുണ്ടായിരുന്ന സംസ്ഥാന പോലീസ് സേന അക്ഷരാര്‍ത്ഥത്തില്‍ അപ്രത്യക്ഷരായിരുന്നു, രാജാവിനെതിരെ പ്രതിഷേധിക്കുന്ന ചില പോക്കറ്റുകളും ഉണ്ടായിരുന്നു. അന്ന് ഇന്ത്യന്‍ ഭരണകൂടത്തിന്റെ സഹായത്തിനായി രാജാവ് അപേക്ഷിക്കുമ്പോള്‍ പുറത്തുള്ള ഒരു രാജ്യത്തേക്ക് സൈന്യത്തെ അയയ്ക്കാന്‍ കഴിയില്ലെന്ന് ജവഹര്‍ലാല്‍ നെഹ്‌റു വ്യക്തമാക്കിയതോടെയാണ് കാശ്മീര്‍ ഇന്ത്യയില്‍ ചേരുന്നതായ ലയന ഉടമ്പടിയില്‍ രാജാവ് ഒപ്പു വയ്ക്കുന്നത്.

ഈ സമയത്ത് ഇന്ത്യന്‍ സര്‍ക്കാര്‍ നിരവധി വാഗ്ദാനങ്ങളും കാശ്മീരിന് നല്‍കിയിരുന്നു, ഒപ്പം, ഇന്ത്യന്‍ ജനാധിപത്യമെന്ന പരീക്ഷണത്തിന്റെ ഹൃദയഭാഗത്തു തന്നെ ഒരു സ്ഥാനവും. പാക്കിസ്ഥാന്റെ തൊട്ടടുത്ത് കിടക്കുന്ന, മുസ്ലീം ഭൂരിപക്ഷ പ്രദേശമുള്ള ഈ മനോഹരമായ താഴ്‌വരയെ ഇന്ത്യക്കൊപ്പം ക്ഷണിക്കുമ്പോള്‍, അവരുടെ സമാധാനപരമായ ഭാവി മുന്നില്‍ കണ്ട് ജനഹിതപരിശോധന എന്നൊരു കാര്യവും മുന്നോട്ടു വച്ചിരുന്നു.

എന്നാല്‍ ഹിതപരിശോധന എന്നത് എവിടെയും എത്താതിരുന്നതോടെ, ഭരണഘടനയുടെ പാര്‍ട്ട് XXI-ന്റെ ഭാഗമായി 370-ാം വകുപ്പ് ജവഹര്‍ലാല്‍ നെഹ്‌റു ഒപ്പു വയ്ക്കുകയായിരുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്ന കാര്യങ്ങള്‍ ആ സംസ്ഥാനത്ത് നടപ്പാക്കണമെങ്കില്‍ അതിന് ജമ്മു-കാശ്മീര്‍ കോണ്‍സ്റ്റിറ്റ്യൂന്റ് അസംബ്ലിയുടെ അനുമതി വേണമെന്നും 370-ാം വകുപ്പ് റദ്ദാക്കണമെങ്കിലും അതാവശ്യമാണ് എന്നുമായിരുന്നു അതില്‍ ഉണ്ടായിരുന്നത്. അതായത്, അക്കാര്യങ്ങള്‍ അവിടുത്തെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കോണ്‍സ്റ്റിറ്റ്യൂന്റ് അസംബ്ലി സംസ്ഥാനത്തിന് സ്വന്തമായി ഭരണഘടനയ്ക്ക് രൂപം നല്‍കിയപ്പോഴും 370-ാം വകുപ്പ് റദ്ദാക്കാന്‍ തയാറായില്ല. അങ്ങനെ അത് ഇന്ത്യന്‍ ഭരണഘടനയുടെ സ്ഥിരമായ ഭാഗമായി മാറി.

ആര്‍ട്ടിക്കിള്‍ 35എയ്‌ക്കൊപ്പം, 370-ാം വകുപ്പും ജമ്മു-കാശ്മീരില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്നതാണ്. പൗരത്വം, ഭൂമിയുടെ അവകാശം, മൗലികാവകാശങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ പ്രത്യേക നിയമത്തിന് കീഴിലായിരുന്നു ജീവിച്ചിരുന്നത്.

ഭരണഘടനയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ജനാധിപത്യം എന്ന പരീക്ഷണത്തിന്റെ ഒരു പ്രഖ്യാപനമായിരുന്നു ആ തീരുമാനങ്ങള്‍. അവിടെ വൈവിധ്യങ്ങള്‍ക്ക് ഇടമുണ്ടെന്നും ജനങ്ങളുടെ ജനാധിപത്യപരമായ അവകാശ, ആഗ്രഹങ്ങളെ അത് മാനിക്കുമെന്നും, അവരോടുള്ള ഇടപെടലുകളില്‍ മര്യാദ പാലിക്കുന്നുവെന്നൊക്കെയുള്ള പ്രഖ്യാപനം. അതായത്, ഇന്ത്യ എന്ന പരീക്ഷണത്തിന്റെ അടിസ്ഥാനപരമായ ഘടന തന്നെ നിര്‍വചിക്കപ്പെട്ടിരുന്നത് ആ വാക്കിലാണ്- മര്യാദ.

അത് ഭരണഘടനയില്‍ നേരിട്ട് പരാമര്‍ശിച്ചിട്ടില്ല എങ്കില്‍ പോലും എഴുതപ്പെട്ടിട്ടുള്ള നിയമങ്ങളുടെ അന്ത:സത്ത എന്നത് ആ വാക്കിനെ ആഴത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ളതാണ്. അതായത്, ഇന്ത്യന്‍ ഭരണഘടന എന്ന ആ പരീക്ഷണം, ഏതെങ്കിലും കുടിലമായ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതോ, അധികാരം പിടിച്ചെടുക്കാന്‍ വെമ്പുന്ന മര്യാദയില്ലാത്ത മനുഷ്യരെയോ ഉദ്ദേശിച്ചുള്ളതായിരുന്നില്ല.

പക്ഷേ, അത്തരക്കാര്‍ അധികാരം കൈയാളുമ്പോള്‍ അവര്‍ക്കാകെ അറിയാവുന്നത് ആ പരീക്ഷണത്തെ ഏതുവിധേനെയും ചിന്നിച്ചിതറിക്കുക എന്നതാണ്. അവര്‍ക്ക് ആകെ അറിയാവുന്നത് ഭരണഘടനയില്‍ അധിഷ്ഠിതമായ ഇന്ത്യ ആശയത്തെ നെടുകെ പിളര്‍ക്കുക എന്നതാണ്, ആ ആശയത്തെ തന്നെ ഇല്ലാതാക്കുക എന്നതാണ്. ഏതെങ്കിലും വിധത്തില്‍ ഇന്ത്യ എന്ന ആ ആശയത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഒരു ചെറുകല്ലെടുത്തു വയ്ക്കാന്‍ പോലും അവര്‍ക്ക് കഴിയുകയുമില്ല.

ശാസ്ത്രാവബോധവും പുരോഗമന മൂല്യങ്ങളും ബൗദ്ധികമായ സത്യസന്ധതയുമുള്ളവര്‍ക്ക് മാത്രം പ്രാപ്യമാകുന്ന, അല്ലെങ്കില്‍ ജനങ്ങളെ അത്തരം മൂല്യങ്ങളിലേക്ക് നയിക്കാന്‍ കഴിയുന്ന അതിവിശാലമായ ഒരു കാഴ്ചപ്പാടാണ് യഥാര്‍ത്ഥത്തില്‍ ഭരണഘടനയില്‍ അധിഷ്ഠിതമായ ഇന്ത്യ എന്ന ആശയം. തലമുറകളായി കൈമാറി വന്നിട്ടുള്ള അത്തരം ജ്ഞാനങ്ങളും മര്യാദകളുമാണ് അതിന്റെ അടിത്തറ.

70,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് തുടങ്ങിയ മനുഷ്യകുലത്തിന്റെ യാത്രയില്‍ ആധുനിക ചരിത്രത്തിലെ ഏറ്റവും മഹാത്തായതും സാഹസികത നിറഞ്ഞതുമായ ആ ഇന്ത്യന്‍ പരീക്ഷണം പക്ഷേ, ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്.

ഇന്ത്യ എന്ന ആശയത്തിനു മേല്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ആക്രമണങ്ങള്‍ക്കൊന്നിനാണ് 2019 ഓഗസ്റ്റ് 5 സാക്ഷ്യം വഹിച്ചത്. നിരത്തുകളില്‍ നടത്തുന്ന ചെറു പ്രതിഷേധങ്ങള്‍ക്കോ, സ്വീകരണ മുറികളില്‍ ഉയരുന്ന നെടുവീര്‍പ്പുകള്‍ക്കും ആശങ്കകള്‍ക്കുമൊന്നും ആ ആശയത്തെ രക്ഷിക്കാന്‍ കഴിയില്ല.

കാരണം, നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ വേഗതയിലാണ് ഇന്ത്യ എന്ന ആശയത്തിനു മേല്‍ ഇരുട്ട് പൊതിഞ്ഞുകൊണ്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍