UPDATES

മോദി-ഷാ പരിഭ്രാന്തരാണ്; രാജ്യം പലതും പ്രതീക്ഷിക്കേണ്ട സമയമായി

നരേന്ദ്ര മോദി തന്റെ രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു പോരാട്ടത്തിന് തയാറെടുക്കുമ്പോള്‍ അദ്ദേഹം തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്നു എന്നു കാണാം

മെയ് മാസത്തിലെ അവസാന ആഴ്ച മുന്‍ ആര്‍മി ചീഫ് ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിന് ഒരു അതിഥിയെത്തി. ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഈ ബുധനാഴ്ച അമിത് ഷാ മുംബൈയില്‍ ഇതുപോലെ മറ്റു പലരേയും കണ്ടു, ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെ, ബോളിവുഡ് നടി മാധുരി ദീക്ഷിത്, വ്യവസായി രത്തന്‍ ടാറ്റ തുടങ്ങി നിരവധി പേരെ. വ്യാഴാഴ്ച അമിത് ഷാ ഛണ്ഡീഗഡിലെത്തിയത് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെ കാണാനാണ്.

അമിത് ഷായുടെ ഈ അസാധാരണമായ കൂടിക്കാഴ്ചകള്‍ ബിജെപി തുടങ്ങിയിരിക്കുന്ന അവരുടെ വമ്പന്‍ ‘സമ്പര്‍ക്ക് ഫോര്‍ സമര്‍ത്ഥന്‍’ എന്ന പരിപാടിയുടെ ഭാഗമാണ്. ‘പ്രധാനപ്പെട്ട’ 50 പേരെയെങ്കിലും അമിത് ഷാ കാണുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനൊപ്പം, കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും എം.പിമാരും ഉള്‍പ്പെടെ ബിജെപിയുടെ 4,000-ത്തോളം നേതാക്കള്‍ തങ്ങളുടെ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഒരുലക്ഷത്തോളം പേരുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് അവരെ അറിയിക്കും.

മോദി സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ കൂടി ഭാഗമായാണ് ഈ കൂടിക്കാഴ്ചകള്‍.

എന്നാല്‍, 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി വേണം ഈ പരിപാടിയെ വായിക്കാന്‍. അതായത്, ഇപ്പോഴത്തെ കാര്യങ്ങള്‍ വച്ചു നോക്കുകയാണെങ്കില്‍, ഈ വര്‍ഷം ഡിസംബറില്‍ തന്നെ പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് മോദിയും കൂട്ടരും. അതുമല്ലെങ്കില്‍ അവരെ രാഷ്ട്രീയ പേടി ബാധിച്ചിട്ടുണ്ട് എന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്ന ഈ കാര്യങ്ങള്‍ എന്ന് മനസിലാക്കാം.

നരേന്ദ്ര മോദി തന്റെ രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു പോരാട്ടത്തിന് തയാറെടുക്കുമ്പോള്‍ അദ്ദേഹം തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്നു എന്നു കാണാം. ചില അടുപ്പക്കാരും സ്തുതിപാഠകരുമല്ലാതെ ബിജെപിക്കുള്ളില്‍ മിക്കവരും അദ്ദേഹത്തിന്റെ കാര്യങ്ങളില്‍ നിശബ്ദരാണ്. തങ്ങള്‍ക്ക് മോദിയെ മാത്രം ആശ്രയിക്കേണ്ട കാര്യമില്ലെന്നും മറ്റ് വഴികള്‍ മുന്നിലുണ്ടെന്നും ആര്‍എസ്എസ് വ്യക്തമായ സൂചനകള്‍ നല്‍കിക്കഴിഞ്ഞു. ഒരു സമയത്ത് മോദിയുടെ ഏറ്റവും വലിയ പിന്തുണക്കാരായിരുന്ന വ്യവസായ ഗ്രൂപ്പുകള്‍ തങ്ങളുടെ പ്രചരണം ആരംഭിച്ചിരിക്കുന്നു. ഡല്‍ഹിയിലെ ഉന്നതങ്ങളില്‍ നടക്കുന്ന അഭ്യൂഹങ്ങളെ വിശ്വസിക്കാമെങ്കില്‍ ആര്‍എസ്എസ് ആസ്ഥാനത്തേക്ക് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചതുപോലും ആര്‍എസ്എസും ബോംബെ ക്ലബും ചേര്‍ന്നുണ്ടാക്കിയ ധാരണകളുടെ പുറത്താണ്-മോദിക്കുള്ള മുന്നറിയിപ്പ്.

പ്രണബിനെ നാഗ്പൂരില്‍ എത്തിക്കുന്നതിന് പിന്നില്‍ ബോംബെ ക്ലബ്? ലക്ഷ്യം മോദി-ഷാ?

ഉദ്യോഗസ്ഥവൃന്ദത്തെ സംബന്ധിച്ചിടത്തോളം മോദി സര്‍ക്കാരിനോളം ജനസമ്മിതി കുറഞ്ഞ മറ്റൊരു സര്‍ക്കാര്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. വലിയ സ്ഥാനമാനങ്ങള്‍ ലഭിച്ച ഏതാനും പേരൊഴിച്ചാല്‍ മുകളില്‍ നിന്നും താഴേക്ക് കല്‍പ്പനകള്‍ പുറപ്പെടുവിക്കുന്ന സര്‍ക്കാരിന്റെ നടപടികള്‍ അവര്‍ക്കൊക്കെ മടുത്തിരിക്കുന്നു, അവര്‍ നിശബ്ദരാണ്.

നട്ടെല്ലില്ലാത്ത നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഒരു മാറ്റം ആഗതമായിരിക്കുന്നു എന്നതിന്റെ സൂചനകള്‍ നല്‍കുന്നു. അമിത് ഷായുടെ ഇപ്പോഴത്തെ കൂടിക്കാഴ്ചകളാണ് ഡല്‍ഹി മാധ്യമ ലോകത്തെ ഏറ്റവും പുതിയ തമാശകളിലൊന്ന്. നിങ്ങളുടെ വീട്ടിലേക്ക് അമിത് ഷായെ അയയ്ക്കണോ എന്നാണ് തമാശ രൂപേണെ എന്നോണം അവര്‍ ഈ പരിപാടിയെ വിലയിരുത്തുന്നത്. ഈ കൂടിക്കാഴ്ചാ പരിപാടി ഒരു വലിയ തമാശ പരിപാടിയായി മാറിക്കഴിഞ്ഞു.

വളരെ ഗൗരവമേറിയ ഒരു രാഷ്ട്രീയ നടപടി ഒരു തമാശയായി പരിണമിക്കുന്നുണ്ടെങ്കില്‍ അത് വളരെ ഗുരുതരമായ ഒരു കാര്യമാണെന്ന് മനസിലാക്കേണ്ടതുണ്ട്. ഇടഞ്ഞു നില്‍ക്കുന്ന സഖ്യകക്ഷികളെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങളോടുള്ള പ്രതികരണം നിശബ്ദതയാണ് നല്‍കുന്നതെങ്കില്‍ അവിടെ ആശങ്കപ്പെടാനും കാര്യങ്ങളുണ്ടെന്ന് വ്യക്തം. അമിത് ഷാ വന്നു കണ്ടതില്‍ തങ്ങളത്ര ആഹ്‌ളാദിക്കുന്നൊന്നുമില്ല എന്നു തന്നെയാണ് ശിവസേന വ്യക്തമാക്കിയത്. “ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വളര്‍ന്നിരിക്കുന്ന അരക്ഷിതാവസ്ഥ ഇല്ലാതാക്കാന്‍ നോക്കൂ” എന്നായിരുന്നു ബാദല്‍ ഷായോട് പറഞ്ഞത്.

നരേന്ദ്ര മോദിയും അമിത് ഷായും ഇപ്പോള്‍ തന്നെ ഒരു തെരഞ്ഞെടുപ്പ് ഒരുക്കത്തിലാണ്, പക്ഷേ വരുന്ന വാര്‍ത്തകള്‍ അവരെ സംബന്ധിച്ച് അത്ര ശുഭോദര്‍ക്കമല്ല. ജനാധിപത്യത്തിന്റെ വലിയ താത്പര്യങ്ങളെ കണക്കാക്കുമ്പോള്‍ അതത്ര നല്ല കാര്യവുമല്ല താനും.

രണ്ടു കാര്യങ്ങള്‍ നമ്മെ കാത്ത് മുന്നിലുണ്ട് എന്നതുറപ്പ്: അധികാരം നിലനിര്‍ത്താനായി സഹപ്രവര്‍ത്തകരെ ഉള്‍പ്പെടെ അമ്പരപ്പിക്കാന്‍ പോന്ന ഏതു രാഷ്ട്രീയ കളികള്‍ക്കും മോദി തുനിയും. മോദിയുടെ ഈ ശ്രമങ്ങളെ, തന്ത്രങ്ങളെ നേരിടുക പ്രതിപക്ഷത്തിനും അത്ര എളുപ്പമാവില്ല. അതായത്, ഇന്ത്യന്‍ ജനാധിപത്യം അതിന്റെ നിര്‍ണായകമായ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. അതുകൊണ്ടു തന്നെ വരും മാസങ്ങളില്‍ നമ്മെ അമ്പരപ്പിക്കുന്ന, അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങള്‍ക്കും നാം സാക്ഷ്യം വഹിക്കേണ്ടി വന്നേക്കും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അക്രമം, അസഹിഷ്ണുത അവസാനിപ്പിക്കൂ, ആര്‍എസ്എസ് വേദിയില്‍ പ്രണാബ് മുഖര്‍ജി

ആര്‍എസ്എസ്: വിദ്വേഷനിര്‍മാണത്തിന്റെ ആദ്യവര്‍ഷങ്ങള്‍ – ഭാഗം 1

ഗോള്‍വാള്‍ക്കര്‍ ദര്‍ശനത്തിലെ മോദി ഭാരതം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍