UPDATES

മറ്റൊരു ഇന്ത്യന്‍ ധനിക കുടുംബം കൂടി പ്രതിക്കൂട്ടില്‍; മല്‍വീന്ദര്‍-ശിവേന്ദര്‍ സഹോദരങ്ങളുടെ കഥ

സിംഗ് സഹോദരന്മാരുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് പ്രവര്‍ത്തന മൂലധനവായ്പ നല്കാന്‍ പോലും ബാങ്കുകള്‍ ഇപ്പോള്‍ തയ്യാറാകുന്നില്ല.

ഇന്ത്യയിലെ ധനിക മുതലാളിമാരുടെ തട്ടിപ്പുകള്‍ നീരവ് മോദിയില്‍ അവസാനിക്കുന്നില്ല. പൊതുശ്രദ്ധയില്‍ നിന്നും അകന്നുമാറി നില്‍ക്കുന്ന മറ്റൊരു കഥയുടെ ചുരുളഴിയുകയാണ്: ഇന്ത്യന്‍ വ്യവസായ മേഖലയുടെ പരസ്യ നായകന്മാരായിരുന്ന സഹോദരങ്ങളില്‍ ഒരാള്‍ ഇപ്പോള്‍ വഞ്ചനാക്കുറ്റമടക്കമുള്ളവയില്‍ കുറ്റാരോപിതനാണ്.

റാന്‍ബാക്സി, ഫോര്‍ട്ടിസ് പേരുകള്‍ വായനക്കാര്‍ക്ക് നല്ല പരിചയമുണ്ടാകും. ഈ കമ്പനികള്‍ക്ക് പിന്നിലെ മല്‍വീന്ദര്‍ മോഹന്‍ സിംഗിന്റെയും അയാളുടെ ഇളയ സഹോദരന്‍ ശീവേന്ദര്‍ മോഹന്‍ സിംഗിന്റെയും കഥ ഒരു ചലച്ചിത്രം പോലെയാണ്. ഒരു പതിറ്റാണ്ട് മുമ്പ് അവര്‍ ഇന്ത്യയിലെ കുതിച്ചുയരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍ റാന്‍ബാക്സിയുമായി കുതിക്കുകയായിരുന്നു. പാകിസ്ഥാനില്‍  നിന്നും വന്ന അഭയാര്‍ത്ഥിയായിരുന്ന അവരുടെ മുത്തച്ഛന്‍ തുടങ്ങിയതാണ് ആ സ്ഥാപനം.

2008-ല്‍ അവര്‍ റാന്‍ബാക്സിയിലെ തങ്ങളുടെ ഓഹരി ജപ്പാനിലെ Daiichi Sankyo-ക്ക് 2.4 ബില്യണ്‍ ഡോളറിന് (12,000 കോടി രൂപയിലേറെ) വിറ്റു.

അന്നുമുതല്‍ അവരുടെ കഥ അത്ര മധുരമുള്ളതല്ല, ഇത്തിരി ആത്മീയതയും കൂടി ചേര്‍ന്നതാണ്.

ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു നിക്ഷേപകന്‍ സിംഗ് സഹോദരന്മാര്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു എന്ന് കഴിഞ്ഞ മാസം ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാമ്പത്തിക സേവന സ്ഥാപനമായ Religare Enterprises-ന്റെ പ്രൊമോട്ടര്‍മാര്‍- സിംഗ് സഹോദരങ്ങള്‍ തന്നെ- 300 ദശലക്ഷം ഡോളറോളം അവരുടെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ചോര്‍ത്തിക്കൊണ്ടുപോയി എന്നാണ് ആരോപണം. ആശുപത്രി ശൃംഖലയായ Fortis Healthcare-ല്‍ നിന്നും 78 ദശലക്ഷം ഡോളറും അവര്‍ വഴിമാറ്റി കൊണ്ടുപോയി എന്നും ആരോപിക്കുന്നു.

ഇതിനു പിന്നാലേ, വിവരങ്ങള്‍ മറച്ചുവെച്ച് മൂല്യം പെരുപ്പിച്ചുകാട്ടി ജപ്പാന്‍ കമ്പനിയെ കച്ചവടത്തിലേക്ക് ആകര്‍ഷിച്ചതിന് അവര്‍ക്ക്-Daiichi Sankyo- 3500 കോടി രൂപ നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

ഫെബ്രുവരി 8-ന് കോടീശ്വരന്മാരായ സഹോദരങ്ങള്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍ ബോര്‍ഡില്‍ നിന്നും ഒഴിവായി. പ്രൊമോട്ടര്‍മാരുടെ നിയമയുദ്ധങ്ങള്‍ സ്ഥാപനത്തിന്റെ പ്രകടനത്തെ ബാധിക്കുന്നതിനാല്‍, സ്ഥാപനം അവരില്‍ നിന്നും അകലം പാലിക്കാന്‍ നിശ്ചയിക്കുകയായിരുന്നു.

സിംഗ് സഹോദരന്മാരുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് പ്രവര്‍ത്തന മൂലധനവായ്പ നല്കാന്‍ പോലും ബാങ്കുകള്‍ ഇപ്പോള്‍ തയ്യാറാകുന്നില്ല.

നവംബര്‍ 2017-ന് മല്‍വീന്ദര്‍ Religare Enterprise-ല്‍ നിന്നും ഒഴിവായി- അയാളും ശിവേന്ദറും ഭരണസമിതിയില്‍ നിന്നും ഒഴിഞ്ഞു, കൂടുതല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി.

നീരവ് മോദി ഇരിക്കുന്നത് ഇന്ത്യന്‍ ധനാധിപത്യത്തിന്റെ ഹൃദയത്തിലാണ്‌

ഒരു അഭയാര്‍ത്ഥിയുടെ സ്വപ്നം

ഇന്ത്യന്‍ ഔഷധവ്യവസായത്തിലെ വിജയത്തിന്റെ പ്രതീകമാണ് റാന്‍ബാക്സി. 2008-ലെ വില്‍പ്പനയുടെ സമയത്ത് 4.6 ബില്ല്യണ്‍ ഡോളറായിരുന്നു അതിന്റെ മൂല്യം. അത് സിംഗ് കുടുംബത്തിന്റെ അഭിമാനം മാത്രമായിരുന്നില്ല, ആഗോള ഔഷധ വ്യവസായത്തില്‍ ഇന്ത്യയുടെ ശക്തിപ്രകടനം കൂടിയായിരുന്നു.

കഥ തുടങ്ങുന്നത് സ്വാതന്ത്ര്യത്തിന് മുമ്പുള്ള പഞ്ചാബിലെ അമൃത്സറില്‍ നിന്നാണ്. ബന്ധുക്കളായ രണ്ടു സഹോദരന്മാരില്‍ നിന്നാണ് റാന്‍ബാക്സി എന്ന പേരുണ്ടാക്കുന്നത്- രഞ്ജിത്തും ഗുര്‍ബാക്സും. രണ്ടുപേരും ചേര്‍ന്ന് 1937-ല്‍ ഒരു മരുന്ന് വിതരണ സ്ഥാപനം തുടങ്ങി. എന്നാല്‍ ഒരു വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ തങ്ങളുടെ കമ്പനി  1947-ല്‍ കച്ചവടക്കാരനായ ഭായി മോഹന്‍ സിംഗിന് വിറ്റു. വിഭജനത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ റാവല്‍പ്പിണ്ടിയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയതായിരുന്നു മോഹന്‍ സിംഗ്.

ഭായി സിംഗിന് കീഴില്‍ കമ്പനി അവരുടെ ആദ്യത്തെ വന്‍വിജയം നേടിയ മരുന്നിറക്കി- 1961-ല്‍- Calmpose. ഇന്ത്യക്ക് പുറത്ത് നിര്‍മ്മാണശാലകളുണ്ടാക്കി അയാളുടെ മകന്‍ പര്‍വീന്ദര്‍ സിംഗ് കമ്പനിയെ വിദേശത്തെത്തിച്ചു. 2000-ത്തില്‍ പര്‍വീന്ദറിന്റെ മരണത്തെ തുടര്‍ന്ന് മല്‍വീന്ദറും ശിവേന്ദറും കമ്പനിയെ ഔഷധവ്യവസായത്തിനപ്പുറത്തേക്കും വലിയ തോതില്‍ വിപുലമാക്കി.  അച്ഛന്‍ അര്‍ബുദബാധിതനായി മരിക്കുമ്പോള്‍ ശിവേന്ദര്‍ അമേരിക്കയിലെ ഡ്യൂക് സര്‍വകലാശാലയില്‍ അയാളുടെ എംബിഎ ആദ്യ വര്‍ഷത്തിലായിരുന്നതേയുള്ളൂ.

പര്‍വീന്ദറിന്റെ സഹോദരന്‍ മാക്സ് ഗ്രൂപ്പ് ഉടമയായ അനല്‍ജിത്ത് ഒരു ശതകോടീശ്വരനായ നിക്ഷേപകനാണ്. ആശുപത്രികള്‍ മുതല്‍ ഇന്‍ഷൂറന്‍സും ഭൂമികച്ചവടവും വരെ നടത്തുന്നുണ്ട്. 2014-വരെ വൊഡാഫോണ്‍ ഇന്ത്യയുടെ അനുബന്ധകമ്പനിയുടെ ഉടമയും അനല്‍ജിത്ത് ആയിരുന്നു. ആ വര്‍ഷമാണ് ഇന്ത്യയിലെ ടെലികോം വ്യവസായം ചുഴികളില്‍പ്പെട്ട് ഉലഞ്ഞത്.

ശരിയായ സമയത്ത് ഒരു വ്യാപാരം ഒഴിവാക്കാനുള്ള ആറാമിന്ദ്രിയമാണ് ആ കുടുംബത്തിന്റെ വിജയരഹസ്യം എന്ന് തോന്നും.

നിരവ് മോദിയുടെ തട്ടിപ്പുകള്‍ അവസാനിക്കുന്നില്ല: 17 ബാങ്കുകളില്‍ നിന്നും തട്ടിയെടുത്ത് 3000 കോടി രൂപ

മല്‍വീന്ദറും ശിവേന്ദറും റാന്‍ബാക്സി വിറ്റതും അതിന്റെ ഏറ്റവും ഉയര്‍ന്ന വിജയസമയത്തായിരുന്നു. ഇടപാട് കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കുളില്‍ Daiichi-ക്ക് കനത്ത ഒരടി കിട്ടി- റാന്‍ബാക്സിക്ക് യു.എസ് ഔഷധ നിയന്ത്രണ സംവിധാനം, ഇറക്കുമതി വിലക്കേര്‍പ്പെടുത്തി. മരുന്നുകളുടെ ഗുണനിലവാരക്കുറവ് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. 2013-ല്‍ Daiichi സിംഗ് സഹോദരന്മാര്‍ക്കെതിരെ കോടതിയില്‍ പരാതി നല്കി. 2014-ല്‍ കമ്പനി Sun Pharma-യ്ക്ക് വില്‍ക്കുകയും ചെയ്തു. ഏകദേശ കണക്ക് പ്രകാരം അപ്പോഴേക്കും ജപ്പാന്‍ കമ്പനിക്ക് 6000 കോടി രൂപ നഷ്ടം സംഭവിച്ചിരുന്നു.

Daiichi ഇടപാടില്‍ നിന്നാണ് സിംഗ് സഹോദരന്മാരുടെ വീഴ്ച്ച തുടങ്ങിയതെങ്കിലും മുകളിലേക്കുള്ള യാത്രയില്‍ത്തന്നെ അത് ഒട്ടും നേര്‍വഴിയായിരുന്നില്ല. ഒരു വിസില്‍ബ്ലോവറുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വന്ന യു.എസ് വിലക്കും ക്ലിന്റന്‍ കുടുംബവുമായുള്ള സിംഗ് സഹോദരന്മാരുടെ ബന്ധവും എല്ലാം ഇത്തരത്തിലായിരുന്നു.

പക്ഷേ അതെല്ലാം 10 വര്‍ഷം മുമ്പായിരുന്നു.

Daiichi-ക്ക് അനുകൂലമായ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് സിംഗ് സഹോദരന്മാര്‍. മറ്റ് ആരോപണങ്ങളെയും അവര്‍ നേരിടും, അന്തിമ വിധി കുറച്ചു കൊല്ലങ്ങള്‍ അപ്പുറത്താണ്. പക്ഷേ അവരുടെ വിജയത്തിന് മുകളിലുള്ള കളങ്കം നിലനില്‍ക്കും. പണം ചോര്‍ത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കൂടുതല്‍ വ്യാപകമായ അന്വേഷണങ്ങള്‍ വന്നേക്കും. ഓഹരി വിപണി നിയന്ത്രണ സംവിധാനമായ SEBI വിഷയം പരിശോധിക്കുകയാണ്. ഒരിക്കല്‍ വ്യാപാരമിടുക്കിന്റെ പേരില്‍ ആഘോഷിക്കപ്പെട്ടിരുന്ന സിംഗ് സഹോദരന്മാര്‍ ഇന്നിപ്പോള്‍ നിയമക്കുരുക്കുകളും സ്വന്തം കമ്പനികളില്‍ നിന്നുമുള്ള ഒറ്റപ്പെടലും നേരിടുകയാണ്.

ഈ നാടകങ്ങള്‍ക്കിടയ്ക്കാണ് അവരുടെ ആത്മീയ ബന്ധങ്ങള്‍. പഞ്ചാബികള്‍ക്കും മറ്റ് വടക്കേ ഇന്ത്യക്കാര്‍ക്കുമിടയില്‍ സ്വാധീനമുള്ള ധനിക ആത്മീയ സംഘം രാധ സ്വോമി സത്സംഗ് ബിയാസിനെ (RSSB) നയിക്കുന്നത് അവരുടെ അമ്മാവനാണ്. RSSB-ക്ക് ഫോര്‍ട്ടിസ് ഗ്രൂപ്പില്‍ സാമ്പത്തിക താത്പര്യങ്ങളുണ്ട്.

തന്റെ ആത്മീയ ഉള്‍വിളികളെ തൃപ്തിപ്പെടുത്താന്‍ ഇനിമുതല്‍ മുഴുവന്‍ സമയവും RSSB-യുടെ ആത്മീയ കേന്ദ്രത്തില്‍ ചെലവഴിക്കാന്‍ പോവുകയാണെന്ന് ഇളയ സഹോദരന്‍ ശിവേന്ദര്‍ 2015-ല്‍ പ്രഖ്യാപിച്ചു.

“രണ്ടു പതിറ്റാണ്ടുകള്‍ ഫോര്‍ട്ടിസ് കെട്ടിപ്പടുക്കാനും നടത്താനും ചെലവഴിച്ചതിന് ശേഷം, ജീവിതങ്ങളെ രക്ഷിക്കുകയും സമ്പുഷ്ടമാക്കുകയും ചെയ്യുക എന്നത് എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു,” ശിവേന്ദര്‍ സിംഗ് പറഞ്ഞു. “ഇതെന്നെ കൂടുതല്‍ പ്രത്യക്ഷമായ സേവനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും എനിക്കു സമൃദ്ധമായി തന്നതില്‍ നിന്നും കുറച്ചെങ്കിലും സമൂഹത്തിനു തിരിച്ചുകൊടുക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.”

ശിവേന്ദറിന്റെ സേവനം RSSB-യുടെ അമൃത്സര്‍ ആസ്ഥാനകേന്ദ്രത്തിലായിരിക്കാന്‍ എല്ലാ സാധ്യതയുമുണ്ട്. അല്ലെങ്കില്‍ സഹോദരന്‍മാര്‍ക്ക് തങ്ങളുടെ മുത്തച്ഛന്റെ പാരമ്പര്യത്തില്‍ ബാക്കിയുള്ളത് സംരക്ഷിക്കാന്‍ പോരാട്ടം നടത്താം.

നിഖില്‍ മെര്‍ച്ചന്‍റ്; മോദി സര്‍ക്കാരിന്റെ മറ്റൊരു അദാനിയോ? ദി വയര്‍ നടത്തിയ അന്വേഷണം

അംബാനിക്കറിയാം, പാര്‍ലമെന്റിനറിയില്ല; ഫ്രാന്‍സിനറിയാം, ഇന്ത്യക്കാര്‍ക്കറിയില്ല; റാഫേലിലെ കൊള്ളക്കൊടുക്കലുകള്‍

ദേശസുരക്ഷ പറഞ്ഞും കോണ്‍ഗ്രസിനെ തെറിവിളിച്ചും റാഫേല്‍ അഴിമതി എത്രനാള്‍ മൂടിവയ്ക്കും?

മോദിയുടെ അഴിമതി വിരുദ്ധ ആഖ്യാനം പ്രാവര്‍ത്തികമാകുന്നുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍