UPDATES

അന്യർ, കൂട്ടക്കൊലകളുടെ സാധ്യതാ ഇരകൾ, ഇനി നിത്യഭയത്തിൽ ജീവിക്കേണ്ടി വരുന്നവർ

ബംഗ്ളാദേശ് ഇവരെ സ്വീകരിക്കുമോ? ഇല്ല എന്നാണുത്തരം. തങ്ങളുടെ പൗരന്മാർ അനധികൃതമായി അസാമിലേക്കു കുടിയേറിയെന്ന് ബംഗ്ളാദേശ് ഇതുവരെയും ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല

കിഴക്കൻ ഹിമാലയത്തിനരികിൽ, ബ്രഹ്മപുത്ര, ബരാക് നദീ താഴ്വാരങ്ങളിൽ, അസമീസ്, ബോഡോ, അഹംസ് തുടങ്ങിയ നിരവധി തരം ആളുകൾ താമസിക്കുന്ന അസം, പച്ചപ്പിന്റെ വിവിധ നിറവിതാനങ്ങളാൽ നമ്മെ അത്ഭുതപ്പെടുത്തും. ഇന്നലെ ഈ വടക്കു-കിഴക്കൻ സംസ്ഥാനത്തിന്റെ മുകളിൽ ഭയത്തിന്റെ കരിമ്പടം മൂടിയിരിക്കുന്നു.

ദേശീയ പൗരത്വ രേഖയുടെ (National Register of Citizens) അന്തിമ കരടിൽ അസമിലെ 2.89 കോടി ജനങ്ങളെയാണ് പൗരന്മാരായി കണക്കാക്കിയിരിക്കുന്നത്. 40 ലക്ഷം അപേക്ഷകർ NRC ക്കു പുറത്താണ്. NRC സേവാ കേന്ദ്രങ്ങളിൽ അല്പം ശ്രമിച്ചാൽ ഈ 40 ലക്ഷം പേരിൽ ഓരോരുത്തരെയും നിങ്ങൾക്ക് തിരിച്ചറിയാം- പുറത്തുനിന്നുള്ളവർ, അന്യർ, കൂട്ടക്കൊലകളുടെ സാധ്യതാ ഇരകൾ, ഇനിമുതലങ്ങോട്ട് നിത്യമായ ഭയത്തിൽ ജീവിക്കേണ്ടി വരുന്നവർ.

ബംഗ്ളാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള അസമിന്റെ ആശങ്കൾ അസ്ഥാനത്തല്ല. ഒരു നൂറ്റാണ്ടോളമായി ബംഗ്ളാദേശിൽ നിന്നും ആയിരക്കണക്കിനാളുകൾ മറ്റു ഭാഗങ്ങളിലേക്കും സാമ്പത്തിക കാരണങ്ങളാൽ കുടിയേറുന്നുണ്ട്. കണക്കുകൾ കാണിക്കുന്നത് ഇത്തരത്തിലുള്ള 10 കോടിയിലേറെപ്പേർ ഇന്ത്യയുടെ പല ഭാഗങ്ങളിലായുണ്ട് എന്നാണ്. ഇവരിൽ നല്ലൊരു പങ്ക് അസമിലാണ്, അതിൽ മിക്കവാറും തീരെ ദരിദ്രമായ ജീവിതസാഹചര്യങ്ങളിൽ കഴിയുന്നവരും.

ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതുമുതൽ, കുടിയേറ്റം അസമിൽ നിർണായകമായ രാഷ്ട്രീയ പ്രശ്നമാണ്. 1951-ലാണ് സംസ്ഥാന സർക്കാർ ആദ്യ ജനസംഖ്യ കണക്കെടുപ്പിനൊപ്പം ആദ്യത്തെ NRC പ്രസിദ്ധപ്പെടുത്തിയത്. 1970-കളോടെ All Assam Students Union -ഉം All Assam Gana Sangram Parishad-ഉം അനധികൃത കുടിയേറ്റങ്ങൾക്കെതിരെ പൊതുവെ സമാധാനപരമായ രീതിയിൽ പ്രതിഷേധസമരങ്ങൾ തുടങ്ങി. ഇന്ത്യ സർക്കാർ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നും തദ്ദേശീയരായ അസംകാർക്ക് പരിരക്ഷ ഉറപ്പുവരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

പ്രതിഷേധങ്ങൾക്കിടയിൽ അസമിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1983-ൽ തീരുമാനിച്ചു. കുടിയേറ്റക്കാർക്ക് വോട്ടവകാശം നൽകാനും -ഏതാണ്ട് 40 ലക്ഷം വരുന്ന ബംഗ്ളാദേശികൾക്ക് എന്ന് വിമർശകർ- തീരുമാനിച്ചു. ഇതും മറ്റു വിഭാഗീയ ഘടകങ്ങളെല്ലാം കൂടി ആധുനിക ചരിത്രത്തിലെ വലിയൊരു വംശീയ കൂട്ടക്കൊലയിലേക്കാണ് കാര്യങ്ങളെത്തിച്ചത്. 1983 ഫെബ്രുവരി 18-ന് ആറു മണിക്കൂർ സമയത്തിനുള്ളിൽ നെല്ലീ പ്രദേശം ചോരയിൽ മുങ്ങി; തദ്ദേശീയരായ അസം സംഘങ്ങൾ ആയിരക്കണക്കിനാളുകളെ കൂട്ടക്കൊല ചെയ്തു. 2191 എന്ന് ഔദ്യോഗിക കണക്കുകൾ പറയുമ്പോൾ വാസ്തവത്തിനോടടുത്ത നിൽക്കുന്നത് 10,000 എന്ന കണക്കാണ്. പ്രദേശത്തെ 14 ഗ്രാമങ്ങള്‍ വിദ്വേഷത്തിലും ഭ്രാന്തിലും പുകഞ്ഞു.

1985 ഓഗസ്ത് 15-ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സാന്നിധ്യത്തിൽ ചരിത്രപ്രധാനമായ അസം കരാർ ഒപ്പുവെച്ചു. അതിനോടകം ആയിരത്തോളം പേർക്ക് പ്രതിഷധ സമരങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു.

ഈ ചരിത്രമൊക്കെയുണ്ടെങ്കിലും ഇപ്പോൾ നടന്നത് അസ്വീകാര്യമായ ഒരു പ്രക്രിയയും അതിന്റെ അനന്തരഫലവുമാണ്. ഈ പട്ടികയും അതിന്റെ പ്രത്യാഘാതങ്ങളും ചരിത്രത്തിലെ വിവിധ കാലങ്ങളിൽ വന്ന ജൂതന്മാരുടെയും റോഹിൻഗ്യകളുടെയും പട്ടികകൾക്ക് സമാനമാണ്. അവയെല്ലാം സമാനമായ അക്രമങ്ങളിലാണ് കലാശിച്ചതും.

പൗരത്വ പരിശോധനയ്ക്കുള്ള അന്താരാഷ്‌ട്ര ഉടമ്പടികളിൽ നിന്നും വ്യത്യസ്തമായി ഇവിടെ അത് തെളിയിക്കേണ്ട ഭാരം NRC അപേക്ഷകനിലാണ്. പട്ടികയിൽ ഇടം കണ്ടെത്താൻ, തങ്ങൾ ഇന്ത്യൻ പൗരന്മാരുടെ പിന്മുറക്കാരാണ് എന്ന് തെളിയിക്കാനായി അപേക്ഷകർ 1951-നും 1971-നും ഇടയിലുള്ള നിശ്ചിത രേഖകൾ ഹാജരാക്കണം. രേഖകൾ സൂക്ഷിക്കുന്നതിൽ സർക്കാർ തന്നെ തീർത്തും പരിതാപകരമായ അവസ്ഥയിലുള്ള ഈ രാജ്യത്ത് ഇതുതന്നെ അടിസ്ഥാനപരമായ ഒരു പിഴവാണ്. ഇതിന്റെ ഫലമായി കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ആദ്യത്തെ NRC പട്ടികയിൽ അസം ജനസംഖ്യയുടെ പകുതിയിലേറെ പുറത്തായിരുന്നു.

കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തോളമായി വിദേശികളെ കണ്ടെത്താനും മടക്കി അയക്കാനുമുള്ള നിയമപരമായ ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. ഏതാണ്ട് 50 ലക്ഷം ബംഗ്ളാദേശികൾ താമസിക്കുന്നു എന്ന് കരുതുന്ന അസമിൽ വെറും 89,395 ആളുകളെ മാത്രമാണ് വിദേശികളായി പ്രഖ്യാപിച്ചത്.

ഓഗസ്ത് 30-നും സെപ്റ്റംബർ 28-നും ഇടയ്ക്കായി വിവിധ NRC സേവാ കേന്ദ്രങ്ങളിൽ ഈ 40 ലക്ഷം ആളുകൾക്ക് തങ്ങളുടെ പൗരത്വം തെളിയിക്കാൻ വീണ്ടും അവസരം കിട്ടും. തിരുത്തൽ അപേക്ഷകൾ ആഗസ്ത് 7 മുതൽ ലഭിക്കും. അതിനുശേഷം ഡിസംബർ 31-നു അന്തിമ NRC പ്രസിദ്ധീകരിക്കും എന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

തങ്ങളോ തങ്ങളുടെ പൂർവികരോ 1971 മാർച്ച് 24-നോ അതിനു മുമ്പോ ഇന്ത്യയിലെ പൗരന്മാരായിരുന്നു എന്ന് ഈ 40 ലക്ഷം പേരും തെളിയിക്കണം. ബംഗ്ളാദേശി കുടിയേറ്റത്തിനെതിരായി നടന്ന ആറു വർഷത്തെ പ്രക്ഷോഭത്തിനൊടുവിൽ 1985-ൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും All Assam Students’ Union തമ്മിൽ ഒപ്പിട്ട കരാറിലെ സമയപരിധിയാണിത്.

അസം കരട് പൗരത്വ പട്ടികയില്‍ 40 ലക്ഷം പേര്‍ പുറത്ത്; ആ മനുഷ്യര്‍ ഇനി എന്തു ചെയ്യും?

അസം കരാർ അനുസരിച്ചുള്ള സമയപരിധിയിൽ 1971 മാർച്ച് 24 വരെയുള്ള വോട്ടർ പട്ടികയിൽ പേരുള്ളവരോ അത്തരം പൗരന്മാരുടെ പിന്‍ഗാമികളോ ആയവർക്ക് പുതുക്കിയ NRC പട്ടികയിൽ പേര് വരാൻ യോഗ്യതയുണ്ട്. മറ്റു പല രേഖകളും സാധുവാണ്-ജനന സാക്ഷ്യപത്രങ്ങൾ, ഭൂമി രേഖകൾ തുടങ്ങിയവ- അവ ഈ സമയപരിധിക്ക് ഉള്ളിലായിരിക്കണം എന്ന് മാത്രം.
അന്തിമ NRC പട്ടിക പ്രസിദ്ധീകരിച്ചാൽ അതിൽ പേര് വരാത്തവർക്ക് സംസ്ഥാനത്തെ വിദേശികൾക്കായുള്ള 100 ട്രൈബ്യൂണലുകള്‍ അല്ലെങ്കിൽ ഗൗഹാട്ടി ഹൈക്കോടതി, അതിനുശേഷം സുപ്രീം കോടതി എന്നിവയെ സമീപിക്കാം. 1964-ൽ സ്ഥാപിച്ച അർദ്ധ നീതിന്യായ സ്ഥാപനങ്ങളാണ് ഈ ട്രൈബ്യൂണലുകൾ. ‘സംശയമുള്ള ഏതു വിദേശിയേയും’ അസം അതിർത്തി പൊലീസിന് ഒരു അന്വേഷണം നടത്തി ഈ ട്രൈബ്യൂണലുകൾക്ക് പരിശോധനയ്ക്കായി നൽകാം.

ഇതെല്ലാം പരാജയപ്പെട്ടാൽ ബംഗ്ളാദേശ് ഇവരെ സ്വീകരിക്കുമോ? ഇല്ല എന്നാണുത്തരം.  തങ്ങളുടെ പൗരന്മാർ അനധികൃതമായി അസാമിലേക്കു കുടിയേറിയെന്ന് ബംഗ്ളാദേശ് ഇതുവരെയും ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല. നിലവിലെ ജയിലുകളിലായി അസമിൽ ആറ് ഡിറ്റന്‍ഷന്‍ കേന്ദ്രങ്ങളുണ്ട്. 3,000 ആളുകളെ ഉൾക്കൊള്ളാവുന്ന ഒന്ന് പണിയാനുള്ള നിർദ്ദേശമുണ്ട്. എന്നാൽ ലക്ഷങ്ങളിലേക്കെത്തുന്ന അവസാനസംഖ്യയെ ഉൾക്കൊള്ളാൻ ഇതൊന്നും പ്രാപ്തമാകില്ല.

അപ്പോൾ NRC പട്ടികയിൽ പേരില്ലാത്തവർ പൗരന്മാരല്ലാതാകും. പക്ഷെ അപ്പോൾ അവർക്കെന്തു സംഭവിക്കും എന്നതൊരു അവ്യക്ത മേഖലയാണ്. ‘രാഷ്ട്രമില്ലാത്ത’ ആളുകൾക്കായി നമുക്കൊരു നയമില്ല.

തീർത്തും സാമ്പത്തികമായൊരു പ്രശ്നത്തെ നിങ്ങൾ സുരക്ഷാപ്രശ്നമാക്കി മാറ്റുമ്പോൾ സംഭവിക്കുന്നതാണിത്. ഏറെക്കാലമായി തെക്കേ ഏഷ്യയിലെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ഇനിയും അങ്ങനെ തുടരുകയും ചെയ്യും. ബംഗ്ളാദേശികൾ മാത്രമല്ല, എല്ലാ അയൽ രാജ്യങ്ങളിലെയും ആളുകൾ അവസരങ്ങൾ തേടി ഇന്ത്യയിലേക്കെത്തും. കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും നിയമവിധേയമായ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കാനായി തൊഴിലനുമതികളും മറ്റും നൽകുകയും ചെയ്ത സിംഗപ്പൂർ, യു എസ്, യൂറോപ്പ് എന്നിവയെ ഇന്ത്യ കാണുകയും മാതൃകയാക്കേണ്ടതുണ്ടെന്ന് അഴിമുഖം നേരത്തെ ഒരു എഡിറ്റോറിയലില്‍ സൂചിപ്പിച്ചിരുന്നു. കുടിയേറ്റം മാനവ പുരോഗതിയുടെ കേന്ദ്രഘടകമാണ്. യു എസ് ഒരു വൻശക്തിയായത് കുടിയേറ്റക്കാർ മൂലമാണ്. പരാജയപ്പെടും എന്ന ഉറപ്പോടെ സമയസൂചികൾ തിരിച്ചുവെക്കാൻ ശ്രമിക്കുന്ന വിഡ്ഢിത്തം ഇന്ത്യ കാണിക്കരുത്.

അസം കത്തുമോ? അങ്ങനെ സംഭവിക്കാതിരിക്കട്ടെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍