UPDATES

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ ക്രിസ്റ്റ്യന്‍ മൈക്കലിന്റെ കൈമാറ്റം എത്തുക ഗാന്ധി കുടുംബത്തിലേക്കോ?

ക്രിസ്റ്റ്യന്‍ മൈക്കലിനെ ഇന്ത്യക്ക് വിട്ടുകിട്ടിയ സ്ഥിതിക്ക് ഇത് രാഷ്ട്രീയാവശ്യത്തിനായി മോദി ഉപയോഗിക്കുമോ അതോ പ്രൊഫഷണലായ രീതിയില്‍ അന്വേഷണം നടത്തുമോ എന്നാണ് ഇനി അറിയേണ്ടത്

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ അഴിമതി ഇടപാടിലെ ഇടനിലക്കാരനെന്ന് ആരോപണമുള്ള ക്രിസ്റ്റ്യന്‍ മൈക്കലിനെ യുഎഇയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ മികച്ച നേട്ടങ്ങളിലൊന്നാണ്. ഒരു വലിയ അഴിമതിയുമായി ബന്ധപ്പെട്ടുള്ള ഉന്നതന്മാരിലൊരാളെ മറ്റൊരു രാജ്യത്ത് നിന്ന് വിട്ടു കിട്ടാന്‍ ഏതെങ്കിലും സര്‍ക്കാരിന് സാധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.

യഥാര്‍ത്ഥത്തില്‍, ഇത്തരം ഇടപാടുകളിലൊക്കെയുള്ള ഇടനിലക്കാര്‍ പലപ്പോഴും അതത് കാലത്തെ സര്‍ക്കാരുകളുടെ നേരിട്ടും അല്ലാതെയുമുള്ള സംരക്ഷണം ലഭിക്കുന്നവരാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഒട്ടോവിയോ ക്വട്ട്‌റോച്ചി. എന്നൊക്കെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നിട്ടുണ്ടോ അന്നൊക്കെ ഇന്ത്യന്‍ നിയമനടപടികളില്‍ നിന്ന് അദ്ദേഹത്തിന് പരിരക്ഷ ലഭിച്ചിരുന്നു.

ഇതിന്റെ ബാക്കിപത്രമെന്ന് പറയുന്നത്, പ്രധാനപ്പെട്ട ആളുകള്‍ ഉള്‍പ്പെടുന്ന, ഇത്തരം വലിയ കുംഭകോണങ്ങളിലൊന്നും കേസുകള്‍ തീര്‍പ്പാക്കപ്പെടുകയോ ആളുകള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യാറില്ല എന്നതാണ്. പ്രത്യേകിച്ച് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കേസുകളില്‍. ഇന്ത്യന്‍ രാഷ്ട്രീയ വ്യവഹാരങ്ങളെ നിര്‍ണയിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുള്ള പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട് ഉന്നതരായ ഇടനിലക്കാരിലൊരാളും ഇന്ത്യയില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.

മൈക്കല്‍ ഇന്ത്യക്ക് അത്ര അപരിചിതനല്ല

ക്രിസ്റ്റ്യന്‍ മൈക്കല്‍ ഇന്ത്യന്‍ ആയുധ വിപണിയില്‍ അടക്കം നടത്തിയ തട്ടിപ്പുകള്‍ക്ക് എല്ലാമുള്ള അടിസ്ഥാന കാര്യങ്ങള്‍ ചെയ്തു തുടങ്ങിയത് അദ്ദേഹത്തിന്റെ പിതാവ് ജര്‍മനിയില്‍ ജനിച്ച വോള്‍ഫ്ഗാംഗ് മാക്‌സ് റിച്ചാര്‍ഡ് മൈക്കലാണ്. 1980-കളിലും 1990-കളിലും ഇന്ത്യയില്‍ വളരെ സ്വാധീനശക്തിയുണ്ടായിരുന്ന ഒരാളാണ് റിച്ചാര്‍ഡ് മൈക്കല്‍. അധികാരത്തിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആള്‍. മുന്‍ ലിബിയന്‍ ഭരണാധികാരി കേണല്‍ മുഹമ്മദ് ഗദ്ദാഫിയുമായും ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുമായുമുള്ള ഇടപാടുകളിലെ ഇടനിലക്കാരനായിരുന്നു അദ്ദേഹം. ഗദ്ദാഫിയുടെ ഒരു ജീവചരിത്രം യു.കെയില്‍ നിന്ന് പുറത്തിറങ്ങുകയും പകരമായി ലിബിയയിലെ വിവിധ ആയുധ കരാറുകള്‍ യു.കെയിലെ ആയുധ ഭീമനായ ബിഎഇ സിസ്റ്റംസിന് ലഭിക്കുകയും ചെയ്യുക എന്നതില്‍ മൈക്കലിന്റെ പിതാവിന് പങ്കുണ്ടായിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഇടനിലക്കാരന്റെ റോളില്‍ റിച്ചാര്‍ഡ് മൈക്കല്‍ കോടികളുണ്ടാക്കി. ലണ്ടനില്‍ വെളിപ്പെടുത്തിയതനുസരിച്ച് 1987-നും 1996-നും ഇടയില്‍ 2 മില്യണ്‍ പൗണ്ട് (18 കോടി രൂപ) മൈക്കലിന്റെ പിതാവിന്റെ കമ്പനി എന്റീരാ കോര്‍പറേഷന്‍ ‘എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി’, ‘ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടന്‍സി’ എന്നീ വകയില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് സമ്പാദിച്ചതായി പറയുന്നുണ്ട്.

ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ അറിയപ്പെടുന്ന ആളുകളിലൊരാളാണ് ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലുള്ള ക്രിസ്റ്റ്യന്‍ മൈക്കല്‍. ലണ്ടനില്‍ ബിസിനസ് ചെയ്യുന്നതില്‍ നിന്ന് മുമ്പേ തന്നെ വിലക്കുകളുള്ളതിനാല്‍ ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൈക്കലിന് ഇന്ത്യയില്‍ സ്വന്തമായി നൈറ്റ്‌വര്‍ക്കുകളുണ്ട്.

2014-ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനു ശേഷം അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് കേസില്‍ സോണിയാ ഗാന്ധിയുടെ പേര് പറയാന്‍ തനിക്കും ഇറ്റാലിയന്‍ ഗവണ്‍മെന്റിനും മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് മൈക്കല്‍ നേരത്തെ മുതല്‍ ആരോപിച്ചിരുന്നു.

ഹെലികോപ്റ്റര്‍ ഇടപാടില്‍ സോണിയാ ഗാന്ധിക്കും നെഹ്‌റു കുടുംബത്തിനുമുള്ള പങ്കിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയാല്‍ രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്നതിന് ഇന്ത്യയില്‍ അറസ്റ്റിലായ രണ്ട് ഇറ്റാലിയന്‍ നാവികരെ വിട്ടു നല്‍കാമെന്ന് മോദി വാഗ്ദാനം ചെയ്തതായി മൈക്കല്‍ 2015-ല്‍ അവകാശപ്പെട്ടിരുന്നു. ഹംബര്‍ഗിലെ International Tribunal of the Law of the Seas-യ്ക്കും ഹേഗിലെ Permanent Court of Arbitration-നും എഴുതിയ കത്തുകളിലാണ് മൈക്കല്‍ ഈ അവകാശവാദം നടത്തിയത്. 2015 നവംബറില്‍ മോദിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി മൈക്കല്‍ കത്തയിച്ചിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തില്‍ പുറത്തു വന്നിട്ടുള്ള വിവരങ്ങള്‍ മൈക്കലും മറ്റൊരു ഇടനിലക്കാരനായ ഹാച്ചിക്കെയും എഴുതിയ ഒരു ഡയറിയില്‍ പണം നല്‍കിയതായി രേഖപ്പെടുത്തിയിട്ടുള്ള ചില പേരുകളുടെ ഇനീഷ്യലുകളാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നത് ഈ ഇനീഷ്യലുകള്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ പേരുകളുടെയും ഉദ്യോഗസ്ഥരുടേയും എയര്‍ഫോഴ്‌സ് മേധാവികളുടെയും പദവികളുടെയും ചുരുക്കെഴുത്താണ് എന്നാണ്. 3546 കോടി ഹെലികോപ്റ്റര്‍ ഇടപാടില്‍ ഈ രേഖപ്പെടുത്തിയിരിക്കുന്നവര്‍ക്ക് പണം നല്‍കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

ഈ രേഖ അനുസരിച്ച് 51 മില്യണ്‍ യൂറോ (4,08,53,29,729.50 രൂപ) കോഴ പലര്‍ക്കായി വിഭജിച്ച് നല്‍കി എന്നാണ് ആരോപണം. ‘POL’ എന്ന തലക്കെട്ടിലാണ് ഇത് ചേര്‍ത്തിരിക്കുന്നത്. ഹാച്ചിക്കെ അവകാശപ്പെടുന്നത് ഇത് ഇന്ത്യന്‍ രാഷ്ട്രീയക്കാരെ കുറിക്കുന്നതാണ് എന്നാണ്. ഇതിലുള്ള ‘AP’ എന്ന ഇനീഷ്യലിന് മൂന്ന് മില്യണ്‍ യൂറോ (24,03,62,505.14 രൂപ) ഹെലികോപ്റ്റര്‍ കരാറില്‍ നല്‍കിയതായും പറയുന്നുണ്ട്. പലരും അവകാശപ്പെടുന്നത് അഹമ്മദ് പട്ടേല്‍ എന്നതിന്റെ ചുരുക്കെഴുത്താണ് ഈ AP എന്നാണ്. മറ്റൊരു 15-16 മില്യണ്‍ യൂറോ (1,28,19,33,360.72 രൂപ) ‘FAM’ എന്ന തലക്കെട്ടില്‍ നല്‍കിയിട്ടുണ്ടെന്നും ഇത് ‘FAMILY’ എന്നതിന്റെ ചുരുക്കെഴുത്താണെന്നുമാണ് വാദം. ബ്രിട്ടീഷ് കണ്‍സള്‍ട്ടന്റായ ക്രിസ്റ്റ്യന്‍ മൈക്കല്‍ 2008-ല്‍ നടന്ന ഒരു മീറ്റിംഗിനിടെ തന്നെ വായിച്ചു കേള്‍പ്പിച്ചതാണ് ഇതെന്നാണ് ഹാച്ചിക്കെ അവകാശപ്പെടുന്നത്.

ഈ രേഖകള്‍ യഥാര്‍ത്ഥമാണെന്നോ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ആരെങ്കിലും ഇടപാടില്‍ കോഴ വാങ്ങിച്ചിട്ടുണ്ടോ എന്നതിന് ഇതുവരെ യാതൊരു തെളിവുകളുമില്ല. എന്നാല്‍ പുറത്തുവന്ന വിവരമുള്ളത് മുന്‍ വ്യോമസേനാ തലവന്‍ എസ്.പി ത്യാഗിയും അദ്ദേഹത്തിന്റെ ബന്ധുക്കളും കോഴ വാങ്ങിയിട്ടുണ്ട് എന്നാണ്.

മൈക്കലിനെ ഇന്ത്യക്ക് വിട്ടുകിട്ടിയ സ്ഥിതിക്ക് ഇത് രാഷ്ട്രീയാവശ്യത്തിനായി മോദി ഉപയോഗിക്കുമോ അതോ പ്രൊഫഷണലായ രീതിയില്‍ അന്വേഷണം നടത്തുമോ എന്നാണ് ഇനി അറിയേണ്ടത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രൊഫഷണലിസത്തിന്റെ യാഥാര്‍ത്ഥ്യം അത്രയേറെ മോശമാണ് എന്നതുകൊണ്ട് നമുക്ക് ഇക്കാര്യത്തില്‍ കൂടുതലൊന്നും ആരില്‍ നിന്നും പ്രതീക്ഷിക്കാനും പറ്റില്ല.

ക്രിസ്റ്റ്യന്‍ മൈക്കല്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണെന്ന് വ്യക്തമാണെന്നും അതുകൊണ്ടു തന്നെ അയാളെ ഇന്ത്യക്ക് കൈമാറിയത് ഗാന്ധി കുടുംബത്തെ ഉറപ്പായും കുഴപ്പത്തിലാക്കുമെന്നും ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു ഇന്നലെ തന്നെ പ്രസ്താവിക്കുകയും ചെയ്തിരുന്നു.

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കിളിനെ ഇന്ത്യയിലെത്തിച്ചു

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: ഒരു പ്രതിരോധ അഴിമതിയുടെ കൂടി ചുരുളഴിയുന്നു

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ്; വാചക കസര്‍ത്ത് നിര്‍ത്തൂ, കുറ്റക്കാരെ ശിക്ഷിക്കൂ

വിവിഐപി ഹെലികോപ്ടര്‍ അഴിമതി: ഫിന്‍മെക്കനിക്കയുടെ മുന്‍ തലവന് ജയില്‍ ശിക്ഷ

കടല്‍ക്കൊല കേസ്: പ്രതിക്ക് ഇറ്റലിയിലേക്ക് മടങ്ങാന്‍ സുപ്രീംകോടതിയുടെ അനുമതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍