UPDATES

മീശ പ്രസിദ്ധീകരിക്കാന്‍ അഴിമുഖം തയാറാണ്; അത് ഞങ്ങളുടെ ഉത്തരവാദിത്തം കൂടിയാണ്

എസ് ഹരീഷിന് മാത്രമല്ല, ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്ന എല്ലാ മനുഷ്യര്‍ക്കും പൂര്‍ണ പിന്തുണ- എഡിറ്റോറിയല്‍

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന ‘മീശ’ എന്ന നോവല്‍ എസ് ഹരീഷിന് പിന്‍വലിക്കേണ്ടി വന്നത് കേരള സമൂഹം ഇന്നെത്തി നില്‍ക്കുന്ന പരിതാപകരമായ അവസ്ഥ കൂടിയാണ് കാണിക്കുന്നത്. മത, ജാതി ഫാസിസ്റ്റ് സംഘടനകളുടെ കൈക്കരുത്തിനും ഭീഷണിക്കും വിവരമില്ലായ്മയ്ക്കും മുന്നില്‍ നവോത്ഥാനത്തിന് പേര് കേട്ടതെന്ന് നാം അവകാശപ്പെടുന്ന സമൂഹം നിസഹായരായിരിക്കുന്നു എന്ന പേടിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം  അംഗീകരിച്ചേ മതിയാവൂ. കൈവെട്ട് സംഘങ്ങളും സംഘപരിവാരവും ഉയര്‍ത്തുന്ന ഭീഷണിക്ക് മുന്നില്‍ ഇനിയും തലകുനിച്ചാല്‍ എല്ലാ വിധത്തിലുള്ള പുരോഗമന സ്വഭാവങ്ങളും നശിച്ച് നൂറ്റാണ്ടുകള്‍ പിന്നിലേക്ക് നാം സഞ്ചരിക്കുക എന്നതാവും ഫലം.

‘എഴുത്തോ കഴുത്തോ’ എന്ന ചോദ്യത്തിന് എഴുത്തുകാരന് നിസഹായനാകേണ്ടി വരുന്നുണ്ടെങ്കില്‍ അത് നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്. അന്യര്‍ ശത്രുക്കളും തങ്ങള്‍ക്കിഷ്ടമില്ലാത്തത് നിരോധിക്കപ്പെടേണ്ടതും ഭിന്നതകള്‍ ഉള്ളവര്‍ കൊല്ലപ്പെടേണ്ടവരും ആണ് എന്ന ഫാസിസ്റ്റ് നീതി പുലരുകയും അവയ്ക്ക് സമൂഹം കണ്ണടച്ചും അല്ലാതെയും പിന്തുണ കൊടുക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ചെറുത്തുനില്‍പ്പുകളാണ് ആവശ്യം. എസ് ഹരീഷ് എന്ന ഒരെഴുത്തുകാരന് നേരെ മാത്രം ഉയര്‍ന്നിരിക്കുന്ന ഭീഷണിയല്ല ഇത്; കേരള സമൂഹത്തിന് ഒന്നാകെയാണ്. അതിന്റെ ഗുണഭോക്താക്കള്‍ ഈ സമൂഹത്തെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും അതുവഴി നേട്ടങ്ങള്‍ കൊയ്യാനും ലക്ഷ്യമിടുന്നവരാണ്; അവരെ അതിനു അനുവദിക്കുക എന്നാല്‍ ഒരു പുരോഗമന സമൂഹം എന്ന നിലയില്‍ നാം ഇത്രകാലം കൊണ്ട് നേടിയെടുത്ത എല്ലാ മൂല്യങ്ങളും ഇല്ലാതാവുക എന്നത് തന്നെയാണ്.

സമൂഹത്തിന്റെ ജാഗ്രത തന്നെയാണ് ആവശ്യപ്പെടുന്നത്. എസ് ഹരീഷിനെ പോലെ, സംഘടിത ശക്തികള്‍ ഏതു വിധേനെയും വായടപ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാ ശബ്ദങ്ങള്‍ക്കും എതിരെ, ഓരോ എഴുത്തുകാര്‍ക്കും കൂടുതല്‍ കൂടുതല്‍ സ്പേസ് നല്‍കിയും കൂടുതല്‍ ശബ്ദങ്ങള്‍ ഉയര്‍ത്തിയും പ്രതിരോധിക്കേണ്ടതുണ്ട്. ഇന്ന് ഒരെഴുത്തുകാരനെ തേടിയെത്തിയ അവര്‍ ഇന്നലെ നിങ്ങളുടെ അടുക്കള പരിശോധിച്ചിരുന്നു എന്നോര്‍ക്കേണ്ടതുണ്ട്, നിങ്ങളുടെ വസ്ത്രത്തിന്റെ അളവ് എടുക്കുന്നവരാണ് എന്നോര്‍ക്കേണ്ടതുണ്ട്, ജീവിതത്തിന്റെ ഓരോ മിടിപ്പിലേക്കും അവര്‍ കയറിക്കൂടിക്കൊണ്ടിരിക്കുകയാണ്. ആ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് കീഴടങ്ങരുതെന്ന് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഓരോ മലയാളികളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്. എസ് ഹരീഷിന് മാത്രമല്ല, ഇത്തരം സാഹചര്യങ്ങള്‍ നേരിടുന്ന എല്ലാ മനുഷ്യര്‍ക്കും പൂര്‍ണ പിന്തുണ.

ഹരീഷിന് നോവല്‍ പിന്‍വലിക്കാനുണ്ടായ സാഹചര്യത്തെ ശക്തമായി തന്നെ അപലപിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ ‘മീശ’ നോവല്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കാന്‍ അഴിമുഖം തയാറാണ് എന്ന് അറിയിക്കുകയും ചെയ്യുന്നു. എല്ലാ ഫാസിസ്റ്റ് മനോഭാവങ്ങളോടും ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന ഒരു സ്ഥാപനം എന്ന നിലയില്‍ ഈ സമൂഹത്തോടുള്ള ഞങ്ങളുടെ  ഉത്തരവാദിത്തം കൂടിയാണത്.

ഉടുമുണ്ടഴിയുന്ന മതങ്ങൾ മതേതര സമൂഹത്തിന്റെ ബാധ്യതയല്ല

ഇത് നാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും കേരളമാണ്, തീവ്രവാദികളുടേതല്ല; കുരീപ്പുഴ പ്രതികരിക്കുന്നു

ഹരീഷ് ധീരനാണോ? അദ്ദേഹത്തിന് മരണഭയമുണ്ടോ എന്നതല്ല ചോദ്യം. നാമേതു നരക കാലത്താണ് ജീവിക്കുന്നത് എന്നതാണ്

ഇതാ ഒരു പെരുമാള്‍ മുരുഗന്‍, നമ്മുടെ തൊട്ട് മുന്‍പില്‍; നടന്നത് സാഹിത്യത്തിന്റെ ആള്‍ക്കൂട്ടക്കൊല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍