UPDATES

മണി ശങ്കര്‍ അയ്യര്‍ എന്ന മിടുക്കന്‍ പൊതുജീവിതം അവസാനിപ്പിക്കാന്‍ സമയമായി

അയ്യര്‍ കോണ്‍ഗ്രസിനോട് ചെയ്ത ഏറ്റവും മോശപ്പെട്ട സംഭവമായിരുന്നു 2014-ലെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നടത്തിയ പദപ്രയോഗം.

ആ കഥ ഏതാണ്ട് ഇങ്ങനെയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലും ബ്യൂറോക്രസിയിലും എന്നുവേണ്ട ഒരുവിധപ്പെട്ട രംഗങ്ങളിലൊക്കെ പ്രശസ്തരായ നിരവധി പേര്‍ പഠിച്ചിറങ്ങിയ ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ഒരു പരിപാടിയോട് അനുബന്ധിച്ച് മുന്‍ വിദ്യാര്‍ത്ഥികളൊക്കെ അവിടുത്തെ രജിസ്റ്ററില്‍ അഭിപ്രായം രേഖപ്പെടുത്തുകയാണ്. മുന്‍ വിദേശകാര്യമന്ത്രി നട്‌വര്‍ സിംഗ് എഴുതിയത്, താന്‍ ജീവിതത്തില്‍ എന്തായിത്തീര്‍ന്നോ അതിന്റെ പ്രധാന കാരണം ഈ കോളേജാണ് എന്നായിരുന്നു. നട്‌വര്‍ സിംഗിനു പിന്നാലെ എഴുതിയത് മണി ശങ്കര്‍ അയ്യര്‍. “അതിന് കോളേജിനെ കുറ്റപ്പെടുത്തരുത്”, നട്‌വര്‍ സിംഗിന്റെ കുറിപ്പിന് താഴെയായി അയ്യര്‍ എഴുതിയതായി പറയപ്പെടുന്നത് ഇതാണ്.

ബൗദ്ധികമായി അങ്ങേയറ്റം മൂര്‍ച്ചയുള്ളയാള്‍, നിരവധി ദൗര്‍ബല്യങ്ങളുള്ള, നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലുമാകാത്തത്ര ധാര്‍ഷ്ട്യമുള്ള ഒരാളാണ് മണി എന്നു വിളിക്കപ്പെടുന്ന മണി ശങ്കര്‍ അയ്യര്‍. വളരെ സമര്‍ത്ഥനായ ഒരാള്‍ തന്റെ വാര്‍ധക്യത്തില്‍ അതെല്ലാം നഷ്ടപ്പെടുത്തി, അന്തസില്ലാതെ മാറുന്നതിന്റെ മികച്ച ഉദാഹരണമാണ് ഇന്ന് അയ്യര്‍. മറ്റെല്ലാ നേതാക്കളും ഒരുമിച്ച് ചെയ്യുന്നതിലുമധികം ദോഷങ്ങളാണ് അയ്യര്‍ ഒറ്റയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വരുത്തി വയ്ക്കുന്നത്. അതൊക്കെ ഉണ്ടാവുന്നതാകട്ടെ, ധാര്‍ഷ്ട്യത്തില്‍ നിന്നും അങ്ങേയറ്റത്തെ അഹംഭാവത്തില്‍ നിന്നും.

ഇന്നലെ അയ്യര്‍ വീണ്ടും കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കി. ജാതീയമായി വരെ വ്യാഖ്യാനിക്കാവുന്ന ‘നീച്’ എന്ന സംസ്‌കൃത വാക്കുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശേഷിപ്പിച്ചു കൊണ്ടായിരുന്നു അത്. അയ്യരുടെ പദപ്രയോഗത്തിന്റെ വിവിധ വ്യവഹാരങ്ങളെ കുറിച്ച് അക്കാദമിക് ചര്‍ച്ചകള്‍ നടത്തി പിന്നീട് ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്, ഗുജറാത്തില്‍ ചൂടുപിടിച്ചിരിക്കുന്ന, അങ്ങേയറ്റം ധ്രുവീകൃതമായ തെരഞ്ഞെടുപ്പ് പ്രചരണത്തെ കൂടുതല്‍ മോശമാക്കുകയാണ് ചെയ്തിട്ടുള്ളത് എന്നതാണ്.

പ്രമാണിമാർ കുറച്ചുനാൾ മിണ്ടാതിരിക്കട്ടെ

അയ്യര്‍ ഇത്തരമൊരു പ്രയോഗം നടത്താന്‍ കാത്തിരുന്നതു പോലെ മോദിയും ബിജെപി നേതാക്കളും ആ പദപ്രയോഗം ഏറ്റുപിടിച്ചു. തന്റെ സ്വതസിദ്ധമായ ‘മുഗള്‍ കാലഘട്ട’ പദപ്രയോഗം കോണ്‍ഗ്രസിനെ കുറിച്ച് നടത്തി മോദി വീണ്ടും കളം പിടിച്ചു. തന്റെ നേതാവിനെ കുറിച്ച് പറഞ്ഞ കാര്യത്തെച്ചൊല്ലി ഒരു ബിജെപി നേതാവിന്റെ നാടകീയ കരച്ചില്‍ വരെ ഇന്നലെയുണ്ടായി. എന്തായാലും മുഖം രക്ഷിക്കാനുള്ള നടപടിയെന്ന നിലയില്‍ അയ്യരെ ഉടനടി സസ്‌പെന്‍ഡ് ചെയ്യുകയും വീശദീകരണം ചോദിച്ചിരിക്കുകയുമാണ് കോണ്‍ഗ്രസ്. ഇത് ആദ്യമായല്ല, രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തു കൂടിയായിരുന്ന ഈ മുന്‍ നയതന്ത്രജ്ഞന്‍ നിര്‍ണായക സമയത്ത് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കുന്നതും ബിജെപിക്ക് രാഷ്ട്രീയമായി മേല്‍ക്കൈ നേടിക്കൊടുക്കുന്നതും. ബിജെപി അയ്യരെ ഏതെങ്കിലും വിധത്തില്‍ ബ്ലാക്‌മെയില്‍ ചെയ്യുന്നുണ്ടോ എന്നുപോലും തോന്നിപ്പോവുന്ന വിധത്തിലാണ് കാര്യങ്ങള്‍.

അയ്യര്‍ കോണ്‍ഗ്രസിനോട് ചെയ്ത ഏറ്റവും മോശപ്പെട്ട സംഭവമായിരുന്നു 2014-ലെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് നടത്തിയ പദപ്രയോഗം. മോദിക്ക് കൂടുതല്‍ പറ്റുക ചായ വില്‍പ്പനക്കാരന്റെ പണി തന്നെയാണ് എന്നായിരുന്നു അത്. അതൊരു ചരിത്രപരമായ മണ്ടത്തരമായിരുന്നു. മോദിയുടെ പഴയകാല ജീവിതത്തെക്കുറിച്ച് കൂടുതല്‍ പ്രചരണം നടത്താന്‍ അത് ബിജെപിയെ സഹായിച്ചു. ആ പദപ്രയോഗത്തില്‍ നിന്നായിരുന്നു ബിജെപി തങ്ങളുടെ ‘ചായ പേ ചര്‍ച്ച’ എന്ന ബഹുജന പ്രചരണ പരിപാടി രൂപപ്പെടുത്തിയതും.

ഇംഗ്ലീഷില്‍ ഗംഭീരമായി സംസാരിക്കുന്ന, കാര്യങ്ങള്‍ നല്ല വ്യക്തതയോടെ പറയാന്‍ അറിയാവുന്ന അയ്യര്‍ തന്നെക്കുറിച്ച് ഇന്നലെ വിശേഷിപ്പിച്ചത് ‘ഫ്രീലാന്‍സ് കോണ്‍ഗ്രസുകാരന്‍’ എന്നാണ്. ആ അയ്യര്‍ 1998-ല്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ വിശേഷിപ്പിച്ചത് “nalaayak” (കഴിവില്ലാത്തവന്‍) എന്നാണ്. തുടര്‍ന്ന് അയ്യര്‍ക്ക് ആ പദപ്രയോഗത്തിന്റെ പേരില്‍ മാപ്പു പറയേണ്ടി വന്നു. എങ്കിലും അന്നു ചെയ്തതു പോലെ ഇന്നലത്തെ പദപ്രയോഗത്തിന്റെ പേരിലും അയ്യര്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചു. താന്‍ ഉപയോഗിച്ച ഹിന്ദി വാക്കിന്റെ ‘യഥാര്‍ത്ഥ’ അര്‍ത്ഥം തനിക്ക് അറിയില്ലായിരുന്നു എന്ന്.

ദേശവിരുദ്ധ ചാനലിനോട് സംസാരിക്കില്ല; റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ടറെ മണിശങ്കര്‍ അയ്യര്‍ ഇറക്കി വിട്ടു

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതുമായി ബന്ധപ്പെട്ട് മുഗള്‍ കാലഘട്ടത്തിലെ പിന്തുടര്‍ച്ച എന്ന ഉദാഹരണം അയ്യര്‍ ഉപയോഗിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ ആര്‍ക്കു വേണമെങ്കിലും കഴിയുമെന്നു കൂടി അയ്യര്‍ പറഞ്ഞെങ്കിലും മോദിയും അദ്ദേഹത്തിന്റെ പരിവാരങ്ങളും അതിന് കൂട്ടു നില്‍ക്കുന്ന മാധ്യമങ്ങളും ആ അവസരം നന്നായി ഉപയോഗിച്ചു. ആ മുഗള്‍ കാലഘട്ട പ്രയോഗത്തില്‍ നിന്ന് മോദി പ്രചരണത്തില്‍ ഉപയോഗിച്ചത് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം ‘ഔറംഗസേബ് രാജ്’ ആണ് എന്നായിരുന്നു.

ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ തലവന്‍ ഹാഫിസ് സയ്യിദിനെ അയ്യര്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത് ‘ഹാഫിസ് സാബ്’ എന്നായിരുന്നു. ഒരു പാക്കിസ്ഥാനി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അയ്യര്‍ പറഞ്ഞത് ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധം നന്നാകണമെങ്കില്‍ മോദി സര്‍ക്കാര്‍ വീഴണമെന്നും അതിന് പാക്കിസ്ഥാന്‍ സഹായിക്കണമെന്നുമായിരുന്നു. പ്രതിപക്ഷം പോകട്ടെ, സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ പോലും അയ്യരുടെ നാവ് അടങ്ങിയിരുന്നിട്ടില്ല. യു.പി.എ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ, 2011-ല്‍ അജയ് മാക്കന്‍ എഴുതിയ ഒരു കത്തിനെ പരിഹസിച്ചു കൊണ്ട് അയ്യര്‍ പറഞ്ഞത്, ഹാന്‍സ് രാജ് കോളേജില്‍ നിന്ന് ബി.എ മാത്രം പാസായ ഒരാള്‍ ‘dichotomous’ എന്ന വാക്ക് ഉപയോഗിക്കരുത് എന്നാണ്.

അയ്യര്‍ ഇപ്പോള്‍ കടന്നു പോകുന്ന അവസ്ഥ മാറ്റി നിര്‍ത്തിയാല്‍ അങ്ങേയറ്റം തിളക്കമുള്ളതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന വൈദ്യനാഥ ശങ്കര്‍ അയ്യര്‍രുടേയും ഭാഗ്യലക്ഷ്മി ശങ്കര്‍ അയ്യരുടേയും മകനായി ലാഹോറില്‍ ജനനം. സഹോദരന്‍ സ്വാമിനാഥന്‍ അയ്യര്‍ അറിയപ്പെടുന്ന ജേര്‍ണലിസ്റ്റാണ്. മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു അയ്യര്‍. വെല്‍ഹാം ബോയ്‌സ് സ്‌കൂള്‍, ദി ഡൂണ്‍ സ്‌കൂള്‍, സെന്റ് സ്റ്റീഫന്‍സ് കോളേജ്, ട്രിനിറ്റി ഹാളിലെ Tripos-ല്‍ നിന്ന് ഇകണോമിക്‌സില്‍ ബി.എ, യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജില്‍ നിന്ന് എം.എ ഇങ്ങനെ പോകുന്നു അയ്യരുടെ അക്കാദമിക് ജീവിതം. കേംബ്രിഡ്ജില്‍ പഠിക്കുന്ന കാലത്ത് അടിയുറച്ച മാര്‍ക്‌സിസ്റ്റ് ആയിരുന്നു അയ്യര്‍. ഡൂണ്‍ സ്‌കൂളിലും കേംബ്രിഡ്ജിലും രാജീവ് ഗാന്ധി അദ്ദേഹത്തിന്റെ ജൂനിയര്‍ ആയിരുന്നു.

മോദിക്കെതിരേ ആക്ഷപവുമായി മണിശങ്കര്‍ അയ്യര്‍; മാപ്പ് പറയണമെന്ന് അയ്യരോട് രാഹുല്‍ ഗാന്ധി

ഇന്ത്യ കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞരില്‍ ഒരാള്‍ കൂടിയായ അയ്യര്‍ പാകിസ്ഥാനിലെ ഇന്ത്യയുടെ ആദ്യ കൗണ്‍സല്‍ ജനറല്‍ കൂടിയാണ്- 1978 മുതല്‍ 1982 വരെ. പാക്കിസ്ഥാനെ കുറിച്ചും അതിലെ നയതന്ത്ര പ്രശ്‌നങ്ങളെ കുറിച്ചും അയ്യര്‍ക്കുള്ള ആഴത്തിലുള്ള അറിവ് ഉപയോഗിച്ചു തന്നെ ആ വാക്കുകള്‍ കൊണ്ട് ബിജെപി പലപ്പോഴും നേട്ടമുണ്ടാക്കിയിട്ടുമുണ്ട്.

ഇത്രയൊക്കെ മിടുക്കനാണെങ്കിലും സ്വന്തം കാര്യത്തില്‍ അയ്യര്‍ അങ്ങനെയായിരുന്നില്ല. മോശപ്പെട്ട വാദപ്രതിവാദങ്ങളിലേക്കും വിവാദങ്ങളിലേക്കും അയ്യര്‍ പലപ്പോഴും സ്വയം വലിച്ചെറിഞ്ഞു. 2000-ല്‍ അമര്‍ സിംഗുമായി നടത്തിയ പരസ്യ വിഴുപ്പലക്കലായിരുന്നു ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. അയ്യര്‍ പറഞ്ഞത് ഇങ്ങനെയാണെന്ന് അമര്‍ സിംഗ് പിന്നീട് പറഞ്ഞിട്ടുണ്ട്: “ഓ, ആ ബ്ലഡി മുലായം സിംഗ് യാദവ് അല്ലേ, അയാളെ കണ്ടാല്‍ എന്നെപ്പോലുണ്ട്. ചിലപ്പോള്‍ എന്റെ അച്ഛന്‍ ഇടയ്ക്ക് ഉത്തര്‍ പ്രദേശ് സന്ദര്‍ശിച്ചിട്ടുണ്ടാവാം. താങ്കള്‍ മുലായത്തിന്റെ അമ്മയോട് ഇക്കാര്യം ഒന്ന് സംസാരിച്ചു നോക്കൂ”.

അയ്യര്‍ക്ക് ഏറ്റവും നല്ലത് തന്റെ പൊതുജീവിതം ഉടനടി അവസാനിപ്പിക്കുകയാണ്. അല്ലെങ്കില്‍ ഇതിലും മോശമായ അവസ്ഥയിലായിരിക്കും ഇനിയുള്ള കാര്യങ്ങള്‍.

അങ്ങനെ രാഹുല്‍ ഗാന്ധി തലപ്പത്തേക്ക്; ദയവായി ഇനി ജനാധിപത്യത്തെക്കുറിച്ച് കൂടി പറയരുത്

‘അഹിന്ദു’വായ രാഹുലിനും ‘ഹിന്ദുവിരുദ്ധ’നായ നെഹ്രുവിനും ഇന്ത്യയില്‍ എന്ത് കാര്യം: മോദി ചോദിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍