UPDATES

ഇങ്ങനെയാണ് അമിത് ഷാ സിബിഐ ഭരിക്കുന്നത്

ഭരിക്കുന്ന പാര്‍ട്ടിയുടെ കാവല്‍നായ് മാത്രമല്ല, അമിത് ഷായുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന, അയാളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമുള്ളതായി മാറിയിരിക്കുന്നു സിബിഐ

ജസ്റ്റിസ് ലോയ കൊലപാതക കേസ് രാജ്യത്തെ ഉന്നത നീതിപീഠത്തെപ്പോലും ഭിന്നിപ്പിക്കുമ്പോള്‍, സൊഹ്‌റാബുദീന്‍ ഷേക് കൊലപാതക കേസ് വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോള്‍ നീതിയെ സംബന്ധിച്ച് തങ്ങള്‍ക്കുള്ള ധാരണ എന്താണെന്ന് ഇന്നലെ ബോംബെ ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ് സി.ബി.ഐ. സൊഹ്‌റാബുദീന്‍ വധക്കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ ഒഴിവാക്കിയതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ഇതിനെതിരെയുള്ള അപ്പീല്‍ നല്‍കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നുമാണ് സിബിഐ അറിയിച്ചിരിക്കുന്നത്.

സിബിഐയുടെ ഇക്കാര്യത്തിലുള്ള നിലപാട് വളരെ വ്യക്തമാണ്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സൊഹ്‌റാബുദീന്‍ ഷേക്കിനെ വധിച്ചു എന്ന ആരോപണത്തില്‍ അമിത് ഷായെ വെറുതെ വിട്ട കീഴ്‌ക്കോടതി നടപടിക്കെതിരെ അപ്പീല്‍ നല്‍കേണ്ടതില്ല എന്ന സിബിഐ നിലപാടിനെതിരെ വന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു രാജ്യത്തെ ഒന്നാം നമ്പര്‍ അന്വേഷണ ഏജന്‍സി തങ്ങളുടെ തീരുമാനം വ്യക്തമാക്കിയത്.

അതെ, നിങ്ങള്‍ വായിച്ചത് ശരിയാണ്, ഒരു കൊലപാതക കേസിന്റെ പിന്നിലുള്ള യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ സിബിഐക്ക് താത്പര്യമില്ല. അത് ഭരിക്കുന്ന പാര്‍ട്ടിയുടെ കാവല്‍നായ് മാത്രമല്ല, അമിത് ഷായുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന, അയാളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമുള്ളതായി മാറിയിരിക്കുന്നു.

സി.ബി.ഐക്കുള്ളില്‍ മോദിയുടെ സ്വന്തം ‘ഗുജറാത്ത് മോഡല്‍’; ചരമക്കുറിപ്പ് എഴുതാറായോ ഈ അന്വേഷണ ഏജന്‍സിക്ക്?

അമിത് ഷായെ വെറുതെ വിട്ടുകൊണ്ടുള്ള 2014 ഡിസംബര്‍ 30-ന്റെ സിബിഐ പ്രത്യേക കോടതി വിധി ചോദ്യം ചെയ്യില്ലെന്ന സിബിഐ നിലപാട് ‘അനധികൃതവും വഞ്ചനാപരവും സ്വേച്ഛാധികാര’ത്തോടു കൂടിയതുമാണെന്ന് ചൂണ്ടിക്കാട്ടി ബോബെ ലോയേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

“ഞങ്ങളീ ഹര്‍ജിയെ എതിര്‍ക്കുന്നു. ഈ ഹര്‍ജിയുടെ maintainability-യോടും ഞങ്ങള്‍ക്ക് പ്രശ്‌നമുണ്ട്. വിടുതല്‍ ഉണ്ടായ വിധിയുണ്ടായത് 2014-ലാണ്. സമയ പരിധിയുടേതായ പ്രശ്‌നവും ഇതിലുണ്ട്”, സിബിഐ അഭിഭാഷകന്‍ അനില്‍ സിംഗ് കോടതിയില്‍ വ്യക്തമാക്കി.

സിബിഐ അഭിഭാഷകന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കാനായി ഫെബ്രുവരി 13-ലേക്ക് കേസ് മാറ്റിയിരിക്കുകയാണ് ജസ്റ്റിസുമാരായ എസ്.സി ധര്‍മാധികാരിയും ഭാര്‍തി ധാംഗ്രെയും.

ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവേ മറ്റൊരാവശ്യവും കൂടി കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഈ കേസിന്റെ വിചാരണാ വേളയില്‍ ആദ്യം കേസ് കേട്ടുകൊണ്ടിരുന്ന സിബിഐ ജഡ്ജിയെ ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രേഖകള്‍ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയില്‍ നിന്ന് ലഭ്യമാക്കണമെന്ന് തങ്ങളുടെ പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

‘അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു’; ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല

സുപ്രീം കോടതി ഈ കേസിന്റെ വിചാരണ ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് മാറ്റുകയായിരുന്നുവെന്നും കേസ് വേഗത്തില്‍ തന്നെ തീര്‍പ്പാക്കണമെന്നും നിര്‍ദേശിച്ചിരുന്നുവെന്നും ദാവെ ഇന്നലെ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

“ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഈ കേസ് വിചാരണയ്ക്കായി ഒരു കോടതിയെ ഏല്‍പ്പിക്കുകയും അത് നിയമപരമായും വേഗത്തിലും തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു”- ഹര്‍ജിയില്‍ പറയുന്നു.

“ഒരേ ജഡ്ജി തന്നെയാണ് ഈ കേസില്‍ തുടക്കം മുതല്‍ ഒടുക്കം വരെ വാദം കേള്‍ക്കേണ്ടതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു- ഹര്‍ജി പറയുന്നു.

ഈ ഉത്തരവ് ലംഘിച്ചുകൊണ്ട് കേസില്‍ ആദ്യം വിചാരണ കേട്ട ജസ്റ്റിസ് ജെടി ഉത്പതിനെ 2014 മധ്യത്തോടെ സിബിഐ പ്രത്യേക കോടതിയില്‍ നിന്നും സ്ഥലം മാറ്റുകയും തല്‍സ്ഥാനത്ത് ലോയയെ നിയോഗിക്കുകയുമായിരുന്നു.

കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്നും ഇളവനുവദിക്കണമെന്ന് അപേക്ഷിച്ചതിന്റെ പേരില്‍ 2014 ജൂണ്‍ ആറിന് അമിത് ഷായ്ക്ക് താക്കീത് നല്‍കിയിരുന്നു. വിചാരണ നടന്ന അടുത്ത തീയതിയായ ജൂണ്‍ 20നും ഷാ ഹാജരാവാതിരുന്നതിനെ തുടര്‍ന്ന് ജസ്റ്റിസ് ഉത്പത് കേസ് ജൂണ്‍ 26ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ജൂണ്‍ 25ന് അദ്ദേഹത്തെ സ്ഥലം മാറ്റുകയും ജസ്റ്റിസ് ലോയയെ നിയമിക്കുകയുമായിരുന്നു.

2014 ഒക്ടോബര്‍ 31ന് ഷാ നേരിട്ട് കോടതിയില്‍ ഹാജരാവുന്നതില്‍ നിന്നും ജസ്റ്റിസ് ലോയ ഇളവ് നല്‍കി. എന്നാല്‍ ആ ദിവസം മുംബെയില്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ഷാ കോടതിയില്‍ ഹാജരായില്ല എന്ന ചോദ്യം ഉന്നയിക്കുകയും കേസിന്റെ വാദം ഡിസംബര്‍ 13ലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജസ്റ്റിസ് ലോയ കൊല്ലപ്പെടുന്നത്.

അമിത് ഷായെ വെറുതെ വിട്ട് സെഷന്‍സ് കോടതി ഉത്തരവ് പുന:പരിശോധിക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കാന്‍ ഹൈക്കോടതി തയാറാകണമെന്നായിരുന്നു ഇന്നലെ പരിഗണിച്ച ഹര്‍ജിയിലെ ആവശ്യം.

ഈ സമയത്ത് ജസ്റ്റിസ് ധര്‍മാധികാരി ഇങ്ങനെ വ്യക്തമാക്കി. “ഇക്കാര്യം ഞങ്ങള്‍ക്ക് പരാതിക്കാര്‍ക്ക് വിട്ടു നല്‍കുകയാണ്. പക്ഷേ ഹൈക്കോടതിയെ ഇക്കാര്യത്തില്‍ നിന്ന് അകലെ നിര്‍ത്തുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു. ഇക്കാര്യത്തില്‍ ഉചിതമായ ഒരു തീരുമാനം എടുക്കണമെന്ന് ഞങ്ങള്‍ ദാവെയോട് അഭ്യര്‍ത്ഥിക്കുകയാണ്”.

അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലക്കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത

“സിബിഐ രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയാണ്. തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിയമപരമായ കാര്യങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പാക്കേണ്ടത് അവരുടെ പൊതുകടമായാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സിബിഐ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു”- ഹര്‍ജിയില്‍ പറയുന്നു.

അമിത് ഷായെ ഒഴിവാക്കിയതിനു സമാനമായി ഹിമാന്‍ഷു സിംഗ്, ശാ്യം സിംഗ് എന്നീ രാജസ്ഥാന്‍ പോലീസിലെ സബ് ഇന്‍സ്‌പെക്ടര്‍മാരെയും ഗുജറാത്ത് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥാന്‍ എന്‍.കെ അമീനെയും ഒഴിവാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

“ഇവരെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ സിബിഐ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. എന്നാല്‍ ഒരേ കേസിലെ കുറ്റാരോപിതരില്‍ ചിലര്‍ക്കു മാത്രമെതിരെ അപ്പീല്‍ നല്‍കുന്നത് സ്വേച്ഛാപരവും വഞ്ചനാപരവും അനധികൃതവുമാണ്”, ഹര്‍ജി ചൂണ്ടിക്കാട്ടി.

ഗുജറാത്ത് പോലീസ് ഭീകരവാദി എന്ന് ആരോപിക്കുന്ന സൊഹ്‌റാബുദീന്‍ ഷെയ്ക്കിനെ 2005 നവംബറില്‍ ഗുജറാത്ത്, രാജസ്ഥാന്‍ പോലീസുകാര്‍ ചേര്‍ന്ന് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. സൊഹ്‌റാബുദീന്റെ ഭാര്യ കൗസര്‍ ബീയെ പിടിച്ചു കൊണ്ടു പോവുകയും പിന്നീട് അവരെയും കൊലപ്പെടുത്തിയെന്നുള്ള വിവരങ്ങളും പിന്നാലെ പുറത്തു വന്നിരുന്നു.

2010 ഫെബ്രുവരിയില്‍ സിബിഐ ഈ കേസ് ഏറ്റെടുക്കുകയും അന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ ഉള്‍പ്പെടെ 23 പേരെ പ്രതികളാക്കിക്കൊണ്ട് ആ വര്‍ഷം ജൂലൈയില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കുറച്ചു കാലത്തിനുള്ളില്‍ അമിത് ഷായ്ക്ക് പുറമെ മൂന്ന് ഐ.പി.എസ് ഉള്‍പ്പെടെയുള്ള നിരവധി പേരെ വിചാരണ കോടതി ഒഴിവാക്കുകയായിരുന്നു.

അമിത് ഷാ എന്ന ‘നിരപരാധി’: എവിടെ സി.ബി.ഐ? എവിടെ പ്രതിപക്ഷം?

സി ബി ഐയെ ഗുജറാത്ത് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആക്കുമ്പോള്‍

സുപ്രീംകോടതി ജഡ്ജിമാരുടെ തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെ നടക്കുന്നത് അമിത് ഷായെ രക്ഷിക്കാനുള്ള ശ്രമം?

അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം: തെറ്റായ വിധി നല്‍കില്ല, നാട്ടില്‍ പോയി കൃഷി ചെയ്യും; ജസ്റ്റിസ് ലോയ പറഞ്ഞതായി സുഹൃത്ത്

അമിത് ഷാ പ്രതിയായ സൊറാബുദീന്‍ കേസ്: അനുകൂല വിധിക്കായി ജഡ്ജിക്ക് വാഗ്ദാനം 100 കോടി

ജസ്റ്റിസ് ലോയയുടെ മരണം; ചീഫ് ജസ്റ്റിസ് മോഹിത് ഷായ്ക്ക് പങ്കെന്ന് പറയുന്ന മകന്റെ കത്തിനെ കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

ആരാണ് സൊഹ്റാബുദ്ദീനെ കൊന്നത്? എങ്ങനെയാണ് ജഡ്ജി മരിച്ചത്? ഹര്‍ഷ് മന്ദര്‍ എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍