UPDATES

നീതിയുടെ വെളിച്ചമാണ് സുപ്രീം കോടതി; അവിടെ ഇരുട്ടു കയറിയാല്‍ മൂടുന്നത് ജനാധിപത്യമാണ്

പ്രകടനപരതയില്ലാത്ത മനുഷ്യരാണ് പലപ്പോഴും ചരിത്രം സൃഷ്ടിക്കാറുള്ളത്. ജസ്റ്റിസ് ഹൻസ് രാജ് ഖന്ന അത്തരത്തിലൊരാളായിരുന്നു.

പ്രകടനപരതയില്ലാത്ത മനുഷ്യരാണ് പലപ്പോഴും ചരിത്രം സൃഷ്ടിക്കാറുള്ളത്. ജസ്റ്റിസ് ഹൻസ് രാജ് ഖന്ന അത്തരത്തിലൊരാളായിരുന്നു.

1976 ഏപ്രിൽ 28: ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളെയും നിരവധി മാധ്യമ പ്രവർത്തകരെയും പൗരാവകാശ പ്രവർത്തകരേയും തടവിലിട്ട്, ഇന്ദിരാ ഗാന്ധിയും അവരുടെ മകൻ സഞ്ജയ് ഗാന്ധിയും അനുചരവൃന്ദങ്ങളും ചേർന്ന് സ്വേച്ഛയാധിപത്യ ഭരണം നടത്തിയിരുന്ന ജനാധിപത്യരഹിത ഇന്ത്യയിൽ അതൊരു സാധാരണ ദിവസം മാത്രമായിരുന്നു.

അന്നേ ദിവസം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ജബൽപൂർ vs ശിവകാന്ത് ശുക്ല കേസിൽ ചരിത്രപ്രധാനമായ വിധി പറയാൻ ചീഫ് ജസ്റ്റിസ് എ എൻ റേയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ചേർന്നു. 1975 ജോൺ 27-ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ “തടവിലാക്കാനുള്ള ഉത്തരവിന്റെ നിയമസാധുത, ആ ഉത്തരവ് അതിനാസ്പദമായ നിയമമനുസരിച്ചല്ലെന്നോ, നിയമവിരുദ്ധമാണെന്നോ അല്ലെങ്കിൽ നിയമപരമോ വസ്തുതാപരമോ ആയ പിഴവുകൾ മൂലം വികലമാണെന്നോ അല്ലെങ്കിൽ മറ്റു താത്പര്യങ്ങൾ മൂലമാണെന്നോ കാണിച്ചുകൊണ്ട് ചോദ്യം ചെയ്യുന്നതിനായി ഹേബിയസ് കോർപസിനോ മറ്റേതെങ്കിലും റിട്ട് ഹർജിക്കോ ഉത്തരവിനോ നിർദേശത്തിനോ ആയി ആർട്ടിക്കിൾ 226-നു കീഴിൽ റിട്ട് ഹർജി നൽകിക്കൊണ്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരാൾക്കും വ്യവഹാര അവകാശമില്ല” എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

വ്യക്തി സ്വാതന്ത്ര്യത്തിനു നേരെയുള്ള ഈ ഹിംസാത്മകമായ ആക്രമണത്തെ ജസ്റ്റിസുമാരായ എം.എച്ച്. ബേഗ്, വൈ.വി ചന്ദ്രചൂഡ്, പി.എൻ. ഭഗവതി എന്നിവർ അനുകൂലിച്ചു.

പക്ഷെ അഞ്ചാമത്തെ ജസ്റ്റിസ് വിയോജിച്ചു, അത് ജസ്റ്റിസ് എച്ച് ആർ ഖന്നയായിരുന്നു. ജീവനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഏക ആശ്രയം ആർട്ടിക്കിൾ 21 മാത്രമാകാൻ കഴിയില്ലെന്നും ഇവ ഭരണഘടനയെത്തന്നെ ഉൾക്കൊള്ളുന്നതാണെന്നും അദ്ദേഹം വാദിച്ചു. ഇവ ഒരാളുടെ ജീവിതത്തിന്റെയും ആത്മാഭിമാനത്തോടെയുള്ള നിലനില്പിന്റെയും അവിഭാജ്യ ഘടകമായതുകൊണ്ട് ദേശീയ അടിയന്തരാവസ്ഥക്കാലത്തുപോലും ഒരു ഭരണ ഉത്തരവുകൊണ്ട് ഈ അവകാശങ്ങളുടെ നിലനിൽപ്പിനെ ഇല്ലാതാക്കാനാകില്ല.

ജസ്റ്റിസ് ഖന്ന ശരിയായിരുന്നുവെന്ന് ഔദ്യോഗികമായി സമ്മതിക്കാൻ സുപ്രീം കോടതി 40 വർഷത്തിലേറെ എടുത്തു. ആഗസ്റ്റ് 2017-ലെ ഒരു വിധിയിൽ ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ബഞ്ച്, എഡിഎം വിധി പിഴവാണെന്ന് സമ്മതിച്ചു. ഖന്നയുടെ ഏക വിയോജനക്കുറിപ്പിനെ അവർ ഔദ്യോഗികമായി അംഗീകരിച്ചു.

വ്യക്തിസ്വാതന്ത്ര്യത്തെ ചവിട്ടിമെതിച്ച ഇന്ദിരാ ഗാന്ധിയുടെ സ്വേച്ഛാധിപത്യത്തെ അംഗീകരിച്ച ഭൂരിപക്ഷ ന്യായാധിപന്മാരുടെ കൂട്ടത്തിലുണ്ടായിരുന്ന ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡിന്റെ മകൻ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ്‌ 2017-ലെ വിധിയെഴുതിയതെന്നത് ശ്രദ്ധേയമാണ്.

അന്ന് ഏറ്റവും മുതിർന്ന ന്യായാധിപനായ ജസ്റ്റിസ് ഖന്ന 1977-ൽ ചീഫ് ജസ്റ്റിസ് ആകില്ല എന്ന് ഇന്ദിരാ ഗാന്ധി തീരുമാനിച്ചു. അദ്ദേഹം ബഹളങ്ങളില്ലാതെ രാജിവെച്ച് ആത്മാഭിമാനത്തോടെ പടിയിറങ്ങി.

അനുപമമായ തിളക്കത്തോടെ ജസ്റ്റിസ് ഖന്ന രാജിവെച്ചുപോയി മൂന്നു പതിറ്റാണ്ടുകളിലേറെ കഴിയുമ്പോൾ, സുപ്രീം കോടതിയെയും ഇന്നത്ത നീതിപീഠത്തെയും വലിയ പ്രതിസന്ധി പിടികൂടിയിരിക്കുന്നുവെന്ന ആശങ്കയെ കൂടുതൽ തീവ്രമാക്കിക്കൊണ്ട്, അദ്ദേഹത്തിന്റെ മരുമകനും ഡൽഹി ഹൈക്കോടതി ന്യായാധിപനുമായ ജസ്റ്റിസ് സഞ്ജീവ് ഖന്നയും കർണാടക ചീഫ് ജസ്റ്റിസ് ആയ ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ബുധനാഴ്ച്ച സുപ്രീം കോടതി ന്യായാധിപന്മാരായി നിയമിക്കപ്പെട്ടിരിക്കുന്നു. അമ്മാവന്റെ പേര് നീതിപീഠത്തിന്റെ സ്വാതന്ത്ര്യത്തിനും മികവിനുമൊപ്പം എന്നുമോർക്കുമെങ്കിൽ മരുമകന്റെ പേര് കടുത്ത ആശങ്കയുടെയും പിന്നാമ്പുറ ഉപജാപങ്ങളുടെയും ഭാഗമാണിപ്പോൾ.

കൊളീജിയം സമ്പ്രദായത്തിലെ അതാര്യതയും ജസ്റ്റിസ് ഗോഗോയ് നൽകുന്ന നിരാശയും

2018-ൽ ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീം കോടതിയിലേക്കുള്ള സ്ഥാനക്കയറ്റത്തെ കേന്ദ്രം എതിർത്ത അവസ്ഥയിൽ ജോസഫിന്റെ സീനിയോറിറ്റിയെ അവഗണിക്കുന്നതിന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെയാണ് വിമർശിച്ചത്‌ .

എന്തുകൊണ്ടാണ് അദ്ദേഹത്തെ നിയമിക്കുന്നത് മാറ്റി രണ്ടു ന്യായാധുപർക്കൊപ്പമാകണമെന്ന് കൊളീജിയം തീരുമാനിച്ചതും അങ്ങനെ ജസ്റ്റിസ് ജോസഫിനെ അക്കൂട്ടത്തിൽ മൂന്നാനാക്കുന്നതിന് സർക്കാരിന് അവസരം നല്കിയതുമെന്ന് ചോദ്യങ്ങളുയർന്നു.

അത് അന്യായമായ കടന്നുകയറ്റവും അന്യായവുമായിരുന്നെങ്കിൽ ഈ ജനുവരി 10-ലേത് അതിലും ഗുരുതരമായ ഒന്നാണ്. സുപ്രീം കോടതിയിലേക്ക് രാജേന്ദ്ര മേനോൻ, പ്രദീപ് നന്ദരാജോഗ് എന്നീ യഥാക്രമം ഡൽഹി, രാജസ്ഥാൻ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്ത മുൻ കൊളീജിയത്തിന്റെ തീരുമാനം പുനഃപരിശോധിക്കാൻ ചീഫ് ജസ്റ്റിസ് ഗൊഗോയിയുടെ നേതൃത്വത്തിലുള്ള പുതിയ കൊളീജിയം തീരുമാനിച്ചു.

പകരം പുതിയ കൊളീജിയം ഇങ്ങനെ പറഞ്ഞു, “ഇക്കാര്യം പുതുതായി നോക്കുകയും ലഭ്യമായ കൂടുതൽ വസ്തുതകളുടെ വെളിച്ചത്തിൽ ശുപാർശകൾ പരിഗണിക്കുകയുമാണ് ഉചിതം.”

മേനോനും നന്ദരാജോഗിനും പകരം ദിനേശ് മഹേശ്വരിയെയും സഞ്ജീവ് ഖന്നയേയും സുപ്രീം കോടതി ന്യായാധിപന്മാരാക്കാൻ കൊളീജിയം തീരുമാനിച്ചു എന്നായിരുന്നു അതിനർത്ഥം. ഡിസംബറിലെ തീരുമാനം ഒരിക്കലും പരസ്യമാക്കിയിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം.

ഈ ഒരൊറ്റ തീരുമാനത്തോടെ കൊളീജിയം കുറഞ്ഞത് 30 ന്യായാധിപന്മാരുടെ സീനിയോറിറ്റി അവഗണിച്ചു. മാത്രവുമല്ല ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിക്കുമ്പോൾ ജസ്റ്റിസ് ഖന്ന 2024-ൽ ചീഫ് ജസ്റ്റിസുമാകും.

ജനുവരി 2018-ന് സുപ്രീം കോടതിയിലെ നാല് മുതിർന്ന ന്യായാധിപന്മാർ-ജെ ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി ലോകൂർ, കുര്യൻ ജോസഫ്- ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്ന തീർപ്പിലെത്തി. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കീഴ്വഴക്കങ്ങൾ ലംഘിക്കുന്നുവെന്നും സർക്കാരിന്റെ ഇടപെടലുകൾ അനുവദിക്കുന്നുവെന്നും ആരോപിച്ചുകൊണ്ട് അവർ അസാധാരണമായ തരത്തിൽ ഒരു വാർത്താസമ്മേളനവും നടത്തി. അനുദിനം ജീർണിച്ചിരുന്ന സാഹചര്യത്തിൽ അവരുടെ ഇടപെടൽ പൊതുസമൂഹ പരിശോധനയുടെ സൂര്യവെളിച്ചമായിരുന്നു.

എന്നാല്‍ ഇന്ന് ജസ്റ്റിസ് ഗൊഗോയിയുടെ പ്രവർത്തികൾ അദ്ദേഹത്തിന്റെ മുൻഗാമിയിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല എന്ന് കാണുമ്പോൾ, ചരിത്രപ്രധാനമായ ആ വാർത്താസമ്മേളനം എന്ത് നേടി എന്ന അമ്പരപ്പുണ്ടാക്കുന്നു.

ജസ്റ്റിസ് ഗൊഗോയിയുടെ മറ്റു പല തീരുമാനങ്ങളെക്കുറിച്ചും ഇപ്പോൾ ചോദ്യങ്ങൾ ഉയരുന്നുണ്ട്. അതിലൊന്ന് അയോധ്യ തർക്കം കേൾക്കുന്ന ബഞ്ചിൽ മാറ്റം വരുത്തിയതാണ്. അഞ്ചംഗ ബഞ്ച് തർക്കം കേൾക്കുമെന്ന് ജനുവരി എട്ടിന് സുപ്രീം കോടതി രജിസ്റ്ററി പ്രസ്താവനയിറക്കി. ഗൊഗോയിയെ കൂടാതെ ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, എൻ വി രമണ, യു യു ലളിത്, ഡി വൈ ചന്ദ്രചൂഡ് എന്നിവരായിരുന്നു ബഞ്ചിലെ അംഗങ്ങൾ. ഇവരെല്ലാം ഇനി ചീഫ് ജസ്റ്റിസുമാർ ആകേണ്ടവരുമാണ്.

സെപ്റ്റംബർ വരെ ഈ തർക്കം കേട്ടിരുന്നത് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, അബ്‍ദുൾ നസീർ എന്നിവരുമടങ്ങുന്ന ബഞ്ചായിരുന്നു.

ഇത്തരത്തിലൊരു ബഞ്ചുണ്ടാക്കാൻ വേണ്ട ഒരു ഭരണഘടനാപരമായ ചോദ്യവും ഉയർന്നിട്ടില്ലെങ്കിലും കേസുകൾ കേൾക്കുന്നതിനുള്ള പട്ടിക തയാറാക്കുന്നതിനുള്ള തന്റെ അധികാരം (master of the roster ) ഉപയോഗിച്ചാണ് ഗൊഗോയ് പുനഃസംഘടന നടത്തി വലിയ ബഞ്ച് ഉണ്ടാക്കിയത്.

നമ്മൾ വിചിത്രമായൊരു കാലത്തിലാണ്. പ്രതീക്ഷയുടെ ദുർബലമായ വെളിച്ചം ഒന്ന് കണ്ടുതുടങ്ങുമ്പോഴേക്കും അതൊരു നിലവിളിയോടെ മാഞ്ഞുപോകുന്നു. ഈ ജനാധിപത്യത്തെക്കുറിച്ചുള്ള വിദൂരമായ വെളിച്ചങ്ങൾ വെറും മായാഛായകൾ മാത്രമാണോ എന്നും നാമിപ്പോൾ അമ്പരക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍