UPDATES

ട്രെന്‍ഡിങ്ങ്

നമ്മുടെ രാജ്യം എത്തി നില്‍ക്കുന്ന അവസ്ഥ!

മോദി കാലഘട്ടത്തിലെ ഇരുമ്പു മറകള്‍ക്കുള്ളില്‍ ഞെരുഞ്ഞമരുന്ന അനേകം സ്ഥാപനങ്ങളിലെ ഒടുവിലുത്തേത്

ബിജെപി ഐറ്റി സെല്‍ തലവന്‍ അമിത് മാളവ്യയിലൂടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാണം കെട്ടത് ഒരു പ്രതീകാത്മ കാര്യം മാത്രമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലെ തലയെടുപ്പോടെ നിന്ന ഒരു ഇന്‍സ്റ്റിറ്റ്യൂഷന്റെ വിശ്വാസ്യത നരേന്ദ്ര മോദി സര്‍ക്കാരിന് കീഴില്‍ ഈ വിധത്തില്‍ ഇല്ലാതാകുന്നതിന്റെ പ്രതീകം.

അതാകട്ടെ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ മാത്രമായി ഒതുക്കേണ്ടതുമല്ല. മിക്ക ഇന്‍സ്റ്റിറ്റ്യൂഷനുകളും, മുഖ്യധാരാ മാധ്യമങ്ങള്‍ മുതല്‍ ജുഡീഷ്യറി വരെ നീളുന്ന വലിയൊരു ലിസ്റ്റിന്റെ ഇങ്ങേയറ്റമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മോദി കാലഘട്ടത്തിലെ ഇരുമ്പു മറകള്‍ക്കുള്ളില്‍ ഞെരുഞ്ഞമരുന്ന അനേകം സ്ഥാപനങ്ങളിലെ ഒടുവിലുത്തേത്.

തങ്ങള്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക മെയ് 12-നാണെന്നു പ്രഖ്യാപിച്ച അമിത് മാളവ്യയുടെ നടപടി അന്വേഷിക്കുമെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുള്ളത്. സംഭവം ‘ഗുരുതര’മെന്ന് വ്യക്തമാക്കിയ കമ്മീഷന്‍ അന്വേഷണത്തിനായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതായിരുന്നു മാളവ്യയുടെ ട്വീറ്റ്. തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച 12 തന്നെയായിരുന്നെങ്കിലും ഫലപ്രഖ്യാപനം മെയ് 18 എന്നായിരുന്നു മാളവ്യയുടെ ട്വീറ്റില്‍.

എന്നാല്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നടപ്പു രീതികള്‍ കണ്ടിട്ടുള്ള ആര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തപ്പെട്ടിരിക്കുന്ന വന്‍ പ്രതിസന്ധി എന്നത് അത്ര എളുപ്പത്തില്‍ മറികടക്കാവുന്ന ഒന്നാണെന്ന് കരുതാന്‍ സാധ്യതയില്ല.

കമ്മീഷന്റെ വിശ്വാസ്യത എത്രത്തോളം തകിടം മറിഞ്ഞിട്ടുണ്ട് എന്നത് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ നടന്ന സംഭവങ്ങളത്രയും. 4.96 കോടി വോട്ടര്‍മാര്‍ 224 എം.എല്‍.എമാരെ തെരഞ്ഞെടുക്കുന്ന കര്‍ണാടകയില്‍, “തങ്ങള്‍ സംസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ എല്ലാ പാര്‍ട്ടികളും വ്യക്തമാക്കിയത് തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടപ്പാക്കിയാല്‍ മതി” എന്നായിരുന്നു കമ്മീഷന്‍ ഇന്നലെ പറഞ്ഞത്. ഘട്ടം ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ക്രമക്കേടുകള്‍ മുന്‍നിര്‍ത്തിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ആവശ്യം മുന്നോട്ടു വച്ചത് എന്നു വ്യക്തം.

മിക്ക സ്ഥാപനങ്ങളുടെയും അടിവേരിളക്കി; അടുത്തത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്; ഒപ്പം ജനാധിപത്യവും

ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്ക് കണ്ണോടിച്ചാല്‍

ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്ന സംസ്ഥാനങ്ങളായിരുന്നു ഗുജറാത്തും ഹിമാചല്‍ പ്രദേശും. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് ഗുജറാത്ത് തെരഞ്ഞെടുപ്പും പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ തയാറായില്ല. തുടര്‍ന്ന് ഹിമാചലില്‍ നവംബര്‍ ഒമ്പതിനും ഒരു മാസം കഴിഞ്ഞ് ഡിസംബര്‍ ഒമ്പതിനും 14-നുമായി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പും നടന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വരും എന്നതിനാല്‍ മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ സര്‍ക്കാരിന് വോട്ടര്‍മാരെ സ്വാധീനിക്കത്തക്ക വിധം കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്താന്‍ അവസരമൊരുക്കുകയായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിവച്ചതിലൂടെ കമ്മീഷന്‍ ചെയ്തത് എന്ന് അന്നു തന്നെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 4.3 കോടി വോട്ടര്‍മാരുള്ള ഗുജറാത്തില്‍ 182 സീറ്റുകളാണുള്ളത്.

എന്തായിരുന്നു അന്നത്തെ മുഖ്യ തെരഞെഞ്ഞടുപ്പ് കമ്മീഷണറും ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന എകെ ജോതിയുടെ ന്യായം? ഹിമാചലിലെ മഞ്ഞു വീഴ്ചയും ഗുജറാത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പരിപാടികളും കണക്കിലെടുത്തായിരുന്നു അങ്ങനെയൊരു തീരുമാനം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രല്ല, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും രൂക്ഷ വിമശനമുയര്‍ത്തി രംഗത്തെത്തി. 2004-05 സമയത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എസ് കൃഷ്ണമൂര്‍ത്തി ഇതിനെ കുറിച്ച് പ്രതികരിച്ചത് ‘ഒഴിവാക്കാമായിരുന്ന വിവാദം’ എന്നായിരുന്നു. 2011-12 സമയത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ ഖുറേഷി പറഞ്ഞത് ‘കമ്മീഷന്റെ തീരുമാനം സംശയത്തിന്റേതായ ഒരു സാഹചര്യം വളര്‍ത്തിയിട്ടുണ്ട്’ എന്നും ‘നടപടി ദൗര്‍ഭാഗ്യകര’മാണ് എന്നുമായിരുന്നു.

എങ്ങനെയാണ് ഒരു ഇന്‍സ്റ്റിറ്റ്യൂഷന്റെ ഭാവി വ്യക്തികളുടെ തീരുമാനം കൊണ്ട് മാറിപ്പോകുന്നത് എന്നു മനസിലാക്കാന്‍ മറ്റ് നിരവധി കാര്യങ്ങള്‍ കൂടി അവശേഷിപ്പിച്ചിട്ടാണ് എ.കെ ജോതി വിരമിച്ചത്. രാജ്യം കണ്ടിട്ടുള്ള ഏറ്റവും മോശം തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു അയാള്‍. അതിനര്‍ത്ഥം ഇന്ന് അതില്‍ ഉള്ള എല്ലാവരും മെച്ചപ്പെട്ട ആള്‍ക്കാരാണ് എന്നല്ല.

20 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ കമ്മീഷന്റെ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയത് കഴിഞ്ഞയാഴ്ചയാണ്. എം.എല്‍.എമാര്‍ക്കെതിരെ ഒരു അഭിഭാഷകന്‍ (അയാളാണെങ്കില്‍ പ്രഖ്യാപിത സംഘപരിവാര്‍ സഹയാത്രികനുമാണ്) നല്‍കിയ പരാതി ശരിവച്ചുകൊണ്ട് അവരെ അയോഗ്യരാക്കിയ കമ്മീഷന്റെ നടപടി സ്വാഭാവിക നീതി എല്ലാ വിധത്തിലും ലംഘിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എം.എല്‍.എമാര്‍ക്ക് കേള്‍ക്കാനുള്ള കാര്യങ്ങള്‍ കേട്ടില്ല എന്നു മാത്രമല്ല അതിനു പറഞ്ഞ ന്യായവും വിചിത്രമായിരുന്നു. ഡല്‍ഹി സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ പിടിച്ചെടുത്ത രേഖകളില്‍ മറുപടി സമര്‍പ്പിക്കാന്‍ എം.എല്‍.എമാര്‍ക്ക് തങ്ങള്‍ നോട്ടീസ് അയച്ചിരുന്നു എന്നായിരുന്നു അത്. 2017 ജൂണില്‍ വിഷയം പരിഗണിച്ചപ്പോള്‍ കേസ് കേള്‍ക്കുന്നതിന് ഒരു തീയതി തീരുമാനിക്കാം എന്ന് വ്യക്തമാക്കുകയും പിന്നാലെ എം.എല്‍.എമാരുടെ മറുപടി സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കുകയും ചെയ്തു. എന്നാല്‍ അതില്‍ ഒരു തീയതി വ്യക്തമാക്കിയിരുന്നുമില്ല. ഇതിനു പിന്നാലെ സംഭവിച്ചത് 2018 ജൂണ്‍ 19-ന് എം.എല്‍.എമാരെ അയോഗ്യരാക്കിക്കൊണ്ട് വിധി പ്രഖ്യാപിക്കുകയാണ് ജോതി ചെയ്തത്. അതും അയാള്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പ്.

ശേഷന്‍ ഇന്നൊരു വൃദ്ധസദനത്തിലാണ്; വിചാരണ പോലുമില്ലാതെയാണ് ജനാധിപത്യത്തെ നിങ്ങള്‍ തൂക്കിലേറ്റിയത്, തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടത് ഇപ്പോഴത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത്, അദ്ദേഹം കമ്മീഷണറായിരുന്ന തുടക്കത്തില്‍ ഈ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നിന്നെങ്കിലും പിന്നീട് ഇതില്‍ ചേരുകയും എം.എല്‍.എമാരെ അറിയാക്കാതെ തന്നെ അവരെ അയോഗ്യരാക്കുന്നതില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. മറ്റൊരു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാകട്ടെ, ചുമതലയേറ്റത് 2017 സെപ്റ്റംബറിലാണ്. ഈ കേസില്‍ വാദം പോലും കേട്ടില്ലെങ്കിലും ഉത്തരവില്‍ ഒപ്പു വച്ചതില്‍ അയാളും ഉള്‍പ്പെടും. ജുഡീഷ്യല്‍, അര്‍ധ ജുഡീഷ്യല്‍ ബോഡികളിലൊക്കെ നിലനില്‍ക്കുന്ന ഒരു കാര്യം, ഒരു കേസില്‍ വാദം കേള്‍ക്കാത്തവര്‍ അക്കാര്യത്തില്‍ ഉത്തരവിടാന്‍ നില്‍ക്കരുത് എന്നതാണ്. അതിന്റെ നഗ്നമായ ലംഘനവും കൂടിയായിരുന്നു ഇവിടെ നടന്നത്.

ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ഏറ്റവും രൂക്ഷമായ നിലനില്‍പ്പു ഭീഷണിയിലാണ്. അത് ഓരോ ദിവസവും കൂടി വരികയും ചെയ്യുന്നു. നമ്മെ ഭരിക്കുന്ന സര്‍ക്കാരോ, നമ്മുടെ ബ്യൂറോക്രസിയോ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളോ ഇങ്ങേയറ്റത്ത് ജുഡീഷ്യറി പോലുമോ അക്കാര്യത്തില്‍ നമുക്കൊരു ഉറപ്പും നല്‍കുന്നില്ല എന്നതാണ് ഈ കാലം നമ്മോട് പറയുന്നത്.

മോദിയുടെ വലംകൈയായിരുന്ന ഗുജറാത്ത് മന്ത്രി അഴിമതിക്കുരുക്കില്‍

തെരഞ്ഞെടുപ്പ് കമ്മീഷനോട്‌; പേപ്പര്‍ ബാലറ്റിനുള്ള സമയമായി; ഇന്ത്യന്‍ ജനതയ്ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം ഇല്ലാതാക്കരുത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍