UPDATES

ഈ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഭാവി എന്താകും?

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത ആസിയാന്‍ ഉച്ചകോടിയുടെ തിളക്കമല്ല. കുട്ടികളെ പോലും വെറുതെ വിടാതെ ആക്രമിക്കുന്ന പുതിയ ഇന്ത്യയാണ്.

നമ്മുടെ രാജ്യം റിപ്പബ്ലിക് ആയതിന്റെ 69-ാം വര്‍ഷം ആഘോഷിക്കുകയാണ്. അതായത്, രാജ്യം ഒരു ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഒരു ജനാധിപത്യ പരമാധികാര റിപ്പബ്ലിക് ആയതിന്റെ വാര്‍ഷികം. 10 രാഷ്ട്രത്തലവന്മാര്‍ ആ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കുകൊള്ളുന്നു എന്നത് വളരെ അപൂര്‍വമായി നടക്കുന്ന ഒരു കാര്യമാണ്. റിപ്പബ്ലിക് പരേഡില്‍ പങ്കു കൊള്ളാന്‍ ആസിയാന്‍ രാജ്യങ്ങളുടെ തലവന്മാരെ ഒന്നടങ്കം ക്ഷണിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആത്മവിശ്വാസവും ചെറുതായി കാണേണ്ടതില്ല.

എന്നാല്‍ എന്നാല്‍ മോദി രാഷ്ട്രീയത്തിന്റെ ഏറ്റവും അടിസ്ഥാനശില എന്താണോ അതുതന്നെ ഈ മികച്ച നയതന്ത്ര ശ്രമത്തിന്റെ എല്ലാ ശോഭയും കെടുത്തിയിരിക്കുന്നു. കര്‍ണിസേന എന്ന രാജ്പുത്ത് സമുദായക്കാര്‍ നടത്തുന്ന അഴിഞ്ഞാട്ടവും അക്രമവും വിദേശ രാഷ്ട്രത്തലവന്മാരുടെ സന്ദര്‍ശനത്തെ പോലും അപ്രസക്തമാക്കിയിരിക്കുന്നു.

അതിലെ ഏറ്റവും ആശങ്കാകുലമാക്കുന്ന മറ്റൊരു വസ്തുത, മോദിയും അദ്ദേഹത്തിന്റെ മന്ത്രിമാരും തുടരുന്ന മൗനം, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ തുടരുന്ന നിശബ്ദത, നിയമവ്യവസ്ഥ നടപ്പാക്കാന്‍ പ്രാപ്തിയില്ലാത്ത സംസ്ഥാന സര്‍ക്കാരുകള്‍, ചാനലില്‍ ആക്രോശം മാത്രം നടത്തുന്ന വിഡ്ഡികളായ ആങ്കര്‍മാര്‍, ഇതൊക്കെ കൂടി ചേര്‍ന്ന് മോദി എന്താണോ ഈ രാഷ്ട്രത്തലന്മാരെ അണി നിരത്തി നേടിയെടുക്കാന്‍ ശ്രമിക്കുന്നത് അതൊക്കെ ഇല്ലാതാക്കിയിരിക്കുന്നു.

രാഷ്ട്രീയ അവസരവാദങ്ങള്‍ക്ക് അപ്രതീക്ഷിത സമയങ്ങളിലാണ് തിരിച്ചടിയുണ്ടാവാറുള്ളത്. അക്രമങ്ങളെ ആളും തരവും നോക്കി മാത്രം അപലപിക്കുകയും ചില അക്രമങ്ങളെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുകയും അടിസ്ഥാനമില്ലാത്ത വസ്തുതകളെ മുന്‍നിര്‍ത്തി പകയോടു കൂടി കാര്യങ്ങളെ സമീപിക്കുകയും ഭിന്നിപ്പിച്ചു മാത്രം നിര്‍ത്തുന്ന ഒരു സമൂഹത്തില്‍ നിന്നുണ്ടാകുന്ന, ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തില്‍ മാത്രം വിശ്വസിക്കുകയും ചെയ്യുന്ന മോദി ബ്രാന്‍ഡ് രാഷ്ട്രീയത്തെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ റിപ്പബ്ലിക് ദിനം.

ആസിയാന്‍ രാജ്യങ്ങള്‍

2014 മെയ് 16-ന് മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റത് ഒരു ‘രാജാഭിഷേക’ത്തെ ഓര്‍മപ്പെടുത്തുന്ന രീതിയിലായിരുന്നു. രാഷ്ട്രപതി ഭവന്റെ മുന്‍ഭാഗത്തെ വേദിയില്‍ അന്ന് ആശംസകളുമായി അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉള്‍പ്പെടെയുള്ള സാര്‍ക്ക് രാജ്യങ്ങളുടെ തലവന്മാര്‍ നിരന്നു നിന്നു. സംഘപരിവാരത്തിന്റെ ആ ‘അഖണ്ഡ ഭാരത’ സ്വപ്നത്തിന്റെ ഒരു മിനിയേച്ചര്‍.

ഇന്ന് ആസിയാന്‍ രാജ്യങ്ങളെ നിരത്തി നിര്‍ത്തിക്കൊണ്ട് അത് തെക്കുകിഴക്കന്‍ മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ ദ്യോതിപ്പിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും മൂലം മൊത്തത്തില്‍ അസംതൃപ്തിയിലേക്ക് വീണുകൊണ്ടിരിക്കുന്ന മോദി ഭക്തരെ ഒന്നുണര്‍ത്തുക ലക്ഷ്യം വച്ചുകൂടിയാണ് അതെന്ന് നിസംശയം പറയാം.

ചരിത്രപരമായി നിലനില്‍പ്പു പോലുമില്ലാത്ത ഒരു രാജ്ഞിയുടെ പേരില്‍ അഭിമാനം കൊള്ളുന്നവരെന്ന് ആക്രോശിച്ച് കുട്ടികളുടെ ബസ് ആക്രമിച്ചും തീയേറ്ററുകള്‍ കത്തിച്ചും റോഡുകള്‍ ബ്ലോക്ക് ചെയ്തും കഴിഞ്ഞ 36 മണിക്കൂറുകളായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ണിസേന തീവ്രവാദികള്‍ അഴിഞ്ഞാടിയതോടെ വ്യാവസായിക ലക്ഷ്യങ്ങളും യുവ, സാംസ്‌കാരിക കൈമാറ്റ പദ്ധതികളുമൊക്കെയായി രാജ്യത്തിന്റെ യശസ്സുയര്‍ത്തേണ്ടിയിരുന്ന ഒരു ദിവസത്തെക്കുറിച്ച് ഭാവിയില്‍ രേഖപ്പെടുത്താന്‍ പോകുന്നത് മുകളില്‍ പറഞ്ഞ കാര്യങ്ങളായിരിക്കും.

ബുധനാഴ്ച വൈകിട്ട് മുതല്‍ ആസിയാന്‍ നേതാക്കള്‍ തലസ്ഥാനത്തെത്തിത്തുടങ്ങിയിരുന്നു. ചിലര്‍ അപ്പോള്‍ തന്നെ മോദിയുമായി നയതന്ത്ര കൂടിക്കാഴ്ചകള്‍ക്കും തുടക്കം കുറിച്ചിരുന്നു. എന്നാല്‍ അതിനും ദിവസം മുമ്പ് ദാവോസില്‍ മോദിയും കൂട്ടരും കഷ്ടപ്പെട്ട് വില്‍ക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വളര്‍ച്ചച്ച എന്ന അവകാശവാദത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ടാണ് പത്മാവതിന്റെ പേരിലുള്ള അതിക്രമങ്ങള്‍ നമ്മുടെ ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞത്, ഓര്‍ക്കണം, ഇത്തണ സര്‍ക്കാരിന്റെ ഇഷ്ടക്കാരായയ ചാനലുകള്‍ക്കു പോലും അത് ഒഴിവാക്കാനായില്ല. അവിടെ ബാധിച്ചത് ഈ ആസിയാന്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ പോകുന്ന നിക്ഷേപങ്ങളെ കൂടിയായിരിക്കും.

സമുദ്രതീര രാഷ്ട്രങ്ങളാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള ഈ 11 രാജ്യങ്ങളും. ചര്‍ച്ചകളില്‍ സജീവമായി കടന്നു വന്ന ഒന്നാണ് സമുദ്രവ്യാപാരവുമായും മറ്റും ബന്ധപ്പെട്ട കാര്യങ്ങളും. ഈ മേഖലയില്‍ സഹകരിക്കാനുള്ള ഒരു സംവിധാനത്തിന് രൂപം നല്‍കാനും തീരുമാനമായിരുന്നു.

ആസിയാനും ഇന്ത്യയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചതിന്റെ 25-ാം വാര്‍ഷികത്തില്‍ ആസിയാന്‍ ഇന്ത്യ ഉച്ചകോടി നടത്തിയ ഡല്‍ഹി പ്രഖ്യാപനം 11 രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നുന്നു. മേഖലയിലെ സമാധാനാന്തരീഷവും സമുദ്രസുരക്ഷയും സ്വതന്ത്ര സമുദ്ര സഞ്ചാരവും സമുദ്ര വാണിജ്യവും മെച്ചപ്പെടുത്തുന്നിതിനും പ്രാധാന്യം നല്‍കും. സമുദ്ര മേഖലയിലെ തര്‍ക്കങ്ങളില്‍ അന്താരാഷ്ട്ര നിയമ പ്രകാരം സമാധാനം ഉറപ്പുവരുത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കും. ദക്ഷിണ ചൈന കടലിലെ ചൈനീസ് ഇടപെടലുകളുമായി ബന്ധപ്പെട്ട് ഫിലിപ്പൈന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രശ്‌നങ്ങള്‍, ശ്രീലങ്ക, മാല്‍ദീവ്‌സ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെ സമുദ്രമേഖലയില്‍ ഇന്ത്യയെ വളയുന്ന ചൈനീസ് തന്ത്രം തുടങ്ങിയവയെല്ലാം ഗൗരവത്തോടെ കാണുന്നു.

ഇതിനെല്ലാം അപ്പുറത്തെ സത്യം

ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത ആസിയാന്‍ ഉച്ചകോടിയുടെ തിളക്കമല്ല. കുട്ടികളെ പോലും വെറുതെ വിടാതെ ആക്രമിക്കുന്ന പുതിയ ഇന്ത്യയാണ്. സമുദായങ്ങളുടെ സങ്കല്‍പ്പാധിഷ്ഠിതമായ അഭിമാനങ്ങളെ ഭാവനകളും കഥകളും മുറിവേല്‍പ്പിക്കുകയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി അക്രമങ്ങള്‍ വ്യാപകമായി നടക്കുന്നു. ചില രാഷ്ട്രീയക്കാര്‍ക്ക് വേണ്ടിയുള്ള ഈ അക്രമങ്ങള്‍ നമ്മളെ ഭയപ്പെടുത്തിയേ തീരൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍