UPDATES

ജിഡിപി കണക്ക് ഓകെ; പക്ഷെ, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ വെന്റിലേറ്ററില്‍ നിന്നിറക്കാന്‍ ഇതൊന്നും പോര

എണ്ണ വില പതിയെ ഉയര്‍ന്നു കൊണ്ടിരിക്കുന്നു എന്നതും വ്യക്തിഗത ഉപഭോഗം കുറയുന്നു എന്നീ വസ്തുതകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആശങ്ക വര്‍ധിക്കുകയേയുള്ളൂ

കഴിഞ്ഞ കുറെ നാളുകളായി നമ്മുടെ സമ്പദ്‌വ്യവസ്ഥയെ കുറിച്ച് പുറത്തുവന്നുകൊണ്ടിരുന്ന മോശം വാര്‍ത്തകള്‍ക്കൊക്കെ കുറച്ചൊരു ശമനം നല്‍കുന്നതായിരുന്നു ഇന്നലെ പുറത്തുവിട്ട പുതിയ ജി.ഡി.പി കണക്കുകള്‍. എന്നാല്‍ അതുകൊണ്ട് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശരിയായ മാര്‍ഗത്തിലാണെന്ന് പറയാന്‍ കഴിയുമോ? ഇല്ല എന്നതാണ് വാസ്തവം.

2017-18 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 5.7 ശതമാനം വളര്‍ച്ചയുണ്ടായിരുന്ന സമ്പദ്‌വ്യവസ്ഥ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 6.3 ശതമാനം വളര്‍ച്ചാ നിരക്ക് നേടി എന്നതാണ് ഇന്നലെ സെന്‍ട്രല്‍ സ്റ്റാറ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. നിര്‍മാണ മേഖലയിലുണ്ടായിട്ടുള്ള കുതിപ്പും ജി.എസ്.ടി ഉണ്ടാക്കിയ കുഴപ്പങ്ങളില്‍ നിന്ന് വ്യാപാര മേഖല മുക്തി പ്രാപിച്ചു വരുന്നതുമാണ് പുതിയ വളര്‍ച്ചാ നിരക്കിനു കാരണം. കഴിഞ്ഞ അഞ്ചു പാദങ്ങളിലായി ഇടിഞ്ഞുകൊണ്ടിരുന്ന വളര്‍ച്ചാ നിരക്കാണ് ഇതോടെ മാറിയത്.

എന്നാല്‍ ആശങ്ക ഒഴിഞ്ഞിട്ടില്ല എന്നാണ് സര്‍ക്കാരിന്റെ ധനക്കമ്മിയുടെ അളവ് തെളിയിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ഏഴു മാസത്തിനുള്ളില്‍ തന്നെ രാജ്യത്തിന്റെ ധനക്കമ്മി 5.25 ലക്ഷം കോടിയായി വര്‍ധിച്ചിരിക്കുന്നു. ഈ വര്‍ഷത്തെ ബജറ്റ് ലക്ഷ്യത്തിന്റെ 96.1 ശതമാനമായി കഴിഞ്ഞിരിക്കുന്നു ധനക്കമ്മി. റവന്യൂ വരുമാനത്തിലെ കുറവും സര്‍ക്കാരിന്റെ വര്‍ധിച്ച ചെലവുമാണ് കാരണം.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ധനക്കമ്മി 4.23 ലക്ഷം കോടി രൂപ മാത്രമായിരുന്നു. ബജറ്റ് ലക്ഷ്യത്തിന്റെ 79.3 ശതമാനമായിരുന്നു ഇത്. 2017-18 സാമ്പത്തിക വര്‍ഷം ധനക്കമ്മി ജി.ഡി.പിയുടെ 3.2 ശതമാനമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇത് അടുത്ത കാലത്തൊന്നും ലക്ഷ്യം കാണില്ല എന്നാണ് ധനക്കമ്മി കണക്കുകള്‍ കാണിക്കുന്നത്.

2017 ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ സര്‍ക്കാരിന്റെ റവന്യു വരുമാനം 7.29 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ മൊത്തം ചെലവുകള്‍ 12.92 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ബജറ്റ് ലക്ഷ്യത്തിന്റെ 60.2 ശതമാനമാണ് അത്. അതേ സമയം, ഈ സാമ്പത്തിക വര്‍ഷം മൊത്തം 15.15 ലക്ഷം കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എങ്കിലും ഇതിന്റെ 48.1 ശതമാനം മാത്രമാണ് ഇതുവരെ നേടാനായത്.

അതേ സമയം, നോട്ട് നിരോധനവും ജി.എസ്.ടിയും തളര്‍ത്തിയ സമ്പദ്‌വ്യവസ്ഥയെ ചൊല്ലി പഴി കേട്ടുകൊണ്ടിരുന്ന മോദി സര്‍ക്കാരിന് 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയായ മൂഡി രാജ്യത്തെ നിക്ഷേപ യോഗ്യതാ റേറ്റിംഗ് ഉയര്‍ത്തിയതിനു പിന്നാലെ ഉണ്ടായിട്ടുള്ള ഈ വളര്‍ച്ചാ നിരക്ക് കുറച്ചൊക്കെ ആശ്വാസം നല്‍കുന്നുണ്ട്.

എന്നാല്‍ കാര്‍ഷിക, വന, മത്സ്യബന്ധന മേഖലയില്‍ കഴിഞ്ഞ പാദത്തില്‍ 2.3 ശതമാനം വളര്‍ച്ചാ നിരക്കും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 4.1 ശതമാനവുമായിരുന്നത് ഈ പാദത്തില്‍ 1.7 ശതമാനമായി കുറഞ്ഞത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. നോട്ട് നിരോധനം ഉള്‍പ്പെടെ കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിച്ചു വരുന്ന സാമ്പത്തിക നയങ്ങളുടെ ബാക്കി പത്രമാണ് ഈ മേഖലകളിലെ തളര്‍ച്ച.

ഓരോ പാദത്തിലേയും വളര്‍ച്ചാ നിരക്ക് കൂടുതല്‍ വ്യക്തമായി പറയുന്ന Gross Value Added (GVA) വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 5.6 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഇത് 6.8 ശതമാനമായിരുന്നു എന്നോര്‍ക്കണം.

കെട്ടിട നിര്‍മാണ മേഖലയിലെ GVA നിരക്കായ 2.6 ശതമാനം കഴിഞ്ഞ പാദത്തിലേതിനേക്കാള്‍ 2 ശതമാനം കുടുതലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 4.3 ശതമാനമായിരുന്നു.

നോട്ട് നിരോധനം, ജി.എസ്.ടി: നടുവൊടിയുന്ന ഇന്ത്യന്‍ ജീവിതങ്ങള്‍

വളര്‍ച്ചാ നിരക്കില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞത്, “നോട്ട് നിരോധനവും ജി.എസ്.ടിയുമെല്ലാം ഉണ്ടാക്കിയ കാര്യങ്ങള്‍ അവസാനിച്ചിരിക്കുന്നു. നിര്‍മാണ-ഉത്പാദന മേഖലയിലെ വളര്‍ച്ചയാണ് പ്രധാനമായും ഈ നേട്ടത്തിന് കാരണം. രാജ്യത്തെ നിക്ഷേപങ്ങളുടെ വളര്‍ച്ചയും മേല്‍പ്പോട്ടാണ് എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. വരുന്ന പാദങ്ങളില്‍ വളര്‍ച്ചാ നിരക്കില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്” എന്നാണ്.

എന്നാല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം പറഞ്ഞത്, “കഴിഞ്ഞ അഞ്ചു പാദങ്ങളിലായി താഴ്ന്നു കൊണ്ടിരുന്ന ജി.ഡി.പി നിരക്കില്‍ ഒരു മാറ്റമുണ്ടായിട്ടുണ്ട്. എന്നാല്‍ വളര്‍ച്ചാ നിരക്കിന്റെ കാര്യത്തില്‍ ഇത് ശുഭസൂചനയാണോ എന്ന കാര്യം ഇപ്പോള്‍ ഉറപ്പിക്കാനാവില്ല. കൃത്യമായ ഒരു നിഗമനത്തില്‍ എത്തണമെങ്കില്‍ അടുത്ത 3-4 പാദങ്ങളിലെ വളര്‍ച്ച കൂടി നിരീക്ഷിച്ചേ മതിയാകൂ. മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിലും ഏറെ താഴെയാണ് 6.3 ശതമാനം വളര്‍ച്ചാ നിരക്ക് എന്നത്. അതോടൊപ്പം, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മികവ് കണക്കിലെടുത്താല്‍ ഇത് ഏറ്റവും കുറവുമാണ്” എന്നാണ്.

എന്താണ് യാഥാര്‍ത്ഥ്യം?

ഭാവിയില്‍ വന്‍ വളര്‍ച്ച കൈവരിക്കുമോ എന്നൊക്കെ പ്രവചിക്കുന്നതിനു മുമ്പ് ഇന്ത്യന്‍ സമ്പദ്‌രംഗത്തെ ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്.

ആഗോള എണ്ണവിലയില്‍ ഉണ്ടായിട്ടുള്ള വന്‍ ഇടിവ് മൂലം വന്‍തോതിലുള്ള ലാഭം ഉണ്ടാകുന്നുണ്ട്. അത് വളര്‍ച്ചാ നിരക്കില്‍ പ്രതിഫലിക്കേണ്ടതുമാണ്. വ്യക്തിഗത ഉപഭോഗം കൂടുക, ഇതിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് സര്‍ക്കാര്‍ പൊതുമേഖലയില്‍ പണമിറക്കുക, അതുവഴി ജി.ഡി.പിയില്‍ സ്ഥിരതയും സ്ഥിരമായ വളര്‍ച്ചയും കൈവരിക്കുക തുടങ്ങയ കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത്.

എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും യാതൊരു മാറ്റവും വന്നിട്ടില്ല എന്നതാണ് വസ്തുത.

കമ്പനികളും ബാങ്കുകളുമൊക്കെ ഇപ്പോഴും കിട്ടാക്കടത്തിന്റെ പിടിയിലാണ്. അതുമൂലം തന്നെ മികച്ച രീതിയിലുള്ള പെര്‍ഫോമന്‍സ് എന്നത് ഈ സ്ഥാപനങ്ങള്‍ക്ക് എളുപ്പമല്ല. മിക്ക മേഖലകളിലേയും അവസ്ഥ ഇതു തന്നെയാണ്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ തീരുമാനം; നോട്ട് നിരോധനം ഒരു വര്‍ഷം പിന്നിടുമ്പോള്‍

കയറ്റുമതി വര്‍ധനവിലുടെ ഒരു മെച്ചപ്പെട്ട ആഗോള വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ ഇന്ത്യന്‍ സമ്പദ്‌രംഗം ഏറെ കഷ്ടപ്പെടുന്നുണ്ട്. അതായത്, കയറ്റുമതിയിലുള്ള വളര്‍ച്ച ജി.ഡി.പിയുടെ 19 ശതമാനം ഇടിഞ്ഞ് 2005-ലേതിനു സമാനമായയിരിക്കുന്നു. ഇന്ത്യ കയറ്റുമതി രംഗത്ത് ഒന്നുമല്ലാതിരുന്ന വര്‍ഷങ്ങളായിരുന്നു അതെന്നോര്‍ക്കണം. അതുകൊണ്ടു തന്നെ ഒരു കാര്യം വ്യക്തമാണ്, മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള കണ്‍കെട്ട് വിദ്യകള്‍ കൊണ്ടൊന്നും ഈ മേഖലയില്‍ കാര്യമായ യാതൊരു മാറ്റവും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, സാമ്പത്തിക മാന്ദ്യം പിടിമുറുക്കുമ്പോഴും ഇന്ത്യയുടെ ഇറക്കുമതിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്ഥിരമായ വര്‍ധനവ്. അതായത്, വളര്‍ച്ചാ നിരക്കില്‍ കുറവു വരുമ്പോള്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുകയാണ് വേണ്ടതെന്ന അടിസ്ഥാന തത്വത്തിന് വിപരീതമാണ് ഇവിടെ സംഭവിക്കുന്നത് എന്നു കാണാം. ആഭ്യന്തര വിതരണ സംവിധാനം താറുമാറായി കിടക്കുന്ന അവസ്ഥയില്‍ ഈ ഇറക്കുമതിയെ പകരം വച്ചുകൊണ്ടുള്ള ഒരു താത്കാലിക സംവിധാനം നടപ്പാക്കുന്ന സര്‍ക്കാര്‍ നയം വിചിത്രമാണ്.

ജി എസ് ടി മറയ്ക്കാന്‍ ശ്രമിക്കുന്ന പ്രധാന പ്രശ്നങ്ങള്‍

ആശങ്കാജനകമെന്ന് പറയാം, ഈ കാര്യങ്ങളിലൊന്നും യാതൊരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല. എണ്ണ വില പതിയെ ഉയര്‍ന്നു കൊണ്ടിരിക്കുന്നു എന്നതും വ്യക്തിഗത ഉപഭോഗം കുറയുന്നു എന്നീ വസ്തുതകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഈ ആശങ്ക വര്‍ധിക്കുകയേയുള്ളൂ. അതായത്, ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥ എന്ന നിലയില്‍ ആഗോള നിക്ഷേപകര്‍ക്ക് കുറെയൊക്കെ താത്പര്യം തോന്നിച്ചിരുന്ന ഏറെക്കുറെ ഒരു അയഞ്ഞ സാമ്പത്തിക രംഗത്തു നിന്ന് പെട്ടെന്നുണ്ടായിട്ടുള്ള ഇപ്പോഴത്തെ മാറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. അവര്‍ പറയുന്നത് ഇപ്പോഴുള്ള ധനക്കമ്മി എന്നത് അടുത്ത വര്‍ഷമാകുമ്പോഴേക്കും ഇപ്പോഴത്തേതിന്റെ ഇരട്ടിയാകാന്‍ സാധ്യതയുണ്ട് എന്നതാണ്.

ശരി, 6.3 ശതമാനം വളര്‍ച്ചാ നിരക്ക് എന്നത് പ്രതീക്ഷാസൂചകം തന്നെയാണ്. പക്ഷേ, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും വെന്റിലേറ്റിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

‘ഇത് തലയും ഹൃദയവുമില്ലാത്ത സര്‍ക്കാര്‍’: നോട്ട് നിരോധനത്തെ കുറിച്ചുള്ള ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രസംഗം-പൂര്‍ണ്ണരൂപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍