UPDATES

ഗുജറാത്ത് (വീണ്ടും) നല്‍കുന്ന മുന്നറിയിപ്പുകള്‍

ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ നീക്കത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ട് കുറച്ചുകാലമായി

ഇന്ത്യന്‍ ജനാധിപത്യത്തെ മെച്ചപ്പെടുത്തുന്നതിനായി എന്തെങ്കിലും മഹത്തായ സംഭാവനകള്‍ നല്‍കിയതിന്റെ പേരില്‍ അറിയപ്പെടുന്ന ആളല്ല കോണ്‍ഗ്രസ് നേതാവായ അഹമ്മദ് പട്ടേല്‍. സോണിയ ഗാന്ധിയുടെ സ്വന്തം ആളെന്ന നിലയിലാണ് അദ്ദേഹം പ്രശസ്തിയിലേക്ക് വന്നത്. കോണ്‍ഗ്രസിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമായി നിലനിറുത്തുന്നതില്‍ വഹിക്കുന്ന പങ്കിന്റെ പേരിലും അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നു കേള്‍ക്കാറുണ്ട്.

എന്നാല്‍, ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പുള്ള രാത്രിയില്‍ അദ്ദേഹം രാജ്യസഭയിലേക്ക് വിജയിച്ചത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കുള്ള വലിയ ആശ്വാസമായി വേണം കരുതാന്‍. പക്ഷെ, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിന് മുമ്പ് സംഭവിച്ചതും വിവിധ രൂപങ്ങളില്‍ രാജ്യത്തെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളും വരാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള കടുത്ത മുന്നറിയിപ്പാണ് നല്‍കുന്നത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഗുജറാത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഒരു ജനാധിപത്യത്തിലെ സംഭ്രമിപ്പിക്കുന്ന അധ്യായങ്ങളാണ്. അതോടൊപ്പം തന്നെ തോല്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല നരേന്ദ്ര മോദിയെന്നും പ്രതിപക്ഷ ബഹുമാനവും ജനാധിപത്യബോധവും അദ്ദേഹത്തിന് അന്യമാണെന്നും ഉള്ള ഒരു മുന്നറിയിപ്പും കൂടി ഈ സംഭവവികാസങ്ങള്‍ നല്‍കുന്നുണ്ട്. ഒരു ജയം നേടുന്നതിന് വേണ്ടി മോദിയും വലംകൈ അമിത് ഷായും ഏതറ്റം വരെയും പോകുമെന്നും എതിരാളികളോട് പ്രതികാരം ചെയ്യുന്നതിനും തങ്ങളുടെ നയങ്ങളിലേക്ക് അവരെ കൊണ്ടുവരുന്നതിനും ഒരു മടിയും വിചാരിക്കില്ലെന്നും കൂടി ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

എന്നിരുന്നാലും, ചുറ്റുപാടും സംഭവിച്ചുകൊണ്ടിരിക്കുന്ന സമ്മര്‍ദങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ നിയമവ്യവസ്ഥയ്‌ക്കൊപ്പം നില്‍ക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച വൈകിട്ട് നിലകൊണ്ടു. മോദിയുടെ കീഴില്‍ ഗുജറാത്തില്‍ ചീഫ് സെക്രട്ടറിയായിരുന്നു ജ്യോതിയെന്നതും തിരഞ്ഞെടുപ്പ് കമ്മീഷനിലെ മോദിയുടെ രഹസ്യായുധമാണ് ജ്യോതിയെന്നുമുള്ള കിംവദന്തികള്‍ പരന്നിരുന്നുവെന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

ഇതൊക്കെ നിലനില്‍ക്കുമ്പോഴും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബിജെപിയുടെ നേതാക്കളുടെയും മൂന്നു യോഗങ്ങള്‍ക്ക് ശേഷവും, രാജ്യസഭ തിരഞ്ഞെടുപ്പ് ചട്ടങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ കോണ്‍ഗ്രസിന്റെ രണ്ട് വിമത എംഎല്‍എമാര്‍ ലംഘിച്ചുവെന്ന ആരോപണം ജ്യോതിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും ശരിവെച്ചു. ബിജെപിയുടെ പ്രതിനിധിയെ തങ്ങള്‍ വോട്ട് ചെയ്ത ബാലറ്റ് പേപ്പര്‍ കാണിച്ചതോടെ വോട്ടിംഗ് പ്രക്രിയയെും അതിന്റെ രഹസ്യസ്വഭാവത്തെയും ഈ രണ്ട് എംഎല്‍എമാര്‍ ലംഘിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി.

മോദിയുടെ സമ്മര്‍ദ്ദരാഷ്ട്രീയത്തിന്റെ ഉത്തരവുകളില്‍ നമ്മുടെ ജനാധിപത്യത്തിലെ മിക്കവാറും എല്ലാ സ്ഥാപനങ്ങളും കീഴടങ്ങുന്ന ഒരു സമയത്ത് നടക്കുന്ന അപൂര്‍വം സാഹചര്യമായി വേണം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്നലത്തെ നടപടിയെ വിലയിരുത്താന്‍. നിയമവൃത്തങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന സൂചനകള്‍, മുഖ്യധാരമാധ്യമങ്ങളെ കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങള്‍, ഉദ്യോഗസ്ഥവൃന്ദങ്ങളിലുള്ള ആശാഭംഗം, വ്യവസായികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന രോഷം എന്നിവയെല്ലാം ഇതിനോട് കൂട്ടിവായിക്കേണ്ടിവരും.

ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ നീക്കത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ട് കുറച്ചുകാലമായി. കോണ്‍ഗ്രസിന് മേല്‍ക്കൈ ഉണ്ടായിരുന്ന 1990-കളിലെ മുന്നണി രാഷ്ട്രീയത്തിന് ശേഷം അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതുമുതല്‍ ഒരു പക്വതയിലേക്ക് ഇന്ത്യന്‍ ജനാധിപത്യം നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.

തീര്‍ച്ചയായും ചില വ്യതിയാനങ്ങള്‍ ഈ കാലയളവില്‍ സംഭവിച്ചിട്ടുണ്ട്. അവിടെ സ്വജനപക്ഷപാതവും അഴിമതിയും ഉണ്ടായിട്ടുണ്ട്. ഗുജറാത്ത് കലാപത്തെ കുറിച്ച് മറക്കാതിരിക്കാം. തീര്‍ച്ചയായും പണാധിപത്യം രംഗം ഏറ്റെടുത്തിട്ടുണ്ട്. യുപിഎ കാലഘട്ടത്തില്‍ കൊള്ളയും പിടിച്ചുപറിയും നടന്നിട്ടുമുണ്ട്.

എന്നാല്‍, കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടയില്‍ ഇന്ത്യന്‍ ജനാധിപത്യം പുരോഗമനപരമായ ഒരു വിശാലലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജനാധിപത്യത്തിന്റെ കൊടുങ്കാറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന വിവരാവകാശനിയമം അതിന്റെ ഒരു ആണിക്കല്ലായിരുന്നു. രണ്ടാമതായി രാഷ്ട്രീയ കുതിരക്കച്ചവടം ഭൂതകാലത്തിലെവിടെയോ മറന്നുപോയ ഒന്നായി മാറിയിരുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്ന പ്രവണത പൂര്‍ണമായല്ലെങ്കിലും പ്രകടമായി കുറഞ്ഞിരുന്നു. ഇതിനെല്ലാം ഉപരിയായി, നിരവധി മനുഷ്യരുടെ ജീവന്‍ കൊണ്ട് പന്താടുന്ന തരത്തിലുള്ള വിഭാഗീയവും അക്രമാസക്തവും മതപരവുമായ പ്രകടനാത്മകതയില്‍ നിന്നും ഇന്ത്യന്‍ രാഷ്ട്രീയം അകലം പാലിക്കുകയാണെന്ന ഒരു പ്രതീതി സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു.

പക്ഷെ ഇന്ത്യന്‍ ജനാധിപത്യം നേടിയെടുത്തു എന്ന് വിവക്ഷിക്കപ്പെട്ടിരുന്ന എല്ലാ പുരോഗതിയും ഇപ്പോള്‍ എഴുതിത്തള്ളപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ പുതിയ ഒരു രാഷ്ട്രീയമാണ് പ്രയോഗിക്കപ്പെടുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയെ വെല്ലുവിളിക്കുന്ന, നമ്മുടെ ബഹുസ്വര സമൂഹത്തിന്റെ നിര്‍മ്മിതിയെ ഭീഷണിപ്പെടുത്തുന്ന, എതിരാളികളെ നിശബ്ദരാക്കാന്‍ ആഗ്രഹിക്കുന്ന, ഏകാധിപത്യ അസ്തിത്വത്തില്‍ മാത്രം വിശ്വസിക്കുന്ന ഒരു രാഷ്ട്രീയമാണ് ഇപ്പോള്‍ പ്രയോഗിക്കപ്പെടുന്നത്.

ഇതിനെതിരെ നിവര്‍ന്നുനില്‍ക്കാന്‍ ഇവിടുത്തെ പ്രതിപക്ഷത്തിന് സാധിച്ചില്ലെങ്കില്‍, ഈ ഭീഷണിയെ പ്രതിരോധിക്കുന്നതിനുള്ള മറ്റ് മാര്‍ഗ്ഗങ്ങളെ കുറിച്ച് നമ്മള്‍ സാധാരണക്കാര്‍ക്ക് ആലോചിക്കേണ്ടിവരും.

മോദി കാലഘട്ടത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍, ഈ മഹത്തായ ജനാധിപത്യം പ്രദാനം ചെയ്ത സ്വാതന്ത്ര്യം ആസ്വദിച്ചിട്ടുള്ള ഇടതുപക്ഷ അരാജകവാദികളും വലതുപക്ഷ നിരീക്ഷകരും ഉള്‍പ്പെടെയുള്ള ദരിദ്രരും അല്ലാത്തവരുമായ എല്ലാ വോട്ടര്‍മാരും, ഇന്ത്യയില്‍ ജീവിക്കുന്ന ഓരോ മനുഷ്യരും തയ്യാറാവണം. ഈ ജനാധിപത്യത്തിന്റെ സംരക്ഷണവും അതിന്റെ പരിപാകവും ആവശ്യപ്പെടാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാതെ, അതിന്റെ നാശമല്ല നമ്മുടെ ആവശ്യം.

ഏതാനും ആഴ്ചകളായി ഗുജറാത്തില്‍ നടക്കുകയും സമീപകാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ പ്രകടിപ്പിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ഉടന്‍ വരാനിരിക്കുന്ന ഒരു ഇരുണ്ട പ്രഭാതത്തെ കുറിച്ചുള്ള മുന്നറിയിപ്പുകളാണ് നല്‍കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍