UPDATES

ഇതാ, മലയാളികള്‍ ലോകത്തിന് മുന്നില്‍ വയ്ക്കുന്ന ‘New Kerala Model’

മനക്കരുത്തിന്റെയും നിശ്ചയദാര്‍ഡ്യത്തിന്റെയും അതിജീവന ത്വരയുടേയും സഹാനുഭൂതിയുടേയും പ്രതിരോധത്തിന്റെയും തിരിച്ചറിവിന്റേയും കൂടിയുള്ള ഒരു ഒത്തുചേരല്‍ – എഡിറ്റോറിയല്‍

ആധുനിക ലോകം വികസനവുമായി ബന്ധപ്പെട്ടും അനുബന്ധമായ കാലാവസ്ഥാ വ്യതിയാനം കൊണ്ടുമൊക്കെ അനുഭവിക്കുന്ന പ്രകൃതിദുരന്തങ്ങളെ ഏറ്റവും സ്വാഭാവികവും ഒപ്പം ലഭ്യമായ സ്രോതസുകള്‍ ഉപയോഗിച്ചുമുള്ള രീതിയിലുടെ എങ്ങനെ നേരിടാന്‍ കഴിയുമെന്നതിന്റെ വലിയൊരു മാതൃകയാണ് കേരളം മുന്നോട്ടു വച്ചിരിക്കുന്നത്. മാനവവിഭവ ശേഷിയിലെ മികവിന്റെ അടിസ്ഥാനത്തില്‍ നാം രൂപപ്പെടുത്തിയെടുത്തിട്ടുള്ള നമ്മുടെ പരമ്പരാഗത കേരള മോഡലിനെ അപേക്ഷിച്ച് ഈ ‘New Kerala Model’ വ്യത്യസ്തമാകുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്: അത് മനക്കരുത്തിന്റെയും നിശ്ചയദാര്‍ഡ്യത്തിന്റെയും അതിജീവന ത്വരയുടേയും മറ്റുള്ളവരോടുള്ള സഹാനുഭൂതിയുടേയും സ്വാഭാവികമായി ലഭ്യമായവ കൊണ്ട് എങ്ങനെ പ്രതിരോധിക്കാം എന്ന തിരിച്ചറിവിന്റേയും കൂടിയുള്ള ഒരു ഒത്തുചേരലാണ്.

ഈ കാര്യങ്ങള്‍ മുഴുവന്‍ പൂര്‍ണമാണ് എന്നല്ല, എന്നാല്‍ പൂര്‍ണമായ അര്‍ത്ഥത്തില്‍ നിലവില്‍ കൊണ്ടുവരുന്നതിന് കേരളം സമയവും ഊര്‍ജവും ചെലവഴിക്കേണ്ട ഒന്നാണ് ഈ New Kerala Model. കാരണം, ഇപ്പോള്‍ ഉണ്ടായ പ്രളയം മാത്രമായിരിക്കില്ല നാം നേരിടേണ്ടി വരുന്ന അവസാന ദുരന്തം. നിപ പോലൊരു മാരകരോഗത്തെ നാം മറികടന്നതിനു തൊട്ടു പിന്നാലെയാണ് ഇപ്പോഴത്തെ പ്രളയം ഉണ്ടായത് എന്നോര്‍ക്കണം, അടുത്തത് ചിലപ്പോള്‍ ഏതാനും മാസങ്ങള്‍ അകലെയായിരിക്കാം, ജോത്സ്യന്മാര്‍ക്കോ കൈനോട്ടക്കാര്‍ക്കോ പ്രവചിക്കാവുന്ന ഒന്നല്ല അത്. ലോകം മുഴുവന്‍ അത്തരത്തിലുള്ള പലവിധ ദുരന്തങ്ങള്‍ക്ക് ഓരോ നിമിഷവും ഇരയാകുന്നുണ്ട് എന്നതുകൊണ്ട് തന്നെ നമ്മളും അതില്‍ നിന്ന് മുക്തരല്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ അത്തരം ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ ഇനി നമുക്ക് കഴിയണം.

കഴിഞ്ഞ രണ്ടാഴ്ചയായി കേരളം അഭിമുഖീകരിച്ച കാര്യങ്ങളില്‍ നിരവധി പോരായ്മകള്‍, കുറവുകള്‍ ഒക്കെ നമുക്ക് ചൂണ്ടിക്കാട്ടാന്‍ ഉണ്ടാവും. എന്നാല്‍ അതിനെക്കുറിച്ചല്ല ഈ എഡിറ്റോറിയല്‍. മറിച്ച്, ദുരിതാശ്വാസ, ദുരന്ത നിവാരണ മേഖലയില്‍ അപ്രതീക്ഷിതമെങ്കിലും ഉയര്‍ന്നുവന്നിരിക്കുന്ന ഒരു New Kerala Model-നെ കുറിച്ചാണ്.

ഇന്ത്യയില്‍ ഉണ്ടായിട്ടുള്ള വന്‍ പ്രകൃതിദുരന്തങ്ങളിലൊക്കെ തെളിഞ്ഞു കണ്ടിട്ടുള്ള പ്രധാനപ്പെട്ട ഒരു കാര്യം, അതിനെ നേരിടാന്‍ പ്രാദേശിക ഭരണകൂടത്തിനും ജനങ്ങള്‍ക്കും സാധിക്കാതെ വരുന്നതും അതിനായി വന്‍തോതില്‍ തന്നെ വിഭവസമാഹരണം നടത്താന്‍ കഴിയാതെ വരുന്നതുമാണ്. അത് 2001-ലെ ഗുജറാത്ത് ഭൂകമ്പമാകട്ടെ, അടുത്തിടെ ചെന്നൈയിലും മുംബൈയിലും ശ്രീനഗറിലും ഉണ്ടായ വെള്ളപ്പൊക്കമാകട്ടെ, അല്ലെങ്കില്‍ ഉത്തരാഖണ്ഡും ഒഡീഷയുമൊക്കെ നേരിട്ട പ്രകൃതിക്ഷോഭങ്ങളാകട്ടെ, ആ ദുരന്തത്തെ നേരിടുന്നതില്‍ ഈ കുറവുകള്‍ ഒക്കെ തെളിഞ്ഞു കണ്ടിരുന്നു.

അത്തരം ദുരന്തങ്ങളുണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് ആകെ ചെയ്യാനാണ്ടാവുക സൈന്യത്തിന്റെ ഇടപെടലിനു വേണ്ടി കാത്തു നില്‍ക്കുക എന്നതു മാത്രമാണ്. ഇന്ത്യന്‍ സൈന്യം വന്‍തോതില്‍ വിന്യസിക്കപ്പെടുന്നതു വരെ ഏതെങ്കിലും തരത്തിലുള്ള ഏകോപിത പ്രതികരണങ്ങളോ നടപടികളോ അത്തരം ദുരന്തമുഖങ്ങളില്‍ കണ്ടിട്ടില്ല. ഇത്തരം ദുരന്തങ്ങളുണ്ടാകുമ്പോള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ പൊതുവെ അപ്രത്യക്ഷമാകുന്ന കാഴ്ചയും നാം കണ്ടിട്ടുണ്ട്.

അതുകൊണ്ടു തന്നെ ഈ New Kerala Model ശ്രദ്ധേയമായ നിരവധി ഘടകങ്ങള്‍ അടങ്ങിയതാണ് എന്നു കാണാം.

പ്രാദേശിക ഭരണകൂടം

സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരുന്നു മുമ്പന്തിയില്‍. ജര്‍മനിക്ക് പോയ മന്ത്രി രാജുവിനെ പോലെ ഏതാനും കാര്യങ്ങള്‍ ഒഴിവാക്കി നിര്‍ത്തിയാല്‍ സംസ്ഥാന ഭരണകൂടം തന്നെയാണ് ദുരന്തത്തോട് പ്രതികരിച്ചുകൊണ്ട് ആദ്യമായി രംഗത്തു വരുന്നത്. അതില്‍ മുന്നില്‍ നിന്നു നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. പൊതുജനവുമായി ഏതെങ്കിലും വിധത്തില്‍ ബന്ധം മുറിഞ്ഞു പോകരുതെന്നും ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന ഭരണകൂടം ജനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം ഉറപ്പാക്കി. വൈകിട്ട് മാധ്യമങ്ങളുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതിഫലനവുമായിരുന്നു.

സംസ്ഥാന ഭരണകൂടത്തിന് വീഴ്ചകളുണ്ടാവാം, അത് പരിശോധിക്കേണ്ടതുമുണ്ട്; എന്നാല്‍ ഇപ്പോള്‍ അതിനും അപ്പുറത്തേക്കുള്ള നിര്‍ണായകമായ ചില കാര്യങ്ങളാണ് ഇവിടെ പരിശോധിക്കേണ്ടത്. ലോകം നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലമായ വെല്ലുവിളികള്‍ക്ക് ഈ New Kerala Model എങ്ങനെ കരട് മാതൃകയാകുന്നു എന്നതാണ് അത്. കേരളം അഭിമുഖീകരിച്ച ഏറ്റവും ഗുരുതരമായ തലത്തിലുള്ള മഴക്കാലം ഒറ്റപ്പെട്ട ഒന്നല്ല എന്ന് ശാസ്ത്രജ്ഞര്‍ ഇന്ന് സമ്മതിക്കുന്നുണ്ടെങ്കിലും അത് ഒരു ആഗോള യാഥാര്‍ത്ഥ്യത്തിന്റെ കൂടി പ്രതിഫലനമാണ്.

കേരളം അതിഭീകരമായ പ്രളയത്തെ നേരിട്ടപ്പോഴാണ് ജപ്പാന്‍ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചൂടിനെ നേരിട്ടത്: 41.1 ഡിഗ്രി സെല്‍ഷ്യസ്. അമേരിക്കയുടെ മിക്ക ഭാഗങ്ങളിലും ചൂട് ക്രമാതീതമായി ഉയര്‍ന്നു, തീപിടുത്തവുമായി ബന്ധപ്പെട്ട 100 സംഭവങ്ങളെങ്കിലും അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, ആറു മരണങ്ങളും. അസാധാരണമായ ചൂടുകാറ്റിന്റെ പിടിയിലായിരുന്നു യൂറോപ്പ്. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയ്ക്കും യൂറോപ്പ് ഈ സമയത്ത് സാക്ഷ്യം വഹിച്ചു. പൊതുവെ തണുത്ത കാലാവസ്ഥയുള്ള നോര്‍വെ, ഫിന്‍ലന്‍ഡ്, സ്വീഡന്‍ തുടങ്ങിയവ നേരിട്ടത് അവരുടെയൊന്നും ഓര്‍മയില്‍ ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ലാത്ത ചൂടാണ്.

“കാലാവസ്ഥാ വ്യതിയാനം അതിന്റെ എല്ലാ ഭാവത്തിലും തയാറായിക്കഴിഞ്ഞു എന്നതിന്റെ വ്യക്തമായ തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്. കൊടും ചൂടും വന്‍ പ്രളയവും അടക്കമുള്ള തീവ്രമായ വിധത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു എന്നതിനുള്ള സാധ്യതയാണ് ഇത് കാണിക്കുന്നത്”– സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ജിയോസയന്റിസ്റ്റ് നോഹ ഡിഫന്‍ബോ അസോസിയേറ്റ് പ്രസിനോട് വ്യക്തമാക്കിയത് ഇങ്ങനെയാണ്.

ആദ്യം രംഗത്തു വന്നവര്‍

ഒരു ദുരന്തമുണ്ടാകുമ്പോള്‍ അതിനോടുള്ള ആദ്യ പ്രതികരണം ഉണ്ടാവുക പ്രാദേശിക ഭരണകൂടം, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയാണ്. ആ പട്ടികയിലേക്ക് ഇപ്പോള്‍ മിക്ക രാജ്യങ്ങളും ചേര്‍ക്കുന്ന ഒന്നാണ് അതത് പ്രദേശത്തെ ആളുകള്‍ എന്നത്. അങ്ങേയറ്റം പൗരബോധവും സഹാനുഭൂതിയും പ്രകടിപ്പിക്കുന്ന ജനങ്ങളാണ് തങ്ങളെന്നും ആ നടപടിയിലൂടെ, ആദ്യ പ്രതികരണത്തിന് രംഗത്തെത്തുന്നവര്‍ക്ക് വലിയ മാറ്റങ്ങള്‍ തന്നെയുണ്ടാക്കാന്‍ കഴിയുമെന്നും തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍. നിങ്ങള്‍ക്ക് ഇത്തരത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്ന ഒരുകൂട്ടം ആദ്യ പ്രതികരണക്കാര്‍ ഉണ്ടെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി വളരെയധികം കുറച്ചു കൊണ്ടു വരാന്‍ കഴിയും. അതാണ് കേരളം തെളിയിച്ചത്.

ഇത്തരത്തില്‍ ആദ്യം രംഗത്തു വരുന്നവര്‍ ഇടപെടുന്നതിന് പല പോരായ്മകളും പലപ്പോഴും ഉണ്ടാകാറുണ്ട്. ജനങ്ങള്‍ക്ക് അവരുടെ രക്ഷയ്‌ക്കെത്തുന്നതിന് സമീപിക്കേണ്ട ഉദ്യോഗസ്ഥരുടെ നമ്പരുകള്‍ മാത്രം നല്‍കുന്നതു വഴി ആ കാര്യത്തില്‍ പലപ്പോഴും ഫലപ്രദമായി ഒന്നും സംഭവിക്കുന്നില്ല. സര്‍ക്കാരിന് ആ കാര്യത്തില്‍ വളരെ സംഘടിതമായ ഒരു കണ്‍ട്രോള്‍ റൂമുകള്‍ ഉണ്ടായിരിക്കണം, അവിടെ ആവശ്യത്തിന് ആള്‍ശേഷിയുണ്ടാവണം, ഒപ്പം, സുരക്ഷ ആവശ്യപ്പെടുന്ന ഓരോ വിളികളളോടും പ്രതികരിക്കാനുള്ള സാഹചര്യം ഉണ്ടാവണം. അതേ വിധത്തില്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സും അടക്കമുള്ള സംവിധാനങ്ങളും രംഗത്തിറങ്ങേണ്ടതുണ്ട്. ദുരന്തത്തില്‍ പലപ്പോഴും വാര്‍ത്താവിനിമയ കാര്യങ്ങള്‍ നശിച്ചു പോയെങ്കില്‍ കൂടി ഫലപ്രദമായ വിനിമയത്തിനുള്ള സംവിധാനം അവിടെ രൂപപ്പെടുത്തിയിരിക്കണം, എല്ലാ വിധത്തിലുള്ള സാങ്കേതിക തികവും ഇക്കാര്യങ്ങളില്‍ ഉണ്ടായിരിക്കുകയും വേണ്ടതുണ്ട്.

ഇത്തരത്തില്‍ ദുരന്തമുണ്ടായപ്പോള്‍ ആദ്യം രംഗത്തെത്തിയ ആളുകളാണ് കേരളത്തിലുള്ളത്. അവരെ അക്കാര്യത്തില്‍ മുന്നില്‍ നിന്ന് നയിച്ചത് കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ്. അവിടെ വലിയ തോതില്‍ സൈന്യത്തെ വിന്യസിച്ചിരുന്നെങ്കില്‍ പോലും തങ്ങളുടെ നൂറിലധികം വരുന്ന വള്ളങ്ങളുമായി ആ മത്സ്യത്തൊഴിലാളികള്‍ ദുരന്തത്തിന്റെ ഒത്ത നടുവിലേക്ക് ധൈര്യത്തോടെ കുതിച്ചില്ലായിരുന്നെങ്കില്‍ കേരളം ഇന്നൊരു വന്‍ ശവപ്പറമ്പായി മാറിയേനെ.

വിദ്യാര്‍ത്ഥികള്‍, പ്രാദേശിക രാഷ്ട്രീയക്കാര്‍, മാധ്യമങ്ങള്‍, ഐ.റ്റി ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് സംഘങ്ങള്‍ അങ്ങനെ ഓരോ ചുവടുവയ്പിലും വന്‍ പങ്കാളിത്തം തന്നെയായിരുന്നു. ആലുവ യു.സി കോളേജിലെ ക്യാംപ് രൂപപ്പെടുത്തിയത് വിദ്യാര്‍ത്ഥികളും മറ്റുള്ളവരും ചേര്‍ന്നായിരുന്നെങ്കില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഒരു ഹബ്ബ് ആയി കൊച്ചിയെ മാറ്റുകയാണ് മറ്റുള്ളവര്‍ ചെയ്തത്. അതിനൊപ്പമാണ് അന്‍പു കൊച്ചിയെപ്പോലുള്ള സംഘങ്ങളും.

കേരളത്തിലെ മാധ്യമങ്ങളാണ് ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട മറ്റൊരു കൂട്ടര്‍. തങ്ങളുടെ സാധാരണ കോര്‍പറേറ്റ് അടിമത്ത മാതൃക മുഴുവനായും ഊരിയെറിഞ്ഞാണ് മാധ്യമങ്ങള്‍ രംഗത്തെത്തിയത്. അവരായിരുന്നു ദുരന്തത്തോട് ഉത്തരവാദിത്തോടെ പ്രതികരിച്ച ആദ്യ ആളുകള്‍, സഹാനുഭൂതിയോടെ പെരുമാറിയ റിപ്പോര്‍ട്ടര്‍മാര്‍, ഒറ്റപ്പെട്ടു പോയ ജനങ്ങള്‍ക്കും സര്‍ക്കാരിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമിടയില്‍ ഒരു പാലം തീര്‍ക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

ഈ New Kerala Model -ന് പ്രധാനപ്പെട്ട മറ്റൊരു ഘടകം കൂടിയുണ്ട്. കേരളത്തിന് വെളിയില്‍ താമസിക്കുന്ന മലയാളികള്‍. മറ്റ് സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന, മറ്റ് രാജ്യങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ ഒന്നു ചേര്‍ന്ന് രംഗത്തു വന്നത് കേവലം ദുരിതാശ്വാസ സാമഗ്രികള്‍ സ്വരൂപിക്കാന്‍ മാത്രമായിരുന്നില്ല, ഒപ്പം, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ വലിയ സമ്മര്‍ദ്ദ ഗ്രൂപ്പായി തന്നെ മാറാനും അവിടങ്ങളിലുള്ള സമൂഹത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് നയിക്കാനും അവര്‍ക്ക് സാധിച്ചു. ന്യൂഡല്‍ഹിയില്‍, പാര്‍ലമെന്റ് മുതല്‍ സുപ്രീം കോടതി വരെ നീളുന്ന വലിയ അധികാര മേഖലകളില്‍ മലയാളികള്‍ ഒരിക്കല്‍ കൂടി തെളിയിച്ചത് നമ്മുടെ സംസ്ഥാനത്തിനു വേണ്ടി എത്രത്തോളം വലിയ സമ്മര്‍ദ്ദ ഗ്രൂപ്പായി മാറാന്‍ തങ്ങള്‍ക്ക് കഴിയുമെന്നാണ്. ഇത് മറ്റു പല സംസ്ഥാനങ്ങള്‍ക്കും പലപ്പോഴും കഴിയുന്ന ഒന്നല്ല. അതിന്റെ പ്രധാന കാരണം, ഈ ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്തുന്നത് മലയാളികള്‍ എന്ന ആത്മബോധം തന്നെയാണ്. ആ ബ്രാന്‍ഡ് നാം വികസിപ്പിക്കുകയും കൂടുതല്‍ ശക്തമാക്കിയെടുക്കുകയും ചെയ്യേണ്ടതുണ്ട്.

കേരള സര്‍ക്കാര്‍ ചെയ്യേണ്ടത് ഈ ദുരന്തത്തില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയാണ്. എവിടെയൊക്കെയാണ് മുറിഞ്ഞ കണ്ണികള്‍ എന്നു പരിശോധിക്കുകയും ഏകീകൃതമായ ഒരു ചട്ടക്കൂടില്‍ ആ ദുരിതാശ്വാസ, ദുരന്തനിവാരണ സംവിധാനം രൂപപ്പെടുത്തിയെടുക്കുകയും ചെയ്യുക എന്നതാണ്. വിവിധ ഗ്രൂപ്പുകളിലുള്ള സാങ്കേതിക വിദഗ്ദ്ധരടക്കമുള്ളവരെ ഒരുമിപ്പിച്ചു കൊണ്ടുവരാനും സാങ്കേതിക മേഖലയിലടക്കം പരിശീലനങ്ങള്‍ നല്‍കി മികവുറ്റ രീതിയില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങളിലേക്ക് ഉള്‍ച്ചേര്‍ക്കുകയും വേണം.

കേരളം ഈ ദുരന്തത്തെ നേരിട്ടത് എല്ലാ വിധത്തിലും മികവുറ്റ രീതിയിലായിരുന്നു എന്നു പറയുന്നതില്‍ കാര്യമില്ല. എന്നാല്‍ പരമാവധി ഫലപ്രദമായി കേരളം ഉണ്ടാക്കിയെടുത്തിട്ടുള്ള ഈ മാതൃക ലോകത്തിന് തന്നെ അനുകരണീയമാണ്.

21-ാം നൂറ്റാണ്ടിനു വേണ്ടിയുള്ള ഒരു New Kerala Model-നു വേണ്ടി നാം കൈകോര്‍ക്കേണ്ട സമയമായിരിക്കുന്നു. എങ്ങനെയാണ് വലിയ പണക്കൊഴുപ്പില്ലാതെയും വിദ്യാഭ്യാസവും ആരോഗ്യവും ഉള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതെന്ന് നമ്മുടെ മുന്‍തലമുറ നമ്മെ കാണിച്ചു തന്നതിനെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. അതിനായി നമ്മുടെ യുവതലമുറ ഉള്‍പ്പെടെ മുന്നില്‍ നിന്നു കാണിച്ച മാതൃക മുന്നിലുള്ളപ്പോള്‍ മറ്റു മാതൃകകള്‍ തേടി മറ്റെങ്ങും പോകേണ്ടതില്ല.

കേരളത്തെ വെള്ളത്തില്‍ നിന്നുയര്‍ത്തിയെടുത്ത മനുഷ്യര്‍; ‘ഞങ്ങള്‍ ഉള്ളിടത്തോളം നിങ്ങള്‍ പേടിക്കേണ്ട; ഇതൊക്കെ ഞങ്ങള്‍ കുറേ കണ്ടതാണ്’

കേരളം ലോകത്തിന്റെ സ്വന്തം നാടാകുന്നത് ഇങ്ങനെയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍