UPDATES

ട്രെന്‍ഡിങ്ങ്

പുല്‍വാമ ഭീകരാക്രമണം: എന്തൊക്കെയാണ് മോദി സര്‍ക്കാരിനു മുന്നിലുള്ള വഴികള്‍

ഈ വരുന്ന ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്. ഒപ്പം, അടുത്തുവരുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള പുതിയൊരു പശ്ചാത്തലം ഒരുങ്ങുന്നതിനും- എഡിറ്റോറിയല്‍

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇപ്പോള്‍ രാജ്യം മുഴുവന്‍ നിറഞ്ഞിരിക്കുന്ന തണുത്ത ഈ നിശബ്ദത എങ്ങനെയായിരിക്കും ഇനി ചുരുള്‍ നിവര്‍ത്തുക? കാശ്മീരില്‍ നടന്ന ഈ ഭീകരാക്രമണത്തോടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ അടുത്ത നടപടി എന്തായിരിക്കും?

മുന്‍കാലങ്ങളില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ എന്തെങ്കിലും മനസിലാക്കിയിട്ടുണ്ടാകുമോ? അതോ, ഇപ്പോള്‍ തെരുവുകളില്‍ കാശ്മീരികള്‍ക്കെതിരെ നടക്കുന്ന കൊലവിളിയും ടിവി സ്‌ക്രീനുകളിലെ ദേശസ്‌നേഹ പ്രകടനവുമൊക്കെയായിരിക്കുമോ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ പോകുന്നത്? ഒരു പൊതുതെരഞ്ഞെടുപ്പ് അടുത്തു വരുന്നുവെന്നും അതില്‍ തങ്ങള്‍ക്ക് തിരിച്ചടിയുണ്ടാവാന്‍ പോകുന്നുവെന്നും മനസിലാക്കിയിട്ടുണ്ടാവുമോ? അതോ, വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തുണ്ടായ നടപടികളില്‍ നിന്നായിരിക്കുമോ പ്രചോദനം ഉള്‍ക്കൊള്ളുക?

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം എന്തു നടപടികളാണ് കൈക്കൊള്ളാന്‍ പോകുന്നതെന്ന കാര്യങ്ങള്‍ മോദി സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പക്ഷേ ഒരുകാര്യം ഉറപ്പാണ്, തങ്ങള്‍ക്കുള്ള ഖേദപ്രകടനങ്ങള്‍ ഏതെങ്കിലും വിധത്തില്‍ സ്വകാര്യമായി പ്രകടിക്കാന്‍ മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തയാറാകില്ല. അതിനു പകരം, അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരവധിയായ പൊതു സമ്മേളനങ്ങളില്‍ ആ രോഷം മുഴുവന്‍ അവര്‍ കേള്‍വിക്കാരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്ന് ഉറപ്പ്. കാരണം, രാജ്യത്തിന്റെ പൊതുവികാരം ഏതുവിധത്തിലായിരിക്കണം മുന്നോട്ട് എന്നത് തീരുമാനിക്കാന്‍ തക്ക ശേഷിയുണ്ടായിരുന്ന, ഇന്നലെ ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ സംബന്ധിക്കാന്‍ പോലും മോദി തയാറായില്ല, പകരം അദ്ദേഹം മഹാരാഷ്ട്രയില്‍ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തു.

പുല്‍വാമയുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ മോദി സര്‍ക്കാരിന് മുന്നില്‍ നിരവധി വഴികളുണ്ട്. എന്നാല്‍ അതൊന്നും തന്നെ കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഉതകുന്നതല്ല. എന്നാല്‍ മോദി സര്‍ക്കാരിനു മുന്നില്‍ ഉള്ള മറ്റൊരു മാര്‍ഗം ഈ വിഷയത്തിലുള്ള രാഷ്ട്രീയ നിലപാടുകളെ ആധാരമാക്കുക എന്നതാണ്. ഒരുപക്ഷേ, അതു മാത്രമാണ് മോദി സര്‍ക്കാരിനു മുന്നിലുള്ള വഴി.

വാജ്‌പേയി കാലഘട്ടത്തിലെ പാതയാണ് മോദി സ്വീകരിക്കുന്നതെങ്കില്‍ അതൊരു സമ്മിശ്ര മാര്‍ഗമായിരിക്കും. അതായത്, പാക്കിസ്ഥാനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനൊപ്പം തന്നെ കാശ്മീരികളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കും. മറ്റേത് പ്രധാനമന്ത്രിമാരേയും പോലെ തന്നെ, പാക്കിസ്ഥാനുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുകയാണ് കാശ്മീരില്‍ സമാധാനം കൊണ്ടുവരാനുള്ള പ്രധാനപ്പെട്ട നടപടിയെന്ന് വിശ്വസിച്ചയാളാണ് വാജ്‌പേയിയും. പാക്കിസ്ഥാനിലേക്ക് സമാധാനത്തിന്റെ ബസ് ഓടിക്കാന്‍ അദ്ദേഹം തയാറായി. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പാക്കിസ്ഥാന്‍ കാര്‍ഗിലില്‍ നുഴഞ്ഞു കയറിയപ്പോള്‍ സൈനികപരമായി തന്നെയാണ് അദ്ദേഹം തിരിച്ചടി നല്‍കിയത്. ഒരൊറ്റ നിബന്ധനയേ അദ്ദേഹം തന്റെ സൈന്യത്തിനു മുന്നില്‍ വച്ചുള്ളൂ- നിയന്ത്രണ രേഖ മറികടക്കരുത്.

2003-ല്‍ അദ്ദേഹം തന്റെ പ്രശസ്തമായ മൂന്ന് വാക്കുകളിലുടെ കാശ്മീരികളുടെ ഹൃദയത്തെ തൊട്ടു: ഇന്‍സാനിയാത് (മനുഷ്യത്വം), ജംഹൂരിയാത് (ജനാധിപത്യം), കാശ്മീരിയാത് (കാശ്മീരിന്റെ സ്വത്വം) എന്നായിരുന്നു അത്. സാധാരണ കാശ്മീരിയെ ഒപ്പം നിര്‍ത്താന്‍ ഈ നിലപാടുകൊണ്ട് കവി കൂടിയായ വാജ്‌പേയിക്ക് കഴിഞ്ഞിരുന്നു. അതിനൊപ്പം, കാശ്മീരുമായി ബന്ധപ്പെട്ട ഏതു ചര്‍ച്ചകളിലും ഈ നിലപാട് ഉറപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇതിനൊക്കെ പുറമെ പാക്കിസ്ഥാനുമായി പിന്‍വാതില്‍ ചര്‍ച്ചകളും അദ്ദേഹം നിരവധി നടത്തി. കാശ്മീരിലെ വിഘടനവാദികളിലേക്കും അദ്ദേഹം ചെന്നു.

പക്ഷേ, 2001-ല്‍ പാര്‍ലമെന്റ് ആക്രമിക്കപ്പെട്ടപ്പോള്‍ അതിര്‍ത്തിയില്‍ വന്‍തോതില്‍ സൈന്യത്തെ അണിനിരത്തിയാണ് വാജ്‌പേയി പ്രതികരിച്ചത്. അന്ന് ലക്ഷക്കണക്കിന് സൈനികര്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചു. പക്ഷേ, അതൊരു യുദ്ധത്തിലേക്ക് കടന്നില്ല.

ഭീകരവാദത്തിന് എതിരെയുള്ള ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളില്‍ എല്ലാക്കാലത്തും ബലാബലത്തിന് സ്ഥാനമുണ്ടായിരുന്നു, പാക്കിസ്ഥാനുമായി ബന്ധപ്പെട്ടതാണ് അതെങ്കില്‍ പ്രത്യേകിച്ചും. അത് തങ്ങളുടെ ഹൈക്കമ്മീഷണറെ തിരിച്ചു വിളിക്കുന്നതില്‍ തുടങ്ങി, ഇന്ത്യക്ക് മുകളിലുടെ പാക് വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നിഷേധിക്കല്‍ ഒക്കെ ഉള്‍പ്പെടുന്ന നിയന്ത്രിതമായ പ്രത്യാഘാതങ്ങള്‍ ഉള്ളതാണ്.

മന്‍മോഹന്‍ സിംഗ് സര്‍ക്കാരും ഇത്തരത്തിലുള്ള, ഒരേ സമയം നയതന്ത്രവും ഒപ്പം ബലാബലവും ഉപയോഗിച്ചുള്ള നയം ഭീകരതയുമായി ബന്ധപ്പെട്ട് പിന്തുടര്‍ന്നതാണ്. എന്നാല്‍ 2008-ലെ മുംബൈ ഭീകരാക്രമണം ഉണ്ടായിട്ടു പോലും വാജ്‌പേയി സര്‍ക്കാരിനെ പോലെ സ്വരം കടുപ്പിക്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ തയാറായിരുന്നില്ല.

പുല്‍വാമയുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനു മുന്നിലുള്ളത് നിയന്ത്രിതമായ ഏതാനും മാര്‍ഗങ്ങള്‍ മാത്രമാണ്. അവരുടെ ഭാഗത്ത് സമയം വളരെ കുറവാണ് എന്നതാണ് പ്രധാനപ്പെട്ട ഒന്ന്, മാത്രവുമല്ല, കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ മോദി സര്‍ക്കാര്‍ കാശ്മീരിനോടു കാണിച്ചത് ഒരുതരം ‘ആണത്തഹുങ്കി’നെ അടിസ്ഥാനപ്പെടുത്തിയുള്ള നയമാണ്. അതിനു പകരം വാജ്‌പേയി സര്‍ക്കാരിനെപ്പോലെ ഒരു മൃദുസമീപനം സ്വീകരിക്കുക എന്നത് തെരഞ്ഞെടുപ്പ് കൂടി അടുത്തു നില്‍ക്കുന്ന ഘട്ടത്തില്‍ മോദിക്കും ഒപ്പം സംഘപരിവാരത്തിനും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഒന്നല്ല, മാത്രമല്ല, കീഴടങ്ങലായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും.

മോദി ചെയ്യാന്‍ സാധ്യതയുള്ളത് പുല്‍വാമ ആക്രമണത്തെ മുന്‍നിര്‍ത്തി കഴിയുന്നത്ര ദേശസ്‌നേഹം തുളുമ്പുന്ന സ്വരത്തില്‍ തന്റെ കോര്‍ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കും എന്നതാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും അദ്ദേഹം അതാണ് പ്രസംഗിച്ചത്. ഉറച്ച നിലപാട് സ്വീകരിച്ചു കൊണ്ട് തന്നെ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യമാണ് നല്‍കിയിരിക്കുന്നത് എന്നു വ്യക്തമാക്കുകയും ചെയ്തു.

കാശ്മീരി യുവാവാണ് ആക്രമണം നടത്തിയതെങ്കിലും പാക്കിസ്ഥാനാണ് അതിന്റെ ഉത്തരവാദിത്തമെന്ന് വ്യക്തമാക്കിക്കൊണ്ട് മോദി സര്‍ക്കാര്‍ അയല്‍രാജ്യത്തിനെതിരെ ആഞ്ഞടിക്കുമോ എന്നതാണ് ശ്രദ്ധിക്കേണ്ടത്. അങ്ങനെയെങ്കില്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ സൈന്യത്തിന്റെ വന്‍തോതിലുള്ള ഓപറേഷനുകള്‍ക്ക് നാം സാക്ഷ്യം വഹിക്കും. അത് എവിടെ വരെ പോകും എന്നതും ആഗോള ശക്തികള്‍ നിശബ്ദരായിരിക്കുമോ എന്നതും പ്രധാനമാണ്. പ്രത്യേകിച്ച് ചൈന, പാക്കിസ്ഥാന് അനുകൂലമായി ഒരു ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുമോ എന്നതും.

ഈ വരുന്ന ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്. ഒപ്പം, അടുത്തുവരുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള പുതിയൊരു പശ്ചാത്തലം ഒരുങ്ങുന്നതിനും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍