UPDATES

ഞെട്ടരുത്; ചിന്തിക്കാത്ത, വിമര്‍ശിക്കാത്ത, ആരോഗ്യമില്ലാത്ത ഒരു തലമുറയ്ക്ക് വേണ്ടിയുള്ള ‘കഷ്ടപ്പാടുകള്‍’

ലോകത്ത് വളര്‍ച്ചാ കുറവുള്ള കുട്ടികളില്‍ മൂന്നിലൊന്ന് പേരും ജീവിക്കുന്നത് നമ്മുടെ രാജ്യത്താണ് എന്നോര്‍ക്കണം.

നിയന്ത്രിതമായ ഒരു വിഭവമാണ് പണം. പണത്തിന്റെ കാര്യത്തില്‍ അനിയന്ത്രിതമായ ഒരു വിതരണം എന്നത് ഇല്ല, അത് വ്യക്തികളുടെ കാര്യത്തിലായാലും രാജ്യങ്ങളുടെ കാര്യത്തിലായാലും.

പ്രാഥമികമായി നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യമാണിത്: അങ്ങനെയെങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയുണ്ടാവും.

ഇനി ഇവിടെ പറയുന്ന കാര്യങ്ങള്‍ നമ്മെ പോലുള്ള സാധാരണ മനുഷ്യരെ ഞെട്ടിക്കും, ബുള്ളറ്റ് ട്രെയിനുകളും കൂറ്റന്‍ പ്രതിമകളുമൊക്കെ ഉത്ഘാടനം ചെയ്യാന്‍ നടക്കുന്ന നമ്മുടെ ഭരണാധികാരികളെ ലജ്ജിപ്പിക്കും, പൊതുജനം ഇതുവരെയില്ലാത്ത തരത്തിലുള്ള പ്രതിഷേധങ്ങളുമായി രംഗത്തു വന്നേക്കാം.

നമ്മുടെ മിക്ക രാഷ്ട്രീയ നേതാക്കളും നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മഹത്തായ ഒരു പ്രദേശത്തെ കുറിച്ചുള്ള അഭിമാനത്തെക്കാളുപരി ലോകത്തിനു മുന്നില്‍ നമ്മള്‍ തലതാഴ്ത്തി നിന്നേക്കാം.

ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ നാം ശരിയായ ദിശയിലാണോ പോകുന്നത്, ജനാധിപത്യ മൂല്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പു വരുത്തുന്ന ഒരു രാജ്യമാണോ നമ്മള്‍ എന്ന്, നാം ദയാവായ്പുള്ള ഒരു രാജ്യമാണോ എന്നൊക്കെ മനസിലാക്കാന്‍ രണ്ട് അളവുകോലുകള്‍ പ്രയോഗിക്കാവുന്നതാണ്. ഇതൊക്കെ കൂടി ചേര്‍ന്ന് നാം ഒരു ലിബറല്‍ ജനാധിപത്യത്തിലേക്കാണോ പോകുന്നത് അതോ താറുമാറായ ഒരു ഏകാധിപത്യത്തിലേക്കാണോ പോകുന്നത് എന്ന കാര്യം നമുക്ക് മനസിലാക്കിത്തരും.

ശക്തമായ മുന്നറിയിപ്പുകള്‍

ഈയാഴ്ച ആദ്യം പുറത്തു വന്ന ലോക ആഗോള പട്ടിണി സൂചിക (Global Hunger Index) അനുസരിച്ച് 119 വികസ്വര രാജ്യങ്ങളില്‍ 100-ാം സ്ഥാനമാണ് നമുക്കുള്ളത്. അതായത്, വടക്കന്‍ കൊറിയയ്ക്കും ഇറാക്കിനുമൊക്കെ ഏറെ പിന്നില്‍.

ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക (World Press Freedom Index) അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം 136, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നു സ്ഥാനങ്ങള്‍ പിന്നിലേക്കിറങ്ങി.

ഈ രണ്ടു നമ്പറുകള്‍ നോക്കുക. നമ്മുടെ നിശബ്ദതയെ ഇനിയെങ്കിലും അവസാനിപ്പിക്കാന്‍, നമ്മൂടെ അഭിമാനം സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള വമ്പന്‍ റാലികളെ അവഗണിക്കാന്‍, നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് സര്‍ക്കാരുകള്‍ നിരത്തി വച്ചിട്ടുള്ള പരസ്യപ്പലകകളെ കുപ്പയിലെറിയാന്‍, അധികാരത്തോട് സത്യം വിളിച്ചു പറയാനുള്ള സമയമാണിത്.

പട്ടിണി സൂചിക അനുസരിച്ച് നമ്മുടെ 22 ശതമാനം ജനങ്ങളും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് കഴിയുന്നത്. ആ സമയത്ത് ഇന്ത്യന്‍ സമ്പത്തിന്റെ 50 ശതമാനത്തിനു മുകളില്‍ കൈവശം വച്ചിരിക്കുന്നത് ഒരു ശതമാനം വരുന്ന സമ്പന്ന വര്‍ഗമാണ്. നമ്മളാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭക്ഷ്യോത്പാദക രാജ്യം. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവുള്ള ജനങ്ങള്‍ വസിക്കുന്ന രണ്ടാമത്തെ രാജ്യവും നമ്മളാണ്.

ഇനി നമ്മുടെ സഖ്യകക്ഷികളായ ബ്രിക്‌സ് രാജ്യങ്ങളെ നോക്കുക: ഏകാധിപത്യരാജ്യമായ ചൈനയാണെങ്കിലും റഷ്യയാണെങ്കിലും ഏറെ കുഴപ്പങ്ങള്‍ നിറഞ്ഞ ദക്ഷിണാഫ്രിക്കയാണെങ്കിലും ബ്രസീല്‍ ആണെങ്കിലും അതാത് രാജ്യത്തെ പാവപ്പെട്ടവരെ കുറച്ചു കൂടി ഭേദപ്പെട്ട രീതിയില്‍ നോക്കുന്നവരാണ്. അവര്‍ക്ക് ആവശ്യത്തിനുള്ള പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നവരാണ്. നമ്മള്‍ പലപ്പോഴും സഹതാപത്തോടു കൂടി നോക്കുന്ന നമ്മുടെ അയല്‍രാജ്യങ്ങള്‍- ശ്രീലങ്ക, മ്യാന്‍മാര്‍, ബംഗ്ലാദേശ്, നേപ്പാള്‍- ആ രാജ്യങ്ങളിലെ പട്ടിണിയെ നമ്മെക്കാളും ഭേദപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യുന്നവരാണ്.

റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്‌കോര്‍ 31.4 ആണ്. അതാകട്ടെ, ഏറ്റവും ‘ഗൗരവകരമായി’ കാണേണ്ട സ്ഥിതിവിശേഷമുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും.

വിവിധ മാനങ്ങളുള്ള നാലു കാര്യങ്ങളെ ഉള്‍പ്പെടുത്തിയാണ് ഈ സ്‌കോര്‍ നിശ്ചയിക്കുന്നത്: ജനസംഖ്യയും പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട അനുപാതം, ശിശുമരണ നിരക്കിന്റെ അളവ്, കടുത്ത രീതിയില്‍ പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികള്‍, ആവശ്യത്തിന് പോഷകാഹാരം ലഭിക്കാത്ത കുട്ടികള്‍ എന്നിവയാണതില്‍ പ്രധാനം. സൂചികയുടെ സ്‌കോര്‍ 10-ല്‍ താഴെയാണെങ്കില്‍ പട്ടിണി അധികം നിലനില്‍ക്കുന്നില്ല എന്നാണ്. സ്‌കോര്‍ 50-നു മുകളിലാണെങ്കില്‍ ‘വളരെധികം ആശങ്കപ്പെടേണ്ട അവസ്ഥ’ എന്നുമാണ്.

ലോകത്ത് വളര്‍ച്ചാ കുറവുള്ള കുട്ടികളില്‍ മൂന്നിലൊന്ന് പേരും ജീവിക്കുന്നത് നമ്മുടെ രാജ്യത്താണ് എന്നോര്‍ക്കണം. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികളില്‍ അഞ്ചിലൊന്നു പേരും ആ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വേണ്ട ഉയരും ഭാരവും ഇല്ലാത്തവരാണ്. മൂന്നിലൊന്ന് പേര് ആ പ്രായത്തില്‍ വേണ്ട ഉയരം ഇല്ലാത്തവരും. ഇത്തരത്തില്‍ ഞെട്ടിക്കുന്നതാണ് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്ന പോഷഹാരവുമായി ബന്ധപ്പെട്ട കണക്കുകള്‍.

ആഗോള പട്ടിണി സൂചികയിലെ സ്‌കോര്‍ ഏറ്റവും ‘ഗൗരവതരമായി കാണേണ്ട പട്ടിക’യുടെ തൊട്ടടുത്ത് നില്‍ക്കുമ്പോള്‍, ഉയര്‍ന്ന ജി.ഡി.പി ഉള്ളതുകൊണ്ടു മാത്രം നമ്മുടെ വലിയ വിഭാഗം ജനതയ്ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നു എന്നതും ആവശ്യത്തിന് പോഷകാഹാരം ഉണ്ടെന്നുള്ളതും ഉറപ്പു വരുത്തുന്നില്ല”– IFPRI-യ്‌ക്കൊപ്പം ചേര്‍ന്ന് GHI റിപ്പോര്‍ട്ടിന് രൂപം നല്‍കിയ Welthungerhilfe എന്ന എന്‍.ജി.ഒയുടെ ഇന്ത്യ ഡയറക്ടര്‍ നിവേദിതാ വാര്‍ഷ്‌ണേയ പറയുന്നു.

ഇനി അടുത്ത വിഷയത്തിലേക്ക് വരാം.

ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ 133-ാം സ്ഥാനത്തു നിന്ന് ഇത്തവണ 136-ാം സ്ഥാനത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. ഹിന്ദുത്വയുടെ അടിസ്ഥാനത്തിലുള്ള ദേശീയതയുടെ ഉയര്‍ച്ചയാണ് ഇതിന് പ്രധാന കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.  “ദേശീയ വ്യവഹാരങ്ങളില്‍ നിന്ന് ‘ആന്റി നാഷണല്‍’ എന്നു മുദ്ര കുത്തപ്പെട്ടിട്ടുള്ള എല്ലാ ആവിഷ്‌കാരങ്ങളും ഇല്ലായ്മ ചെയ്യാന്‍ ഹിന്ദുത്വ ദേശീയവാദികള്‍ ശ്രമിക്കുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ സ്വയം സെന്‍സര്‍ഷിപ്പ് ഓരോ ദിവസവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്”- റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. “മാധ്യമ പ്രവര്‍ത്തകര്‍ തീവ്രവലത് ദേശീയവാദികളുടെ കൂട്ടായ ഓണ്‍ലൈന്‍ ആക്രമണത്തിനും വിദ്വേഷ പ്രചരണത്തിനും ഇരയാകുന്നു, അവര്‍ക്ക് നേരെ ഭീഷണിയുയര്‍ത്തുകയും ചിലപ്പോഴൊക്കെ ശാരീരികമായി വരെ ആക്രമിക്കുകയും ചെയ്യുന്നു”- റിപ്പോര്‍ട്ട് തുടരുന്നു.

മാധ്യമ സ്വാതന്ത്ര്യ സൂചിക നമ്മുടെ മാധ്യമമേഖലയെക്കുറിച്ച് മാത്രമല്ല സൂചിപ്പിക്കുന്നത്.
ഇത് മറ്റു ചില കാര്യങ്ങള്‍ കൂടി വെളിവാക്കി തരുന്നു. നമ്മുടെ പോലീസ് അടക്കമുള്ള നീതി നടത്തിപ്പ് സംവിധാനത്തിന്റെ അവസ്ഥ, ജുഡീഷ്യറിയുടെ വേഗതയും അതിന്റെ സ്വാതന്ത്ര്യവും, അധികാരത്തിനു മുഖത്തു നോക്കി സത്യം പറയാന്‍ പൗരന്മാര്‍ക്കുള്ള അവകാശം- ഇക്കാര്യങ്ങളുടെയൊക്കെ ഇന്നത്തെ അവസ്ഥയുടെ കൂടി പ്രതിഫലനമാണത്.

ഈ രണ്ടു സൂചികകളും നമ്മോട് മറ്റ് ചില കാര്യങ്ങള്‍ കൂടി വ്യക്തമായി പറയുന്നുണ്ട്: നമ്മുടെ സര്‍ക്കാരുകള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍ അടക്കമുള്ളവയുടെ മഹത്വവും മൂല്യവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരാജയപ്പെടുന്നു, അവയുടെ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതില്‍ പരാജയപ്പെടുന്നു. നമ്മുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നു, നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവിയെ അപകടത്തിലാക്കുന്നു.

അപ്പോള്‍ പണമെന്നത് നിയന്ത്രിതമായി ഉപയോഗിക്കപ്പെടേണ്ട ഒരു വസ്തുവാണ് എങ്കില്‍ ആ പണം ചെലവഴിക്കേണ്ടത് ബുള്ളറ്റ് ട്രെയിനുകള്‍ക്കും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പ്രൊപ്പഗണ്ടകള്‍ക്കുമാണോ? യുദ്ധ സാഹചര്യമൊരുക്കി സൈനിക കാര്യങ്ങള്‍ക്കായി ചെലവഴിക്കുകയാണോ ഈ പണം കൊണ്ട് ചെയ്യേണ്ടത്? (ഞങ്ങള്‍ അടച്ചാക്ഷേപിക്കുകയല്ല, അല്ലെങ്കില്‍ വെടിയുണ്ടയ്ക്കും ഭക്ഷണത്തിനും ചെലവഴിക്കുന്ന പണത്തിന്റെ കണക്ക് നോക്കൂ. മെച്ചപ്പെട്ട രീതിയിലുള്ള ഭരണം എന്നാല്‍ അയല്‍ക്കാരുമായി കൂടി സഹവര്‍ത്തിത്തത്തോടെ ജീവിക്കുക എന്ന യാഥാര്‍ത്ഥ്യം ഓര്‍മിപ്പിച്ചു എന്നു മാത്രം).

നരേന്ദ്ര മോദി സര്‍ക്കാര്‍ മാത്രമല്ല ഈ വിധത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് നമ്മുടെ രാഷ്ട്രീയ സമൂഹം മനസിലാക്കേണ്ട കാര്യമാണ്, അവരെ തിരുത്തുന്നതില്‍ മുന്നില്‍ നില്‍ക്കേണ്ട പൗരസമൂഹം മനസിലാക്കേണ്ട കാര്യമാണ്, എങ്ങനെയാണ് അന്തസില്ലാത്തതും യാതൊരു സാമൂഹിക കാഴ്ചപ്പാടുകളുമില്ലാത്ത പൊങ്ങച്ച ആക്രോശങ്ങള്‍ നമ്മുടെ നിലനില്‍പ്പിനേയും നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതത്തെ വരെയും ബാധിക്കുന്നത് എന്നത്.

ചിലപ്പോള്‍ ഗുഡാലോചന സിദ്ധാന്തം എന്നൊക്കെ വേണമെങ്കില്‍ പറയാം, പക്ഷേ, അതില്‍ ചില വസ്തുതകള്‍ അടങ്ങിയിട്ടുണ്ട്. ഭരിക്കുന്നവരുടെ വിഡ്ഡിത്തരങ്ങളെ ചോദ്യം ചെയ്യാത്ത വിധത്തില്‍ മാന്ദ്യം പിടിച്ച ഒരു തലമുറയ്ക്കു വേണ്ടിയാണോ നമ്മുടെ ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നത് എന്നതാണ്. വിമര്‍ശനാത്മക ബുദ്ധിയില്ലാതെ, ആരോഗ്യമില്ലാതെ വളര്‍ന്നു വരുന്ന ഒരു യുവതലമുറയെ ഉണ്ടാക്കിയെടുക്കാന്‍ വേണ്ടിയാണോ അവര്‍ ‘പാടുപെടുന്നത്’?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍