UPDATES

ഇന്ത്യയുടെ തദ്ദേശീയ ആണവ മുങ്ങിക്കപ്പല്‍ ഐഎന്‍എസ് അരിഹാന്തിന് ഗുരുതര തകരാറ്

റഷ്യയില്‍ നിന്ന് പാട്ടത്തിനെടുത്ത ഐഎന്‍എസ് ചക്ര എന്ന ആണവ അന്തര്‍വാഹിനിയുടെ സോണാര്‍ ഡോമുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിന് പിന്നാലെയാണ് അരിഹാന്തിനും തകരാറുണ്ടായിരിക്കുന്നത്. ഐഎന്‍എസ് അരിഹാന്ത് ഇന്ത്യയുടെ പ്രധാനപ്പെട്ട ആണവ അന്തര്‍വാഹിനിയാണ്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഹാന്തിന് ഗുരുതരമായ തകരാറാണ് സംഭവിച്ചിരിക്കുന്നതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. മാസങ്ങളായി അരിഹാന്ത് പ്രവര്‍ത്തനക്ഷമമല്ല. അരിഹാന്തിന്റെ പ്രൊപല്‍ഷന്‍ കംപാര്‍ട്ട്‌മെന്റില്‍ 10 മാസം മുമ്പ് വെള്ളം കയറിയാണ് തകരാറുണ്ടായിരിക്കുന്നത്. പുറകിലെ ചെറിയ വാതില്‍ അശ്രദ്ധ കാരണം തുറന്നുവച്ചതാണ് കുഴപ്പമുണ്ടാക്കിയിരിക്കുന്നതെന്ന് നാവികസേന വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദു പറയുന്നു. തുറമുഖത്ത് വച്ചാണ് ഇത് സംഭവിച്ചത്.

കേടുപാടുണ്ടായതിന് ശേഷം ഐഎന്‍എസ് അരിഹാന്തില്‍ അറ്റകുറ്റപ്പണികളും വൃത്തിയാക്കല്‍ ജോലിയും നടന്നുവരുകയാണ്. പിന്നീട് യാത്ര ചെയ്തിട്ടില്ല. പല പൈപ്പുകളും മാറ്റി വയ്‌ക്കേണ്ടതുണ്ടായിരുന്നു. ആണവ മുങ്ങിക്കപ്പലുകളുടെ വൃത്തിയാക്കല്‍ ജോലി ഏറെ സമയമെടുക്കുന്നതാണ്. ഇതാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് വൈകുന്നത്. അഡ്വാന്‍സ്ഡ് ടെക്‌നോളജി വെസല്‍ പ്രോജക്ടിന്റെ (എടിവി) ഭാഗമായാണ് ഐഎന്‍എസ് അരിഹാന്ത് നിര്‍മ്മിച്ചത്.

റഷ്യയില്‍ നിന്ന് പാട്ടത്തിനെടുത്ത ഐഎന്‍എസ് ചക്ര എന്ന ആണവ അന്തര്‍വാഹിനിയുടെ സോണാര്‍ ഡോമുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിന് പിന്നാലെയാണ് അരിഹാന്തിനും തകരാറുണ്ടായിരിക്കുന്നത്. ഒക്ടോബറില്‍ വിശാഖപട്ടണം തുറമുഖത്ത് പ്രവേശിക്കുമ്പോളാണ് അപകടമുണ്ടായത്. അതേസമയം ഇന്ത്യയുടെ ആണവ മുങ്ങിക്കപ്പല്‍ ത്രയത്തില്‍ താരതമ്യേന ചെറിയ പങ്ക് മാത്രമാണ് ചക്രയ്ക്ക് വഹിക്കാനുള്ളത്. പരിശീലനത്തിനും അകമ്പടിയായും മറ്റുമൊക്കെയാണ് ചക്ര ഉപയോഗിച്ചുവരുന്നത്. എന്നാല്‍ ഐഎന്‍എസ് അരിഹാന്ത് ഇന്ത്യയുടെ പ്രധാനപ്പെട്ട ആണവ അന്തര്‍വാഹിനിയാണ്. ആണവ മിസൈലുകള്‍ വഹിക്കുന്ന മുങ്ങിക്കപ്പല്‍. ഡോക്ലാമില്‍ ഇന്ത്യ – ചൈന സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷാവസ്ഥയ്ക്കിടയിലാണ് അരിഹാന്ത് ഓപ്പറേഷന് സജ്ജമല്ലെന്ന യാഥാര്‍ത്ഥ്യം ഭരണ നേതൃത്വം ശ്രദ്ധിക്കുന്നതെന്നും ദ ഹിന്ദു റിപ്പോര്‍ട്ട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍