UPDATES

കേരളത്തിന്റെ സ്വന്തം മൊല്ല ഒമര്‍മാര്‍

അവര്‍ക്ക് ചിലപ്പോള്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ രൂപമാണ്, ചിലപ്പോള്‍ സിനിമാ നടനും ‘അമ്മ’ പ്രസിഡന്റുമാമായ മോഹന്‍ ലാലിന്റെ രൂപമാണ്, എംഎല്‍എ പി.സി ജോര്‍ജിന്റെ രൂപമാണ്- എഡിറ്റോറിയല്‍

ലോകം അയാളെ അറിഞ്ഞത് മൊല്ല ഒമര്‍ എന്നാണ്. എന്നാല്‍ മുഹമ്മദ് ഒമര്‍ എന്ന അയാള്‍ എവിടെയാണ് ജനിച്ചതെന്നോ എന്നാണ് ജനിച്ചതെന്നോ ലോകത്തിന് ഇന്നും വലിയ പിടിയില്ല. 2013-ല്‍ കൊല്ലപ്പെട്ടെങ്കിലും മൊല്ല ഒമര്‍ ലോകത്തിനു മുന്നില്‍ ഇന്നുമൊരു സമസ്യയാണ്. ഒപ്പം മൊല്ല ഒമറിന്റെ നേതൃത്വശേഷിയെ പറ്റി പരിശോധിച്ചാല്‍ അത്ഭുതാവഹമായ ചില കാര്യങ്ങള്‍ മനസിലാവും, അത് മലയാളികള്‍ക്ക് പ്രത്യേകിച്ചും മനസിലാവും, അത്രയേറെ ഞെട്ടിക്കുന്നതാണത്. അതായത്, ഒമറിനെ കുറിച്ചുള്ള കഥകള്‍ പ്രശസ്തരായ നമ്മുടെ പല ആളുകളെയും പറ്റി പറയാവുന്നതു തന്നെയാണ്. നമ്മുടെ ചലച്ചിത്ര മേഖലയിലെ, ആരാധനാലയങ്ങളിലെ, രാഷ്ട്രീയ പാര്‍ട്ടികളിലെ, ഒപ്പം, അധികമൊന്നും തിരയാതെ തന്നെ നമ്മുടെയൊക്കെ വീടുകളില്‍ ഒക്കെ കാണുന്ന മനുഷ്യര്‍.

1992-ല്‍ നജീബുള്ളയുടെ സാമ്രാജ്യം തകര്‍ന്നതോടെയാണ് ആകെ താറുമാറായ അഫ്ഗാനിസ്ഥാനില്‍ പഷ്തൂണുകളുടെ ശ്രദ്ധ മൊല്ല ഒമര്‍ പിടിച്ചുപറ്റുന്നത്. അതിന് മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് സോവിയറ്റ് സൈന്യം അഫ്ഗാനില്‍ നിന്നു പിന്മാറിയിരുന്നു. അത്രയേറെ കുഴപ്പത്തിലായിരുന്നു രാജ്യം.

അക്കാലത്ത് പ്രചരിച്ച കഥകളിലൊന്ന് ഇങ്ങനെയാണ്: ഒരു സ്ത്രീ മൊല്ല ഒമറിന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു: “ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. നിങ്ങള്‍ മുന്നോട്ടു വരണം”. അയാള്‍ മുന്നോട്ടു വന്നു, തുടര്‍ന്ന് താലിബാന്‍ (വിദ്യാര്‍ത്ഥികള്‍ എന്ന് പഷ്തൂണ്‍ ഭാഷയില്‍) സ്ഥാപിച്ചു. പാക്കിസ്ഥാന്റെ പൂര്‍ണ പിന്തുണയോടെ നടന്ന നീക്കങ്ങള്‍ക്കൊടുവില്‍ 1996-ല്‍ മൊല്ല ഒമര്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചു. 2001 വരെ ആ രാജ്യത്തിന്‍റെ ‘സുപ്രീം കൗണ്‍സില്‍’ തലവനായിരുന്നു അയാള്‍. അമേരിക്കയില്‍ നടന്ന അല്‍-ക്വയ്ദയുടെ സെപ്റ്റംബര്‍ 11- ആക്രമണത്തിനു പിന്നാലെ യു.എസ് സൈന്യം അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയതു വരെ അത് നീണ്ടു നിന്നു.

താലിബാന്‍ സ്ഥാപകനെന്ന നിലയില്‍ മൊല്ല ഒമറിന്റെ ഏറ്റവും ആദ്യത്തെ നടപടികളിലൊന്ന് രാജ്യത്ത് വ്യാപകമായിരുന്ന അഴിമതിക്കെതിരെ പൊരുതുക എന്നതായിരുന്നു. ഒപ്പം യുദ്ധപ്രഭുക്കള്‍ കുട്ടികള്‍ക്ക് മേല്‍ നടത്തിക്കൊണ്ടിരുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നതും. അത് അറിയപ്പെട്ടത് ‘ബച്ച ബസി’ (Bacha Bazi) എന്നാണ്. കുട്ടികളെ പ്രായമായ പുരുഷന്മാര്‍ ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നതടക്കമുള്ള കാര്യങ്ങളായിരുന്നു അവിടെ നടന്നിരുന്നത്. ഒമറിനെ പ്രകോപിപ്പിച്ച പ്രധാന കാര്യങ്ങളിലൊന്നും അതായിരുന്നു.

എന്നാല്‍ അധികാരത്തിലെത്തിയതോടെ മൊല്ല ഒമര്‍ എല്ലാ വിധത്തിലും പിന്തിരിപ്പനും ഒപ്പം അധികാരധാര്‍ഷ്ട്യം കാണിക്കുന്നയാളുമായി മാറി. സ്ത്രീകള്‍ ജോലി ചെയ്യുന്നത് അയാള്‍ നിരോധിച്ചു. പെണ്‍കുട്ടികള്‍ പര്‍ദ്ദ നിര്‍ബന്ധമായും ധരിക്കണമെന്നും അവര്‍ സ്‌കൂളില്‍ പോകാന്‍ പാടില്ലെന്നും അയാള്‍ ഉത്തരവിട്ടു. ഇതിനെ എതിര്‍ത്തവരൊക്കെ ശിക്ഷിക്കപ്പെട്ടു. കമ്യൂണിസ്റ്റുകളെ കൊലപ്പെടുത്തി. മോഷ്ടാക്കളുടെ കൈയും കാലും ഛേദിക്കപ്പെട്ടു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാമിയാന്‍ ബുദ്ധ പ്രതിമകള്‍ തകര്‍ക്കപ്പെട്ടു. അങ്ങനെ മൊല്ല ഒമറിന്റെ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാന്‍ ഒരുപാട് നൂറ്റാണ്ട് പുറകിലേക്ക് സഞ്ചരിച്ചു.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തില്‍ നിലനിന്നിരുന്നതു പോലെ സ്ത്രീകളോട് ക്രൂരമായ പെരുമാറുന്ന നിരവധി രാജ്യങ്ങള്‍ നിലവിലുണ്ട്. സൗദി അറേബ്യ അതിലൊന്നാണ്. സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കില്‍ ഞെട്ടിക്കുന്ന ചില സാമ്യങ്ങള്‍ നമുക്ക് ഇവിടെയും, നമ്മുടെ രാജ്യത്ത്, കാണാന്‍ കഴിയും, താലിബാന്‍ യുഗത്തിലെ സ്ത്രീകളുടെ അവസ്ഥയാണ് നമ്മുടെ രാജ്യത്തും സ്ത്രീകള്‍ക്ക് നേരെ നടപ്പാക്കുന്നത് എന്ന്.

ഐക്യരാഷ്ട്ര സഭയുടെ ജെന്‍ഡര്‍ ഇന്‍ഈക്വാലിറ്റി ഇന്‍ഡക്‌സ് അനുസരിച്ച് നമ്മുടെ സ്ഥാനം 125-ാമതാണ്. ലോക ജെന്‍ഡര്‍ ഗ്യാപ് ഇന്‍ഡെക്‌സ് അനുസരിച്ച് അത് 87-ഉം; ഇത് കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്.

കഴിഞ്ഞ ഒരു ദശകത്തില്‍ നമ്മുടെ വളര്‍ച്ചാ നിരക്ക് ആറു ശതമാനത്തിനു മുകളില്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഔദ്യോഗികമായുള്ള നമ്മുടെ തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ പങ്കാളിത്തം 27 ശതമാനമായി കുറഞ്ഞിരിക്കുന്നു എന്നു കാണാം. അതായത്, ഒരു ദശകത്തിനിടയില്‍ 34 ശതമാനത്തില്‍ നിന്ന് അത് ഏഴു ശതമാനം ഇടിഞ്ഞു. പുരുഷ-സ്ത്രീ വേതന കാര്യത്തില്‍ നിലനില്‍ക്കുന്ന അന്തരം 50 ശതമാനമാണ് ഈ കാലഘട്ടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ സമയത്ത്, സ്ത്രീകള്‍ക്ക് നേര്‍ക്കുള്ള അതിക്രമങ്ങളിലും വന്‍ വര്‍ധനവാണ് വന്നിരിക്കുന്നത്. ബലാത്സംഗങ്ങളും കൂട്ട ബലാത്സംഗങ്ങളും സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും ദുരഭിമാന കൊലകളും എല്ലാം വര്‍ധിക്കുകയാണുണ്ടായത്.

നമ്മുടെ അത്തരത്തിലുള്ള അസമത്വങ്ങള്‍ നിറഞ്ഞ, സ്ത്രീ വിരുദ്ധമായ സാമൂഹിക ചട്ടക്കൂടിന്റെ മുകളിലിരിക്കുന്ന ചില മനുഷ്യരെ നമുക്ക് കാണാം. അവര്‍ക്ക് ചിലപ്പോള്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രൂപമാണ്, ചിലപ്പോള്‍ സിനിമാ നടനും ‘അമ്മ’ പ്രസിഡന്റുമാമായ മോഹന്‍ ലാലിന്റെ രൂപമാണ്, എംഎല്‍എ പി.സി ജോര്‍ജിന്റെ രൂപമാണ്. അതുപോലെ ഇത്തരത്തില്‍പ്പെട്ട പല മുതിര്‍ന്ന പുരുഷ നേതാക്കളുടേയും രൂപവും കാണാം.

ഇതൊക്കെ മറ്റു ചില കാര്യങ്ങള്‍ കൂടി കാണിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പുരുഷന്മാരുടെ ചെയ്തികള്‍ ചര്‍ച്ച ചെയ്യുന്നതിന് നമ്മുടെ പൊതുവ്യവഹാരങ്ങളില്‍ ആവശ്യമുള്ള ഒരു അക്കാദമിക് ചട്ടക്കൂട് ഇവിടെയില്ല എന്നും കാണാന്‍ കഴിയും. സ്ത്രീകളെ, ദൈനംദിനമെന്നോണം അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയും, അവര്‍ക്ക് എല്ലാ വിധത്തിലും പ്രതികൂലമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കപ്പെടുകയും, അത്തരത്തിലുള്ള പരസ്യമായ വിവേചനങ്ങള്‍ സാധാരണവത്ക്കരിക്കപ്പെടുകയും അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കുകയും ഒക്കെ ചെയ്തുകൊണ്ട് നമ്മുടെ കാലഘട്ടത്തിലെ മൊല്ല ഒമര്‍മാര്‍ ഓരോ ദിവസവും ശക്തിപ്രാപിച്ചു വരികയാണ്.

മൊല്ല ഒമറിനെയും അയാളുടെ താലിബാനെയും പഠിക്കുന്നത് നമ്മുടെ ചുറ്റും നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കുന്നതിന് വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ്. മണല്‍ക്കാറ്റ് നിറഞ്ഞ ആ കാണ്ഡഹാര്‍ മേഖലയില്‍ നിന്നുള്ള തീര്‍ത്തും പിന്തിരിപ്പനും അക്രമിയുമായ ആ ഇസ്ലാമിക് പ്രചാരകനേക്കാള്‍ ഒട്ടും മെച്ചമല്ല ‘നമ്മുടെ ആണുങ്ങള്‍’ എന്നതാണ് വാസ്തവം.

മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ തങ്ങളെയും കേരളത്തിലെ ജനങ്ങളെയും കബളിപ്പിച്ചു; ഗുരുതര ആരോപണങ്ങളുമായി ഡബ്ല്യുസിസി

ഇരയ്ക്കല്ല, ഉണ്ണികൃഷ്ണ പിള്ളയുടെ ‘നീതി’ ദിലീപിന്; മുഖംമൂടി അഴിഞ്ഞുവീഴുന്ന മലയാളസിനിമയിലെ ‘വില്ലന്‍’മാര്‍

മോഹന്‍ലാല്‍, നിങ്ങള്‍ വലിയൊരു നുണയാണ്

അടക്കിപ്പിടിച്ച കാമവും ആണ്‍ഹുങ്കും തെറികളായി സ്ഖലിക്കുന്നവരോട്; അവര്‍ മുറിവേറ്റവരാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍